2016 നവംബർ 18, വെള്ളിയാഴ്‌ച

175.ഏതു ജനാധിപത്യം ആണ് വേണ്ടത്?

                                                         175. ഏതു ജനാധിപത്യം  ആണ്  വേണ്ടത്?
             മുതലാളിത്ത വ്യവസ്ഥയിൽ അതിന്റെ ജനാധിപത്യം - അതിനാണ്  ബൂർഷ്വാ ജനാധിപത്യം എന്ന് പറയുക.  അത് മാത്രമേ പ്രായോഗികമാവുകയുള്ളു.  ദേശീയ ജനാധിപത്യം എന്നും ജനകീയ ജനാധിപത്യം  എന്നും പറഞ്ഞാലൊന്നും  അതിന്റെ സ്വഭാവത്തിൽ മാറ്റം വരികയില്ല.  അതിന്  അതിന്റേതായ പ്രത്യേകതകൾ ഉണ്ട്. ബൂർഷ്വാ പാർലമെന്റ്  എന്നത്  ബൂർഷ്വാസി ആവിഷ്‌ക്കരിച്ചതും അവരുടെ താത്പ്പര്യങ്ങൾ സംരക്ഷിക്കാൻ  വേണ്ടി രൂപം കൊടുത്തതുമാണ്‌.   അതോടൊപ്പം ഉള്ള  എല്ലാ വിധ  ചൂഷണോപാധികളും ബൂർഷ്വാസിയുടെയും  പെറ്റി  ബൂർഷ്വാസിയുടെയും താൽപ്പര്യ സംരക്ഷണത്തിനായി വിനിയോഗിക്കപ്പെടും.  മതപരമായ  അന്ധ വിശ്വാസങ്ങൾ  പ്രചരിപ്പിക്കുന്നതിനായി  അവർ  എല്ലാ ശ്രമങ്ങളും നടത്തും.   ദൈവത്തിന്റെ കപട മുഖം മൂടി അവരെ രക്ഷപ്പെടുത്തും എന്നാണ്  അവരുടെ ധാരണ.  അത് വലിയ അളവിൽ  വിജയിക്കുന്നുണ്ട്. മുകേഷ് അമ്പാനി  ഗുരുവായൂർ അമ്പലത്തിൽ  ഒരിക്കൽ   "തുലാഭാരം"  നടത്തി  എന്നാണ്  അറിവ്.  എന്നാൽ നമുക്ക് ആവശ്യം  ജനങ്ങളുടെയും തൊഴിലാളി വർഗത്തിന്റെയും ആകെ താൽപ്പര്യം സംരക്ഷിക്കുന്നതിനായി  ജനങ്ങളുടെ ആധിപത്യം  (ജനകീയ ജനാധിപത്യം) ആക്കി മാറ്റിയെടുക്കണം.  അതിനു നമുക്ക് സോഷ്യലിസ്ററ്  ജനാധിപത്യം  എന്നും  പറയാം. നീണ്ടുനിൽക്കുന്ന പോരാട്ടം തന്നെ അതിന്  ആവശ്യമാണ്. എന്നാൽ  മുതലാളിത്തം പ്രോത്സാഹിപ്പിച്ചു അത് നമുക്ക്  നേടിയെടുക്കാനാവില്ല. ബൂർഷ്വാ  ജനാധിപത്യം  ആണ് നമുക്ക് വേണ്ടത് എങ്കിൽ  മുതലാളിത്തത്തോടൊപ്പം  തന്നെ നിൽക്കണം. അതല്ല യഥാർഥ ജനകീയ ജനാധിപത്യം  ആണ്  നമുക്കാവശ്യം എങ്കിൽ സാമ്പത്തിക വ്യവസ്ഥയിൽ തന്നെ മാറ്റം വരുത്തണം. സോഷ്യലിസത്തോടൊപ്പം മാത്രമേ അത് യാഥാർഥ്യമാവുകയുള്ളു.  ഇവിടെ നാം ഓർക്കേണ്ടത്  ഒരു രാജ്യത്തെ സാമ്പത്തിക അടിത്തറയാണ് രാഷ്ട്രീയ - സാംസ്ക്കാരിക ഉപരിഘടനയെ നിർണയിക്കുക എന്ന മാർക്സിന്റെ കണ്ടെത്തലാണ്. മാർക്സ് "മൂലധനം" എന്ന കൃതി രചിക്കുന്നതിനും മുമ്പ് രചിച്ച ഒരു കൃതിയാണ്  "അർത്ഥ ശാസ്ത്ര നിരൂപണത്തിനൊരു സംഭാവന" എന്നത്. അതിന്റെ  ആമുഖത്തിൽ പറയുന്നതാണ്  - "പരിത സ്ഥിതി മനുഷ്യന്റെ ബോധത്തെ യാണ് നിർണയിക്കുക; ബോധം പരിത സ്ഥിതിയെയല്ല" എന്നതും  ഏതൊരു രാജ്യത്തെയും സാമ്പത്തിക വ്യവസ്ഥയാണ്  രാഷ്ട്രീയ - സാംസ്കാരിക ഉപരി ഘടനയെ നിർണയിക്കുക എന്നതും. ലെനിന്റെ എല്ലാ കൃതികളിലും ഈ കാര്യം  ആവർത്തിച്ചു  പറയുണ്ട്.  നിർഭാഗ്യ വശാൽ ഇൻഡ്യയിൽ ആർക്കും ഇതിന്റെ  ആശയം പിടി കിട്ടിയില്ല.  അല്ലെങ്കിൽ ചാതുർ വർണ്യത്തിലും ഫ്യൂഡലിസത്തിലും കെട്ടിപ്പടുത്ത ഇന്ത്യൻ മുതലാളിത്തം പ്രോത്സാഹിപ്പിക്കാൻ തീരുമാനിക്കുമായിരുന്നില്ല.  വർഗ സമരം എന്നാൽ ബൂർഷ്വാസിയും തൊഴിലാളി വർഗ്ഗവും തമ്മിൽ ആണെന്ന് പോലും മനസിലാക്കാതിടത്   ഒരു രാജ്യത്തെ സാമ്പത്തിക അടിത്തറയാണ്  രാഷ്ട്രീയ ഉപരി ഘടനയെ നിർണയിക്കുക എന്ന് മനസിലാക്കാത്തതിനെ കുറ്റപ്പെടുത്താനാവില്ല.  മുതലാളിത്തത്തിൽ "മുതാലാളിത്തം" പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചാൽ ലോകത്താരും നമുക്ക് ശത്രുക്കളായി  ഉണ്ടാവില്ല എന്ന് ആരും ഓർത്തില്ല.  അമേരിക്ക  നമുക്ക്  പാർട്ടി ക്‌ളാസ് തരാമെന്ന്  ഒരിക്കൽ പറഞ്ഞത് ഓർക്കുക.   ജനകീയ ജനാധിപത്യം  എന്ന ലക്‌ഷ്യം  നാം സ്വീകരിക്കുകയാണെങ്കിൽ  മുതലാളിത്തത്തിന്റെ  ജനങ്ങൾക്കെതിരായ പ്രവണതകൾക്കെല്ലാം  എതിരായ  പോരാട്ടമായി അതിനെ മാറ്റണം.  ഇന്ത്യൻ ഭരണ ഘടന വിഭാവന ചെയ്യുന്ന    "പരമാധികാര-മതേതര-സോഷ്യലിസ്റ്റ് ജനാധിപത്യ റിപ്പബ്ലിക്"    എന്നതിന്റെ അന്തസത്ത പൂർണ അർഥത്തിൽ നടപ്പിലാക്കാനായി  ജനങ്ങളെ അണിനിരത്തുക എന്ന ലക്ഷ്യം  നാം ഏറ്റെടുക്കണം. ശാസ്ത്രീയ വീക്ഷണങ്ങൾ അന്ഗീകരിക്കുന്ന തൊഴിലാളി വർഗ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക്‌ മാത്രമേ അത് സാധ്യമാക്കാൻ ആവുകയുള്ളൂ. മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന നിലപാടിൽ നിന്ന് വ്യതിചലിച്ചുകൊണ്ട് ഒരു നല്ല സാമൂഹ്യ വ്യവസ്ഥ എന്ന ലക്ഷ്യത്തിനായി തൊഴിലാളി വർഗത്തെയും സാധാരണ ജനങ്ങളെയും ആണിനിരത്തണം. സോഷ്യലിസം എന്ന ലക്ഷ്യം അംഗീകരിക്കുമ്പോൾ മാത്രമേ ശാസ്ത്രീയമായ സാമൂഹ്യ വീക്ഷണം ഉണ്ടാവുകയുള്ളു. വർഗീയ - ഫാസിസ്റ്റ് കളുടെ പിടിയിൽ നിന്നും ജനങ്ങളെ രക്ഷിക്കുന്നതിനും അത് അത്യന്താപേക്ഷ്യമാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ