2016 നവംബർ 26, ശനിയാഴ്‌ച

176. സോഷ്യലിസം എന്ന് കേൾക്കുമ്പോൾ .......................................

                                         176.  സോഷ്യലിസം  എന്ന്  കേൾക്കുമ്പോൾ..............
          എല്ലാവർക്കും ഓർമ്മ വരിക പഴയ സോവിയറ്റു യൂണിയനെയാണ്.  സാർ ചക്രവർത്തിയുടെ സ്വേച്ഛാധിപത്യത്തെ തൂത്തെറിഞ്  ഒക്ടോബർ വിപ്ലവത്തിലൂടെ വളരെ വേഗം ലോകത്തു തന്നെ അത്ഭുതമായി മാറുകയായിരുന്നു പഴയ സോവിയറ്റു യൂണിയൻ. നാലു വർഷത്തോളം നീണ്ടു നിന്ന അതി ഭയങ്കരമായ ആഭ്യന്തര യുദ്ധത്തെ കൊച്ചു സോവിയറ്റു യൂണിയൻ അതി ജീവിച്ചത്  ലോകത്തിനുതന്നെ അത്ഭുതമായിരുന്നു.  സാർ ചക്രവർത്തിയുടെ സർവ സൈന്യാധിപൻ ആയിരുന്ന  കൊൽചെക്കിൻറെ  നേതൃത്വത്തിൽ മുഴുവൻ സാബ്രാജ്യ ശക്തികളുടെയും സഹായത്തോടെ ഒരേ സമയം പതിനാല്  യുദ്ധ മുഖങ്ങൾ തുറന്നുകൊണ്ടാണ്   "വെള്ള പട്ടാളം" ചെമ്പടയെ നാമാവശേഷമാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ആഭ്യന്തര യുദ്ധത്തിന്റെ അവസാനം സോവിയറ്റു യൂണിയനിലെ തൊഴിലാളി വർഗ്ഗവും പാവപെട്ട ജന വിഭാഗങ്ങളും കൃഷിക്കാരും  അവരുടെ അഭിമാനം സംരക്ഷിച്ചുകൊണ്ടാണ്  സോഷ്യലിസത്തിന്റെ ചെങ്കൊടി ഉയർത്തിപ്പിടിച്  ഒക്ടോബർ വിപ്ലവത്തെ സംരക്ഷിച്ചത്.  മാർക്സിസം എന്ന തത്വ ശാസ്ത്രത്തിന്  തൊഴിലാളി വർഗത്തോടൊപ്പം  സോഷ്യലിസം എന്ന ലക്ഷ്യത്തിനായി എന്ത് നേടാൻ കഴിയും എന്നതിന്റെ തെളിവ് കൂടിയാണ് അവിടെ നടന്നത്. പ്രതി വിപ്ലവത്തെ അതിജീവിക്കാനും സോഷ്യലിസ്ററ്  രാഷ്ട്രം പടുത്തുയർത്താനും ഒരേ സമയം  വിപ്ലവ ഭരണ കൂടത്തിന്  കഠിന യത്‌നം നടത്തണമായിരുന്നു.  എന്നിട്ടും  പ്രതിവിപ്ലവത്തെ അതിജീവിച്  വളരെ കുറച്ചു കാലം കൊണ്ട് തന്നെ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ദീർഘ കാലത്തെ വളർച്ചയെ പിന്തള്ളിക്കൊണ്ട്  സോവിയറ്റു യൂണിയൻ മുന്നോട്ടു പോയി.  രണ്ടാം ലോക മഹാ യുദ്ധത്തെ അതി ജീവിച്ചത് ഒന്നര കോടി  ജീവൻ നൽകിക്കൊണ്ടാണ്.  അങ്ങനെയൊക്കെ  വളർന്നുവന്ന സോവിയറ്റു യൂണിയനിലെ ഇന്നത്തെ അവസ്ഥയിൽ നിന്നും പാഠം പഠിച്ചുകൊണ്ടു വേണം  ഇന്ത്യയിൽ നമുക്ക്  മുന്നോട്ടു പോകുവാൻ. അവിടത്തെ സാഹചര്യങ്ങൾ ഒന്നും നമുക്ക് ഇവിടെയില്ല. അനുകൂല സാഹചര്യങ്ങൾ വളരെ ഏറെ ഉണ്ട് താനും.  എന്നാൽ പഴയ സോവിയറ്റ് യൂണിയനിലെയും ചൈനയിലെയും കാര്യങ്ങൾ മനസ്സിലോർത്തു അതൊക്കെ ഇവിടെയും ആവർത്തിക്കണം എന്ന്  ആരെങ്കിലും ധരിച്ചാൽ നമുക്ക്  സോഷ്യലിസം  എന്ന ലക്‌ഷ്യം തന്നെ എന്നന്നേക്കുമായി ഉപേക്ഷിക്കേണ്ടി വരും.  ഈ ധാരണകളാണ് ഇൻഡ്യയിലെ  കമ്മ്യൂണിസ്ററ്  പ്രസ്ഥാനം ഒരു നൂറ്റാണ്ടോളാം പ്രവർത്തിച്ചിട്ടും എങ്ങും എത്താതെ; ഇന്ത്യൻ ജനതയുടെ വിശ്വാസം ആർജിക്കുവാൻ കഴിയാത്ത അവസ്ഥ സൃഷ്ടിച്ചത്.   പാർലമെന്ററി മാർഗത്തിൽ സോഷ്യലിസം അസാധ്യമാണെന്നും അതുകൊണ്ട്  നിലനിൽക്കുന്ന വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കാമെന്നും തീരുമാനിച്ചു. തൊഴിലാളി വർഗം  സോഷ്യലിസത്തോട്  കാണിക്കുന്ന അതെ ആവേശം  മുതലാളിത്തത്തോടും  കാണിക്കും  എന്ന വിചിത്രമായ  ധാരണയാണ്  ഇവിടെ സംഭവിച്ചത്.  1976-ൽ ഭരണ ഘടന തന്നെ ഭേദഗതി ചെയ്ത്  "പരമാധികാര; സോഷ്യലിസ്ററ്; മതേതര ജനാധിപത്യ റിപ്പബ്ലിക് "  എന്ന് തീരുമാനിച്ചിട്ടും സാഹചര്യങ്ങളിൽ വന്ന മാറ്റം ഉൾകൊള്ളാൻ  നേതൃത്വം  തയ്യാറായില്ല. .............................(2) "മാവോ വാദികൾ" കൊടും കാടുകളിൽ എത്രയോ യാതനകൾ സഹിച്  ജനങ്ങളെ പഠിപ്പിക്കാൻ ശ്രമിക്കുന്ന കാര്യങ്ങൾ ഇന്ന്  ഇൻഡ്യയിൽ എവിടെ നിന്നും ആരോടും സംസാരിക്കാം; പ്രസ്താവന നടത്താം; പത്രസമ്മേളനം നടത്താം; പ്രസിദ്ധീകരണങ്ങൾ വഴി പ്രചരിപ്പിക്കാം.  അത്  ജന ജീവിതത്തിനു ഹാനികരം ആകുന്ന തരത്തിൽ ആകരുതെന്ന്  മാത്രം.  ആരെയും ബോംബ് വച്ച്  കൊല്ലാനുള്ളത്  ആകരുത് എന്ന് മാത്രം.  സോഷ്യലിസ്ററ് ആശയങ്ങൾ ജനങ്ങളുടെ ഇടയിൽ പ്രചരിപ്പിക്കുന്നതിന്  ഇതുപോലെ  അനുകൂലമായ സാഹചര്യങ്ങൾ  സായുധ വിപ്ലവം നടന്നിട്ടുള്ള ഏതെങ്കിലും രാജ്യത്ത്  ഉണ്ടായിരുന്നുവോ? ഒരോ രാജ്യത്തെയും  സാഹചര്യം ഉപയോഗിച്ച് മാത്രമേ എവിടെയും പ്രവർത്തിക്കുവാൻ ആവുകയുള്ളൂ.   നിർഭാഗ്യ വശാൽ  ഇൻഡ്യയിൽ  സോഷ്യലിസ്ററ്  ആശയങ്ങൾ ജനങ്ങളുടെ ഇടയിൽ പ്രചരിപ്പിക്കാൻ എല്ലാ സൗകര്യങ്ങളും ഉണ്ടായപ്പോൾ സോഷ്യലിസം മാറ്റി വയ്ക്കുകയും മുതലാളിത്തം സ്വീകരിക്കുകയും ചെയ്തു. സോഷ്യലിസം എത്രമാത്രം മെച്ചമാണെങ്കിലും  മുതലാളിത്തത്തിന്റെ  "സുഖലോലുപത്വത്തിൽ" വിശ്വസിക്കുന്ന ഒരു വലിയ വിഭാഗം  സോഷ്യലിസത്തിനെതിരെ  നിലയുറപ്പിക്കുമെന്നതും  നാം കാണുക തന്നെ വേണം.  എന്നാൽ  തൊഴിലാളിവർഗ്ഗത്തിന്റെയും  കൃഷിക്കാരുടെയും  എത്രമാത്രം പണിയെടുത്തിട്ടും ജീവിതത്തിൽ ദാരിദ്ര്യം മാത്രം അനുഭവിക്കുന്ന ജന കോടികളും സോഷ്യലിസത്തോടൊപ്പം ഉണ്ടാകുമെന്നതും  ഉറപ്പാണ്.   നിലനിൽക്കുന്ന  പാർലമെന്ററി ജനാധിപത്യത്തിൽ സോഷ്യലിസത്തിന് ലഭിക്കുന്ന  വളരെ വലിയ പിന്തുണയോടെ  "ബൂർഷ്വാ ഭൂ പ്രഭു വർഗ്ഗത്തിന്റെ" എല്ലാ പ്രതിലോമ പ്രവർത്തനങ്ങളെയും അതിജീവിക്കാൻ തൊഴിലാളി വർഗത്തിനും സോഷ്യലിസത്തിനും കഴിയുന്നതായിരിക്കും.  ജനങ്ങളുടെ ഉറച്ച  പിന്തുണ ഉണ്ടെന്ന്  തിരഞ്ഞെടുപ്പിലൂടെ തന്നെ  വ്യക്തമാക്കുന്നത്  വിപ്ലവകരമായ സാമ്പത്തിക നടപടികൾ താരതമ്മ്യേന എളുപ്പമാക്കിത്തീർക്കും.  മുതലാളിത്തത്തിന്  ജനപിന്തുണ നേടാൻ ശ്രമിക്കുന്ന ഇന്നത്തെ സ്ഥിതി മാറ്റി  നമ്മുടെ ലക്‌ഷ്യം  സോഷ്യലിസ്ററ്  ഭാരതം എന്നതാക്കി മാറ്റിയെടുക്കണം.  അതിനാണ്  "പാർട്ടി പരിപാടി" ഭേദഗതി ചെയ്ത്  "സോഷ്യലിസ്ററ്  ഭാരതം; ജനകീയ ജനാധിപത്യത്തിലൂടെ" എന്ന പരിപാടി സ്വീകരിക്കണമെന്ന് അഭ്യർഥിക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ