2016 ഒക്‌ടോബർ 30, ഞായറാഴ്‌ച

169 (iv). എന്തുകൊണ്ടാണ് "പരിപാടി" നടപ്പിലാക്കാനാവാത്തതാണ് എന്ന് പറയുന്നത്?

   169 (iv). എന്തുകൊണ്ടാണ്  "പരിപാടി" നടപ്പിലാക്കാനാവാത്തതാണ്  എന്ന് പറയുന്നത്? എന്താണ്  ഭൗതിക വാദത്തിന്റെ പ്രസക്തി?  ..........ഇൻഡ്യൻ  മുതലാളിത്തം  പ്രോത്സാഹിപ്പിക്കേണ്ട  ഘട്ടത്തിലാണ്  എന്ന്  1950 കളിൽ തീരുമാനിച്ചപ്പോൾ മാർക്സിസം എന്ന തത്വ ശാസ്ത്രം എന്തിനുവേണ്ടിയാണ്  മാർക്‌സും എൻഗൽസും ചേർന്ന് അവതരിപ്പിച്ചത് എന്ന് ഒരു നിമിഷം പോലും ബന്ധപ്പെട്ടവർ ആലോചിച്ചില്ല. തത്വ ശാസ്ത്രത്തെ പറ്റിയും അവയുടെ പ്രസക്തിയെ പറ്റിയും  അവ തമ്മിലുള്ള പരസ്പര ബന്ധത്തെ പറ്റിയും ഒന്നും ആലോചിച്ചില്ല.   ഒരു പക്ഷെ  മാർക്സിസത്തിന്റെ അടിസ്ഥാന തത്വങ്ങളെപറ്റി  യാതൊരു പിടിയും ഇല്ലാഞ്ഞിട്ടായിരിക്കാം.  കെ. ദാമോദരൻ ഉൾപ്പെട്ട  "മാർക്സിസ്ററ് " ആചാര്യന്മാർ ഒന്നും അറിയാത്തവരായിരുന്നു എന്നൊന്നും നമുക്ക് പറയാനാവില്ല.  ഏതായാലും  ഭൗതിക വാദം ഉൾപ്പെടെയുള്ള  അടിസ്ഥാന തത്വങ്ങളാകെ  പ്രവർത്തിപഥത്തിൽ നിന്നും ഒഴിവാക്കപ്പെട്ടു.

.........."എന്ത് ചെയ്യണം?" എന്ന കൃതിയിൽ ലെനിൻ പറയുന്നത്   "എത്ര മാത്രം ചൂഷണത്തിന്  സൗകര്യമുണ്ടോ അത്രയും വേഗം മുതലാളിത്തം വളരും" എന്നാണ്. സ. ഈ.എം.എസ്സിന്റെ  "തൊഴിലാളി വർഗ രാഷ്ട്രീയത്തിന്റെ ശാസ്ത്രവും കലയും" എന്ന കൃതിയുടെ  21 - മത്തെ പേജിൽ പറയുന്നത്   "മുതലാളിത്ത സമൂഹത്തിന്റെ സ്വതന്ത്രമായ"  വളർച്ചയുടെ  ആവശ്യത്തെ കുറിച്ചാണ്.  സോഷ്യലിസം എന്ന ലക്ഷ്യം ഇപ്പോൾ ഇല്ല. "പ്രാങ്  മുതലാളിത്തത്തിൽ" തകർപ്പൻ പ്രഹരം ഏല്പിക്കാതെ തന്നെ   ധീരുഭായ്  അംബാനിയും  മറ്റും എന്ത് മാത്രം വളർന്നു എന്ന് നമുക്കറിയാം.  മുതലാളിത്തം വളർന്നാൽ എത്തിച്ചേരുക  "സാംബ്രാജ്യത്വം"  ആയിട്ടാണെന്ന സത്യം  ഇനിയും എന്നാണ്  ബന്ധപ്പെട്ട സഘാക്കൾ മനസിലാക്കുക? "ഇഗ്ളീഷ്  ഈസ്റ്റിന്ത്യാ  കമ്പനി" എങ്ങനെ സ്വതന്ത്രമായി  വളർന്നു എന്നും  അത്  എങ്ങനെയാണ്  ഇന്ത്യയെ  ബ്രിട്ടന്റെ കോളണി  യാക്കിയതെന്നും നമുക്കറിയാം.  അങ്ങനെയൊന്നും സോഷ്യലിസത്തിലേക്ക്  പോവുകയില്ലെന്നും സോഷ്യലിസത്തിന്റെ പാതയിൽ എത്തിച്ചേരുകയില്ലെന്നും ബന്ധപ്പെട്ട സഘാക്കളെ എങ്ങനെയാണ്  മനസിലാക്കുക?  "ചൂഷണ വിമുക്ത സാമൂഹ്യ വ്യവസ്ഥയ്ക്ക്‌ " പകരം ചൂഷണം പരമാവധി പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചാൽ; തൊഴിലാളി വർഗം എങ്ങനെയാണ് പ്രതികരിക്കുക  എന്ന്  1950 കൾക്ക് ശേഷം  69  വർഷത്തെ അവരുടെ നിലപാട് കൊണ്ടും മനസിലാക്കാൻ കഴിയുന്നീല്ലെങ്കിൽ; അത് ചൂണ്ടി കാണിക്കുന്നവരെ ശത്രുവായി കണ്ടാൽ; "നിർഭാഗ്യകരം" എന്നല്ലാതെ  എന്താണ് പറയുക?
.........."ഭൗതികവാദം" ശാസ്ത്രീയമായ  പ്രപഞ്ച വീക്ഷണമാണ്.  മാർക്സ്  അത്  മാർക്സിസത്തിന്റെ ഭാഗമാക്കിയത്  തൊഴിലാളി വർഗ്ഗത്തിന്റെ മോചന പോരാട്ടത്തിന്റെ ഭാഗമായിട്ടാണ്.  സാമ്പത്തിക ചൂഷണവും  ആത്മീയ ചൂഷണവും  തൊഴിലാളി വർഗം ഉൾപ്പെടെയുള്ള പാവപെട്ട ജനവിഭാഗങ്ങൾ അനുഭവിക്കുന്ന  "സാമൂഹ്യ ചൂഷണം"  എന്ന നാണയത്തിന്റെ രണ്ടു വശങ്ങൾ മാത്രമാണ്.  "ഹിന്ദുത്വം"  ഇന്ത്യ ഭരിക്കാൻ ഇടയായത്  അതിന്റെ ഭാഗമാണ്.  പാവപ്പെട്ട  ജനവിഭാഗങ്ങൾ  അനുഭവിക്കുന്ന ജീവിത ദുരിതമാകെ  അവരുടെ ദൈവ വിധി ആണെന്നും; മുൻ ജന്മ പാപ ഫലം ആണെന്നും ചൂഷക വർഗ്ഗങ്ങൾ അനുഭവിക്കുന്ന സുഖ സൗകര്യങ്ങൾ അവർക്ക്  ദൈവം കൊടുത്തതാണ്  തുടങ്ങിയ വാദ ഗതികൾ അംഗീകരിക്കുക അല്ലാതെ മറ്റു മാർഗങ്ങൾ ഒന്നും ഇല്ലാതായി.  ചൂഷക വർഗ പ്രചരണത്തെ നേരിടുന്നതിനുള്ള ആയുധമാണ്;  ആയുധമാക്കുകയാണ്  ഭൗതിക വാദത്തിന്റെ പ്രസക്തി.  സോഷ്യലിസം എന്ന ലക്ഷ്യം  ഇല്ലാതായപ്പോൾ; ചൂഷണം പ്രോത്സാഹിപ്പിക്കേണ്ടി വന്നപ്പോൾ  ഭൗതികവാദം എന്ന ആയുധവും തൊഴിലാളി വർഗത്തിന് നഷ്ടപ്പെട്ടു.  അവർക്ക്  ദൈവങ്ങളെ ആശ്രയിക്കുക അല്ലാതെ മറ്റു വഴിയൊന്നും ഇല്ലാതെ ആയി.  ഇത്  ഹിന്ദു വർഗീയ വാദികൾ മുതലെടുത്തു.  ബി.എം.എസിന്റെ  വളർച്ചയ്ക്കും അത്  ഇടയാക്കി.    "ആർഷ ഭാരത സംസ്കാര"  മായി ലഭിച്ച  "ചാതുർ വർണ്യത്തിന്റെ" നീരാളി പിടുത്തത്തിൽ  ഞെരിഞ്ഞമരുന്ന  ഇന്ത്യൻ തൊഴിലാളി വർഗത്തിന്  മുതലാളിത്തം പ്രോത്സാഹിപ്പിക്കേണ്ട ഗതികേട്  കൂടി ആയപ്പോൾ  അവർ നിസ്സഹായരായി.

..........മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്നാൽ എല്ലാ വിധത്തിലുമുള്ള ചൂഷണങ്ങളും പ്രോത്സാഹിപ്പിക്കുക എന്നാണ് അർഥമാവുക. തൊഴിലാളി വർഗ്ഗത്തിന്റെ മോചനം എന്ന ലക്ഷ്യം ഇപ്പോൾ ഇല്ല. ചൂഷക വർഗ്ഗങ്ങളെ;  അങ്ങനെ പറയാനാവില്ല. അവരുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ നമുക്ക് സഹകരിക്കാവുന്നവയാണ്.  ഇതാണ്  1950 കൾക്ക് ശേഷമുള്ള സ്ഥിതി.  തൊഴിലാളി വർഗം ഉൾപ്പെടെയുള്ള സാധാരണ ജനങ്ങൾ എന്തുകൊണ്ടാണ്  കമ്മ്യൂണിസ്റ്റു പ്രസ്ഥാനങ്ങളുമായി അടുക്കാത്തതെന്ന്  പരിശോധിക്കുമ്പോൾ  ഇവയാകെ പരിശോധനയിൽ ഉണ്ടാകുമെന്ന്  പ്രതീക്ഷിക്കാം.
........30 10 2016.........

173 (2). എന്താണ് വർഗ സമര സിദ്ധാന്തത്തിന്റെ പ്രസക്തി..?

        173 (2). എന്താണ് വർഗ സമര സിദ്ധാന്തത്തിന്റെ പ്രസക്തി..?
.........മാർക്സിസം അംഗീകരിക്കുന്ന തൊഴിലാളി വർഗ്ഗത്തിന്റെ ഏറ്റവും വലിയ സമരായുധം ആണ് "വർഗ സമര സിദ്ധാന്തം".
"എന്ത് ചെയ്യണം?" എന്ന കൃതിയിൽ ലെനിൻ പറയുന്നത് "മുതലാളിത്ത സാമ്പത്തിക വ്യവസ്ഥയിൽ" പ്രവർത്തിക്കുന്ന തൊഴിലാളി വർഗം തുടർച്ചയായി നടത്തുന്ന സമരങ്ങളിലൂടെ തൊഴിലാളി വർഗ്ഗത്തിൽ "വർഗ ബോധം" വളർത്തിയെടുക്കണം എന്നാണ്. മാത്രമല്ല അത്തരം സമരങ്ങളിലൂടെ മുതലാളിത്ത വ്യവസ്ഥയുടെ ചൂഷണ സ്വഭാവം തുറന്നു കാട്ടുന്നതിനും എല്ലാ ബൂർഷ്വാ ചെറ്റത്തരങ്ങളും തുറന്നു കാണിക്കുന്നതിനും കഴിയണം. വർഗ ബോധം, വർഗ സമരമായും; വർഗ സമരം, വർഗ വിപ്ലവമായും അതിലൂടെ സോഷ്യലിസ്റ്റ് സാമൂഹ്യ വ്യവസ്ഥയിലേയ്ക്കും എത്തിച്ചേരണം. ഇൻഡ്യയിൽ സോഷ്യലിസം എന്ന ലക്‌ഷ്യം മാറ്റി വയ്ക്കുകയും മുതലാളിത്തം പ്രോത്സാഹിപ്പിക്കാനും തീരുമാനിച്ചപ്പോൾ കാര്യങ്ങൾ അപ്പാടെ തകിടം മറിഞ്ഞു.
അവിടെ "വർഗ സമരം" എന്ന സിദ്ധാന്തം ഇന്ത്യയിൽ അപ്രസക്തമായി.
.........ഇൻഡ്യൻ സാഹചര്യങ്ങളിൽ എങ്ങനെ സോഷ്യലിസത്തിലേയ്ക്ക് പോകാം എന്നല്ല ആലോചിച്ചതും തീരുമാനിച്ചതും. തൊഴിലാളി വർഗം, ഭരണ കൂടം പിടിച്ചെടുക്കണം എന്നതിന് പകരം "തൊഴിലാളിവർഗ ഭരണകൂടം" എന്നതു പോലും പരിഗണിച്ചില്ല. ഭരണം നടത്തുന്ന ബൂർഷ്വാ രാഷ്ട്രീയ പാർട്ടിയുടെ വെറും പങ്കാളിയാവുക എന്ന അവസ്ഥ ആയത് യഥാർഥത്തിൽ ഒരു വെറും പെറ്റി ബൂർഷ്വാ രാഷ്ട്രീയ പാർട്ടിയുടെ അവസ്ഥയിലാക്കി. (ദേശീയ ജനാധിപത്യ മുന്നണി). ഏറ്റവും ശക്തമായ ബൂർഷ്വാ രാഷ്ട്രീയ പാർട്ടിയുടെ പങ്കാളിയാകാനാണ് തീരുമാനിച്ചത്.
........."ജനകീയ ജനാധിപത്യ മുന്നണി", തൊഴിലാളി വർഗ്ഗത്തിന്റെ നിർണായക നേതൃത്വത്തിലായിരിക്കും എന്ന് തീരുമാനിച്ചു എങ്കിലും സോഷ്യലിസം എന്ന ലക്‌ഷ്യം ഇല്ലാതിരുന്നതും മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന "കാഴ്ചപ്പാട്" സ്വീകരിച്ചതും ബൂർഷ്വാസിയുടെ സാമ്പത്തികാധിപത്യം ഇല്ലാതാക്കുന്നതിന് പകരം അത് ശക്തമാക്കുക എന്നതായിരുന്നു. "വൻകിട ബൂർഷ്വാ ഭൂ പ്രഭു വർഗത്തെ തൂത്തെറിഞ്ഞിട്ടു വേണം ജനകീയ ജനാധിപത്യം സ്ഥാപിക്കാൻ. സാമ്പത്തിക നയത്തിൽ അവരെ പ്രോത്സാഹിപ്പിക്കുകയും വേണം. ഇത് രണ്ടും ഒരേ സമയം അപ്രായോഗികം ആണ് എന്നാണ് 2002 മുതൽ ഞാൻ ശ്രദ്ധയിൽ പെടുത്താൻ ശ്രമിക്കുന്നത്. "ഭരണ കൂടം" അതിന്റെ പ്രാരംഭ ഘട്ടം മുതൽ സമ്പന്ന വർഗങ്ങളുടേതായിരുന്നു; ബൂർഷ്വാസിയുടെ മർദ്ദനോപകാരണം ആണ് ഭരണ കൂടം; തുടങ്ങിയ അടിസ്ഥാന പരമായ ധാരണകളെല്ലാം ഇൻഡ്യയിൽ അപ്രസക്തമായി. ഏതൊരു വർഗ്ഗത്തിന് എതിരേയാണോ പോരാട്ടത്തിന്റെ കുന്ത മുന തിരിയേണ്ടത്; ആ വർഗം സഖ്യ കക്ഷി ആയി. അപ്പോൾ സ്വാഭാവികമായും ഏത് വർഗത്തിന് വേണ്ടിയാണോ നിലകൊള്ളേണ്ടത്, അവർ എതിർ പക്ഷത്തായി. ബൂർഷ്വാസിയുടെ താത്പര്യങ്ങളും തൊഴിലാളി വർഗ താത്പര്യങ്ങളും ഒരേ സമയം സംരക്ഷിക്കുക ആരാലും അസ്സാദ്ധ്യമാണ്. കാരണം തൊഴിലാളി വർഗത്തെ പരമാവധി ചൂഷണം ചെയ്യുകയാണ് ബൂർഷ്വാസിയുടെ ലക്‌ഷ്യം. ബൂർഷ്വാസിയുടെ ചൂഷണത്തിൽ നിന്നും രക്ഷ പെടുകയാണ് തൊഴിലാളി വർഗ്ഗത്തിന്റെ ലക്‌ഷ്യം. ഇത് രണ്ടും ഒരേ സമയം സാധ്യമാക്കാൻ ശ്രമിച്ചതിന്റെ ഫലമാണ് ഇന്നത്തെ അവസ്ഥ.
.........മാർക്‌സും ലെനിനും എപ്പോഴും ഊന്നി പറഞ്ഞിട്ടുള്ള "സാമ്പത്തിക അടിത്തറയാണ് രാഷ്ട്രീയ ഉപരിഘടനയെ നിർണയിക്കുക" എന്ന മൗലിക അടിസ്ഥാനം മനസിലാകാതിരിക്കുകയോ അവഗണിക്കുകയോ ചെയ്തു. "മൂലധനം" എന്ന മഹത്തായ കൃതിയിലൂടെ ആവിഷ്‌ക്കരിച്ച മാർക്സിന്റെ "മിച്ചമൂല്യ സിദ്ധാന്തം" ഉൾപ്പെടെ എല്ലാ ആശയങ്ങളെയും അവഗണിക്കുക മാത്രമാണ് പോംവഴി എന്ന് വന്നു. കാരണം അവയെല്ലാം മുതലാളിത്തത്തിന് എതിരാണ്. സാമ്പത്തിക ചൂഷണവും ആത്മീയ ചൂഷണവും മുതലാളിത്ത ചൂഷണത്തിന്റെ രണ്ടു വശങ്ങളാണ്. എല്ലാ കഷ്ടപ്പാടുകൾക്കും ദാരിദ്ര്യത്തിനും കാരണം ദൈവമാണ്; അവ പരിഹരിക്കാൻ ദൈവത്തോട് പ്രാർഥിക്കുക മാത്രമാണ് പോംവഴി എന്ന ബൂർഷ്വാ പ്രചാരണത്തെ നേരിടുന്നതിനുള്ളതാണ് "ഭൗതിക വാദം". മുതലാളിത്ത ചൂഷണം പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചപ്പോൾ "ഭൗതിക വാദ" മേഖലയും നമുക്ക് അന്യമായി.
..........മുതലാളിത്തത്തിന് എതിരെയുള്ള എല്ല്ലാ വാദ മുഖങ്ങളും നമുക്ക് ഉപേക്ഷിക്കേണ്ടി വന്നു. മാർക്സിസത്തിന്റെ എല്ലാ അടിസ്ഥാന തത്വങ്ങളും നമുക്ക് ഉപേക്ഷിക്കേണ്ടി വന്നു. ഇതിന്റെയെല്ലാം ഫലമായി ഏതു വർഗമാണോ നമ്മോടൊപ്പം നിൽക്കേണ്ടത്; ആ വർഗം; തൊഴിലാളി വർഗം നമ്മോട് അടുക്കാതെയായി. നൂറ്റി മുപ്പത് കോടിയോളം വരുന്ന ജനസംഘ്യയിൽ കേവലം ഒരു ശതമാനത്തിന്റെ പോലും ഉറച്ച പിന്തുണ ഉണ്ടെന്ന് പറയാനാവാത്ത സ്ഥിതിയിൽ പ്രസ്ഥാനം എത്തി ചേർന്നു. അണി നിരക്കുന്നവരിൽ ഏറിയ പങ്കും കേവലം മിതമായ രാഷ്ട്രീയ ഭാവി എന്നതിലേയ്ക്ക് ഒതുങ്ങി.

2016 ഒക്‌ടോബർ 24, തിങ്കളാഴ്‌ച

169 (iii). എന്തുകൊണ്ടാണ് "പരിപാടി" നടപ്പിലാക്കാൻ ആവാത്തതാണ് എന്ന് പറയുന്നത്?

  169 (iii). എന്തുകൊണ്ടാണ് "പരിപാടി" നടപ്പിലാക്കാൻ ആവാത്തതാണ്                    എന്ന്  പറയുന്നത്?                                      
..........കാറൽ മാർക്സിന്റെ ആശയപരമായ കണ്ടെത്തലുകളിൽ ഏറ്റവും പ്രധാനപെട്ടതാണ്  "വർഗ സമര സിദ്ധാന്തം".   മാർക്സ്  ചൂണ്ടിക്കാണിക്കുന്നത്  അടിമത്വ വ്യവസ്ഥയോടും  സ്വകാര്യ സ്വത്തു സമ്പ്രദായത്തോടും  ഒപ്പം വർഗ സമരവും ആരംഭിച്ചു എന്നാണ്.  അടിമ ഉടമയ്ക്ക്  സംരക്ഷണം  കൊടുക്കുന്നതിനും അടിമവ്യസ്ഥ ഉറപ്പിക്കുന്നതിനുമാണ്  ഭാരണകൂടത്തിന്റെ പ്രാകൃത രൂപം നിലവിൽ വന്നത് എന്നാണ്.   ഭരണ കൂടം എല്ലാ കാലങ്ങളിലും  സമ്പത്തുള്ളവന്റേത്  ആയിരുന്നു എന്നാണ്.  ലോകത്തിന്റെ എല്ല്ലാ ഭാഗങ്ങളിലും എല്ലാ വിഭാഗങ്ങളിലും പെടുന്ന ജനങ്ങൾ മതത്തിന്റെ പേരിലും അതിലെ അവാന്തര വിഭാഗങ്ങളുടെ  പേരിലും പോരടിക്കുകയും ക്രൂരമായ കൊലപാതകങ്ങൾ നടത്തുകയും ചെയ്യമ്പോൾ മാർക്സ്  ലോകത്തിലെ മുഴുവൻ ജനവിഭാഗങ്ങളെയും രണ്ടു വർഗങ്ങളായി തിരിച്ചു. ചൂഷകരും ചൂഷിതരും. പണി എടുക്കുന്നവരും അവരെ ചൂഷണം ചെയ്യുന്നവരും.
..........മാർക്സിന്റെ  പ്രസിദ്ധമായ ഒരു വാചകം ഉണ്ട്:   "പണി എടുക്കുന്നവൻ നേടുന്നില്ല; നേടുന്നവൻ പണി എടുക്കുന്നുമില്ല."  അത് അദ്ദേഹം അല്പം കൂടി വ്യക്തമാക്കി: ആധുനിക കാല ഘട്ടത്തിൽ വർഗ്ഗങ്ങൾ അറിയപ്പെടുക - തൊഴിലാളി വർഗ്ഗവും ബൂർഷ്വാസിയും എന്ന രീതിയിലാണ്. "ബൂർഷ്വാസി" എന്ന വാക്കിന്  മാർക്സിന്റെ കാലത്തെ അർഥം സാമ്പത്തികമായി വളർച്ച പ്രാപിച്ച ഇടത്തരം വിഭാഗത്തിൽ പെടുന്നവർ എന്നാണ്.  ഫ്യൂഡലിസം (രാജ വാഴ്ച) നില നിന്നിരുന്നപ്പോൾ രാജാവിന് എല്ലാവിധ സാഹായങ്ങളും നൽകിയിരുന്ന പ്രഭുക്കന്മാരായിരുന്നു സമൂഹത്തിലെ ഉന്നത വിഭാഗം.  സ്വന്തമായി സൈന്യങ്ങൾ വരെയുണ്ടായിരുന്ന പ്രഭുക്കന്മാരായിരുന്നു ഭൂരിഭാഗം സമ്പത്തും കൈവശം വച്ചിരുന്നതും രാജാവിനെ നിയന്ത്രിച്ചിരുന്നതും.  ഈ കാലഘട്ടത്തിനാണ്  മാർക്സിസം "ഫ്യൂഡലിസം" എന്ന് പറയുന്നത്.  എന്നാൽ പതിനേഴാം നൂറ്റാണ്ടു മുതൽ യൂറോപ്പിൻ നാടുകളിൽ ആരംഭിച്ച വ്യവസായ വിപ്ലവത്തെ തുടർന്ന്  ഇടത്തരക്കാരായ ഒരു വിഭാഗം സമ്പന്നരായി മാറി. പ്രഭുക്കൻമാരുടെ ഭൂമി നിസ്സാര പാട്ടത്തിനു ഏറ്റെടുത്‌  പരുത്തി കൃഷിയും മറ്റും ആരംഭിച്ച ഇടത്തരക്കാർ സാമ്പത്തിക മേധാവിത്വം ഉള്ളവരാകുകയും ക്രമേണ തൊഴിലാളി വർഗ്ഗത്തിന്റെ സഹകരണത്തോടെ രാജ വാഴ്ചയും അതോടൊപ്പം ഉള്ള പ്രഭുക്കന്മാരുടെ ആധിപത്യവും അവസാനിപ്പിച്  ആധുനിക പാർലമെന്ററി ജനാധിപത്യം സ്ഥാപിക്കുകയും ചെയ്തു.
..........യൂറോപ്യൻ നാടുകളിൽ മിക്കവാറും ഇവയെല്ലാം രക്തരൂക്ഷിത പോരാട്ടങ്ങൾ ആയിരുന്നു. ബൂർഷ്വാസിയുടെ നേതൃത്വത്തിൽ നടന്നിട്ടുള്ള ഇവയെ ബൂർഷ്വാ വിപ്ലവങ്ങൾ എന്നാണ്  അറിയപ്പെടുന്നത്.   തൊഴിലാളി വർഗ്ഗത്തിന്റെ സഹകരണത്തോടെയാണ്  ഇവയെല്ലാം നടന്നിട്ടുള്ളത്  എങ്കിലും സാമ്പത്തിക ആധിപത്യം ഉണ്ടായിരുന്ന ബൂർഷ്വാസി തൊഴിലാളി വർഗത്തെ വഞ്ചിക്കുകയാണ് ഉണ്ടായിട്ടുള്ളത്.
..........ലെനിൻ ഒരു കൃതിയിൽ (ഭരണ കൂടവും വിപ്ലവവും) പറയുന്നത്  കൊളോണിയൽ രാജ്യങ്ങളിലെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾ ബൂർഷ്വാ വിപ്ലവങ്ങൾ കൂടി ആയിരിക്കും എന്നാണ്.  1947 ആഗസ്ററ്  15 ന്  ഇൻഡ്യ സ്വതന്ത്രമായപ്പോൾ ഇൻഡ്യയുടെ അധികാരം ഇന്ത്യൻ ബൂർഷ്വാസിയിലാണ്  എത്തി ചേർന്നത്. (രാജ വാഴ്ചയുടെ ഘട്ടം അവസാനിച്ചു).

..........അന്ന് കേട്ടിരുന്നത് ജവഹർലാൽ നെഹ്രുവിന്റെ പിതാവിന്   (മോത്തിലാൽ നെഹ്‌റു) ഇന്ത്യ തന്നെ വിലക്ക് വാങ്ങാനുള്ള കഴിവ് ഉണ്ടായിരുന്നു എന്നാണ്.  ഇൻഡ്യയിലെ  ബൂർഷ്വാ വിപ്ലവം സ്വാതന്ത്ര്യ ലബ്ധിയോടെ പൂർത്തിയായെങ്കിലും ഫ്യൂഡലിസത്തിന്റെ (പ്രഭുക്കളുടെ) സാമ്പത്തിക ആധിപത്യത്തിന്  ഒരു കോട്ടവും സംഭവിച്ചില്ല.  ഇംഗ്ലണ്ടിന്റേതുപോലെ ഫ്യൂഡലിസത്തിൽ കെട്ടിപ്പടുത്ത മുതലാളിത്തം ആണ്  ഇവിടെയും ഉണ്ടായത്.
..........ഭരണ കൂടം എല്ലാ കാലങ്ങളിലും സാമ്പത്തിക മേധാവിത്വം ഉള്ളവരുടേതായിരുന്നു.  തൊഴിലാളി വർഗ്ഗത്തെയും പാവപ്പെട്ടവരെയും അടിച്ചമർത്തുന്നതിനുള്ള ചൂഷക വർഗങ്ങളുടെ മർദ്ദനോപകരണമായിട്ടാണ് ഭരണ കൂടം എക്കാലത്തും വർത്തിച്ചിട്ടുള്ളത്.  ഈ കാര്യങ്ങൾ 1950കളിലും തുടർന്നും കമ്മ്യൂണിസ്ററ്  പ്രസ്ഥാനത്തിന് നേതൃത്വം കൊടുത്തിരുന്നവർ മനസിലാക്കിയിരുന്നുവെങ്കിൽ ചാതുർ വർണ്യത്തിലും ഫ്യൂഡലിസത്തിലും കെട്ടിപ്പൊക്കിയ ഇൻഡ്യൻ മുതലാളിത്തം പ്രോത്സാഹിപ്പിക്കുമ്പോൾ തങ്ങൾ വർഗ സമരത്തിൽ വിശ്വസിക്കുന്നവരാണ്; ആ പാതയിലാണ് പോകുന്നതെന്ന്  കരുതുമായിരുന്നില്ല.  തൊഴിലാളി വർഗം അധികാരം പിടിച്ചെടുത്താൽ അത് നില നിർത്താൻ ബൂർഷ്വാസി ഒരു തരത്തിലും അനുവദിക്കുകയില്ല എന്നതുകൊണ്ടാണ്  മാർക്‌സും ലെനിനും ഒരു നിശ്ചിത കാലത്തേയ്ക്ക്  തൊഴിലാളി വർഗ സർവാധിപത്യം തന്നെ വേണ്ടി വരും എന്ന് പറഞ്ഞത്.  എന്നാൽ ഇൻഡ്യയിലാകട്ടെ ഇന്ത്യൻ ബൂർഷ്വാസിയെ പ്രോത്സാഹിപ്പിക്കാനാണ് തീരുമാനിച്ചത്.  ചൂഷക വിമുക്ത സാമൂഹ്യ വ്യവസ്ഥയ്യ്ക്  പകരം  ചൂഷകരെ പ്രോത്സാഹിപ്പിക്കാനാണ്  തീരുമാനിച്ചത്. അതിന്  ഇന്ത്യൻ തൊഴിലാളി വർഗം സന്നദ്ധരല്ല എന്ന് അര നൂറ്റാണ്ടിലധികം കാലത്തെ അനുഭവം തെളിയിക്കുന്നത്.
..........മാർക്സിസം  തൊഴിലാളി വർഗത്തിന് മുമ്പിൽ അവതരിപ്പിക്കുന്നത്  ചൂഷണ വിമുക്ത സാമൂഹ്യ വ്യവസ്ഥ മാത്രമാണ്.  ആ ലക്ഷ്യം അവരുടെ മുമ്പിൽ വയ്ക്കുകയും അത് ഏറ്റെടുക്കാൻ പ്രസ്ഥാനം  തയ്യാറാവുകയും ചെയ്‌താൽ തൊഴിലാളി വർഗം; മാർക്സിസം തൊഴിലാളി വർഗ്ഗത്തിൽ അർപ്പിക്കുന്ന ലക്ഷ്യം ഏറ്റെടുക്കുകയും നടപ്പിലാക്കുകയും ചെയ്യും. അതാണ് സോവിയറ്റ്  യൂണിയനിലും ചൈനയിലും സംഭവിച്ചത്.  മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന നിലപാടിൽ അവർ നിസ്സഹായരാണ്. ........................................................(തുടരും)

2016 ഒക്‌ടോബർ 19, ബുധനാഴ്‌ച

172. വർഗീയ വാദികൾക്കും ആശയ പോരാട്ടമോ?

                                              172. വർഗീയ വാദികൾക്കും ആശയ പോരാട്ടമോ?                                                                           ജാതി - മത കാഴ്ചപ്പാടുകൾക്കുപരി  എല്ലാവരും "മനുഷ്യർ"  ആണെന്നുപോലും മനസിലാക്കാൻ കഴിവില്ലാത്ത ആർ.എസ്.എസ്./ബി.ജെ.പി. നേതൃത്വം ഇടതുപക്ഷ പ്രസ്ഥാനങ്ങളോട്  "ആശയ സംവാദത്തിന്  തയ്യാറുണ്ടോ?" എന്നൊക്കെ ചോദിക്കുമ്പോൾ നമുക്ക്  എങ്ങനെയൊക്കെയാണ്  ചിരിക്കാൻ കഴിയുക?  എങ്ങനെയൊക്കെ ചിരിച്ചാലും  അവരുടെ ചോദ്യത്തിലെ ഫലിതത്തിന്  ചേർന്നതാവുകയില്ല.  കാരണം അവരുടെ ആശയ അടിത്തറ എന്താണ് എന്നതാണ്  പ്രധാന പ്രശ്നം.  അവർ ഇപ്പോൾ എവിടെയാണ് നിൽക്കുന്നത് എന്നതാണ്  പ്രശ്നം.  "ഭഗവത് ഗീത" യും മറ്റുമാണല്ലോ അവരുടെ പ്രധാന അവലംപമായ അടിത്തറ.  "ഭഗവത്  ഗീത" രണ്ടാം  അധ്യായത്തിൽ  ശ്രി. കൃഷ്ണൻ,  അർജുനനോട്  പറയുന്നത് സത്യമാണ്  എന്ന്  അവർ വിശ്വസിക്കുന്നു എങ്കിൽ മനുഷ്യർക്ക്  ആർക്കും ജനനമോ മരണമോ ഇല്ല.  അവിടെ  ഗുരുക്കന്മാരെയും ബന്ധുമിത്രാദികളെയും കൊന്നൊടുക്കി കൊണ്ട്  തനിക്ക്  യുദ്ധം ചെയ്യാൻ ആവില്ല; താൻ യുദ്ധം ചെയ്യുകയില്ല എന്ന്  പറയുന്ന അർജുനനെ  യുദ്ധ സന്നദ്ധനാക്കാൻ ആണ്  ശ്രി. കൃഷ്ണൻ അങ്ങനെ പറയുന്നത്.  അതനുസരിച്ചു  ആരും ജനിക്കുന്നുമില്ല; മരിക്കുന്നുമില്ല. കാരണം ആത്മാവാണ്  സത്യം; ആത്മാവാണ് നിത്യം.  എന്നാൽ  മാർക്സിസത്തിൽ വിശ്വസിക്കുന്നവരെ സംബന്ധിച്ചിടത്തോളം  ആത്മാവ് കേവലം ഒരു ആശയം മാത്രമാണ്. ഈ ഭൂമിയിൽ ഉള്ള ജീവിതമാണ്  സത്യം. ജനനവും മരണവും സത്യവും യാഥാർഥ്യവുമാണ്. നേരെ വിപരീതമാണ്  ശ്രി. കൃഷ്ണൻ പറയുന്നത്. ആത്മാവാണ് സത്യം.  അതിനു ജനനമോ മരണമോ ഇല്ല.  പ്രിയ സംവാദ സുഹൃത്തുക്കളെ...നിങ്ങൾ എവിടെയാണ് നിൽക്കുന്നത്? ഭൂമിയിലെ ജീവിതം  സത്യമോ മായയോ ?..........."വാത്മീകി പാടി; വള്ളുവർ പാടി  -  വാഴ്വേ മായം;  ഈ യുഗം സൃഷ്ടിച്ച മനുഷ്യൻ തിരുത്തി -  വാഴ്വേ സത്യം" (വയലാർ)..................വേദ വ്യാസന്റെ ഒരു സാങ്കല്പിക കഥാ പാത്രം മാത്രമാണ് "ശ്രീ. കൃഷ്ണൻ". മഹാ ഭാരതത്തിൽ ആ കഥാ പാത്രത്തെ ആദ്യമായി അവതരിപ്പിച്ചു. വേദ വ്യാസനെപോലെ തന്നെ ഒരു ഗംഭീര കഥാ പാത്രം തന്നെയാണ് ശ്രീ. കൃഷ്ണനും. "ഭഗവത് ഗീത" യിൽ കൃഷ്ണനെ കൊണ്ട് പറയിക്കുന്നതത്രയും വേദ വ്യാസന്റെ തലച്ചോറിൽ രൂപം കൊള്ളുന്ന ആശയങ്ങൾ മാത്രമാണ്. കൃഷ്ണന്റെ ലീലാ വിലാസങ്ങൾ ഭഗവത് ഗീതയിൽ അവതരിപ്പിച്ചതിൽ തൃപ്തി വരാതെ ഒരു പുതിയ കഥ ആയി അവതരിപ്പിക്കുകയാണ് "ഭാഗവതത്തിൽ". പുരാണ കഥകൾ കേവലം കഥകൾ ആയി കാണാതെ അവയത്രയും സത്യമായി കാണുന്നവരെ തികച്ചും "ശുദ്ധഗതി" കാർ ആയി മാത്രം കാണണം. എന്നാൽ അത് രാഷ്ട്രീയമാക്കി; പിന്തിരിപ്പൻ ആശയങ്ങളിലേക്ക്; മണ്മറഞ്ഞ കാലഘട്ടത്തിലേക്ക് ജനങ്ങളെ നയിക്കാൻ ആര് ശ്രമിച്ചാലും അവരെ ആറുപിന്തിരിപ്പന്മാർ ആയി മാത്രം കണക്കാക്കി ചെറുത് തോൽപ്പിക്കേണ്ടി വരും. ശ്രി. കൃഷ്ണന്റെ ജനനം മുതൽ എല്ലാ കാര്യങ്ങളും യുക്തിപൂർവം വിലയിരുത്തുകയും അതിലെ അതിശയോക്തികൾ നീക്കം ചെയ്യുകയും വേണം. അവിടെ ഒരു സാധാരണ മനുഷ്യൻ ആയി കാണണം. ഏറ്റവും ഒടുവിലെ അവസാനവും വിലയിരുത്തണം. കേവലം നിസ്സഹായനായ ഒരാളെ നമുക്കവിടെ കാണാം. അതാണ് കഥയുടെ പര്യവസാനം. ആരുടേയും സംശയം മാറുവാൻ ഒരു കാര്യം മാത്രം ഞാൻ പറയാം. ശ്രി. കൃഷ്ണന് 16008 ഭാര്യമാർ ഉണ്ടെന്നാണ് ഭാഗവതത്തിൽ പറയുന്നത്. അവർക്കെല്ലാവർക്കും "പത്തു" (10) മക്കൾ വീതവും ഉണ്ടായി. ഇവിടെ വ്യാസന് അൽപ്പം നോട്ടപ്പിശക് സംഭവിച്ചു. പുരാണത്തിൽ പോലും പ്രസവിക്കാത്ത ധാരാളം സ്ത്രീകൾ ഉണ്ട്. (കാരണം ആരുടേതായാലും). എന്നാൽ കൃഷ്ണന്റെ മാത്രം 16,008 ഭാര്യമാർക്കും പത്തു മക്കൾ വീതം ഉണ്ടായി. ഒരാൾക്ക് പോലും ഒരു കുഞ്ഞു കുറയുകയോ കൂടുകയോ ഉണ്ടായില്ല എന്നതും ഒരാൾ പോലും പ്രസവിക്കാത്തത് ഇല്ലായിരുന്നു എന്നത് കൗതുകകരമാണ്. സാധാരണഗതിയിൽ പത്തു പേരിൽ മൂന്നു പേരെങ്കിലും എന്തെങ്കിലും കാരണ വശാൽ (സ്ത്രീകളുടെ കുഴപ്പം മാത്രം കാരണമാകണമെന്നില്ല) പ്രസവിക്കാത്തത് ആയിരിക്കും. ................. കഥയിൽ ചോദ്യം ഇല്ല; കഥ കേവലം കഥ ആയി മാത്രം കാണണം എന്ന് മാത്രം.

2016 ഒക്‌ടോബർ 17, തിങ്കളാഴ്‌ച

170. സോഷ്യലിസം പരിപാടിയായി വന്നാൽ

                     170 . സോഷ്യലിസം പരിപാടിയായി വന്നാൽ വൻകിട - ബൂർഷ്വാ ഭൂ പ്റഭു വർഗത്തെ നാം തൂത്തെറിയുക തന്നെ ചെയും. അപ്പോൾ മാത്രമേ അത് സാധ്യമാവുകയുള്ളു.......അപ്പോൾ മാത്രമേ "പരിപാടി" യിലെ വാക്കുകൾക്കു എന്തെങ്കിലും അർഥം ഉണ്ടാവുകയുള്ളു. അപ്പോൾ മാത്റമേ മാർക്സിന്റെ സാമ്പത്തിക ശാസ്ത്റം (മിച്ചമൂല്യ സിദ്ധാന്ധം) പ്രവർത്തി പഥത്തിൽ ഉണ്ടാവുകയുള്ളു; അപ്പോൾ മാത്രമേ വർഗ സമരം ബൂർഷ്വാസിയും തൊഴിലാളി വർഗ്ഗവും തമ്മിൽ ആവുകയുള്ളൂ; അപ്പോൾ മാത്രമേ ഭൗതിക വാദം ആത്മീയ ചൂഷണത്തിന് എതിരായ ആയുധം ആവുകയുള്ളൂ. അപ്പോൾ മാത്രമേ "മാർക്സിസം" തൊഴിലാളി വർഗത്തിന് ചൂഷക വർഗത്തിനെതിരെ പോരാടുവാനുള്ള "ആയുധം" (weapon) ആവുകയുള്ളൂ. "മാർക്സിസം" ചൂഷക വർഗത്തോട് ഒരു വിട്ടു വീഴ്ചയും ചെയ്യുന്നില്ല; വർഗ സമരം അവസാനിക്കുന്നത് ചൂഷക വർഗങ്ങളുടെ സാമ്പത്തിക മേധാവിത്വം അവസാനിക്കുമ്പോൾ മാത്രമാണ്; മുതലാളിത്തം പ്രോത്സാഹിപ്പിച് അത് അസാധ്യമാണ്. കമ്മ്യൂണിസ്റ് പാർട്ടി മുതലാളിത്തം പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചാൽ "തൊഴിലാളി വർഗം" നിസ്സഹായരാവുന്നു; (അവർ അകന്നു പോകുന്നു). മുതലാളിത്തം പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചപ്പോഴാണ് മാർക്സിസം "ദർശനം" ആയത്‌. "ദർശനം" ആവുമ്പോൾ "പ്രവർത്തി" (action) ആവശ്യമില്ല. "ശ്രീ നാരായണ ദർശനം"; "ഗാന്ധിയൻ ദർശനം" തുടങ്ങിയവ പോലെ ദർശനം കേവലം "അജ ഗള സ്തനം" (ആടിന്റെ കഴുത്തിലെ മുല) പോലെ നിരുപദ്രവമായ ആഹ്വാനം മാത്രം ആകുന്നു. അതുപോലെ മാർക്സിസത്തെ ആക്കി തീർത്തു. സ്വകാര്യ മേഖല കൂടി അനുവദിക്കാം എന്ന് പറയുന്നത് എല്ലാ വൃത്തി കേടുകളോടും കൂടി മുതലാളിത്തം കൂടി അംഗീകരിക്കുകയാണ് എന്ന് ആരും കരുതേണ്ടതില്ല. "രാഷ്ട്രീയം" എന്നാൽ എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമാണ് എന്ന് കരുതുന്ന ബൂർഷ്വാ--പെറ്റി ബൂർഷ്വാ--അവസര വാദികളെ തുറന്നു കാണിക്കുകയും അവരെ മൂലയിൽ ഒതുക്കുകയും ചെയ്യും. അതായത് അവരുമായി രാഷ്ട്രീയ ധാരണ എന്ന പ്രശ്നം ഉദിക്കുന്നതേയില്ല. അര നൂറ്റാന്ടിലധികം കാലമായി പ്രസ്ഥാനത്തിന്റെ വളർച്ചയെ തടസ്സപെടുത്തുക മാത്റം ചെയ്യുന്ന മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന അടിസ്ഥാന കാഴ്ചപ്പാടുകൾ ഇനിയെങ്കിലും പുനപരിശോധിക്കണം. അല്ലാതെ ചെയ്യുന്ന എല്ലാ തിരുത്തലുകളും ഒരു പ്റയോചനവും ചെയ്യുകയില്ല. ഒരോ മൂന്നു വർഷത്തിലും ചേരുന്ന "പാർട്ടി കോൺഗ്രസുകളിൽ" ഇന്ത്യ ഒട്ടാകെ പാർട്ടി വളരണം; വളർത്തണം എന്ന് തീരുമാനിക്കാത്ത ഏതെങ്കിലും പാർട്ടി കോൺഗ്രസ് ഉണ്ടാകുമെന്നു തോന്നുന്നില്ല.  പക്ഷെ ഫലം  തകർച്ചയിൽ നിന്നും തകർച്ചയിലേക്ക് എന്ന് മാത്രമാണ്.  ഈ പ്രാവശ്യം കേരളത്തിൽ ഉണ്ടായ വിജയം  കോൺഗ്രസ് വിരുദ്ധതയിൽ നിന്ന് ഉണ്ടായത് മാത്രമാണ്.  അത് മാറിപോകാൻ സാധ്യത ഏറെയാണ്.  "പരിപാടി" നടപ്പിലാക്കാൻ കാണിച്ച വാശിയാണ്  പ. ബംഗാളിൽ ഇന്നത്തെ നിലയ്ക്ക് കാരണം. അത് അവർക്കു ബോധ്യപ്പെടാൻ വലിയ ബുദ്ധിമുട്ടാണ്.  ഇന്ത്യയിൽ   ഇപ്പോൾ തന്നെ പലരും എഴുതി തള്ളി കഴിഞ്ഞ  അവസ്ഥ മാറ്റിയെടുക്കാൻ  എത്രയും വേഗത്തിൽ  "പരിപാടി" യിൽ  മാറ്റം വരണം.  

2016 ഒക്‌ടോബർ 3, തിങ്കളാഴ്‌ച

169 (ii) എന്തുകൊണ്ടാണ് "പരിപാടി" നടപ്പിലാക്കാനാവാത്തതാണ് എന്നു പറയുന്നത് ?

 169 (ii) എന്തുകൊണ്ടാണ്  "പരിപാടി" നടപ്പിലാക്കാനാവാത്തതാണ്  എന്നു പറയുന്നത് ?                                   
..........മഹാനായ കാറൽ മാർക്സ്  "മാർക്സിസം" ആവിഷ്ക്കരിച്ചത്  മുതലാളിത്ത സാമൂഹ്യ വ്യവസ്ഥ ഭൂമുഖത്തു  നിന്നുതന്നെ തുടച്ചു നീക്കുന്നതിനാണ്.  അതിനാവശ്യമായ ആശയപരമായ അടിത്തറയും ലോകത്താകെയുള്ള തൊഴിലാളി വർഗ്ഗത്തിന്റെ ഐക്യ ശക്തിയും ഭൗതിക ശക്തിയായി അദ്ദേഹം ചൂണ്ടിക്കാണിച്ചു.  അടിസ്ഥാന പരമായി  മാർക്സിസം മൂന്നു വിഭാഗമാണ്. 1. സാമ്പത്തിക ശാസ്ത്രം. (2)  വർഗ സമര സിദ്ധാന്തം.  (3)  ഭൗതിക വാദം.  (മൂന്നു ഘടകങ്ങളും  മൂന്ന്  ഉറവിടങ്ങളും; ഭൗതിക വാദത്തെ പറ്റി; ലെനിൻ).  മാർക്സിസത്തിന്റെ വളരെ പ്രധാനപ്പെട്ട  ഈ  മൂന്നു ഘടകങ്ങളും  മുതലാളിത്തത്തിനെതിരെ ഉള്ളതും  സോഷ്യലിസം കെട്ടിപ്പടുക്കാനുള്ളതും ആണ്.
..........മുതലാളിത്തം പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചപ്പോൾ  ഈ മൂന്ന് ഘടകങ്ങളും അപ്രസക്തമായി. ഇവയെ ക്കുറിച്ചു ആരോടും പറയാനാവാതെ ആയി. മാർക്സിന്റെ  "മൂലധനം"  എന്ന കൃതി  "ചരക്ക് "  ഉത്പാദനത്തിന്റെ വിവിധ ഘടകങ്ങൾ പരിശോധിക്കുന്നതും അതിൽ തൊഴിലാളി വർഗ്ഗത്തിന്റെ പങ്കും തൊഴിലാളി വർഗം ഉൾപ്പെടെയുള്ളവർ അനുഭവിക്കുന്ന ചൂഷണവും വ്യക്തമാക്കുന്നു.  ആ കൃതിയുടെ തുടക്കത്തിൽ തന്നെ അദ്ദേഹം പറയുന്നതാണ്  "മുതലാളിത്ത സാമ്പത്തിക വ്യവസ്ഥയിൽ "സമ്പത്" എന്നാൽ ചരക്കിന്റെ കൂറ്റൻ കൂമ്പാരമായിട്ടാണ് അനുഭവപ്പെടുക എന്നാണ്.  ചരക്ക്  രുപം കൊള്ളുന്നതിന്  ആവശ്യമായി വരുന്ന "അദ്ധ്വാന ശക്തി"യെ  അദ്ദേഹം വിശകലനം ചെയ്തു.  "പ്രത്യക്ഷവും പരോക്ഷവുമായുള്ള അദ്ധ്വാന ശക്തിയിലൂടെയാണ്" ചരക്ക്  രൂപം കൊള്ളുന്നത് എന്നദ്ദേഹം ചൂണ്ടികാണിച്ചു.

..........ചരക്കിലടങ്ങിയിട്ടുള്ള "മൂല്യ" ത്തെ   വിശകലനം ചെയ്യുകയും ചരക്ക്  വിപണനം ചെയ്യുമ്പോൾ  മൂലധന ഉടമയ്ക്ക് ലഭിക്കുന്ന "ലാഭം" യഥാർഥത്തിൽ  "മിച്ചമൂല്ല്യം" ആണെന്ന്  അദ്ദേഹം  തെളിയിച്ചു. മുതലാളിത്ത വ്യവസ്ഥയിൽ മൂലധന ഉടമയ്ക്ക്  ലഭിക്കുന്ന "ലാഭം" യഥാർഥത്തിൽ തൊഴിലാളിയുടെ അദ്ധ്വാന ശക്തിയെ ചൂഷണം ചെയ്തുണ്ടാക്കുന്നതാണെന്ന്  അദ്ദേഹം വ്യക്തമാക്കി. ആധുനിക കാലത്തും എട്ടുമണിക്കൂർ ജോലി ചെയ്യുന്ന ഒരു തൊഴിലാളിയുടെ ഒരു മണിക്കൂർ സമയത്തെ അദ്ധ്വാന ശക്തിയുടെ മൂല്യമെങ്കിലും പ്രതിഫലം ഇല്ലാത്ത മൂല്യമായി മൂലധന ഉടമയ്ക്ക് ലഭിക്കും.  നൂറു തൊഴിലാളികൾ ജോലി ചെയ്യുന്ന ഒരു സ്ഥാപനത്തിൽ നൂറ്  മണിക്കൂർ ഒരു ദിവസം എന്ന ക്രമത്തിൽ  ഒരു മാസവും വർഷവും വർഷങ്ങളുമായി കണക്കാക്കണം.  തൊഴിലാളികളുടെ എണ്ണത്തിലുള്ള വർദ്ധനവ്  മൂല ധന ഉടമയ്ക്ക് ലഭിക്കുന്ന മിച്ച മൂല്യത്തിന്റെ അളവ് വർധിപ്പിച്ചുകൊണ്ടിരിക്കും.

..........യഥാർഥത്തിൽ മൂല ധന ഉടമയ്ക്ക് ഇപ്രകാരം ലഭിക്കുന്ന അധിക മൂല്യമാണ്  മുതലാളിത്ത വ്യവസ്ഥയുടെ തന്നെ അടിത്തറയായി ഭവിക്കുന്നത്.  ഇപ്രകാരം ലഭിക്കുന്ന അധിക മൂല്യം ബൂർഷ്വാസിയുടെ ആർഭാഡ ജീവിതത്തിനും ആഡംബരത്തിനുമായി  ഉപയോഗിക്കുമ്പോൾ സോഷ്യലിസ്ററ്  വ്യവസ്ഥയിൽ തൊഴിലാളിയുടെ ജീവിത നിലവാരം ഉയർത്തുന്നതിനും രാജ്യത്തിന്റെ ആകെ അഭിവൃദ്ധിക്കുമായി ഉപയോഗിക്കുവാൻ കഴിയും.  സാമ്പത്തികമായി ശൂന്യതയിൽ നിന്നാരംഭിച്ച സോവിയറ്റു യൂണിയൻ വളരെ കുറച്ചു കാലം കൊണ്ട് തന്നെ  അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളെക്കാൾ വളരെ മുന്നോട്ടു പോയത്  തൊഴിലാളി വർഗ്ഗത്തിന്റെ അദ്ധ്വാന ശക്തിയിൽ നിന്നുള്ള മിച്ചമൂല്യം  രാഷ്ട്രത്തിനു ലഭിച്ചതുകൊണ്ടാണ്. 1949 ൽ മാത്രം  സോഷ്യലിസ്ററ്  രാഷ്ട്രമായ ചൈന  വളരെ പെട്ടെന്ന്  വളരെ വലിയ  സാമ്പത്തിക ശക്തിയായത്   "മിച്ച മൂല്യം"  രാഷ്ട്രത്തിന്  ലഭിക്കുന്നത് കൊണ്ടാണ്.

..........മുതലാളിത്തം പ്രോത്സാഹിപ്പിക്കണം എന്ന നിലപാട് സ്വീകരിച്ചപ്പോൾ ഈ കാര്യങ്ങൾ ഒന്നും ആരോടും പറയാൻ ആവില്ല എന്നായി. മാർക്സിന്റെ സാമ്പത്തിക ഗവേഷണങ്ങളുടെ ഫലമായി രചിച്ച "മൂലധനം" എന്ന കൃതിയെ കുറിച്ചും തൊഴിലാളി വർഗം നേരിടുന്ന സാമ്പത്തിക ചൂഷണത്തെ കുറിച്ചും തൊഴിലാളി വർഗത്തോട് പറയാനാവാതെ ആയി.   ധനം എപ്രകാരം വർദ്ധിപ്പിക്കാം എന്ന് മാത്രം ചിന്തിക്കുന്ന ബൂർഷ്വാസിയുടെ കൊള്ളരുതായ്മകളെ കുറിച്ച് ആരോടും (പരസ്യമായി) പറയാൻ പാടില്ല എന്നായി. ജനങ്ങളെയും രാജ്യത്തെയും കൊള്ളയടിക്കുക എന്ന ലക്ഷ്യം മാത്രമുള്ള അമ്പാനിയെ പോലുള്ളവർ കമ്യൂണിസ്റ്റു പാർട്ടിയുടെ ഈ നിലപാട് ശരിക്കും മുതലെടുത്തു. ബൂർഷ്വാസിയുടെ ഉപകരണം മാത്രം ആയ ബൂർഷ്വാ രാഷ്ട്രീയ പാർട്ടികളോട്  സഹകരിക്കുന്നതിൽ ഒരു തെറ്റും ഇല്ല എന്നായി.

.........കാറൽ മാർക്സ്  എന്തിനായിട്ടാണ്  "മാർക്സിസം" എന്ന തത്വ ശാസ്ത്രം അവതരിപ്പിച്ചത് എന്ന കാര്യം പോലും എല്ലാവരും മറന്നു.  തൊഴിലാളി വർഗത്തെ സംഘടിപ്പിക്കുന്നത്  മുതലാളിത്ത ചൂഷണം വർധിപ്പിക്കുന്നതിന്  ആണ്  എന്ന നിലയിലായി. ബൂർഷ്വാസി രാഷ്ട്രീയ പാർട്ടികളും തൊഴിലാളി വർഗ്ഗത്തെയും മറ്റും സംഘടിപ്പിക്കുന്നത്  അവരുടെ വർഗ വാഴ്ച  എക്കാലത്തേക്കും തുടരുന്നതിനാണ്.  എന്നാൽ കമ്മ്യൂണിസ്ററ്  പാർട്ടിയും അതെ ലക്ഷ്യത്തിനാണ് എന്ന് വന്നത്  തൊഴിലാളി വർഗ്ഗത്തിലും സാധാരണ ജനങ്ങളിലും അമ്പരപ്പും ആശയ കുഴപ്പവും ഉണ്ടാക്കി.  കൂടെ ഉണ്ടായിരുന്നവർ കാര്യങ്ങൾ മനസിലാക്കിയപ്പോൾ ക്രമേണ പാർട്ടിയിൽ നിന്നും അകന്നു.(ഇതിനാണ് കൊഴിഞ്ഞു പോക്ക് എന്ന് പറയുക).  ഉത്തരവാദിത്തങ്ങൾ ഉള്ളവർ നില നിൽപ്പിനായി ഏൽപ്പിച്ച ജോലി ചെയ്തു.  ജനങ്ങൾ അകന്നുപോയി.  നേതൃത്വത്തിന്റെ വാക്കുകൾ നിർവികാരതയോടെ ജനങ്ങൾ സ്വീകരിച്ചു.  അറുപത്തിഒൻപത്   വർഷങ്ങൾക്ക് ശേഷവും  കാര്യങ്ങളുടെ കിടപ്പ്  ആർക്കും പിടി കിട്ടുന്നില്ല.
..............03 10 2016.............................(തുടരും)