2019 സെപ്റ്റംബർ 24, ചൊവ്വാഴ്ച

. 299. പാർലമെന്ററി ജനാധിപത്യം സോഷ്യലിസത്തിന് എങ്ങനെയാണ് തടസ്സമാവുക?

.            299. പാർലമെന്ററി ജനാധിപത്യം സോഷ്യലിസത്തിന്  എങ്ങനെയാണ് തടസ്സമാവുക?
...........പാർലമെന്ററി ജനാധിപത്യത്തിൽ സോഷ്യലിസം അസ്സാദ്ധ്യമാണെന്നും സ. ഇ.എം.എസ്. ന്റെ  "തൊഴിലാളി വർഗ രാഷ്ട്രീയത്തിന്റെ ശാസ്ത്രവും കലയും" എന്ന കൃതിയുടെ 53 - മത്തെ പേജിൽ പറയുന്നുണ്ട്. ഇതാകട്ടെ വസ്തുതകൾക്ക് നിരക്കുന്നതല്ല താനും. ഒരു രാജ്യത്തെ ജനങ്ങളെ ആകെ കണക്കിലെടുത്തു്  ജനങ്ങൾക്ക്  എല്ലാ മേഖലകളിലും ജീവിതം സുരക്ഷിതമാക്കുന്നതിനുള്ള  പദ്ധതികൾ ആസൂത്രണം ചെയ്യണം.  അതിനാണ്  "സോഷ്യലിസ്റ്റ്  പ്ളാനിങ് "  എന്ന് പറയുക. എല്ലാവർക്കും പാർപ്പിടം; തൊഴിൽ; ഭക്ഷണം; വിദ്യാഭ്യാസം; മെച്ചപ്പെട്ട  ചികിത്സ തുടങ്ങിയവയൊക്കെ  മുൻകൂട്ടി പ്ലാൻ ചെയ്ത്  വേണം  സോഷ്യലിസത്തിലേയ്ക്ക്  മുന്നേറാൻ. ദീർഘ കാലം കൊണ്ട് മാത്റം എത്തിച്ചേരാവുന്ന ലക്‌ഷ്യം ആണത്. ഈ നടപടികൾക്ക് പാർലമെന്റ് എങ്ങനെയാണ് തടസ്സം ആവുക?  നിയമ പരമായ കാര്യങ്ങൾ തെരെഞ്ഞെടുക്കപ്പെട്ട സഭകളിൽ പാസാകാതെ എങ്ങനെയാണ്  വ്യവസ്ഥാപരം ആകുന്നത് ?  എന്നാൽ സായുധ വിപ്ലവത്തിലൂടെ ഒരിക്കലും ആ ലക്ഷ്യത്തിലേക്ക്  എത്തിച്ചേരാനാവുകയില്ല.   എന്നാൽ നാം എടുക്കുന്ന നടപടികൾ  തൊഴിലാളി വർഗത്തിനും സാധാരണ ജനങ്ങൾക്കും  ബോധ്യപ്പെട്ടാൽ അവരുടെ കലവറ ഇല്ലാത്ത പിന്തുണ നമുക്കുണ്ടാകും.  അതാണ് സോവിയറ്റ് യൂണിയനിലും ചൈനയിലും മറ്റും സംഭവിച്ചത്.
..........ജനാധിപത്യം നടപ്പിലാകാത്ത രാജ വാഴ്ചയിൽ    അധികാരത്തിൽ എത്തിച്ചേരാനുള്ള ഒരു മാർഗം മാത്രമാണ്  സായുധ വിപ്ലവം.  മാർക്സിസം  (ശാസ്ത്രീയ സോഷ്യലിസം) എന്ന ആശയം ആവിർഭവിക്കുന്നത്  പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യ കാലമാണ്.  കാറൽ മാർക്സ് ജനീക്കുന്നത്  1818  മെയ്  5  നും  അന്തരിക്കുന്നത്  1883  മാർച്ചു  14 നുമാണ്.  അതായത്  ഇൻഡ്യ  "ഗ്രേറ്റ്  ബ്രിട്ടന്റെ" അധീനതയിൽ  സൂര്യൻ അസ്തമിക്കാത്ത സാംബ്രാജ്യം ആയിരുന്ന കാലം.  ആ കാലത്തു് കാറൽ മാര്ക്സിന്  ഇരുപതാം നൂറ്റാണ്ടിലെ ജനാധിപത്യത്തെ വിലയിരുത്താൻ ആവുമായിരുന്നില്ല.
.........."ഭരണ കൂടവും വിപ്ലവവും" എന്ന കൃതിയിൽ ലെനിൻ വിശേഷിപ്പിക്കുന്നത് ഏറ്റവും നല്ല ബൂർഷ്വാ ജനാധിപത്യവും തൊഴിലാളി വർഗത്തെ സംബന്ധിച്ചിടത്തോളം "കൂലി അടിമത്തം മാത്രമാണ്" എന്നാണ്. (ലെനിൻ "പാർലമെന്ററി ജനാധിപത്യം" എന്നതുകൊണ്ട് അർത്ഥമാക്കിയത്  മുതലാളിത്ത വ്യവസ്ഥയാണ്).   എന്താണ് കൂലി അടിമത്തം? പഴയ അടിമത്ത വ്യവസ്ഥയിൽ അടിമയ്ക്ക് സ്വാതന്ത്ര്യം ഇല്ല. എന്നാൽ ഉടമയ്ക്ക് അടിമയുടെ സംരക്ഷണ ഉത്തരവാദിത്വം ഉണ്ട്. "അടിമ" നികുതി കൊടുക്കേണ്ട "മുതൽ" ആണ്. അത് ചത്തുപോകാതെ നോക്കണം. അതിന് ഭക്ഷണം കൊടുക്കണം. അല്ലെങ്കിൽ അതിനു ജോലി ചെയ്യാനാവില്ല. തൊഴുത്തു് പോലെയുള്ളതാണെങ്കിലും കിടപ്പാടം ഉണ്ടായിരിക്കണം. എന്നാൽ മുതലാളിത്തത്തിൽ തൊഴിലുടമയ്ക് ഇങ്ങനെയുള്ള ഉത്തരവാദിത്വങ്ങളൊന്നും ഇല്ല. തൊഴിലാളി "സ്വതന്ത്രൻ" ആണ്. എന്നാൽ അവന്റെയും കുടുമ്പത്തിന്റെയും ജീവൻ നിലനിർത്തണമെങ്കിൽ ആരുടെയെങ്കിലും കീഴിൽ അവൻ പണി എടുത്തിരിക്കണം. അല്ലെങ്കിൽ അവൻ പട്ടിണി കിടന്നു ചത്തുപോകും. കാരണം അവന് കാര്യമായ സ്വത്തൊന്നും ഇല്ല. ആരുടെ കീഴിൽ പണി എടുക്കണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം മാത്രമാണ് അവനുള്ളത്‌. മറ്റൊരു തരത്തിൽ പറഞ്ഞാൽ ആര് അവനെ ചൂഷണം ചെയ്യണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം മാത്രമാണ് അവനുള്ളത്‌. അതുകൊണ്ടാണ് ലെനിൻ പറഞ്ഞത് മുതലാളിത്ത വ്യവസ്ഥയിൽ തൊഴിലാളി "കൂലി അടിമ" മാത്രമാണ് എന്ന്.
............അതാണ് ചൂഷണ വിമുക്തമായ ഒരു സാമൂഹ്യ വ്യവസ്ഥ എന്ന ലക്ഷ്യം തൊഴിലാളി വർഗത്തിന് മുമ്പിൽ മാർക്സിസം വയ്ക്കുന്നത്. മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന "കാഴ്ചപ്പാടിൽ" നാം നിൽക്കുമ്പോൾ നാം തൊഴിലാളിവർഗത്തിന് വാഗ്ദാനം ചെയ്യുന്നത് "ജനകീയ ജനാധിപത്യ വിപ്ളവം" എന്ന പേരിൽ ആണെങ്കിലും ലെനിന്റെ ഭാഷയിൽ "കൂലി അടിമത്തം" മാത്രമാണ്. അതിന് തൊഴിലാളി വർഗത്തെ കിട്ടുകയില്ല എന്ന് അവർ നമ്മെ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. 

............അതാണ്   'പാർട്ടി പരിപാടി"  ഭേദഗതി ചെയ്യണം എന്നും സോഷ്യലിസ്റ്റു ഭാരതം എന്ന ലക്ഷ്യം തൊഴിലാളി വർഗത്തിന് മുൻപിൽ വയ്ക്കണം എന്നും പറയുന്നത്. ഇപ്പോൾ നമുക്കൊരു ലക്ഷ്യം ഇല്ല. മുതലാളിത്തം നമുക്ക് ഒരിക്കലും ലക്ഷ്യം ആവില്ല; ആവാൻ പാടില്ല. അപ്പോൾ ജനകീയ ജനാധിപത്യം എന്നാൽ എന്താണ് എന്ന് തൊഴിലാളിവർഗത്തോട് പറയാം; മൂലധനത്തിന്റെയും ജാതി മത ശക്തികളുടെയും അഴിമതി-കോഴ-കുംഭ കോണക്കാരുടെ പിടിയിൽ നിന്നും ഇന്ത്യൻ ജനാധിപത്യത്തെ മോചിപ്പിക്കുകയാണ് നമ്മുടെ ലക്ഷ്യം എന്ന്..

...........ഒരു രാജ്യത്തെ സാമ്പത്തിക അടിത്തറയാണ് രാഷ്ട്രീയവും സാംസ്കാരികവും ആയ ഉപരിഘടനയെ  നിർണയിക്കുക എന്ന മാർക്സിന്റെ അതിപ്രധാനമായ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ സോഷ്യലിസത്തോടൊപ്പം മാത്റമേ ആ ലക്ഷ്യം യാഥാർഥ്യം ആവുകയുള്ളൂ. അതുകൊണ്ടാണ് സോഷ്യലിസ്റ്റു ഭാരതം ആയിരിക്കണം നമ്മുടെ ലക്‌ഷ്യം എന്ന് ചൂണ്ടിക്കാണിക്കുന്നത്. നേടിയെടുക്കേണ്ട ഒരു ലക്‌ഷ്യം എന്ന നിലയ്ക്കാണ് നാം സോഷ്യലിസത്തെ കാണുന്നത്. ഇപ്പോൾ വസ്തുതാപരമായി അങ്ങനെ ഒരു ലക്‌ഷ്യം ഇല്ല.  ഉള്ളത് മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്നതാണ്.  മുതലാളിത്തം ആകട്ടെ വളരുക സാമ്പ്രാജ്യത്തം ആയിട്ടാണ്.

ഓർക്കുക, ഇൻഡ്യയിൽ കച്ചവടത്തിനായി വന്ന ഒരു കമ്പനി ആയിരുന്നു "ഇംഗ്ളീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി." ആ കമ്പനി വളർന്നാണ് മാർക്സിന്റെ കാലത്ത് ഇന്ത്യ ഭരിക്കുന്ന (സൂര്യൻ അസ്തമിക്കാത്ത ബ്രിടീഷ് സാമ്പ്രാഖ്‌ജ്യം) ആയി വളർന്നത്. ഇപ്പോൾ നമ്മുടെ കോർപ്പറേറ്റുകളും ഇതര രാജ്യങ്ങളിലേക്ക് വളർന്നു കൊണ്ടിരിക്കുകയാണ്. അവർ എന്നെങ്കിലും മനസ് മാറി സോഷ്യലിസം സ്ഥാപിച്ചുകളയും എന്ന് സങ്കൽപ്പിക്കാൻ എനിക്കാവില്ല.









2019 സെപ്റ്റംബർ 20, വെള്ളിയാഴ്‌ച

298. എന്താണ് ഇപ്പോഴത്തെ "പരിപാടി"?.....

                                                   298. എന്താണ് ഇപ്പോഴത്തെ പാർട്ടി "പരിപാടി"?.....
........ മാർക്സിനോടും മാർക്സിസത്തോടും ഇന്ത്യൻ തൊഴിലാളി വർഗത്തോടും ഇന്ത്യൻ ജനതയോട് ആകെയും ചെയ്ത കൊടും ചതിയാണ് മുതലാളിത്തം പ്രോത്സാഹിപ്പിക്കൽ എന്ന നിലപാട്. ഒരു നിമിഷം പോലും കാറൽ മാർക്സിനെ സ്മരിക്കാത്തത്. അത് എന്തു പേരിൽ അറിയപ്പെടുന്നു എന്നതല്ല വിഷയം. (ജനകീയ ജനാധിപത്യ വിപ്‌ളവം). എങ്ങനെ പാർട്ടി നേതാക്കൾ മനസിലാക്കുന്നു എന്നതല്ല വിഷയം. സത്യത്തിൽ അത് എന്താണ് എന്നതാണ്. അതിന്റെ ഫലം ആണ് കോടിയേരി ബാലകൃഷ്ണന്റെ മകനും പികെ ശശിയും അതുപോലെയുള്ള പലരും ചെയ്തു കൊണ്ടിരിക്കുന്നത്. വിദ്യാർഥി സംഘടനാ നേതാക്കൾ കൊടും ക്രിമിനലുകൾ ആകുന്നത്. അബ്ദുള്ള കുട്ടിമാരെ മാത്രം സൃഷ്ടിക്കാൻ കഴിയുന്നത്. വികലമായ സാമൂഹ്യ വീക്ഷണം. സ്ത്രീത്വത്തെ അവഹേളിക്കലും വിലകുറച്ചു കാണലും. എല്ലാ തരം അഴിമതികളെയും പ്രോത്സാഹിപ്പിക്കുന്ന സമീപനം. അഴിമതി വീരനായിരുന്ന കെ എം മാണിയെ പോലും കൂടെ കൂട്ടാൻ തയ്യാറാകുന്ന മാനസികാവസ്ഥ. കോൺഗ്രസിനോട് സഖ്യമുണ്ടാക്കാൻ പാർട്ടി ജനറൽ സെക്രട്ടറി തന്നെ കാണിക്കുന്ന പിടിവാശി. തൊഴിലാളി വർഗ സംസ്കാരത്തിന് ഒരിക്കലും അംഗീകരിക്കാൻ ആവാത്തത്. അത് ഒരു ദിവസം മുൻപ് അവസാനിപ്പിക്കണം.
........F B യുടെ പരിമിതി എനിയ്ക്കുണ്ട്. എല്ലാം ഒന്നിച്ചു പറയാനാവില്ല. പണ്ട് കേരളത്തിൽ മാവേലിയോട് ചെയ്ത ചതി യഥാർഥത്തിൽ ഉത്കൃഷ്ടമായ ദ്രാവിഡ സംസ്കാരത്തോട് നടത്തിയ ആക്റമണം ആയിരുന്നു. അത് ബ്രാഹ്മണാധിപത്യം ആയി ഇപ്പോഴും ഇന്ത്യ ഒട്ടാകെ തുടരുകയാണ്. സവർണ്ണ ആധിപത്യമായി, ഹിന്ദു വർഗീയ ആധിപത്യമായി, വർഗീയ ഭീകരതയായി. മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്നാൽ അംബാനി അടക്കമുള്ള ഇന്ത്യൻ ബൂർഷാസിയ്ക്കു പാദ സേവ ചെയ്യുക എന്നാണ് അർത്ഥം. നരേന്ദ്ര മോഡിയുടേയും സാമ്പത്തിക നയങ്ങൾക്കാണ് പിന്തുണ കൊടുക്കുന്നത്.
........ഈയിടെ ഒരു യുവ നേതാവ് സംസ്ഥാനത്താകെ നടത്തിയ പ്രോക്ഷോഭത്തിന്റെ ഭാഗമായി പറഞ്ഞതാണ് തങ്ങൾ സ്വകാര്യ വത്ക്കരണത്തിന് എതിരല്ല എന്ന്. അതിലെ ആശയങ്ങളിലെ ആഴങ്ങൾ ആ സഖാവിന് അറിയില്ല. ആഗോള വത്ക്കരണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സ്വകാര്യവൽക്കരണം. അതിനാണ് സി പി ഐ (എം) എതിരല്ല എന്ന് ആ സഖാവ് പറഞ്ഞത്. ആ പ്റക്ഷോഭത്തിന്റെ എല്ലാ ഫലങ്ങളും ആ ഒരൊറ്റ കാര്യത്തിൽ ഇല്ലാതായി എന്ന് മാത്റമല്ല പാർട്ടിയുടെ തകർച്ചയ്ക്ക് ഒരു തള്ളൽ കൂടെയാണത്. പാർട്ടി നടത്തുന്ന എല്ലാ പ്രക്ഷോഭ സമരങ്ങളും വെറും ജലരേഖകൾ മാത്റമായി മാറുകയാണ് എന്ന വസ്തുത എത്റയൊക്കെ പറഞ്ഞാലും കേൾക്കേണ്ടവരിലേയ്ക്ക് അത് എത്തുകയില്ല. എന്താണ് മുതലാളിത്തം എന്ന് മനസിലാക്കാതെയാണ് അത് പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചത്. "ജനകീയജനാധിപത്യ വിപ്ളവം" എന്ന് പേരിട്ടതുകൊണ്ട് ബഹുഭൂരിപക്ഷത്തേയും ആശയ കുഴപ്പത്തിലാക്കാൻ കഴിഞ്ഞു എന്നത് വസ്തുതയാണ്. പരിപാടിയിൽ കാണിക്കാത്ത ഈ കൊടും ചതി മേലിൽ വേണ്ട. അല്ലാതെ ഇന്ത്യയിൽ കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന് മുന്നോട്ടു പോകാനാവില്ല. അത് ചെങ്കൊടിയുടെ പേരിൽ വേണ്ട. അതിനാണ് പരിപാടി മാറണം എന്ന് പറയുന്നത്.
,,,,,,,,ഇൻഡ്യൻ തൊഴിലാളി വർഗത്തിനും നൂറ്റിമുപ്പതു കോടിയോളം വരുന്ന ഇന്ത്യൻ ജനതയ്ക്കും ഈ നിലപാടുകളോട് പൊരുത്തപ്പെടാൻ ആവുകയില്ല എന്ന് അവർ വോട്ടു ചെയ്യുകയില്ല എന്ന നിലപാടിലൂടെ അല്ലാതെ എങ്ങനെയാണ് അറിയിക്കുക? ഈ നിലപാട് മാറ്റിയാൽ; ഇൻഡ്യൻ ജനത ഇൻഡ്യയിലെ കമ്മ്യൂണിസ്റ്റു പറസ്ഥാനത്തെ നെഞ്ചോട് ചേർക്കുക തന്നെ ചെയ്യും. എന്നാൽ ഒരു കാരണ വശാലും ഇപ്പോഴത്തെ നിലപാട് തിരുത്തുകയില്ല; "പരിപാടി' പുനഃ പരിശോധിക്കുകയില്ല എന്നാണ് പാർട്ടി നേതൃത്വത്തിന്റെ ഉറച്ച നിലപാട്.
.........ഒരാളുടെ തൂക്കം സ്വർണം കൊടുത്താലും അയാളുടെ മനസ് വാങ്ങാൻ (വോട്ടും) ആർക്കും ആവില്ല. എന്നാൽ ഒരു കാശും ഇല്ലാതെ ഒരാശയത്തിന് അതിന് കഴിയും. ആ ആശയം ആണ് ഇപ്പോൾ നഷ്ടപ്പെട്ടിരിക്കുന്നത്‌. സോഷ്യലിസം എന്ന ആശയത്തിന് അതിന് കഴിയും. ദൈവം എന്ന ആശയത്തിനും അതിന് കഴിയും. ഇത് രണ്ടും ഇപ്പോൾ നമുക്കില്ല.
.......സോഷ്യലിസത്തിനായി നിലകൊള്ളുന്നു ഒരു യഥാർഥ കമ്മ്യൂണിസ്റ്റു പാർട്ടിയാണ് ഈ കാലഘട്ടത്തിലെ ഏറ്റവും പ്റധാനപെട്ട ആവശ്യമായി ഞാൻ കാണുന്നത്. അങ്ങനെയൊരു ലക്‌ഷ്യം ഇല്ലാതെ കമ്മ്യൂണിസ്റ്റു പ്റസ്ഥാനത്തിന് മുന്നേറുന്നതിനോ ഹിന്ദു വർഗീയ ഭീകരതയെ അതിജീവിക്കുന്നതിനോ ആവില്ല. .. പാർട്ടി പരിപാടി ഭേദഗതി ചെയ്യാതെ ഈ ലക്ഷ്യത്തിലേക്കു എത്തിച്ചേരാനാവില്ല.
........പാർട്ടി കോൺഗ്രസുകൾ കഴിഞ്ഞ നിരവധി വർഷങ്ങളിലേതുപോലെ നിഷ്പ്റയോചനങ്ങളായി ആവർത്തിച്ചുകൊണ്ടേയിരിക്കും.......
........ഇന്ത്യൻ മുതലാളിത്തം വളർന്നു കൊണ്ടേയിരിക്കും.........
.............20 09 2019............... .

2019 സെപ്റ്റംബർ 17, ചൊവ്വാഴ്ച

. 297. "തലച്ചോറ് " എന്ന അത്ഭുത വസ്തു:

                                              297. "തലച്ചോറ് " എന്ന അത്ഭുത വസ്തു.

..............."തലച്ചോറ്" എന്ന ഭൗതിക പദാർത്ഥത്തിന്റെ പ്റവർത്തനമാണ് ചിന്ത. ചിന്തയിലൂടെയാണ് ആശയങ്ങൾ രൂപം കൊള്ളുന്നത്. അങ്ങനെയുണ്ടായ ഒരു ആശയമാണ് "ദൈവം". പല പേരുകളിൽ അറിയപ്പെടുന്നു എന്ന് മാത്രം. എല്ലാ ദൈവങ്ങൾക്കും പൊതുവായ ചില പ്രത്യേകതകൾ ഉണ്ട്. എല്ലാവരും പുകഴ്ത്തൽ ഇഷ്ടപ്പെടുന്നു. ഒന്നിനും കഴിവില്ല എങ്കിലും എന്തിനും കഴിവുണ്ട് എന്ന് വാദിക്കുക, പ്രാർത്ഥനയോട് അനുകൂലമായി പ്രതികരിക്കുക, ലോകം ഉണ്ടാക്കിയത് താനാണ് എന്ന് ഭാവിക്കുക, മരിച്ചു കഴിഞ്ഞാണ് യഥാർഥ ജീവിതം എന്ന് വാദിക്കുക തുടങ്ങിയവ പൊതു സ്വഭാവങ്ങളാണ്. ആരുടെയെങ്കിലും "ചിന്ത" യിലൂടെയല്ലാതെ ഒരു ആശയവും രൂപം കൊള്ളുകയില്ല.
............ചിന്തയെ ചിന്തിക്കുന്ന പദാർത്ഥ മായ തലച്ചോറിൽ നിന്നും വേർപെടുത്താനാവില്ല എന്ന് ചൂണ്ടി കാണിച്ചതാണ് ഭൗതിക വാദത്തിനു കാറൽ മാർക്സ് നൽകിയ ഏറ്റവും വലിയ സംഭാവന.
............ചിന്തയിലൂടെയും മറ്റു വിധത്തിലും ആർജിക്കുന്ന അറിവ് തലച്ചോറിൽ സംഭരിക്കുന്ന ഭാഗമാണ് മനസ് അഥവാ "ബോധം". ബോധത്തേയും തലച്ചോറിൽ നിന്നും വേർപെടുത്താനാവില്ല. ബോധത്തെയാണ് അല്ലെങ്കിൽ മനസിനെയാണ് "ആത്മാവ്" ആയി ചിത്രീകരിക്കുന്നത്. അതിനു മരണം ഇല്ലെന്നാണ് എല്ലാ മതങ്ങളുടെയും നിലപാട്. തലച്ചോറിന്റെ പ്രവർത്തനം നിലച്ചാൽ ബോധവും (മനസ്) നിലയ്ക്കും. ജീവിച്ചിരിക്കുന്ന ഏതൊരാൾക്കും തലച്ചോറ് പൂർണമായി പ്റവർ തിക്കുമ്പോൾ മാത്റമേ "ബോധം" അഥവാ "മനസ്" പ്രവർത്തിക്കുകയുള്ളു. തലച്ചോറിന് മരണം സംഭവിക്കുമ്പോൾ "ആത്മാവ്" രക്ഷപെട്ടു പോകുമെന്ന് സ്ഥാപിക്കാനാണ് "ആത്മീയവാദം" ആയിരകണക്കിന് വർഷങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്.  എല്ലാ മതങ്ങളും വളരെ വളരെ ആഴത്തിൽ വേരുറപ്പിച്ചിട്ടുള്ളത്  ഈ  വിഡ്ഢിത്തത്തിൽ മാത്റമാണ്.  അങ്ങനെ രക്ഷപെട്ടു പോകുന്ന "ആത്മാവ്" നെ "സ്വർഗത്തിൽ" എത്തിക്കുന്ന  "ഭാരിച്ച" ജോലിയാണ്  ദൈവങ്ങളുടേതും മതങ്ങളുടേതും. 
ഇത് ഒരു പമ്പര വിഢിത്തമാണ്‌ എന്നല്ലാതെ എന്താണ് പറയുക?
..............അത് മാത്റമല്ല തലച്ചോറിന്റെ പ്രവർത്തനം.
ശരീരത്തിന്റെ എല്ലാ അവയവങ്ങളെയും നിയന്ത്രിക്കുന്നത് തലച്ചോറാണ്. മനുഷ്യ ശരീരത്തിലെ വളരെ പ്റധാനപെട്ട ഒരു അവയവമാണ് "വൃക്കകൾ". രക്ത ശുദ്ധീകരണത്തിലൂടെ ശരീരത്തിൽ നിന്നും മാലിന്യങ്ങൾ മൂത്റത്തിലൂടെ പുറത്തുകളയുന്ന ജോലിയാണ് ഈ അവയവം നിർവഹിക്കുന്നത്. നാം കഴിക്കുന്ന ആഹാരത്തിൽ നിന്നും ശരീരത്തിന് ആവശ്യമില്ലാത്തവ മാത്റമേ വൃക്കകൾ പുറത്തു കളയുകയുള്ളു. നാം കഴിക്കുന്ന ആഹാരത്തിലെ മഗ്നീഷ്യം; സിങ്ക്; സോഡിയം തുടങ്ങിയവയൊക്കെ ആവശ്യമുള്ളവ ആണെന്ന് ഈ അവയവത്തിന് അറിയാം. ഇത് എങ്ങിനെയാണ് സാധിക്കുക? തലച്ചോറിന്റെ അത്ഭുതകരമായ പ്റവർത്തനങ്ങളുടെ ഭാഗമാണ് ഇവയൊക്കെയും.
............കൂടാതെ ഭാവി തലമുറയ്ക്കായി പാരമ്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് അണ്ഡവും ബീജവും സൃഷ്ടിച്ചു് സംരക്ഷിച്ചുകൊണ്ടിരിക്കുന്നതും ആവശ്യനുസരണം എത്തേണ്ടിടത് എത്തിച്ചുകൊണ്ടിരിക്കുന്നതും തലച്ചോറിന്റെ പ്രവർത്തനമാണ്. ഇണയെ കണ്ടെത്തുന്നതും തലച്ചോർ തന്നെ.
............ആവശ്യാനുസരണം വിശ്രമിക്കുന്നതിന് തലച്ചോറിന് ആരുടേയും അനുവാദം ആവശ്യമില്ല.
അപ്പോൾ നാം സുഖമായി ഉറങ്ങുന്നു.

2019 സെപ്റ്റംബർ 4, ബുധനാഴ്‌ച

294. മുതലാളിത്തം സാമൂഹ്യവിരുദ്ധമാണ്, പ്രകൃതി വിരുദ്ധവുമാണ്

...............294. മുതലാളിത്തം സാമൂഹ്യവിരുദ്ധമാണ്, പ്രകൃതി വിരുദ്ധവുമാണ്. 
...............ഭൂമിയിലെ വിഭവങ്ങൾ പ്രകൃതി എല്ലാ ജീവജാലങ്ങൾക്കുമായിട്ടാണ് സൃഷ്ടിച്ചിട്ടുള്ളത്. അതിൽ മനുഷ്യരും ഉൾപ്പെടുന്നു. മനുഷ്യരിൽ മാത്രം കുറേയാളുകൾക്ക് കിടപ്പാടമോ പ്റാഥമിക കാര്യങ്ങൾ നിർവഹിക്കുന്നതിനോ  മരിച്ചുപോയാൽ സംസ്ക്കരിക്കുന്നതിനോ  പോലും  നിർവാഹമില്ല. വേറെ കുറേയാളുകൾ മറ്റുള്ളവർക്ക് കൂടി അവകാശപ്പെട്ടത് അവർക്ക് നിഷേധിച്ചുകൊണ്ട് അന്യായമായി സ്വന്തമാക്കി വച്ചിരിക്കുന്നു. അതാകട്ടെ അവർക്ക് ഉപയോഗിക്കാവുന്നതിലും വളരെ കൂടുതലാണ് താനും. പ്റകൃതി ഓരോ ജീവികൾക്കും എത്റ മാത്റം ഉപയോഗിക്കാം; അത് എത്റ കാലം ജീവിക്കണം; വംശ വർധന എങ്ങനെ ആയിരിക്കണം എന്നെല്ലാം തീരുമാനിച്ചിട്ടുണ്ട്. മനുഷ്യ സൃഷ്ടികളായ ദൈവങ്ങൾക്കൊന്നും അവയിൽ ഒരു മാറ്റവും വരുത്താനാവില്ല. മുകേഷ് അംബാനി എത്റ മാത്റം സമ്പാദിച്ചാലും അല്ലെങ്കിൽ മറ്റാര് എന്തെല്ലാം എങ്ങനെയെല്ലാം കൈവശപ്പെടുത്തിയാലും അത് സമൂഹത്തോട് ചെയ്യുന്ന ക്റൂരത ആകുമെന്നല്ലാതെ അവർക്കത് അനുഭവിക്കാനോ മരിച്ചുപോകുമ്പോൾ കൊണ്ടുപോകാനോ ആവില്ല. അങ്ങനെ അവർ ചെയ്യുന്നത് മൂലം എല്ലാവർക്കും ലഭിക്കേണ്ടത് നിഷേധിക്കപ്പെടുന്നു. അങ്ങനെ അവർ മറ്റുള്ളവർക്ക് അർഹതപ്പെട്ടത് വിലക്കുന്നത് പ്റകൃതി താത്പ്പര്യങ്ങൾക്ക് വിരുദ്ധമാണ്, സാമൂഹ്യ വിരുദ്ധവുമാണ്.
............അടിമ വ്യവസ്ഥയുടെ തുടർച്ചയാണ് ഫ്യുഡലിസം. (രാജ വാഴ്ച) അവിടെയും അടിമത്വവും നിലനിന്നു. അതിന്റെ തുടർച്ചയാണ് മുതലാളിത്തം. എന്ന് പറഞ്ഞാൽ; സമ്പത്തുള്ളവന്റെ; അല്ലെങ്കിൽ കരുത്തുള്ളവന്റെ ആധിപത്യം. അത് മതത്തിന്റെ ആധിപത്യവും ആകുന്നു. അതും അടിമ വ്യവസ്ഥയുടെ കൂടെ തുടർച്ചയാണ്. അടിമ കാലത്തു് അടിമയെ അവന്റെ അടിമത്തം ദൈവവിധിയാണെന്ന് പറഞ്ഞു ധരിപ്പിച്ചു; ഉടമയെ ധിക്കരിച്ചാൽ; അടിമ അല്ലാതെ ആയാൽ ദൈവ കോപം ഉണ്ടാകുമെന്നു പറഞ്ഞു വിശ്വസിപ്പിച് മോചിതനാകുകയില്ല എന്ന് ദൈവത്തിന്റെ മുൻപിൽ നിർത്തി പ്റതിഞ്ഞ എടുപ്പിച്ചിരുന്നു. .ദൈവ വിശ്വാസം പാവങ്ങൾക്ക് മാനസിക ആശ്വാസം ആണെങ്കിൽ ഉന്നതങ്ങളിൽ ഉള്ളവർക്ക് വളരെ വലിയ ചൂഷണോപാധിയും ധനസമ്പാദന മാർഗവും മറ്റുള്ളവരെ വരുതിയ്ക്ക് നിർത്താനുള്ള ആയുധവും ആണ്. ബി ജെ പി അതാണ് രാഷ്ട്രീയ ആയുധം ആക്കിയിരിക്കുന്നതും ഒരു രാജ്യത്തിന്റെ ഭാവി തന്നെ അപകടത്തിലാക്കിയിരിക്കുന്നതും. കേവലം ഒരു ശതമാനം സമ്പന്നർക്കായി രാജ്യത്തിന്റെ സമ്പത്താകെ അടിയറ വയ്ക്കുകയും ബഹു ഭൂരി പക്ഷം ജനങ്ങളെയും ദുരിതത്തിലാക്കുകയുമാണവർ.
.............സമ്പത്തിന്റെയും വിശ്വാസത്തിന്റെയും അടിസ്ഥാനത്തിൽ പണിയെടുക്കുന്ന ജനവിഭാഗങ്ങളെ ചൂഷണം ചെയ്യുകയാണ് മുതലാളിത്ത വ്യവസ്ഥയിൽ സംഭവിക്കുക. ഇവിടെ നിഷ്പക്ഷനാവുക എന്നാൽ ഇങ്ങനെയുള്ള ചൂഷണങ്ങൾക്ക് സഹായി ആവുക എന്നാണു അർഥം. ഇതിനു പകരമായി "മാർക്സിസം" മുന്നോട്ടു വെക്കുന്നതാണ് ചൂഷണ വിമുക്തമായ സോഷ്യലിസ്റ്റു വ്യവസ്ഥ. നിർഭാഗ്യ വശാൽ ഇൻഡ്യയിൽ 1950 കാലം മുതൽ കമ്മ്യൂണിസ്റ്റു പ്റസ്ഥാനത്തിന്റെ നേതൃത്വം വഹിച്ചവർ അറിവില്ലായ്മ കൊണ്ടോ ബോധ പൂർവമോ സോഷ്യലിസ്റ്റു ഭാരതം എന്ന ലക്‌ഷ്യം അംഗീകരിക്കാതെ ഇന്ത്യൻ മുതലാളിത്തം പ്രോത്സാഹിപ്പിക്കണം എന്നാണ് തീരുമാനിച്ചത്. അതുകൊണ്ട് ഇൻഡ്യയിൽ 1950 കാലം മുതൽ രാഷ്ട്രീയ രംഗത്ത് "മാർക്സിസം" പ്റവർത്തന രംഗത്ത് ഉണ്ടെന്നു പറയുവാനാവില്ല. 1950 കാലം മുതൽ ഇൻഡ്യയിലെ കമ്മ്യൂണിസ്റ്റു പ്രസ്ഥാനം തകർച്ചയിലും ആണ്. 1952 ൽ പാർലമെന്റിൽ 32 കമ്മ്യൂണിസ്റ്റു പാർലമെന്റ് അംഗങ്ങൾ ഉണ്ടായിരുന്നിടത്തു് ഇപ്പോൾ നാമ മാത്റ അംഗങ്ങൾ ആണ് ഉള്ളത്. സോഷ്യലിസ്റ്റു ഭാരതം എന്ന ലക്‌ഷ്യം പുനഃസ്ഥാപിക്കാനുള്ളതാണ് എന്റെ ശ്രമങ്ങൾ.. എല്ലാവരുടെയും നന്മ ആഗ്രഹിക്കുന്നവർ;  സാമൂഹ്യ നീതി ആഗ്രഹിക്കുന്നവർ; അതിനോട് സഹകരിക്കുമെന്നാണ്  എന്റെ പ്റതീക്ഷ.  ഇൻഡ്യയുടെ സമ്പത്  അപൂർവം ചില വ്യക്തികളുടെ  സ്വകാര്യ സമ്പാദ്യം ആകുന്ന ഇന്നത്തെ സ്ഥിതി മാറിയാൽ  ഇൻഡ്യൻ  ജനതയ്ക്കാകെ  അഭിവൃദ്ധി നേടാൻ  ഇടയാക്കും.  എല്ലാ നല്ലയാളുകളുടേയും സഹകരണം അതിനുണ്ടാകണമെന്ന്  അപേക്ഷിക്കുന്നു. 

...................04 09  2019...................