2016 നവംബർ 29, ചൊവ്വാഴ്ച

178.വർഗ-ബഹുജന സംഘടനകൾ ................................

                                     178. വർഗ-ബഹുജന സംഘടനകൾ  പോഷക സംഘടനകളല്ല......
              പിന്നെ എന്താണ്?.....മാർക്സിസം അനുസരിച്ചു്  പ്രവർത്തിക്കുന്ന  തൊഴിലാളി വർഗ പ്രസ്ഥാനങ്ങൾ ജനങ്ങളെ സംഘടിപ്പിക്കുന്നത് അവരുടെ ജീവിതം സുരക്ഷിതമാക്കുന്നതിനും  നില നിൽക്കുന്ന ചൂഷക സാമൂഹ്യ വ്യവസ്ഥയുടെ നീരാളി പിടുത്തത്തിൽ നിന്നും  അവരെ രക്ഷിക്കുന്നതിനുമാണ്.  കുറെ കൂടി  വ്യക്തമായി പറഞ്ഞാൽ ഒരു നല്ല സാമൂഹ്യ വ്യവസ്ഥിതിക്കായി വിവിധ വിഭാഗം ജനങ്ങളെ അണി നിരത്താനാണ്  തൊഴിലാളി വർഗ പ്രസ്ഥാനങ്ങൾ തൊഴിലാളി വർഗ്ഗത്തെയും വിവിധ ബഹുജനങ്ങളേയും സംഘടിപ്പിക്കുന്നത്.  അതായത്  ഏത്  വിഭാഗത്തെയും സംഘടിപ്പിക്കുന്നത്  അവരുടെ  താത്പ്പര്യങ്ങൾ സംരക്ഷിക്കുന്നതിനാണ്. അതായത്  കമ്മ്യൂണിസ്ററ്  പാർട്ടി അവരുടെ പാർട്ടിയാണ്;  അതുകൊണ്ട്  അവർ അതിൽ അണിനിരക്കുന്നു. അത്  മറ്റാരെയും പോഷിപ്പിക്കാനല്ല; അവരുടെ താത്പ്പര്യങ്ങൾ സംരക്ഷിക്കാനാണ്.  എന്നാൽ ബൂർഷ്വാ രാഷ്ട്രീയ പാർട്ടികൾ  വിവിധ സംഘടനകൾ രൂപീകരിക്കുന്നത്  അതത്  സംഘടകളിൽ  അണി നിരക്കുന്ന  ജനവിഭാഗങ്ങളുടെ  നാനാവിധമായ ജീവിത പ്രശ്നങ്ങൾ പരിഹരിച്ചുകളയാം എന്നൊന്നും ഓർത്തുകൊണ്ടല്ല; മറിച്  അവരെ തന്നെ ഉപയോഗിച്ച്  അവരുടെ താത്പ്പര്യങ്ങൾ  ബലികഴിക്കുന്നതിനാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ  അവർ  യഥാർഥ തൊഴിലാളി വർഗ പ്രസ്ഥാനത്തിൽ  അണിനിരക്കാതിരിക്കുന്നതിനാണ്.  തൊഴിലാളി വർഗത്തെ തന്നെ  ഉപയോഗിച്ച്  തൊഴിലാളി വർഗ താത്പ്പര്യങ്ങൾ  അട്ടിമറിക്കുന്നതിനാണ്.    അതിനായി അവർ പല അടവുകളും സ്വീകരിക്കും.  ചിലപ്പോൾ  ജാതിയുടെയോ മതത്തിന്റെയോ പേരിൽ ആയിരിക്കും തൊഴിലാളികളെ സംഘടിപ്പിക്കുക.  ചിലപ്പോൾ  ഒരു  പ്രത്യേക  സ്ഥലത്തിന്റെ പേരോ  പ്രത്യേക വ്യവസായത്തിന്റെ പേരോ ആയിരിക്കും.  ഏതായാലും അവരുടെ ലക്‌ഷ്യം  അവർ സംഘടിപ്പിക്കുന്ന  തൊഴിലാളികളുടെ താൽപ്പര്യം  സംരക്ഷിക്കൽ ആയിരിക്കില്ല.  ചിലപ്പോൾ ഒരു പ്രത്യേക നേതാവിന്റെ  വ്യക്തിഗത നേട്ടം ലക്ഷ്യമാക്കി ആയിരിക്കും. ശുദ്ധ ഗതിക്കാരായ  കുറെ ആളുകൾ അവരുടെ  സ്വാധീനത്തിൽ വീഴാൻ എന്നും ഉണ്ടാകും.  ചില സ്ഥാനമാനങ്ങൾ നൽകി  അവരെ വശത്താക്കാൻ  ബൂർഷ്വാ രാഷ്ട്രീയക്കാരന്  കഴിയും.  ബൂർഷ്വാ രാഷ്ട്രീയക്കാർക്ക്  അവരുടെ  ബഹു ജന സംഘടനകൾ  "പോഷക" സംഘടനകൾ  അല്ലെങ്കിൽ  വോട്ടു  ബാങ്കുകൾ ആയിട്ടാണ്  കാണുക. ഐ.എൻ.ടി.യൂ.; ബി.എം.എസ്.  തുടങ്ങിയ ട്രേഡ് യൂണിയനുകൾ  ഒരിക്കലും തങ്ങൾ തൊഴിലാളി വർഗ പ്രസ്ഥാനനത്തിന്റെ  ഭാഗമായി അവകാശപെടാറില്ല.  ശാസ്ത്രീയ മായ ഒരു വീക്ഷണവും അവർക്കില്ല.  ദാരിദ്ര്യവും കഷ്ടപ്പാടുകളും ദൈവ വിധിയാണ്  എന്ന വാദം മറ്റുള്ളവരെക്കൊണ്ട് അംഗീകരിക്കുക എന്ന  ദൗത്യമാണ്  ബൂർഷ്വാസിയ്ക്കു വേണ്ടി അവർ ഏറ്റെടുക്കുക.   നിർഭാഗ്യ വശാൽ  ഇന്ത്യയിലെ തൊഴിലാളി വർഗ പ്രസ്ഥാനങ്ങൾ  1950 കൾ  മുതൽ    ഒരു നല്ല   സാമൂഹ്യ വ്യവസ്ഥ എന്ന ലക്‌ഷ്യം  മാറ്റി വയ്ക്കുകയും  മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം  സ്വീകരിക്കുകയും ചെയ്തപ്പോൾ മേൽപ്പറഞ്ഞ കാര്യങ്ങൾ ആരോടും പറയാൻ പാടില്ലാത്ത സ്ഥിതി ആയി. അല്ലെങ്കിൽ നില നിൽക്കുന്ന വ്യവസ്ഥയുടെ സംരക്ഷകരായി അവർ മാറി.   അതുകൊണ്ട്  ബൂർഷ്വാ  പാർട്ടികൾ  തൊഴിലാളി വർഗത്തെ സംഘടിപ്പിക്കുന്നത്   ബൂർഷ്വാ  താത്പ്പര്യങ്ങൾ സംരക്ഷിക്കുന്നതിനാണ്  എന്ന്  തുറന്നുപറയാൻ പാടില്ലാത്ത അവസ്ഥ ആയി.  അതുകൊണ്ടുതന്നെ ഇന്ത്യയിലെ ബഹു ഭൂരിപക്ഷം  തൊഴിലാളികളും  ബൂർഷ്വാ രാഷ്ട്രീയ പാർട്ടികളിൽ  അണിനിരക്കുന്നതിനും  തൊഴിലാളി വർഗ  താത്പ്പര്യങ്ങൾ  ബാലീ കഴിക്കുന്നതിന്  കൂട്ട് നിൽക്കുന്ന  സാഹചര്യങ്ങൾ  സംജാതമായിരിക്കുകയാണ്.   

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ