2022 നവംബർ 5, ശനിയാഴ്‌ച

486. മുതലാളിത്തത്തിനായി ജനങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വോട്ടു ചെയ്യില്ല.

486. മുതലാളിത്തത്തിനായി ജനങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വോട്ട് ചെയ്യില്ല.
//
സ്വകാര്യ സ്വത്തിന്റെയും അടിമ വ്യവസ്ഥയുടേയും കാലം മുതൽ വർഗ്ഗങ്ങളും വർഗ സമരവും നിലവിൽ വന്നെന്നും വർഗ്ഗ വൈരുധ്യങ്ങളാണ് ഭരണ കൂടം നിലവിൽ വരാൻ കാരണം എന്നും ചൂഷക വർഗ്ഗങ്ങളുടെ സാമ്പത്തിക ആധിപത്യമാണ് ഭരണ കൂടത്തിന്റെ രൂപത്തിൽ മർദ്ദനോപകരണമായി പ്രവർത്തിക്കുന്നതെന്നും ബോധ്യപ്പെട്ടതുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റോയിൽ തന്നെ "ഭരണകൂടം" തൊഴിലാളി വർഗത്തിന്റേതാകണം എന്ന് മാർക്സ് നിർദേശിക്കുന്നത്. ഇൻഡ്യയിലാകട്ടെ 1950 കാലം മുതൽ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് നേതൃത്വം സ്വീകരിച്ചിട്ടുള്ള നിലപാട് ഇന്ത്യൻ മുതലാളിത്തം പ്രോത്സാഹിപ്പിക്കണം എന്നതാണ്. അതിന് കാറൽ മാർക്സുമായോ അദ്ദേഹം ആവിഷ്‌ക്കരിച്ചിട്ടുള്ള ആശയങ്ങളുമായോ യാതൊരു ബന്ധവും ഇല്ലെന്ന്‌ സാമാന്യ ബുദ്ധിയുള്ള ഏതൊരാൾക്കും മനസിലാക്കാം. അങ്ങനെയൊരു നിലപാട് സ്വീകരിച്ചതുകൊണ്ട് ഇന്ത്യയിൽ "ഇന്ത്യൻ ഭരണകൂടം" ജനാധിപത്യ രീതിയിൽ പോലും തൊഴിലാളിവർഗ നേതൃത്വത്തിൽ ആകാൻ പാടില്ല എന്ന നിലപാടാണ് 1950 കാലം മുതൽ കഴിഞ്ഞ 73 വർഷങ്ങളായി സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. മാർക്സിസം മുന്നോട്ടു വയ്ക്കുന്ന "സോഷ്യലിസ്റ്റ് സാമൂഹ്യ വ്യവസ്ഥ" ക്കല്ലാതെ മുതലാളിത്ത വ്യവസ്ഥക്കായി ജനങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വോട്ട് ചെയ്യില്ല എന്നാണ് ബംഗാൾ ഉൾപ്പെടെ ഇന്ത്യ ഒട്ടാകെയുള്ള കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ദയനീയ അവസ്ഥ തെളിയിക്കുന്നത്. ബംഗാളിൽ ദയനീയമായി തകർന്നുപോയിട്ടും ഇന്ത്യ ഒട്ടാകെ ബംഗാൾ മോഡൽ നടപ്പിലാക്കാനാണ് സിപിഐ(എം); സിപിഐ പാർട്ടികൾ ജനങ്ങളോട് "വോട്ട് " ആവശ്യപ്പെടുന്നത്.
//
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം 1957 ൽ കേരളത്തിൽ അധികാരത്തിൽ വന്നതും 1977ൽ ബംഗാളിൽ അധികാരത്തിൽ വന്നതും ജനങ്ങൾ വോട്ട് ചെയ്തത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വഴി മുതലാളിത്തം ശക്തമാക്കണം എന്ന ഉദ്ദേശത്തിൽ ആയിരുന്നില്ല. മുതലാളിത്തമാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും ലക്ഷ്യമാക്കുന്നത് എന്ന് മനസിലായപ്പോൾ ജനങ്ങൾ ക്രമേണ അകന്നു പോവുകയാണ് ഉണ്ടാകുന്നത്. 1950 കാലം മുതൽ 73 വർഷങ്ങളായി തുടരുന്ന "മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" എന്ന നിലപാടിൽ ഒരു മാറ്റവും വരുത്തില്ല എന്നാണ് ഇന്ത്യയിൽ പാർട്ടി എത്ര ദയനീയമായി തകർന്നാലും എന്താണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന് പോലും കണക്കിലെടുക്കാതെ 2024 തെരെഞ്ഞെടുപ്പിലും 2019 ലെ അനുഭവം പോലും കണക്കിലെടുക്കാതെ "മുതലാളിത്ത വളർച്ചക്കായി മാത്രം" ജനങ്ങളെ സമീപിക്കാൻ സിപിഐ(എം); സിപിഐ പാർട്ടികൾ തായാറെടുക്കുന്നത് എന്നാണ് മനസിലാക്കുന്നത്. എന്നാൽ ഇന്ത്യൻ ഭരണ ഘടന വിഭാവന ചെയ്യുന്ന രീതിയിൽ "സോഷ്യലിസ്റ്റ് ഇന്ത്യ" എന്ന ലക്ഷ്യത്തിനായി ജനങ്ങളെ അണി നിരത്താൻ തയാറാകണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. കേരളത്തിലേത് പോലെ എങ്കിലും ജനങ്ങൾക്ക് ഉപകാരപ്പെടുന്ന തരത്തിൽ സോഷ്യലിസ്റ്റ് രീതിയിൽ രാജ്യം അഭിവൃദ്ധിപ്പെടുത്തുന്നതിന് മുതലാളിത്തത്തോടുള്ള നിലപാടിൽ മാറ്റം വരുത്തണം. കോൺഗ്രസുമായി ഐക്യം ഉണ്ടാക്കാനുള്ള ശ്രമം പ്രസ്ഥാനം പൂർണമായും തുടച്ചു നീക്കപ്പെടുന്നതിനാണ് ഇട വരുത്തുക.
//
ജനാധിപത്യത്തെക്കുറിച്ചുള്ള അജ്ഞതയോ തെറ്റിദ്ധാരണയോ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ വളരെയധികം ബാധിക്കുന്നു. ഒരു നിശ്ചിത കാലയളവിലേക്ക് ജനങ്ങൾ ആരെയെങ്കിലും തിരഞ്ഞെടുക്കുമ്പോൾ, ജനങ്ങൾ അവർക്ക് അനുകൂലമായ പ്രവർത്തനങ്ങൾ ചെയ്യാൻ അധികാരം നൽകുന്നു, അതാണ് ജനങ്ങളുടെ വിധി, ജനാധിപത്യത്തിൽ, അതാണ് അന്തിമം. എന്നാൽ ജനങ്ങളുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി എന്തും ചെയ്താൽ, അവർ ഭാവിയിൽ അവരെ നിരസിക്കും, കാരണം അവരുടെ വിധി നിശ്ചിത കാലത്തേക്ക്; താൽക്കാലികം മാത്രമാണ്. ഒരിക്കൽ വോട്ട് ചെയ്യുന്നവർ അത് വീണ്ടും ആവർത്തിച്ചുകൊള്ളാം എന്ന യാതൊരു ഉറപ്പും ആർക്കും നൽകുന്നില്ല.
//
ഇന്ത്യൻ മുതലാളിത്തം പ്രോത്സാഹിപ്പിക്കണം എന്ന കാഴ്ചപ്പാടിൽ നിൽക്കുന്നിടത്തോളം ബൂർഷ്വാസി "വർഗശത്രു" അല്ലാത്തതിനാൽ "സോഷ്യലിസ്റ്റ് ഇന്ത്യ" എന്ന ലക്‌ഷ്യം അംഗീകരിക്കാതുള്ള "പ്രക്ഷോഭങ്ങൾ" "ജലരേഖകൾ" മാത്റമായി അവശേഷിക്കും. കാരണം സമരങ്ങൾ ആർക്കും എതിരല്ല. 1950 കൾക്ക് ശേഷമുള്ള 73 വർഷങ്ങളിലെ അനുഭവം കണക്കിലെടുക്കുക. "മുതലാളിത്തം പ്രോസാഹിപ്പിക്കുമ്പോൾ" ബൂർഷ്വാസി "വർഗ ശത്രു" അല്ലാത്തതിനാൽ വർഗസമരസിദ്ധാന്തം പ്രവർത്തിയിൽ ഇല്ലാതാവുകയും മാർക്സിസം തന്നെ ഫലത്തിൽ അപ്രസക്തമാവുകയാണ് സംഭവിക്കുന്നത്. അതാണ് ഇൻഡ്യൻ ചൂഷക വർഗ രാഷ്ട്രീയ നേതൃത്വവുമായി സഖ്യത്തിൽ ഏർപ്പെടുന്നതിൽ യാതൊരു തടസവും ഇല്ല എന്ന ധാരണ ഉണ്ടാവുന്നത്. ഫലത്തിൽ മാർക്സിസം അംഗീകരിക്കുന്നില്ല എന്നതാണ് 1950 കാലം മുതൽ കഴിഞ്ഞ 73 വർഷങ്ങളായി നിലനിൽക്കുന്ന അവസ്ഥ. "എന്ത് ചെയ്യണം ?" എന്ന കൃതിയിൽ ലെനിൻ സൂചിപ്പിക്കുന്നത് മുതലാളിത്ത വ്യവസ്ഥയിൽ പ്രവർത്തിക്കുന്ന തൊഴിലാളിവർഗ പ്രസ്ഥാനങ്ങൾ നടത്തുന്ന സമരങ്ങൾ കേവലം സാമ്പത്തിക നേട്ടങ്ങളെക്കാൾ ചൂഷക വർഗ വാഴ്ച എന്നന്നേക്കുമായി ഇല്ലാതാക്കുന്നതിന് "ബൂർഷ്വാ ചെറ്റത്തരങ്ങൾ" തുറന്നുകാണിക്കുന്നതിലാകണം കൂടുതൽ ശ്രദ്ധിക്കേണ്ടത് എന്നാണ്‌. ആ സ്ഥാനത്താണ് ബൂർഷ്വാസിയെ വർഗ ശത്രു ആയി കാണാതെയും അവരുമായി വർഗ സഹകരണത്തിലും ഏർപ്പെടാൻ ശ്രമിക്കുന്നത്.
//
ഇൻഡ്യൻ ഭരണ ഘടനയും ഇന്ത്യൻ ജനാധിപത്യവും സംരക്ഷിക്കപ്പെടണം. രാജ വാഴ്ചയിൽ നിന്നും "അധികാരം" ജനങ്ങളിലേക്ക് മാറ്റപ്പെടുകയാണ് ജനാധിപത്യത്തിൽ സംഭവിക്കുന്നത്. രാഷ്ട്രീയ പാർട്ടികൾ എങ്ങനെ പ്രവർത്തിക്കണം എന്ന് "ജനാധിപത്യത്തിന് " തീരുമാനിക്കാനാവില്ല. മാനരാശിക്ക്‌ "രാജവാഴ്ചയിലേക്ക് " മടങ്ങിപോകാനാവില്ല.
//
. .ഇന്ത്യയിലെ അഞ്ചിൽ നാല് ഭാഗം ജനങ്ങളും അംഗീകരിച്ച ഇന്ത്യൻ ഭരണ ഘടനയും ഇന്ത്യൻ ജനാധിപത്യവും സംരക്ഷിക്കപ്പെടണം എന്നുള്ളത് മാർക്സിസവും ചൂഷണ രഹിത സാമൂഹ്യ വ്യവസ്ഥയും അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അടിയന്തിര ലക്ഷ്യമായി സ്വീകരിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു. ആയത് ഇന്ത്യൻ ഭരണ ഘടനയുടെ നിർമിതിയിൽ കഠിനാദ്ധ്വാനം ചെയ്ത മഹാനായ ഡോ. ബി ആർ അംബേദ്ക്കറോടും ഭരണ ഘടനയിൽ വിശ്വാസം അർപ്പിച്ചിട്ടുള കോടി കണക്കായ ജനവിഭാഗങ്ങളോടും അത്യാവശ്യമായും കാണിച്ചിരിക്കേണ്ട ഉത്തരവാദിത്വം മാത്റമാണ്. അല്ലാത്തപക്ഷം ബ്രാഹ്മണാധിപത്യവും ഹിന്ദു ഭീകരതയും സ്വാതന്ത്റിയ സമര പോരാട്ടങ്ങളിലൂടേയും അതിനുശേഷം മുക്കാൽ നൂറ്റാണ്ടോളം ഇന്ത്യൻ ജനത നേടിയ എല്ലാ നേട്ടങ്ങളും ഇല്ലാതാവുന്നതിലേക്കും ഇന്നുള്ള ഇൻഡ്യ മഹാ രാജ്യം പോലും ഇല്ലാതാവുന്നതിലേക്കും ആയിരിക്കും കാര്യങ്ങൾ നീങ്ങുക.
//
"മാർക്സിസം" എന്ന സാമൂഹ്യ ശാസ്ത്രത്തിന്റെ ലക്‌ഷ്യം "സോഷ്യലിസം" അഥവാ "ചൂഷണ രഹിത സാമൂഹ്യ വ്യവസ്ഥ" മാത്റമാണ്. അത് അംഗീകരിക്കാതിരിക്കുക എന്നാൽ മാർക്സിസം അംഗീകരിക്കാതിരിക്കുക എന്ന് മാത്റമാണ് അർത്ഥമാവുക. ജനാധിപത്യത്തിൽ ഒരിക്കൽ തെരെഞ്ഞെടുക്കപെട്ടവർ വീണ്ടും തെരെഞ്ഞെടുക്കപ്പെട്ടിട്ടില്ലെങ്കിൽ അവർക്ക് അധികാരങ്ങൾ ഒന്നും തന്നെയില്ല. കാര്യനിർവഹണ വകുപ്പിന്റെ ഭാഗമായുള്ള ജീവനക്കാർ അവരുടെ നിശ്ചിത പ്രായം പൂർത്തിയായാൽ പിരിഞ്ഞുപോകണം. ഇതിന്റെയൊക്കെ അർഥം ജനാധിപത്യത്തിൽ സായുധ വിപ്ളവത്തിന്റെ പ്രശ്നമേയില്ല എന്ന് വ്യക്തമാക്കാനാണ്. കാരണം അധികാരം പൂർണമായും ജനങ്ങളിലാണ്. ഏതൊരാളും ഏത് ആശയ ഗതിയാണോ മനസ്സിൽ സൂക്ഷിക്കുന്നത് അത് ജനങ്ങളെ ബോധ്യപ്പെടുത്തി അവരുടെ പിന്തുണയോടെ അധികാരത്തിൽ എത്തിച്ചേർന്ന് അവ നടപ്പിലാക്കുന്നതിന് നിലവിൽ യാതൊരു നിയമ തടസങ്ങളും ഇല്ല. അല്ലാതെ നിലനിൽക്കുന്ന വ്യവസ്ഥ ശക്തിപ്പെടുത്തുക മാർക്സിസ്റ്റ് വിരുദ്ധ നിലപാട്‌ മാത്റമാണ്. എന്താണ് ജനാധിപത്യം എന്ന് ആർക്കെങ്കിലും മനസ്സിലായില്ലെങ്കിൽ അത് ജനാധിപത്യത്തിന്റെ തകരാറ് അല്ല എന്നാണ് മനസിലാക്കേണ്ടത്. രാജ വാഴ്ചക്ക് ശേഷം നടപ്പിലായ "ജനാധിപത്യം" അനുസരിച്ച് പരമാധികാരം ജനങ്ങൾക്കാണ്. അത് അംഗീകരിക്കാതെ; സോഷ്യലിസം എന്ന ലക്‌ഷ്യം അംഗീകരിക്കാതിരിക്കുന്നത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ വിശ്വസിച്ച് അതിന്റെ ഭാഗമായി പ്രവർത്തിക്കുന്നവരെ വഞ്ചിക്കുക എന്നല്ലാതെ മാനവരാശിക്ക് ജനാധിപത്യം ഉപേക്ഷിച്ച് പഴയ രാജ വാഴ്ചയിലേക്കു തിരികെ പോകാൻ ആവില്ല.
//
രാജവാഴ്ചയിൽ നിന്നും "അധികാരം" ജനങ്ങളിലേക്ക് മാറി എന്നത് മാത്രമല്ല "ജനാധിപത്യത്തിന്റെ" പ്രത്യേകത. "അഭിപ്രായ സ്വാതന്ത്റിയം" അഥവാ "പത്റ സ്വാതന്ത്റിയം" ജനാധിപത്യത്തിന്റെ നാല് നെടുംതൂണുകളിൽ ഒന്നാണ്. "അധികാരം ജനങ്ങളിലാണ്", തെരെഞ്ഞെടുക്ക പ്പെടുന്നവർക്കാണ് എന്നതാണ് അതിന്റെയൊക്കെ അടിസ്ഥാന തത്വം. രാജവാഴ്ചയിൽ അങ്ങനെയൊരു പ്രശ്നമേയില്ല. അത് വന്നപ്പോഴാണ് മാർക്സിസ്റ്റ് ആശയങ്ങൾ അഥവാ സോഷ്യലിസ്റ്റ് ആശയങ്ങൾ ജനങ്ങളിൽ എത്തിക്കുക എന്നതിന് നിയമ തടസങ്ങൾ ഒന്നും ഇല്ല എന്ന് വന്നത്. അതൊന്നും "സംഘപരിവാർ" അംഗീകരിക്കുന്നില്ല എന്നതിനാലാണ് പ്രധാന മന്ത്റിക്കും മറ്റും എതിരെ വിമർശനങ്ങൾ ഉണ്ടാകുമ്പോൾ "രാജ്യ ദ്രോഹ" വകുപ്പ് ഉപയോഗിച്ച് കേസ് എടുക്കുന്നതും സുപ്രീം കോടതി അതീനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതും. സ്വതന്ത്റമായ നിയമ സഭയും സ്വതന്ത്റമായ ജുഡീഷ്യറിയും സ്വതന്ത്റമായ കാര്യനിർവഹണ വിഭാഗവും (എക്സിക്യൂട്ടീവ്) "അഭിപ്രായ സ്വാതന്ത്റിയം" അഥവാ "പത്റ സ്വാതന്ത്റിയം" എന്നത് കൂടാതെയുള്ള ജനാധിപത്യത്തിലെ അവിഭാജ്യ ഘടകങ്ങളാണ്. അവയെല്ലാം ഇല്ലാതാക്കുകയായിരിക്കും സംഘപരിവാർ ഭരണ തുടർച്ച 2024 ലെ തെരഞ്ഞെടുപ്പിന് ശേഷവും ഇന്ത്യയിൽ ഉണ്ടായാൽ സംഭവിക്കുക. "രാമ രാജ്യം" ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും ലക്ഷ്യമാകയാൽ കോൺഗ്രസ് വഴി ഇന്ത്യയുടെ മോചനം ആരുംതന്നെ പ്രതീക്ഷിക്കേണ്ടതില്ല. ഇന്ത്യൻ ജനതക്ക് എന്ത് സംഭവിച്ചാലും അതൊന്നും തങ്ങൾക്ക് അറിയേണ്ട കാര്യങ്ങളല്ല എന്ന നിലപാട് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്താനം സ്വീകരിക്കരുത്. പാർലമെന്ററി മാർഗത്തിൽ സോഷ്യലിസം സാധ്യമല്ല എന്ന തെറ്റിദ്ധാരണയാണ് ഇന്ത്യയിലെ ഇടതുപക്ഷങ്ങളുടെ ഇന്നത്തെ അവസ്ഥക്ക് കാരണം. മാനവ രാശിക്ക് ചരിത്രത്തിലേക്ക് തിരിച്ചുപോകാൻ ആവില്ല.
//
ഇന്ത്യൻ ഭരണ ഘടനയുടെ വകുപ്പ് പതിനാലിൽ പറയുന്ന എല്ലാ പൗരന്മാരുടെയും തുല്യത അംഗീകരിക്കാൻ കഴിയാത്തവർ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായിട്ടുള്ളവർ ഒരാളും ഉണ്ടാകാൻ സാധ്യതയില്ല. അത് പൂർണതയിൽ എത്തിക്കാൻ സാധ്യമാവുക മാർക്സിസം എന്ന സാമൂഹ്യ ശാസ്ത്റത്തിന്റെ അടിസ്ഥാനത്തിൽ മാത്റമാണ്. അതിനായി "നിങ്ങളുടെ "ഒരു വോട്ട് " തരണം എന്ന് പറഞ്ഞാൽ ഇന്ത്യൻ ജനതയുടെ അഞ്ചിൽ നാല് ഭാഗം ജനങ്ങളും വോട്ടു തരിക തന്നെ ചെയ്യും. എന്നാൽ പറയുന്നവർക്ക് മനസാക്ഷ്യയും ഹൃദയ ശുദ്ധിയും ഉണ്ടായിരിക്കണം എന്ന് മാത്റം. മനസ്സിൽ ഇന്ത്യൻ കോർപ്പറേറ്റുകളുടെ വളർച്ച എന്നാണ് ഉദ്ദേശമെങ്കിൽ വോട്ട് ലഭിക്കും എന്നാരും കരുതരുത്. "പാർലമെന്ററി മാർഗത്തിൽ സോഷ്യലിസം അസാധ്യമാണ് " എന്ന ധാരണ "ഒരു നല്ല സാമൂഹ്യ വ്യവസ്ഥ" എന്ന ലക്‌ഷ്യം എന്നന്നേക്കുമായി ഉപേക്ഷിക്കാനും പാർട്ടിയുടെ ലക്‌ഷ്യം "വികസിത മുതലാളിത്തം" മാത്റമാണ് എന്ന് സ്ഥാപിക്കാനും മാത്റമുള്ള നീക്കമായിട്ടാണ് ഇപ്പോൾ കാണുന്നത്. മാനവ രാശിക്ക് ചരിത്റത്തിലേക്ക് ഒരു തിരിച്ചു പോക്ക് അസാധ്യമാണ്. അവിടെ സ. ഇ എം എസിനോടുള്ള ആദരവ് മുതലാളിത്തത്തോടുള്ള വിധേയത്തം ആകരുത്. ജനാധിപത്യം എന്നാൽ ജനങ്ങളുടെ ആധിപത്യം എന്നാണ് അർത്ഥം. അതിന് പകരം പഴയ രാജ വാഴ്ച തിരികെ വരണം എന്ന് പറയുന്നവർ ആരും കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഉണ്ടാകാൻ ഇടയില്ല. ഭരണ ഘടനയിൽ പറയുന്ന "സോഷ്യലിസ്റ്റ്; മതേതര" എന്ന വാക്കുകളോടും വിയോചിപ്പ്‌ ഉള്ളവർ ആരും ഉണ്ടാകാൻ സാധ്യതയില്ല.
//
ഇന്ത്യൻ ഭരണ ഘടനയുടെ 51 എ (എച് ) വകുപ്പ് അനുസരിച്ച് ശാസ്ത്രീയ -- അന്യൂഷണ പരിഷ്കരണ മനോഭാവം സൂക്ഷിക്കേണ്ടത് ഓരോ പൗരന്റെയും മൗലിക കടമയാണ്. ഇത് പ്രാവർത്തികം ആക്കുന്നതിന് കഴിയുക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് മാത്രമാണ് , കാരണം ശാസ്ത്രീയ വീക്ഷണം അംഗീകരിക്കുന്നത് മാർക്സിസം അംഗീകരിക്കുന്നവർ മാത്രമാണ്. "ഭൗതികവാദവും വൈരുധ്യാധിഷ്ഠിത ഭൗതിക വാദവും" അംഗീകരിക്കുന്നതിലൂടെ മാത്റമേ അത് സാദ്യമാവുകയുള്ളു. ."വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദം" എന്നത് മാർക്സിക്സത്തിന്റെ ശാസ്ത്രീയമായ പരിശോധനാ രീതിയാണ്. അതിൽ ഒന്ന് മാത്റമാണ് "വിപരീതങ്ങൾ തമ്മിൽ ഐക്യവും സമരവും ഉണ്ട് " എന്നത്. എല്ലാവരുടെയും "ശ്വാസ --ഉഛ്വാസം" പോലും ഇതിന്‌ ഉദാഹരണമാണ്. "അകത്തേക്ക് " എന്നതിന്റെ വിപരീതമാണ് "പുറത്തേയ്ക്ക് " എന്നത്. ജീവനുള്ള എല്ലാത്തിനും ഇത് ബാധകമാണ്. മറ്റൊന്നാണ് ജനനവും മരണവും. പ്രവർത്തനവും പ്രതി പ്രവർത്തനവും തമ്മിൽ വേർ തിരിക്കാനാവില്ല. ഇവയെല്ലാം വസ്തുതകൾ മാത്രമാണ്.ഇതിനോടും വിയോചിപ്പ്‌ ഉള്ളവർ ആരും ചെങ്കൊടി പിടിക്കുന്നവരായി ഉണ്ടാകാൻ സാധ്യതയില്ല. അതുകൊണ്ട് "അഞ്ചിൽ നാല് ഭാഗം ജനങ്ങളും അംഗീകരിച്ച ഇന്ത്യൻ ഭരണ ഘടനയും ഇന്ത്യൻ ജനാധിപത്യവും സംരക്ഷിക്കപ്പെടണം" എന്നെങ്കിലും പറയാൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിലെ നേതൃത്വം മുന്നോട്ട് വരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.

//5 11 2022//



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ