140 (2). 1964 ൽ കമ്മ്യൂണിസ്ററ് പ്രസ്ഥാനത്തിൽ ഉണ്ടായ പിളർപ്പിന് കാരണം. 1969 ൽ സി.പി.ഐ. വഴി രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച ഈ കുറിപ്പ് എഴുതുന്നയാൾക്ക് തുടർന്ന് സി.പി.ഐ. കോൺഗ്രസ് ബന്ധത്തോടെ മന്ത്രി സഭ രൂപീകരിച്ചതിനോട് (1970) യോചിക്കാൻ കഴിഞ്ഞില്ല. ആരും പാർട്ടിയുടെ ആഴങ്ങളിൽ ഉള്ള തത്വ ശാസ്ത്ര അറിവോടെ പ്രവർത്തനം തുടങ്ങുന്നവരല്ല. എ.ഐ.വൈ.എഫ്. യോഗത്തിൽ ലഭിച്ച സോഷ്യലിസത്തെ കുറിച്ചുള്ള മതിപ്പും സ്വാർത്ഥതയിലും ലാഭത്തിലും കെട്ടിപ്പൊക്കിയ മുതലാളിത്തോടുള്ള എതിർപ്പും അന്ന് അവിടെ പ്രസംഗിച്ച സ.വഴിത്തല ഭാസ്‌ക്കരൻ എന്ന ആദ്യ കാല കമ്യൂണിസ്റ്റിന്റെ സംഭാവനയാണ്. മിശ്ര സമ്പദ് ഘടന എന്ന പേരിൽ കോൺഗ്രസ് കെട്ടിപ്പൊക്കുന്നത് മുതലാളിത്തം ആണ് എന്നാണ് ആ സഖാവ് അവിടെ പറഞ്ഞത്. അതെല്ലാം അപ്പാടെ മനസ്സിൽ പതിഞ്ഞു. സോഷ്യലിസ്റ്റ് സാമൂഹ്യ വ്യവസ്ഥയ്ക്കായി കഴിയുന്ന തരത്തിൽ പ്രവർത്തിക്കണം എന്ന ധാരണയാണ് സി.പി.ഐ. യുമായി ബന്ധപെട്ട് പ്രവർത്തിക്കാൻ കാരണം. തുടർന്നുള്ള അവസരങ്ങളിൽ എല്ലാ സന്ദർഭങ്ങളിലും കോൺഗ്രസ് ബന്ധത്തെ എതിർത്തുപോന്നു. സി.പി.ഐ.(എം.); സി.പി.ഐ. അഭിപ്രായ വ്യത്യാസങ്ങളെ കുറിച്ച് സ.C. അച്യുതമേനോനുമായി നടത്തിയ കത്തിടപാടുകളെ തുടർന്നാണ് 1964 ൽ പാർട്ടിയിൽ പിളർപ്പ് ഉണ്ടാകാൻ കാരണം കോൺഗ്രസുമായി ചേർന്നുള്ള ഐക്യമാണ് എന്നും മറ്റും മനസിലാകുന്നത്. "സമാധാനപരമായ പരിവർത്തനത്തെ" ക്കുറിച്ചു രണ്ടു പാർട്ടികൾക്കും ഒരേ അഭിപ്രായം ആണ് എന്ന് ആ സഖാവിന്റെ കത്തിൽ നിന്നാണ് അറിഞ്ഞത്. തുടർന്ന് രണ്ടു പാർട്ടികളുടെയും "പരിപാടി" വാങ്ങി പരിശോധിക്കാനും ആ സഖാവ് ആണ് പറഞ്ഞത്. അങ്ങനെയാണ് "ദേശീയ ജനാധിപത്യ മുന്നണിയെ " കുറിച്ചും "ജനകീയ ജനാധിപത്യ മുന്നണി" യെ കുറിച്ചും അറിയുന്നത്. "ജനകീയ ജനാധിപത്യ മുന്നണി", തൊഴിലാളി വർഗ്ഗത്തിന്റെ നിർണായക നേതൃത്വത്തിൽ ഉള്ളതാണ്. "ദേശീയ ജനാധിപത്യ മുന്നണി" അങ്ങനെയുള്ള കടും പിടുത്തം ഒന്നും ഇല്ല. "പാർലമെന്ററി ജനാധിപത്യത്തിൽ" ആയാലും ബൂർഷ്വാസിയുടെ നേതൃത്വത്തിൽ ഉള്ള ഒരു ഭരണ കൂടത്തിൽ "മാർക്സിസം" തൊഴിലാളി വർഗ്ഗത്തിൽ അർപ്പിച്ചിട്ടുള്ള കടമകൾ നിർവഹിക്കാൻ കഴിയും എന്ന വിലയിരുത്തലിനോട് പൊരുത്തപ്പെടാൻ കഴിഞ്ഞില്ല. അതുകൊണ്ട് "തൊഴിലാളി വർഗ്ഗത്തിന്റെ നിർണായക നേതൃത്വത്തിൽ" ഉള്ള "ജനകീയ ജനാധിപത്യ മുന്നണി" തന്നെ വേണം എന്ന അഭിപ്രായത്തിൽ എത്തിച്ചേർന്നു. തുടർന്ന് സ. അച്യുതമേനോനോട് (1985) "ജനകീയ ജനാധിപത്യ മുന്നണി" തന്നെ അംഗീകരിക്കണം എന്നും അല്ലാതെ "പുനരേകീകരണം" നടക്കണം എന്ന അഭിപ്രായം ഇല്ല എന്നും കത്തിലൂടെ അറിയിച്ചു. തുടർന്ന് ലഭിച്ച ആ സഖാവിന്റെ കത്തിൽ പറഞ്ഞത് അദ്ദേഹത്തിന് അങ്ങനെ അഭിപ്രായം ഇല്ല എന്നും "താങ്കൾക്ക് യുക്തമായ തരത്തിൽ പ്രവർത്തിക്കാം" എന്നുമാണ്. അങ്ങനെയാണ് 1985 ൽ സി.പി.ഐ.(എം) രാഷ്ട്രീയത്തിൽ എത്തുന്നത്. എന്നാൽ ഇൻഡ്യയിൽ "സോഷ്യലിസ്‌റ്റ് രാഷ്ട്രം" എന്ന ലക്‌ഷ്യം 1950 കാലം മുതൽ തന്നെ ഇല്ല എന്നും മറ്റും അറിയുന്നത് തുടർന്നുള്ള പഠനങ്ങളിലാണ്. സോഷ്യലിസ്ററ് വ്യവസ്ഥയ്ക്കായി മാത്രം രൂപം കൊണ്ട "മാർക്സിസം" എന്ന തത്വ ശാസ്ത്രം കൈകാര്യം ചെയ്യുന്നവർ മുതലാളിത്തം പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചപ്പോൾ ഉണ്ടായ പ്രത്യയശാസ്ത്ര പ്രത്യാഘാതങ്ങൾ മനസിലാക്കാൻ ഇൻഡ്യയിൽ ആരും ഉണ്ടായില്ല എന്നത് നിർഭാഗ്യകരം എന്നല്ലാതെ എന്താണ് പറയുക? എസ്.എ. ഡാങ്കെയുടെ നേതൃത്വത്തിൽ കോൺഗ്രസുമായി ഐക്യമുന്നണി ഉണ്ടാക്കാൻ തീരുമാനിച്ചത് ഇൻഡ്യ ഒട്ടാകെ കണ്ടുകൊണ്ടാണ്. എന്നാൽ കോൺഗ്രസിന് കാര്യമായ സ്വാധീനം ഉണ്ടായിരുന്നിടത്തൊന്നും കോൺഗ്രസ്; സി.പി.ഐ. യെ അടുപ്പിച്ചില്ല. കേരളത്തിൽ സി.പി.ഐ. - കോൺഗ്രസ് സഘ്യം പത്തു കൊല്ലത്തോളം ഭരണം നടത്തിയിട്ടും സി.പി.ഐ. യുടെ സംഘടനാ സംവിധാനം ശക്തമായില്ല. ഇൻഡ്യ ഒട്ടാകെ എടുത്താലും കോൺഗ്രസുമായുള്ള സഘ്യം സി.പി.ഐ.യുടെ കമ്മ്യൂണിസ്റ്റ് പ്രതിച്ഛായ ഇല്ലാതാക്കി. വിമർശനം ശത്രുതയോടെ വീക്ഷിക്കുകയല്ലാതെ അത് പരിശോധിക്കാൻ അവർ തയ്യാറാവുകയില്ല. ആന്ധ്രയിലും മഹാരാഷ്ട്രയിലും ബീഹാറിലും മറ്റും ഉണ്ടായിരുന്ന സ്വാധീനം പോലും ഇല്ലാതായി. "മാർക്സിസിസ" വുമായി പുല ബന്ധം പോലും ഇല്ലാത്ത "ദേശീയ ജനാധിപത്യ" (ബൂർഷ്വാ ജനാധിപത്യം) മുന്നണി എന്ന പരിപാടി സ്വീകരിച്ചതും "മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" എന്ന സാമ്പത്തിക നയം സ്വീകരിച്ചതും ആണ് അവർക്ക് തിരിച്ചടി ആയത് എന്ന് അവരെ ബോധ്യപ്പെടുത്തുക ആരാലും അസ്സാദ്ധ്യമാണ്. പാർട്ടിയിൽ പിളർപ്പ് ഉണ്ടായതാണ് എല്ലാത്തിനും കാരണമായി അവർ കണ്ടെത്തുന്നത്. മുതലാളിത്തവും മുതലാളിത്ത ജനാധിപത്യവും സ്വീകരിക്കുന്ന ഒരു പാർട്ടി "കമ്മ്യൂണിസ്റ്റു പാർട്ടി" എന്ന പേര് സ്വീകരിച്ചാലും ജനങ്ങൾ അംഗീകരിക്കുകയില്ല എന്ന് പറയുമ്പോൾ ശത്രുത തോന്നിയിട്ട് കാര്യമൊന്നുമില്ല. ദീർഘ കാലത്തെ അനുഭവത്തിൽ നിന്നും ജനങ്ങളുടെ പ്രതികരണത്തിൽ നിന്നും കാര്യങ്ങൾ മനസിലാക്കണം. പഴയ നാഷണൽ കൗൺസിലിലെ വലിയ ഭൂരിപക്ഷം കേവലം വിഡ്‌ഢികളുടെ ഭൂരിപക്ഷം ആയിരുന്നു എന്ന് കാലം തെളിയിച്ചതാണ്. എപ്പോഴും "ശരി" യുടെ കൂടെ ഭൂരിപക്ഷം ഉണ്ടാകാറില്ല എന്നത് ചരിത്ര സത്യം മാത്രമാണ്. ലോകം കണ്ട ഏറ്റവും വലിയ മനുഷ്യ സ്‌നേഹി ആയിരുന്ന യേശു കൃസ്തുവിന്റെ ദയനീയ അന്ത്യം മുതൽ അത് ചരിത്രത്തിൽ തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ