2017 മേയ് 25, വ്യാഴാഴ്‌ച

199. അടിസ്ഥാനപരമായ ധാരണ പിശകുകൾ.

                                                 199.  അടിസ്ഥാനപരമായ ധാരണ പിശകുകൾ.
             തൊഴിലാളി വർഗ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നവർ അത്യാവശ്യം മനസിലാക്കിയിരിക്കേണ്ട കാര്യങ്ങൾ പോലും മനസിലാക്കാതെയാണ്  1950 കൾക്ക് ശേഷം ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ്  പ്രസ്ഥാനത്തിന്  നേതൃത്വം കൊടുക്കാൻ ഇടയായത് എന്നത്  ഇന്ത്യയിലെ കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ മാത്രമല്ല; ഇന്ത്യയുടെ ആകെ രാഷ്ട്രീയ ഭാവിയും  അവതാളത്തിലാക്കിയിരിക്കുകയാണ്.  അറു പിന്തിരിപ്പൻ ശക്തികൾ രാഷ്ട്രത്തിന്റെ ഭരണം നിർവഹിക്കുക എന്ന ഗതികേടിൽ എത്തിയിരിക്കുകയാണ്.  ലെനിന്റെ പ്രസിദ്ധമായ ഒരു പുസ്തകം ഉണ്ട്:  "തൊഴിലാളി വർഗ വിപ്ലവവും വഞ്ചകനായ കൗട്സ്കിയും"  എന്നത്.  കാറൽ മാർക്സിന്റെ  സമകാലികനും  ജർമ്മൻ കാരനുമായ "കാറൽ കൗട്സ്കി" യെ കുറിച്ച്  ലെനിൻ പറയുന്നത്;  മാർക്സ്  എഴുതിയിട്ടുള്ളത്  അപ്പാടെ സ്വന്തം തലയിലോ  മേശ വലിപ്പിലോ  സൂക്ഷിച്ചിട്ടുള്ള   കൗട്സ്കിക്ക്   നിർഭാഗ്യ വശാൽ  അവയുടെ ഒന്നും  ഒരക്ഷരം പോലും മനസിലായിട്ടില്ല എന്നാണ്‌.  മാർക്സിന്റെ കാലശേഷം  കൗട്സ്കി  സ്ഥാപിച്ച  "രണ്ടാം ഇന്റർ നാഷനലി" നെ ലെനിൻ വിശേഷിപ്പിച്ചത്  "മഞ്ഞ ഇന്റർ  നാഷണൽ" എന്നാണ്.  ലെനിൻ  1914 ൽ  അത് പിരിച്ചു വിട്ടു.  കൗട്സ്കിയെ  കുറിച്ച് ലെനിൻ പറഞ്ഞത്  പൂർണമായും ശരി വയ്ക്കുന്നതാണ്  1950 കൾക്ക്  ശേഷം ഇന്ത്യയിലെ കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന്  നേതൃത്വം കൊടുത്ത എസ്.എ. ഡാങ്കെ ഉൾപ്പെടെയുള്ളവർ സ്വീകരിച്ച  "വിപ്ലവ പാത". സോഷ്യലിസം സ്ഥാപിക്കുന്നതിന്  ഇന്ത്യൻ  മുതലാളിത്തം  "പക്വ" മായിട്ടില്ല; എന്നും  ഇന്ത്യൻ മുതലാളിത്തം "പ്രോത്സാഹിപ്പിക്കേണ്ട" ഘട്ടം ആണെന്നും തീരുമാനിച്ചപ്പോൾ സംഭവിച്ചത്  കാറൽ മാർക്സ്  അവതരിപ്പിച്ച  "മാർക്സിസം" എന്ന തത്വ ശാസ്ത്രത്തിന്റെ  പൂർണമായ നിഷേധമായിരുന്നു.  മാർക്സിന്റെ ഏറ്റവും വലിയ സംഭാവനയായ  "വർഗ സമര സിദ്ധാന്തം " എന്താണെന്ന്  കേട്ട് കേൾവി പോലും ഇല്ലാതെയാണ്  ഇൻഡ്യൻ ബൂർഷ്വാസിയെ; ഇൻഡ്യയിലെ  ചൂഷക വർഗ്ഗങ്ങളെ പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചത്. മാർക്സിസം എന്ന തത്വ ശാസ്ത്രം  ലോക തൊഴിലാളി വർഗത്തിന് മുൻപിൽ അവതരിപ്പിച്ചപ്പോൾ തന്നെ  "ലോകത്തെ  ഒരു ഭൂതം  ബാധിച്ചിരിക്കുന്നു; കമ്മ്യൂണിസ്റ്റു ഭൂതം" എന്ന് വിശേഷിപ്പിച്ചുകൊണ്ട്  അതിനെ ഉന്മൂലനം ചെയ്യാൻ ലോക മുതലാളിത്ത-സാമ്പ്രാജ്യത്ത ശക്തികൾ അരയും തലയും മുറുക്കി രംഗത്ത് ഇറങ്ങുകയാണ് ഉണ്ടായത്.  "പാരീസ് കമ്മ്യൂണിന്" ഉണ്ടായ തിരിച്ചടിയാണ്  തൊഴിലാളി വർഗം അധികാരം പിടിച്ചെടുത്താൽ  കുറെ കാലത്തേയ്ക്ക്  "തൊഴിലാളി വർഗ സർവാധിപത്യം" ആവശ്യമാണ്  എന്ന്   മാർക്സ്  ചൂണ്ടി കാണിക്കാൻ കാരണം.  നിർഭാഗ്യ വശാൽ  ഇന്ത്യയിൽ അവരെയാണ്  പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചത്.  1917 ലെ ഒക്ടോബർ വിപ്ലവത്തിലൂടെ രൂപം കൊണ്ട ലോകത്തെ ആദ്യത്തെ സോഷ്യലിസ്റ്റു  രാഷ്ട്രത്തെ  ഉന്മൂലനം ചെയ്യാൻ വേണ്ടി  നാല് വർഷ കാലത്തേ ആഭ്യന്തര യുദ്ധം ആണ്  സോവിയറ്റ് യൂണിയനിൽ ഉണ്ടായത്.  സാർ  ചക്രവർത്തിയുടെ  സർവ്വ സൈന്യാധിപൻ ആയിരുന്ന കോൽചാക്കിന്റെ നേതൃത്വത്തിൽ ലോകത്തിലെ സകല പിന്തിരിപ്പൻ ശക്തികളും  സോഷ്യലിസത്തിനെതിരായി അണി നിരന്നു.  ലോകത്താകമാനമുള്ള തൊഴിലാളി വർഗ്ഗത്തിന്റെ പിന്തുണയും മാർക്സിസം എന്ന തത്വ ശാസ്ത്രത്തിന്റെ ശക്തിയും തികച്ചും ശിശു മാത്രമായിരുന്ന സോവിയറ്റു യൂണിയനെ നിലനിർത്തി.  രണ്ടര കോടി ജനങ്ങൾ അവിടെ മരണപെട്ടു.  ഇതെല്ലാം വർഗ സമരത്തിന്റെ ഭാഗമായ പോരാട്ടങ്ങളാണ്.  സോഷ്യലിസം സാമൂഹ്യ ബോധത്തിന്റെ ഏറ്റവും ഉയർന്ന ഘട്ടവും മുതലാളിത്തം (സാംബ്രാജ്യത്തം) സ്വാർഥതയുടേയും ചൂഷണത്തിന്റെയും  ഉയർന്ന ഘട്ടവും ആണ്. സോഷ്യലിസം നില നിന്നപ്പോൾ  അമേരിക്ക ഉൾപ്പെടെയുള്ള  സാംബ്രാജ്യ ശക്തികൾ അതിനെ ഉന്മൂലനം ചെയ്യലാണ്  ലക്‌ഷ്യം ആക്കിയിരുന്നത്.  ഇതൊന്നും മനസിലാക്കാതെയാണ്  ഇൻഡ്യയിൽ  മുതലാളിത്തം പ്രോത്സാഹിപ്പിക്കേണ്ട ചുമതല എസ്. എ. ഡാങ്കെയും കൂട്ടരും ഏറ്റെടുത്തത്.   സോഷ്യലിസം സ്ഥാപിക്കുക എന്ന ലക്ഷ്യം ഏറ്റെടുത്താൽ മാത്രമേ മാർക്സിസം എന്ന ആശയം തൊഴിലാളി വർഗ്ഗത്തിന്റെ മോചന പോരാട്ടത്തിന്റെ പ്രത്യ ശാസ്ത്രം ആവുകയുള്ളൂ. "വർഗ സമരം" അവസാനിക്കുന്നത്  വർഗ വൈരുധ്യങ്ങൾ പരിഹരിച്ചു കഴിമ്പോഴാണ്.  മൂലധനത്തിന്റെ ആധിപത്യം ഇല്ലാതാകുമ്പോഴാണ്.  "വർഗങ്ങളും വർഗവൈരുധ്യങ്ങളും നിലവിൽ വന്നപ്പോൾ; അവ പരിഹരിക്കുന്നതിനാണ്  ഭരണ കൂടത്തിന്റെ പ്രാകൃത രൂപം നിലവിൽ വന്നത്" (ലെനിൻ; എന്ത് ചെയ്യണം എന്ന കൃതി).  കാല ഘട്ടത്തിൽ വന്ന മാറ്റം കണക്കിലെടുക്കാതെ  ഭാവിയിലും  "മുതലാളിത്തം പ്രോത്സാഹിപ്പിക്കാൻ" ആരെങ്കിലും തുനിയുകയാണെങ്കിൽ അവർ ചരിത്രത്തിലേക്ക്  തിരിച്ചു നടക്കുകയായിരിക്കും ചെയ്യുക.  

2017 മേയ് 10, ബുധനാഴ്‌ച

198. അടിത്തറ വിപുലപ്പെടുത്തുന്നത് അടിത്തറ തകർക്കുന്നത് ആകരുത് .

                                198.  അടിത്തറ വിപുലപ്പെടുത്തുന്നത്  അടിത്തറ തകർക്കുന്നത് ആകരുത് .
           ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ബഹുജന അടിത്തറ വിപുലപ്പെടുത്തണമെന്ന്  ആഗ്രഹിക്കുന്നത്  തീർച്ചയായും നല്ലതുതന്നെയാണ്.  എന്നാൽ അത് പ്രയോഗത്തിൽ  വരുത്തുമ്പോൾ  നിലവിൽ കാത്തുസൂക്ഷിക്കുന്ന ബഹുജന അടിത്തറ തകർക്കുന്ന തരത്തിൽ ആകരുത്.  ഇതിന്  നമുക്ക്  ഉദാഹരണം ആയി എടുക്കാവുന്നത്  കുറെ വർഷങ്ങൾക്ക്  മുമ്പ്  ഉണ്ടായിരുന്നതും ഇപ്പോൾ  ഇല്ലാത്തതുമായ പ. ബംഗാളിലെ പഴയ ഇടതു പക്ഷ സർക്കാരിനെ തന്നെയാണ്.  വ്യവസായ വത്ക്കരണത്തിലൂടെ  പ. ബംഗാളിലെ ബഹുജന അടിത്തറ വിപുലപ്പെടുത്തുണമെന്ന ആഗ്രഹത്തോടെയാണ്  ഒമ്പതിനായിരത്തിലധികം കൃഷിക്കാരുടെ ഭൂമി പിടിച്ചെടുത്ത്‌ ടാറ്റയ്ക്ക്  കാർ ഫാക്റ്ററി  തുടങ്ങാൻ നൽകിയതും കൃഷിക്കാർ ഉൾപ്പെടെയുള്ള ജന വിഭാഗങ്ങൾ ശത്രുക്കൾ ആയി മാറിയതും. അതിന്  തുടക്കം ഇട്ടവർക്ക്  നല്ല  ഉദ്ദേശമായിരിക്കണം ഉണ്ടായിരുന്നത്.  എന്നാൽ  "മുതലാളിത്തം പ്രോത്സാഹിപ്പിക്കണം" എന്നത്  ഒരു വാശി ആയി മാറിയപ്പോൾ  തികച്ചും പരമ ദുഷ്ടനായ മുതലാളിയുടെ മാനസിക അവസ്ഥയിൽ  അവർ എത്തി ചേർന്നു.  പ്രസ്ഥാനത്തിന്റെ ഏറ്റവും ഉന്നതിയിൽ നിൽക്കുന്നതിനാൽ അവരെ തിരുത്താൻ ആർക്കും അവാതായി. അതിന്റെയൊക്കെ ഫലമായി വളരെ നല്ല ബഹുജന അടിത്തറ സി.പി.ഐ.(എം) ന്  തന്നെ ഉണ്ടായിരുന്ന സംസ്ഥാനത്  (176/ 288) കോൺഗ്രസിനെ കൂടെ കൂട്ടിയിട്ട്  പോലും 26/288 ആയി മാറി. എന്നിട്ടും തങ്ങളുടെ നിലപാടിൽ എന്തെങ്കിലും പിശക് കണ്ടെത്താൻ അവർക്കു കഴിയുന്നുമില്ല.  "പരിപാടി" നടപ്പിലാക്കുക  എന്ന വാശി മാത്രമാണ്  അവർ കാണിച്ചത്.   തൊഴിലാളി വർഗ്ഗ  രാഷ്ട്രീയം എന്താണ്;  ബൂർഷ്വാ (ചൂഷക വർഗ) രാഷ്ട്രീയം എന്താണ് എന്നതിനെക്കുറിച്ചൊന്നും അടിസ്ഥാന പരമായ യാതൊരു ധാരണയും ഇല്ലാത്തത്  കൊണ്ട് മാത്രം സംഭവിക്കുന്നതാണ് ഇവ.  കേരളത്തിൽ  1957 ൽ അധികാരത്തിൽ വന്ന മന്ത്രി സഭ  ബിർളയ്‌ക്ക്‌  "മാവൂർ റയോൺസ്" തുടങ്ങാനായി  എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തു.  "ലാഭം" ഉണ്ടായിരുന്ന കാലത്തോളം  ബിർള  അവിടെ വ്യവസായം നടത്തി. ലാഭം ഇല്ലാതായപ്പോൾ ഉപേക്ഷിച്ചു പോവുകയും ചെയ്തു.  ബിർള ചെയ്തത്  ഫാക്ടറിയിലെ മലിന ജലം ശുദ്ധീകരിക്കാതെ ചാലിയാർ പുഴയിലേക്ക് ഒഴുക്കി വിട്ടു.  ജലം  രക്തത്തിന്റെ നിറമായി മാറി.  മത്സ്യങ്ങൾ  ചത്തുപൊങ്ങി.  പുഴയിലെ ജലം ഒരു ആവശ്യത്തിനും ഉപയോഗിക്കാനാവാതെ ആയി മാറിയതിനാൽ ജനങ്ങൾ സമരം തുടങ്ങി. നാം ബിർളയ്ക്ക്  വേണ്ടി ഉറച്ചു നിന്നു.  അവിടെ നമ്മുടെ "ജനകീയ അടിത്തറ"  തീർച്ചയായും  വർദ്ധിക്കുകയായിരിക്കും ചെയ്യുക എന്ന്  പറയേണ്ടതില്ലല്ലോ.  കോഴിക്കോട്  പാർലമെന്റ്  സീറ്റ്  നമുക്ക് തന്നെ ലഭിക്കാനുള്ള സാധ്യത ഉണ്ടായിരിക്കും എന്ന് പറയേണ്ടതില്ലല്ലോ.  പാലക്കാട്  ജില്ലയിലെ  "പ്ലാച്ചിമട"  ജല സമൃദ്ധിയ്ക്ക്  പേര് കേട്ട സ്ഥലം ആയിരുന്നു.  നാം വളരെ നിർബന്ധിച്ചു കൊക്കോകോളയെ കുടിയിരുത്തി.  ഇപ്പോഴത്തെ സ്ഥിതി; ജനങ്ങൾ കുടി വെള്ളത്തിനായി വലയുന്നതും പഞ്ചായത്  അധികൃതർ  വാഹനങ്ങളിൽ  കുടിവെള്ളം എത്തിക്കുന്നതും കാത്തു്  കഴിയുകയാണ്. വ്യവസായം തുടങ്ങുമ്പോൾ  അത് ജനങ്ങളെ എങ്ങനെ ബാധിക്കും എന്ന് ആലോചിക്കേണ്ട ജോലി മുതലാളി ഏറ്റെടുക്കുകയില്ല.   ജനങ്ങൾക്ക് ഈ അവസ്ഥ സൃഷ്ടിച്ചവരുടെ   ജനകീയ അടിത്തറ തീർച്ചയായും വർധിക്കും എന്ന് പറയേണ്ടതില്ലല്ലോ.  ലക്ഷ കണക്കു കോടി രൂപയുടെ അഴിമതി അടക്കം  എല്ലാ മേഖലകളിലും ജനങ്ങളെ ദ്രോഹിക്കാവുന്നതിന്റെ പരമാവധി  ദ്രോഹിച്ചതിന്റെ ഫലമായി ജനങ്ങൾ കോൺഗ്രസിന്  കൊടുക്കേണ്ട ശിക്ഷ ഇൻഡ്യ ഒട്ടാകെ കൊടുത്തു.  പകരം വന്നത്  അതിനേക്കാൾ ദ്രോഹികളാണ് എന്നത് വസ്തുത തന്നെയാണ്.  എന്നാൽ കോൺഗ്രസിനെ നമ്മുടെ കൂടെ കൂട്ടികളയാം  എന്ന്  ബംഗാളിലെ സഘാക്കൾ തീരുമാനിച്ചതിന്റെ പൊരുൾ അഴിമതി എത്ര തന്നെ ആണെങ്കിലും  നമുക്ക് സ്വീകാര്യം ആണ് എന്നാണ്.  (മറ്റു ചിലരും ആ രോഗ ലക്ഷണം കാണിക്കുന്നുണ്ട്).  കാരണം അഴിമതിയും  മുതലാളിത്തത്തിന്റെ ഭാഗം തന്നെയാണ്.  ഇങ്ങനെയുള്ള നിലപാട്  പ്രാവർത്തികം ആയാൽ ഇന്ത്യ ഒട്ടാകെ നമുക്ക് ഉണ്ടാകാൻ സാധ്യതയുള്ള  ജനകീയ അടിത്തറയുടെ  "വർദ്ധനവ്" ഊഹിക്കാവുന്നതാണ്. അഴിമതിക്കെതിരെ സ്വീകരിക്കുന്ന എല്ലാ സമരങ്ങളുടെയും ഫലം ഇല്ലാതാക്കുന്നതായിരിക്കും അത്.  കേരളത്തിലെ കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കഥ നമുക്കറിയാം.  മുഖ്യ മന്ത്രി ഉൾപ്പെടെ എല്ലാ മന്ത്രിമാരും വളരെ വലിയ അഴിമതിയുടെ ഘോഷ യാത്ര  നടത്തുകയായിരുന്നു. ഉമ്മൻ ചാണ്ടിക്കും കെ.എം.മാണിക്കും എതിരെ അതി ശക്തമായ സമരങ്ങൾ തന്നെ നാം നടത്തി.  അതിന്റെ ഫലമായി കഴിഞ്ഞ അസംബ്ലി തെരെഞ്ഞെടുപ്പിൽ ജനങ്ങൾ ശക്തമായ തിരിച്ചടി  അവർക്ക് നൽകി.  കേരള കോൺഗ്രസിലെ എല്ലാ വിഭാഗങ്ങളും ആർ.എസ്.പി. അടക്കം എല്ലാ അഴ കൊഴമ്പൻ പാർട്ടികളും (അപ്പപ്പോഴത്തെ ലാഭം നോക്കി എവിടേയും കയറി പറ്റുന്നവർ;  സ്ഥിരമായ രാഷ്ട്രീയ മുദ്രാ വാക്യങ്ങൾ ഇല്ലാത്തവർ) ഉണ്ടായിരുന്നിട്ടും  യു.ഡി.എഫിന്  വിജയിക്കാൻ കഴിഞ്ഞില്ല. കെ.എം.മാണി  ഉൾപ്പെടെ ഉള്ളവർ ചെയ്ത അഴിമതിയ്ക്കും  ദുർ ഭരണത്തിനും എതിരെ ഉണ്ടായ ജനവിധിയാണ് എൽ.ഡി.എഫിന്റെ വിജയം.  എൽ.ഡി.എഫിന്റെ  "അടിത്തറ"  വികസിപ്പിക്കാനായി  കെ.എം.മാണിയേയും  മറ്റും എൽ.ഡി.എഫ്  സ്വീകരിക്കാൻ തയ്യാറായാൽ അത്  ജനങ്ങളെ വിഡ്ഢികളാക്കുന്ന സ്ഥിതിയായിരിക്കും സംഭവിക്കുക.  എൽ.ഡി.എഫിന്റെ  "അഴിമതി വിരോധം" വെറും വീൺവാക്ക് മാത്രമാണ്  എന്നാകും ജനങ്ങൾ വിധിയെഴുതുക.  എൽ.ഡി.എഫിന്  അനുകൂലമായി  വിധി എഴുതിയ സമ്മതി ദായകരെ ആക്ഷേപിക്കരുത്  എന്ന് വിനീതമായി അപേക്ഷിക്കുന്നു.  നാം തന്നെ നമ്മുടെ അടിത്തറ തകർത്തു കളയരുത്.

2017 മേയ് 3, ബുധനാഴ്‌ച

140.(2). 1964 ൽ കമ്മ്യൂണിസ്ററ് പ്രസ്ഥാനത്തിൽ ഉണ്ടായ പിളർപ്പിന് കാരണം.

                                140 (2).  1964 ൽ  കമ്മ്യൂണിസ്ററ്  പ്രസ്ഥാനത്തിൽ ഉണ്ടായ പിളർപ്പിന് കാരണം.                                   1969 ൽ സി.പി.ഐ. വഴി  രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച ഈ കുറിപ്പ് എഴുതുന്നയാൾക്ക്  തുടർന്ന്  സി.പി.ഐ. കോൺഗ്രസ് ബന്ധത്തോടെ മന്ത്രി സഭ രൂപീകരിച്ചതിനോട്  (1970)  യോചിക്കാൻ കഴിഞ്ഞില്ല. ആരും പാർട്ടിയുടെ ആഴങ്ങളിൽ ഉള്ള  തത്വ ശാസ്ത്ര അറിവോടെ പ്രവർത്തനം തുടങ്ങുന്നവരല്ല.  എ.ഐ.വൈ.എഫ്. യോഗത്തിൽ ലഭിച്ച സോഷ്യലിസത്തെ കുറിച്ചുള്ള മതിപ്പും സ്വാർത്ഥതയിലും ലാഭത്തിലും കെട്ടിപ്പൊക്കിയ മുതലാളിത്തോടുള്ള എതിർപ്പും അന്ന്  അവിടെ  പ്രസംഗിച്ച സ.വഴിത്തല ഭാസ്‌ക്കരൻ  എന്ന ആദ്യ കാല കമ്യൂണിസ്റ്റിന്റെ സംഭാവനയാണ്.  മിശ്ര സമ്പദ് ഘടന എന്ന പേരിൽ കോൺഗ്രസ് കെട്ടിപ്പൊക്കുന്നത്  മുതലാളിത്തം ആണ് എന്നാണ്  ആ സഖാവ്  അവിടെ പറഞ്ഞത്.  അതെല്ലാം അപ്പാടെ മനസ്സിൽ പതിഞ്ഞു. സോഷ്യലിസ്റ്റ്  സാമൂഹ്യ വ്യവസ്ഥയ്ക്കായി  കഴിയുന്ന തരത്തിൽ പ്രവർത്തിക്കണം എന്ന ധാരണയാണ്  സി.പി.ഐ. യുമായി ബന്ധപെട്ട്  പ്രവർത്തിക്കാൻ കാരണം. തുടർന്നുള്ള അവസരങ്ങളിൽ എല്ലാ സന്ദർഭങ്ങളിലും കോൺഗ്രസ്  ബന്ധത്തെ എതിർത്തുപോന്നു.  സി.പി.ഐ.(എം.);  സി.പി.ഐ. അഭിപ്രായ വ്യത്യാസങ്ങളെ കുറിച്ച്  സ.C. അച്യുതമേനോനുമായി നടത്തിയ കത്തിടപാടുകളെ തുടർന്നാണ്  1964  ൽ പാർട്ടിയിൽ പിളർപ്പ് ഉണ്ടാകാൻ കാരണം കോൺഗ്രസുമായി ചേർന്നുള്ള ഐക്യമാണ്  എന്നും മറ്റും  മനസിലാകുന്നത്.  "സമാധാനപരമായ പരിവർത്തനത്തെ" ക്കുറിച്ചു  രണ്ടു പാർട്ടികൾക്കും ഒരേ അഭിപ്രായം ആണ് എന്ന്  ആ സഖാവിന്റെ കത്തിൽ നിന്നാണ് അറിഞ്ഞത്.  തുടർന്ന്  രണ്ടു പാർട്ടികളുടെയും "പരിപാടി" വാങ്ങി പരിശോധിക്കാനും  ആ സഖാവ് ആണ് പറഞ്ഞത്.  അങ്ങനെയാണ്  "ദേശീയ ജനാധിപത്യ മുന്നണിയെ " കുറിച്ചും  "ജനകീയ ജനാധിപത്യ മുന്നണി" യെ കുറിച്ചും അറിയുന്നത്.  "ജനകീയ ജനാധിപത്യ മുന്നണി",  തൊഴിലാളി വർഗ്ഗത്തിന്റെ നിർണായക നേതൃത്വത്തിൽ ഉള്ളതാണ്.  "ദേശീയ ജനാധിപത്യ മുന്നണി"  അങ്ങനെയുള്ള  കടും പിടുത്തം ഒന്നും ഇല്ല. "പാർലമെന്ററി ജനാധിപത്യത്തിൽ" ആയാലും ബൂർഷ്വാസിയുടെ നേതൃത്വത്തിൽ ഉള്ള  ഒരു ഭരണ കൂടത്തിൽ  "മാർക്സിസം" തൊഴിലാളി വർഗ്ഗത്തിൽ അർപ്പിച്ചിട്ടുള്ള കടമകൾ നിർവഹിക്കാൻ കഴിയും എന്ന  വിലയിരുത്തലിനോട്  പൊരുത്തപ്പെടാൻ കഴിഞ്ഞില്ല.  അതുകൊണ്ട്  "തൊഴിലാളി വർഗ്ഗത്തിന്റെ നിർണായക നേതൃത്വത്തിൽ" ഉള്ള  "ജനകീയ ജനാധിപത്യ മുന്നണി" തന്നെ വേണം എന്ന അഭിപ്രായത്തിൽ എത്തിച്ചേർന്നു.  തുടർന്ന്  സ. അച്യുതമേനോനോട്  (1985)  "ജനകീയ ജനാധിപത്യ  മുന്നണി" തന്നെ  അംഗീകരിക്കണം എന്നും  അല്ലാതെ  "പുനരേകീകരണം"  നടക്കണം എന്ന അഭിപ്രായം ഇല്ല  എന്നും  കത്തിലൂടെ  അറിയിച്ചു. തുടർന്ന്  ലഭിച്ച ആ സഖാവിന്റെ കത്തിൽ പറഞ്ഞത്  അദ്ദേഹത്തിന് അങ്ങനെ അഭിപ്രായം ഇല്ല എന്നും "താങ്കൾക്ക്  യുക്തമായ തരത്തിൽ പ്രവർത്തിക്കാം" എന്നുമാണ്.  അങ്ങനെയാണ്  1985 ൽ സി.പി.ഐ.(എം) രാഷ്ട്രീയത്തിൽ  എത്തുന്നത്. എന്നാൽ ഇൻഡ്യയിൽ  "സോഷ്യലിസ്‌റ്റ്  രാഷ്ട്രം"  എന്ന  ലക്‌ഷ്യം  1950 കാലം മുതൽ തന്നെ ഇല്ല എന്നും മറ്റും  അറിയുന്നത് തുടർന്നുള്ള പഠനങ്ങളിലാണ്.   സോഷ്യലിസ്ററ്   വ്യവസ്ഥയ്ക്കായി മാത്രം  രൂപം  കൊണ്ട "മാർക്സിസം" എന്ന  തത്വ ശാസ്ത്രം  കൈകാര്യം ചെയ്യുന്നവർ  മുതലാളിത്തം പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചപ്പോൾ ഉണ്ടായ പ്രത്യയശാസ്ത്ര  പ്രത്യാഘാതങ്ങൾ മനസിലാക്കാൻ  ഇൻഡ്യയിൽ  ആരും ഉണ്ടായില്ല എന്നത് നിർഭാഗ്യകരം എന്നല്ലാതെ എന്താണ് പറയുക?  എസ്.എ. ഡാങ്കെയുടെ നേതൃത്വത്തിൽ  കോൺഗ്രസുമായി ഐക്യമുന്നണി ഉണ്ടാക്കാൻ തീരുമാനിച്ചത്  ഇൻഡ്യ  ഒട്ടാകെ  കണ്ടുകൊണ്ടാണ്.  എന്നാൽ  കോൺഗ്രസിന് കാര്യമായ സ്വാധീനം ഉണ്ടായിരുന്നിടത്തൊന്നും  കോൺഗ്രസ്; സി.പി.ഐ. യെ  അടുപ്പിച്ചില്ല.  കേരളത്തിൽ സി.പി.ഐ. -  കോൺഗ്രസ്  സഘ്യം  പത്തു കൊല്ലത്തോളം ഭരണം നടത്തിയിട്ടും സി.പി.ഐ. യുടെ  സംഘടനാ സംവിധാനം ശക്തമായില്ല.  ഇൻഡ്യ ഒട്ടാകെ എടുത്താലും  കോൺഗ്രസുമായുള്ള സഘ്യം  സി.പി.ഐ.യുടെ  കമ്മ്യൂണിസ്റ്റ്  പ്രതിച്ഛായ  ഇല്ലാതാക്കി.  വിമർശനം ശത്രുതയോടെ വീക്ഷിക്കുകയല്ലാതെ  അത് പരിശോധിക്കാൻ അവർ തയ്യാറാവുകയില്ല.  ആന്ധ്രയിലും  മഹാരാഷ്ട്രയിലും  ബീഹാറിലും മറ്റും ഉണ്ടായിരുന്ന സ്വാധീനം  പോലും ഇല്ലാതായി.  "മാർക്സിസിസ" വുമായി  പുല ബന്ധം പോലും ഇല്ലാത്ത "ദേശീയ ജനാധിപത്യ" (ബൂർഷ്വാ ജനാധിപത്യം) മുന്നണി  എന്ന പരിപാടി സ്വീകരിച്ചതും  "മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" എന്ന  സാമ്പത്തിക നയം സ്വീകരിച്ചതും  ആണ്   അവർക്ക്  തിരിച്ചടി ആയത്  എന്ന്  അവരെ ബോധ്യപ്പെടുത്തുക ആരാലും  അസ്സാദ്ധ്യമാണ്.  പാർട്ടിയിൽ പിളർപ്പ് ഉണ്ടായതാണ്  എല്ലാത്തിനും കാരണമായി അവർ  കണ്ടെത്തുന്നത്.  മുതലാളിത്തവും മുതലാളിത്ത ജനാധിപത്യവും  സ്വീകരിക്കുന്ന ഒരു പാർട്ടി  "കമ്മ്യൂണിസ്റ്റു  പാർട്ടി" എന്ന പേര് സ്വീകരിച്ചാലും ജനങ്ങൾ അംഗീകരിക്കുകയില്ല  എന്ന്  പറയുമ്പോൾ  ശത്രുത തോന്നിയിട്ട് കാര്യമൊന്നുമില്ല.  ദീർഘ കാലത്തെ അനുഭവത്തിൽ നിന്നും ജനങ്ങളുടെ പ്രതികരണത്തിൽ നിന്നും കാര്യങ്ങൾ മനസിലാക്കണം.  പഴയ നാഷണൽ കൗൺസിലിലെ വലിയ ഭൂരിപക്ഷം കേവലം വിഡ്‌ഢികളുടെ ഭൂരിപക്ഷം ആയിരുന്നു എന്ന് കാലം തെളിയിച്ചതാണ്.  എപ്പോഴും  "ശരി" യുടെ കൂടെ ഭൂരിപക്ഷം ഉണ്ടാകാറില്ല എന്നത് ചരിത്ര സത്യം മാത്രമാണ്.  ലോകം കണ്ട ഏറ്റവും വലിയ മനുഷ്യ സ്‌നേഹി  ആയിരുന്ന യേശു കൃസ്തുവിന്റെ ദയനീയ അന്ത്യം മുതൽ അത് ചരിത്രത്തിൽ തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.