2025 ഫെബ്രുവരി 28, വെള്ളിയാഴ്‌ച

598. സിപിഐ(എം) 24 മത് പാർട്ടി കോൺഗ്രസിന്റെ "കരട് രാഷ്ട്രീയ പ്രമേയത്തെ" കുറിച്ച്.

598. സിപിഐ(എം) 24 മത് പാർട്ടി കോൺഗ്രസിന്റെ "കരട് രാഷ്ട്രീയ    പ്രമേയത്തെ" കുറിച്ച്.

//

സിപിഐ(എം) ന്റെ 24 മത് പാർട്ടി കോൺഗ്രസിനുള്ള കരട് രാഷ്ട്രീയപ്രമേയം. നൂറ് വർഷത്തിലധികം ഇന്ത്യയിൽ പ്രവർത്തിച്ച കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്ര നിലവാരത്തിന്റെ ദയനീയ  അവസ്ഥയുടെ തെളിവാണ്. നൂറു വർഷത്തിൽ 1950 കാലം മുതൽ 75 വർഷക്കാലം ഇന്ത്യൻ മുതലാളിത്തം വളർത്തണം എന്ന നിലപാട് സ്വീകരിച്ചത് മൂലം ഉണ്ടായ സ്ഥിതിവിശേഷം. മാർക്സിസവുമായി വിദൂര ബന്ധം എങ്കിലും ഉള്ളവർക്ക് അറിയാം കാറൽ മാർക്സ് എന്ന മഹാൻ മാർക്സിസം അവതരിപ്പിച്ചത് മുതലാളിത്ത വ്യവസ്ഥക്കും മുതലാളിത്ത ചൂഷണത്തിനും എതിരായിട്ടായിരുന്നു എന്ന്. എന്നാൽ അങ്ങനെ അറിയാവുന്നവർ ഇന്ത്യയിലെ സിപിഐ യിലേയോ സിപിഐ(എം) യിലെയോ നേതാക്കളിൽ പോളിറ്റ് ബ്യൂറോ; കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ ആരും ഇല്ല എന്നതാണ് അവസ്ഥ. അങ്ങനെയൊരു വിഷയമേ അവരെ സമ്പന്ധിച്ചിടത്തോളം ഇല്ല. മാർക്സിസം രൂപം കൊണ്ടത് മുതലാളിത്തത്തിനായി മാത്രം എന്നതാണ് അവരുടെ നിലപാട്. അവരെ കുറ്റപ്പെടുത്താൻ ആവില്ല. അവരാരും അങ്ങനെയൊന്നും കേട്ടിട്ടേയില്ല. വളരെ ദീർഘ കാലത്തേക്ക് മാർക്സിസം എന്താണ് എന്നോ എന്തിനാണ് എന്നോ കേട്ടിട്ടില്ലാത്തത്‌ കൊണ്ട് മാത്രം സംഭവിച്ചത്.
// 
അടിമയും അടിമ ഉടമയും തമ്മിലുള്ള താത്പ്പര്യങ്ങളിലെ വൈരുധ്യമാണ് വർഗ വൈരുധ്യങ്ങളുടെ അടിസ്ഥാനം. അത് ആധുനിക കാലത്ത്  മുതലാളിയും തൊഴിലാളിയും തമ്മിലുള്ള വൈരുധ്യമാണ്. തൊഴിലാളിയെ ഉപയോഗിച്ച് ജോലി ചെയ്യിച്ച്  അതിൽ നിന്നും പരമാവധി ലാഭം ഉണ്ടാക്കുകയാണ് മുതലാളിയുടെ ലക്‌ഷ്യം.  തൊഴിലാളിക്ക് ആകട്ടെ ജീവിക്കണം എങ്കിൽ മുതലാളിക്ക് ആയി ജോലി ചെയ്യണം.  അല്ലെങ്കിൽ  അയാൾ  മരിക്കണം.  പരമാവധി കൂലി കുറച്ച് മാത്രം കൊടുക്കാനും പരമാവധി കൂടുതൽ സമയംജോലി ചെയ്യിക്കാനും  മുതലാളി ശ്രമിക്കും. ഇന്ത്യയിൽ ഇപ്പോൾ ജോലി സമയം പരമാവധി വർദ്ധിപ്പിക്കാനുള്ള ശ്രമം നടക്കുകയാണ്.  എല്ലാ ആനുകൂല്യങ്ങളും ഇല്ലാതാക്കുന്നതിനാണ്  സ്ഥിരം ജോലി ആർക്കും ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ കാരണം.  പട്ടാളത്തിൽ പോലും സ്ഥിരം ജോലി പാടില്ല. മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്നത് വർഗ സഹകരണം ആണെന്നത് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്താനങ്ങൾ കണക്കിലെടുക്കുന്നില്ല.  ലോകമൊട്ടാകെ മുതലാളിമാർ ഒന്നാണ്.  സോഷ്യലിസത്തിനെതിരെ  അവർ ലോകമാകെ ഒന്നാണ്. എന്നാൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും അവരോടു ചേരുന്നതാണ് ഇന്ത്യയിൽ സംഭവിക്കുന്നത്. അവിടെയാണ് വർഗ സഹകരണം എന്ന് പറയുക.  ഇപ്പോൾ  വർഗ ശത്രുക്കൾ ഇല്ല എന്ന ഉറച്ച നിലപാടിലാണ്.  എന്നാൽ  മുതലാളിമാരുടെ  കൂട്ടത്തിൽ  സോഷ്യലിസത്തിനെതിരായ നിലപാടിൽ യാതൊരു ആശയക്കുഴപ്പവും ഇല്ല.  അതാണ്  ഇന്ത്യൻ നാഷണൽ കോൺഗ്രസിനും ഹിന്ദു വർഗീയവാദികളിലും കാണുന്ന യോചിപ്പിന്റെ കാരണം.
//
തീർച്ചയായും മാർക്സിസം നിരവധി ആയ സങ്കീർണ ആശയങ്ങളുടെ കൂടിച്ചേരലാണ്. അതിലൊന്ന് മാത്രമാണ് വർഗ വൈരുധ്യങ്ങൾ. നിസ്സാരകാര്യങ്ങൾ പോലും മനസിലാവില്ലാത്ത സാധാരണക്കാരിൽ സങ്കീർണ ആശയങ്ങൾ മനസിലാവുക ബുദ്ധിമുട്ടാണ്. അങ്ങനെയുള്ള സാഹചര്യങ്ങളിൽ ആ തത്വ ശാസ്ത്രത്തിന്റെ ഉദ്ദേശം തന്നെ അട്ടിമറിക്കുക. ഏതൊന്നിന് എതിരായിട്ടാണോ ആ ആശയങ്ങൾ രൂപം കൊണ്ടത് അവയെയാകെ പ്രോത്സാഹിപ്പിക്കുക. അതിലൊന്നാണ് ആത്മീയചൂഷണം എന്ന വാക്ക്. എല്ലാ വർഗീയ വാദികളുടേയും പ്രധാന പ്രവർത്തന മേഖലയാണ് അത്. ശാസ്ത്രീയമായി ഒരാൾ മരിച്ചുകഴിഞ്ഞാൽ മൃതദേഹത്തിൽ നിന്നും ഒന്നും പുറത്തേക്ക് പോകുന്നില്ല. എന്നാൽ എല്ലാ മതങ്ങളും പാവപെട്ട വിശ്വാസികളെ പഠിപ്പിക്കുന്നത് "ആത്മാവ്" രക്ഷപെട്ട് പോകും എന്നാണ്. തെളിവ് ഇല്ലാതെ അന്ധമായി വിശ്വസിക്കുന്നതിനെയാണ് "അന്ധ വിശ്വാസം" എന്നുപറയുക. എന്നാൽ അതാണ് വർഗീയ വാദികളുടെ പ്രവർത്തന മേഖല. എല്ലാ അന്ധ വിശ്വാസങ്ങളേയും മുതലെടുത്ത് അത് രാജ്യം ഭരിക്കുന്ന അവസ്ഥ. അങ്ങനെയുള്ള അന്ധവിശ്വാസങ്ങളിൽ നിന്നും ജനങ്ങളെ രക്ഷിക്കേണ്ട കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം തന്നെ അവയുടെയാകെ സംരക്ഷകരാവുക. അവർക്ക് എല്ലാ സഹായങ്ങളും നൽകുക. അതാണ് ഹിന്ദു വർഗീയ വാദികൾക്ക് "ഫാസിസ്റ്റുകൾ അല്ല" എന്ന സാക്ഷ്യപത്രം നൽകിയതിലൂടെ സംഭവിച്ചത്. ആത്മീയ ചൂഷണത്തിനും കമ്മ്യൂണിസ്റ്റുപ്രസ്ഥാനം എതിരല്ല എന്നാണ് പ്രഖ്യാപിച്ചത്. 2002 ൽ ഗുജറാത്തിൽ നാലായിരത്തോളം നിരപരാധികളെ, ഗർഭിണികൾ ഉൾപ്പെടെ കൂട്ട കൊല നടത്തിയതും 2022 ൽ ഡൽഹിയിൽ നടത്തിയതും 2023-24 ൽ മണിപ്പൂരിൽ നടത്തിയതും ഒന്നും ആരും അറിഞ്ഞിട്ടില്ല? ബിസി 2000 നും 1000 നും ഇടയിൽ അഫ്‌ഘാൻ പ്രദേശത്തു നിന്നും ഇന്ത്യയിൽ പ്രവേശിച്ച ആര്യന്മാർ പൗരാണിക ഇന്ത്യയിൽ ഉണ്ടായിരുന്ന ദ്രാവിഡ ജനതയെ ഉന്മൂലനം ചെയ്യുക ആയിരുന്നു. അവരുടെ പിന്മുറക്കാർ ഇപ്പോഴും അവസരം നോക്കി കാത്തിരിക്കുകയാണ്. അവർക്കാണ് ഇന്ത്യ ഭരിക്കാൻ അവസരം വീണ്ടും വീണ്ടും കൊടുക്കുന്നത്. സോഷ്യലിസ്റ്റ് ഇന്ത്യ എന്ന പാർട്ടി പരിപാടി അംഗീകരിച്ചാൽ മാത്രമേ ഹിന്ദുത്വ ഭീകരതയുടെ ഭരണം ഇന്ത്യയിൽ ഇല്ലാതാവുകയുള്ളു.

 

//
1950 കാലം മുതൽ കഴിഞ്ഞ 75 വർഷക്കാലം ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ പ്രവർത്തിച്ചത് ഇന്ത്യൻ മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന "പാർട്ടി പരിപാടി" യുടെ അടിസ്ഥാനത്തിലാണ്. 1964 ൽ സിപിഐ; സിപിഐ(എം) എന്ന് രണ്ടായി പിരിഞ്ഞെങ്കിലും 1950 കാലം മുതൽ തുടരുന്ന സാമ്പത്തിക നയത്തിൽ രണ്ടു പാർട്ടികളും മാറ്റങ്ങൾ ഒന്നും വരുത്തിയില്ല. 1950 ൽ ഇന്ത്യയുടെ വ്യവസായ വളർച്ച ആയിരുന്നു പ്രധാനമായും ഉദ്ദേശിച്ചിരുന്നത് എങ്കിൽ ക്രമേണ അത് അഴിമതി; വർഗീയത ഉൾപ്പെടെ മുതലാളിത്തം എന്നതിന്റെ പൂർണ അർത്ഥത്തിൽ ആയിത്തീർന്നു. അതാണ് ഇപ്പോൾ ഇന്ത്യ ഇന്ത്യൻ നാഷണൽ കോൺഗ്രസോ ഹിന്ദുത്വ വാദികളോ എങ്ങനെയും ഭരിക്കട്ടെ; തങ്ങൾക്ക് അതിലൊന്നും യാതൊരു ഉത്തരവാദിത്തവും ഇല്ല എന്ന ചിന്താഗതി ആയി മാറിയത്. ഇന്ത്യൻ മുതലാളിത്തത്തിന്റെ സ്വതന്ത്രമായ വളർച്ച എന്ന നിലപാടിന്റെ അർത്ഥം ചൂഷണ രഹിത സാമൂഹ്യ വ്യവസ്ഥ എന്ന മാർക്സിസത്തിന്റെ ലക്‌ഷ്യം പൂർണമായും ഉപേക്ഷിക്കുന്നു എന്നാണ്. മാർക്സിസം പൂർണമായും ഉപേക്ഷിക്കുന്നു എന്നാണ്. നൂറ്‌ വർഷങ്ങൾ പ്രവർത്തിച്ച കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പൂർണമായും ഇല്ലാതാകുമ്പോഴും 1950 കാലത്തെ നിലപാടിൽ യാതൊരു മാറ്റവും വരുത്താൻ സിപിഐ(എം) പൊളിറ്റ് ബ്യൂറോ തയ്യാറല്ല. ഇന്ത്യയിലും ലോകത്താകമാനവും സാഹചര്യങ്ങളിൽ വന്നിട്ടുള്ള മാറ്റം; ഇന്ത്യൻ ഭരണ ഘടന പോലും സോഷ്യലിസം അംഗീകരിക്കുന്നത് ആയി മാറിയെങ്കിലും അതൊന്നും ഉൾകൊള്ളാൻ സിപിഐ(എം) പൊളിറ്റ് ബ്യൂറോ ഒരുക്കമല്ല. സോഷ്യലിസ്റ്റ് ഇന്ത്യ എന്ന പാർട്ടി പരിപാടി അംഗീകരിക്കുന്നില്ല എങ്കിൽ ദയവായി കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന പേര് എങ്കിലും ഉപേക്ഷിച്ച് പാവപെട്ട ജനങ്ങളെ ആശയക്കുഴപ്പത്തിൽ നിന്നും രക്ഷിക്കണം എന്ന് അപേക്ഷിക്കുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വങ്ങൾക്ക് കാറൽ മാർക്സ് ആരായിരുന്നു; എന്തിനാണ് ആ മഹാൻ മാർക്സിസം എന്ന തത്വ ശാസ്ത്രം ആവിഷ്ക്കരിച്ചത് എന്നതിനെക്കുറിച്ചൊന്നും യാതൊന്നും മനസിലായിട്ടില്ല എന്നതിലേക്കാണ് കാര്യങ്ങൾ പോകുന്നത്. അതിന് അർത്ഥം "മാർക്സിസം" അംഗീകരിക്കുന്നില്ല എന്ന് മാത്രമാണ്.
//
"വൈരുദ്ധ്യാധിഷ്ഠിത ഭൗതിക വാദം" ഇന്ത്യക്ക്‌ ബാധകമല്ല. വർഗ വൈരുധ്യങ്ങൾ അംഗീകരിക്കുന്നില്ല. അതിന് അർഥം മാർക്സിസം അംഗീകരിക്കുന്നില്ല എന്ന് മാത്രം. ഇത് 1950 കാലം മുതൽ തുടരുന്നതാണ്. കെ ദാമോദരൻ, ഇഎംഎസ് തുടങ്ങിയ പഴയകാല "മാർക്സിസ്റ്റ് ആചാര്യന്മാർ" അങ്ങനെ ഒരു നിലപാട് സ്വീകരിച്ചതിന്റെ ഭാഗമാണ് ആർഷ ഭാരത സംസ്കാരത്തിലേക്കും ഇന്ത്യയിൽ സോഷ്യലിസം ആവശ്യമില്ല എന്ന അടിസ്ഥാനത്തിൽ ഇന്ത്യൻ മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന നിലപാടിലേക്കും തിരിഞ്ഞത്. അതിന് അർത്ഥം "മാർക്സിസം" അംഗീകരിക്കുന്നില്ല എന്ന് മാത്രമാണ്. സിപിഐ(എം) നേതൃത്വം 1950 കാലത്തെ നിലപാടിൽ ഒരു മാറ്റവും വരുത്താൻ ഒരുക്കമല്ല എന്നതാണ് "കരട് രാഷ്ട്രീയ പ്രമേയ"ത്തിന്റെ സന്ദേശം. വർഗ വൈരുധ്യങ്ങൾ ആണ് വർഗസമരത്തിന്റെ അടിസ്ഥാനം. പഴയ അടിമയുടെ താത്‌പര്യവും അടിമ ഉടമയുടെ താൽപ്പര്യവും വ്യത്യസ്തമാണ്. വിശക്കുന്നു എന്നോ ദാഹിക്കുന്നു എന്നോ പറയാൻ അവകാശം ഇല്ലാത്ത ജോലിയാണ് അടിമ ചെയ്യേണ്ടത്. മനുഷ്യൻ എന്ന യാതൊരു പരിഗണനയും അടിമക്ക് ഉണ്ടായിരുന്നില്ല. അടിമയെ ഉപയോഗിച്ച് പരമാവധി സമ്പത്ത് ഉണ്ടാക്കുക എന്നതാണ് അടിമ ഉടമയുടെ താത്പ്പര്യം.
//
ഇന്ത്യൻ മുതലാളിത്തം 1950 കാലത്ത്‌ പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചത് പഴയ അടിമ ഉടമകളുടെ ആധുനിക തലമുറയായ മുതലാളിമാരെ; ആധുനിക ബൂർഷ്വാസിയെ പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചതിന്റെ അർത്ഥം തൊഴിലാളിവർഗം അനുഭവിക്കുന്ന ചൂഷണം പ്രോത്സാഹിപ്പിക്കുക എന്ന് തന്നെയാണ്. മുതലാളിത്ത ചൂഷണത്തിന് എതിരായാണ് കാറൽ മാർക്സ് അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറ്റിവച്ച്; എല്ലാ ജീവിത സുഖങ്ങളും ഉപേക്ഷിച്ച് മാർക്സിസം എന്ന തത്വ ശാസ്ത്രം ആവിഷ്ക്കരിച്ചത്. "മൂലധനം" എന്ന കൃതിയിലൂടെ ചൂഷണത്തിന്റെ വളരെ കൃത്യമായ സ്വഭാവം മാർക്സ് ലോകത്തിന് കാണിച്ചുകൊടുത്തു. പഴയ അടിമ ഉടമക്ക് അടിമകളുടെ സംരക്ഷണ ഉത്തരവാദിത്തം കൂടിയുണ്ടായിരുന്നു. ആധുനിക ബൂർഷ്വാസിക്ക് അങ്ങനെ യാതൊരു ഉത്തരവാദിത്തവും ഇല്ല. തൊഴിലാളിയുടെ രക്തം ഏത് വിധത്തിലും ഊറ്റിക്കുടിക്കാം. അതിന് എല്ലാം സിപിഐ(എം) ഇന്ത്യയിൽ എല്ലാ സഹായങ്ങളും ചെയ്യും എന്നാണ് 1950 കാലങ്ങളിൽ സ്വീകരിച്ച നിലപാടിൽ തുടരുന്നതിന്റെ അടിസ്ഥാനം. സിപിഐ(എം) അംഗം ആയ ഞാൻ 2002 മുതൽ ഈ നിലപാട് ഉപേക്ഷിച്ച് സോഷ്യലിസ്റ്റ് ഇന്ത്യ എന്ന പാർട്ടി പരിപാടി അംഗീകരിക്കണം എന്ന് അഭ്യർത്ഥിച്ച് വരികയാണ്. പാർട്ടി എത്രമാത്രം തകർന്നാലും മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന നിലപാട് ഉപേക്ഷിക്കില്ല എന്നതാണ് കരട് രാഷ്ട്രീയ പ്രമേയത്തിന്റെ സൂചനയും.
//
വൈരുധ്യാധിഷ്ഠിത ഭൗതികവാദം എന്താണ് എന്ന് മനസിലാകാത്തവർ. അല്ലെങ്കിൽ അത് ഇന്ത്യക്ക് ബാധകം അല്ല എന്ന് പറയുമായിരുന്നില്ല. വർഗ്ഗ വൈരുധ്യങ്ങൾ എന്താണ് എന്ന് മനസിലാകാത്തവർ. അല്ലെങ്കിൽ പഴയ അടിമ ഉടമകളെ; ആധുനിക ബൂർഷ്വാസിയെ -- മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന തീരുമാനം ഒരിക്കലും ഉണ്ടാകുമായിരുന്നില്ല. ജനാധിപത്യം എന്താണ് എന്ന് മനസിലാകാത്തവർ. അല്ലെങ്കിൽ ബൂർഷ്വാ പാർലമെന്ററി ജനാധിപത്യത്തിൽ സോഷ്യലിസം സ്ഥാപിക്കില്ല എന്ന് തീരുമാനിക്കുമായിരുന്നില്ല. മാനവ രാശിക്ക് സായുധ വിപ്ലവം നാടത്തി സോഷ്യലിസം സ്ഥാപിക്കാൻ പഴയ രാജ വാഴ്ചയിലേക്ക് തിരിച്ചു പോകാൻ ആവില്ല. മുതലാളിത്തം എന്താണ് എന്ന് മനസിലാകാത്തവർ; അല്ലെങ്കിൽ അതിന്റെ സ്വന്തന്ത്രമായ വളർച്ച എന്ന് തീരുമാനിക്കുമായിരുന്നില്ല. മുതലാളിത്തത്തിൽ മുതലാളിമാരുടെ; പണത്തിന്റെ ആധിപത്യം മാത്രമേ ഉണ്ടാവുകയുള്ളു. സ്ഥിരം ശതുക്കൾ ഇല്ല എന്ന് പറയുന്നവർ. വർഗ സമരത്തെ കുറിച്ച് അവർക്ക് യാതൊരു ധാരണയും ഇല്ല. ലോകമൊട്ടാകെ; സോഷ്യലിസ ത്തിനും മാർക്സിസത്തിനും എതിരായി ചൂഷക വർഗ്ഗങ്ങൾ ഒരേ മനസോടെ നിലകൊള്ളുകയാണ്. ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് എതിരെ സകലമാന പിന്തിരിപ്പന്മാരും ഒരേ മനസോടെ നിലകൊള്ളുന്നതിന്റെ കാരണം തൊഴിലാളിവർഗം ഒരുകാരണ വശാലും രാഷ്ട്രീയ ശക്തി ആകരുത് എന്ന ഉദ്ദേശത്തിലാണ്. ആരൊക്കെ പണ്ട് എന്തൊക്കെ വിവരക്കേടുകൾ തീരുമാനിച്ചിരുന്നു എന്ന് പറയുന്നതിൽ യാതൊരു അർത്ഥവും ഇല്ല. ആരെയും മോശക്കാർ ആക്കരുതല്ലോ എന്ന് കരുതുമ്പോൾ അവർ തെറ്റുകളിൽ നിന്നും തെറ്റുകളിലേക്ക് അതിവേഗം പായുകയാണ്. വർഗ്ഗ സമര സിദ്ധാന്തം എന്താണ് എന്ന് പാർട്ടി നേതൃത്വത്തിന് മനസ്സിലായില്ലെങ്കിൽ അതിന്റെ ദുരന്തം അനുഭവിക്കേണ്ടി വരിക ജനങ്ങളാണ്. പരാജയം ഉറപ്പാണ്‌ എന്ന് എത്രയെല്ലാം ബോധ്യപ്പെട്ടാലും അവിടെ തന്നെ ഉറച്ചുനിൽക്കുക. മുതലാളിത്തം പ്രോത്സാഹിപ്പിക്കാനുള്ളതല്ല മാർക്സിസം എന്ന് എങ്ങനെയാണ് സിപിഐ(എം)പോളിറ്റ് ബ്യൂറോയെ ബോദ്ധ്യപ്പെടുത്തുക? വിവരക്കേട് എന്ന് തീരുമാനിച്ചാലും അത് തിരുത്തുക തന്നെ വേണം. പാർട്ടി പരിപാടി മാറുന്നില്ലെങ്കിൽ ഹിന്ദുത്വ വാദികൾക്ക് ഇന്ത്യയെ സിപി(എം) അടിയറ വയ്ക്കുക മാത്രമാണ്. ഏത് കാര്യത്തിനും ജനങ്ങൾ വോട്ടു ചെയ്തുകൊള്ളും എന്ന് ഒരിക്കലും ധരിക്കരുത്. ഇന്ത്യ ഒട്ടാകെ ഇപ്പോൾ വോട്ട് ചോദിക്കുന്നത് ആഗോള വത്ക്കരണം നടപ്പിലാക്കുന്നതിനാണ്. അതാണ് പൊതുമേഖലാ വ്യവസായങ്ങളുടെ സ്വകാര്യ വത്ക്കരണത്തിന് പൂർണ പിന്തുണ കൊടുക്കുന്നത്‌,
//
മുക്കാൽ നൂറ്റാണ്ടോളം നിലനിന്ന പഴയ സോവിയറ്റ് യൂണിയൻ ഇല്ലാതായത് കൊണ്ട് ഭാവിയിൽ സോഷ്യലിസം ആവശ്യമില്ല എന്ന നിലപാടിൽ ആയിരിക്കണം ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്താനങ്ങൾ മുതലാളിത്തം മാത്രം മതി എന്ന നിലപാട് സ്വീകരിച്ചിട്ടുള്ളത്. പഴയ സോവിയറ്റ് യൂണിയനിലെ തകർച്ചയുടെ പ്രധാന കാരണം സോഷ്യലിസ്റ്റ് ചരക്ക് ഉത്പാദനത്തിൽ ജനങ്ങളുടെ സഹകരണം ഉണ്ടായിരുന്നില്ല എന്നതാണ്. ജനങ്ങളെ കൂടി സഹകരിപ്പിക്കാൻ തീരുമാനിച്ചത് കൊണ്ടാണ് ജനകീയ ചൈനക്ക് മുന്നോട്ടു പോകാൻ കഴിയുന്നത്. ജനങ്ങളുടെ ആവശ്യങ്ങളിൽ അടിക്കടി ഉണ്ടാകുന്ന മാറ്റങ്ങൾ അനുസരിച്ച് പുതിയ പുതിയ കണ്ടുപിടുത്തങ്ങളും ആശയങ്ങളും ഉണ്ടാകുന്നതിന് സ്വകാര്യ മേഖല സഹായിക്കും. ജനങ്ങളിൽ ബഹുഭൂരിപക്ഷവും കളങ്കം ഉള്ളവരല്ല എന്നതും കണക്കിലെടുക്കണം. സമൂഹത്തിന് ദോഷകരമാകാതെ സ്വകാര്യ മേഖല കൂടി ചരക്ക് ഉത്പാദനത്തിൽ ഏർപ്പെടുന്നത് സോഷ്യലിസത്തെ ശക്തിപ്പെടുത്തുക മാത്രമേയുള്ളു. എന്നാൽ അത് മുതലാളിത്തത്തിന്റെ ഭാഗം ആകുമ്പോൾ സാർവത്രികമായ അഴിമതിയും അത് കൊണ്ട് തന്നെ മറ്റെല്ലാ ദൂഷ്യങ്ങളും ഉണ്ടാകും. ചൈനയിൽ അത് എല്ലാം ഭംഗിയായി തന്നെ കൊണ്ട് പോകാൻ അവിടെയുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കഴിയുന്നു. കേരളത്തിൽ വിഴിഞ്ഞം തുറമുഖം നടപ്പാക്കിയത് "അദാനി" വഴി ആണെങ്കിലും കേരളത്തിലെ ഭരണം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ ആയതു കൊണ്ട് അഴിമതി ഇല്ലാതെ കാര്യക്ഷമമായി നടപ്പിലാകുന്നു. എന്നാൽ അവിടെയും ജോലി ചെയ്യുന്നത് തൊഴിലാളികളും പണം പൊതുജനങ്ങളുടേതും ആണെന്ന് ബന്ധപ്പെട്ട എല്ലാവരും കണക്കിലെടുക്കണം. മുതലാളിത്തം എന്നത് ചൂഷക വർഗ വാഴ്ചക്ക് ആയി അവർ നിയമിച്ചിട്ടുളള സാമൂഹ്യ നിയമങ്ങളും അന്ധ വിശ്വാസങ്ങളും എല്ലാം ആണെന്ന അറിവ് ഇല്ലായ്മയാണ് അടിസ്ഥാനകാരണം. മുതലാളിത്തത്തിൽ ഏറ്റവും വലിയ വ്യവസാസായ ഉത്പ്പന്നം ആക്കുന്നത് ദൈവങ്ങളെയാണ് എന്നതാണ് ആത്മീയ ചൂഷണത്തിന്റെ അടിസ്ഥാനവും വർഗീയ കക്ഷികളുടെ രാഷ്ട്രീയവും. മുതലാളിത്തത്തിൽ എപ്പോഴും ജനങ്ങളെ വിഡ്ഢികൾ ആക്കുന്നതും അവരെ കൊള്ളയടിക്കുന്നതും ആണെന്ന അറിവ് ഇല്ലായ്മയാണ് പ്രധാന കാരണം. മുതലാളിത്തം ഒരിക്കലും രാജ്യത്തെ അഭിവൃദ്ധിയിലേക്ക് നയിക്കില്ല എന്നതാണ് വളരെ ദീർഘ കാലം ഇന്ത്യ ഭരിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ് തെളിയിച്ചതും ഹിന്ദുത്വവാദികൾ തെളിയിച്ചു കൊണ്ടിരി ക്കുന്നതും. യഥാർത്ഥ രാജ്യ പുരോഗതിയും ജനങ്ങളുടെ അഭിവൃദ്ധിയും ഉണ്ടാകുന്നതിന് മാർക്സിസം എന്ന മനുഷ്യത്വത്തിന്റെ തത്വ ശശാസ്ത്രം ഉൾക്കൊള്ളുന്നവർക്ക് കഴിയും. ആ കാഴ്ചപ്പാടിലാലാണ് ഞാൻ സോഷ്യലിസം "ഇന്ത്യൻ മാതൃകയിൽ" എന്നത് പാർട്ടി സഖാക്കളുടെ മുൻപാകെ സമർപ്പിക്കുന്നത്. അത് ആരും പരിഗണിച്ചിട്ടുള്ളതായി കാണുന്നില്ല.
//
യഥാർത്ഥ ജനാധിപത്യം മുതലാളിത്തത്തിൽ അസാധ്യമായതു കൊണ്ടാണ് "സോഷ്യലിസ്റ്റ് സമ്പദ് ഘടന; ജനകീയ ജനാധിപത്യത്തിലൂടെ" എന്നതായിരിക്കണം പാർട്ടിപരിപാടി എന്ന കാഴ്ചപ്പാട് സമർപ്പിക്കുന്നത്. അതും ആരും ശ്രദ്ധിച്ചിട്ടുള്ളതായി മനസിലാകുന്നില്ല.
/
1950 കാലം മുതൽ ഇന്ത്യൻ മുതലാളിത്തം പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചത് തിരുത്തുന്ന പ്രശ്നമേയില്ല. അതാണ് ഇപ്പോൾ കാണുന്ന സിപിഐ(എം)പൊളിറ്റ് ബ്യൂറോയുടെയും കേന്ദ്ര കമ്മിറ്റിയുടേയും നിലപാടുകൾ ആയി മനസിലാക്കാൻ കഴിയുന്നത്. അതാണ് ഇപ്പോൾ 2000 ൽ അംഗീകരിച്ച പ്ലീനത്തിന്റെയും മറ്റും കാര്യങ്ങൾ വീണ്ടും വീണ്ടും വിശദീകരിക്കുന്നത്. 1920 - 25 കാലം മുതൽ ഇൻഡ്യയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം 1950 കാലം വരെ വളർന്നു എന്നും പുതിയ മുതലാളിത്തം പ്രോത്സാഹിപ്പിക്കുന്ന കാഴ്ചപ്പാടുകൾ (അതായിരുന്നു ഇന്ത്യൻ നാഷണൽ കോൺഗ്രസുമായി ഐക്യം ആകാമെന്ന ധാരണ പോലും ഡാങ്കേയുടേയും മറ്റും മനസികൾ ഉണ്ടാകാൻ കാരണം) എന്നും ഒരു വെറും ഹരിഹരക്കുറുപ്പ് പറഞ്ഞാൽ ആർക്കും ബോധ്യമാകുന്നില്ല. മാർക്സിസം ചൂഷണ രഹിത സാമൂഹ്യ വ്യവസ്ഥക്ക് ഉള്ളതാണെന്നകാര്യം ചില ഏരിയ സെക്രട്ടറിമാറിമാർ പറയുന്നത് കേട്ടിട്ടുണ്ട്. എന്നാൽ അത് സിപിഐ(എം)പൊളിറ്റ് ബ്യൂറോയുടെയും കേന്ദ്ര കമ്മിറ്റിയുടേയും അറിവോടെയും സമ്മതത്തോടെയും ആണോ എന്ന് അറിയില്ല. കാരണം അവരെ സംബന്ധിച്ചിടത്തോളം മുതലാളിത്തം പ്രോത്സാഹിപ്പിക്കുന്നത് അല്ലാതെ മറ്റ് യാതൊരു "കമ്മ്യൂണിസ്റ്റ് രാഷ്ട്രീയവും" ഇല്ല. അവരോട് 1950 കാലം മുതൽ പിന്തുടരുന്നത് ഇന്ത്യൻ ബൂർഷ്വാസിയെ; പഴയ അടിമ ഉടമകളെ പ്രോത്സാഹിപ്പിക്കുക എന്നത് വർഗ ശത്രുക്കളെ പ്രോത്സാഹിപ്പിക്കുകയാണ് എന്ന് ബോധ്യപ്പെടുത്താൻ യാതൊരു മാർഗവും ഇല്ല. അതായത് സോഷ്യലിസ്റ്റ് വ്യവസ്‌ഥക അംഗീകരിക്കുന്ന പ്രശ്നമേയില്ല. അതാണ് സിപിഐ(എം) കരട് രാഷ്ട്രീയപ്രമേയം നൽകുന്ന സന്ദേശം. അവിടെ തന്നെ നിൽക്കുകയാണ് എങ്കിൽ വീണ്ടും ഒരു സിപിഐ(എം) പാർട്ടി കോൺഗ്രസ് ഉണ്ടാവില്ല. പക്ഷെ അതും സിപിഐ(എം)പൊളിറ്റ് ബ്യൂറോക്ക് ബോധ്യപ്പെടില്ല. അവർ 2019 ലേയും 2024 ലേയും നിലപാടിൽ ഒരു മാറ്റവും വരുത്താൻ ഒരുക്കമല്ല. കേന്ദ്ര കമ്മിറ്റി അംഗങ്ങൾ അതിനു അനുവദിക്കുകയും ഇല്ല.
//
ഇന്ത്യയുടെ ഫെഡറൽ സംവിധാനം അംഗീകരിക്കുന്നില്ല പാർട്ടി പരിപാടി എന്നതിന്റെ തെളിവാണ് ബംഗാളിൽ ഉള്ളവർക്ക് ബംഗാൾ മാത്രം മതി; ഇന്ത്യ ആവശ്യം തന്നെയില്ല; എന്ന ചിന്താഗതി. (അത് എവിടെയും എത്തില്ല എന്നത് മറ്റൊരു കാര്യം) കേരളത്തിലുള്ളവർക്ക് കേരളം മാത്രം മതിയെന്ന ചിന്താഗതി. ഇന്ത്യ ഒട്ടാകെ പ്രവർത്തിക്കുന്ന സിപിഐ(എം) എന്ന രാഷ്ട്രീയപാർട്ടിയുടെ ഗതികേടിന്റെ ഏറ്റവും വലിയ തെളിവ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾ; അവിടെയുള്ള ജനങ്ങൾ എന്നത് ഒരു വിഷയമേയല്ല എന്നതാണ് "പാർട്ടി പരിപാടി"യുടെ വികലത. എന്നാൽ ഒരോ സംസ്ഥാനങ്ങൾക്ക് മാത്രമായി നിലനിൽക്കാൻ ആവില്ല എന്നതും ബംഗാൾ; കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ ഉള്ളവർക്ക് ബോദ്ധ്യമാവുന്നില്ല. ബംഗാളിൽ 34 വർഷങ്ങളിലെ അനുഭവം പോലും അവരെ ഒന്നും പഠിപ്പിക്കുന്നില്ല.
//
സിപിഐ(എം) പൊളിറ്റ് ബ്യൂറോയിലും കേന്ദ്ര കമ്മിറ്റിയിലും ഉള്ള സഖാക്കൾ തികച്ചും ആത്മാർത്ഥതയുള്ളവരും ശുദ്ധഗതിക്കാരും ആണെന്നതിൽ എനിക്ക് യാതൊരു സംശയവും ഇല്ല. അങ്ങനെയുള്ളവർക്ക്‌ അല്ലാതെ സിപിഐ(എം) ന്റെ അത്യുന്നത സ്ഥാനങ്ങളിൽ എത്തിച്ചേരാൻ ആവില്ല. പക്ഷെ അവർക്ക് ഈ ലോകത്തെപ്പറ്റി കാര്യമായ അറിവില്ല. അതാണ് ഇൻഡ്യ ആര് വേണമെങ്കിലും ഭരിക്കട്ടെ എന്ന ചിന്താഗതിയിൽ എത്തുന്നത്. അതും അവരുടെ കുറ്റം അല്ല. കാര്യങ്ങൾ ആഴത്തിൽ മനസിലാവാതെ ആവുക ഒരിക്കലും കുറ്റം അല്ല. ചുറ്റുപാടും ഉള്ളത് എല്ലാം അങ്ങനെ തന്നെ. അതിൽ ഒന്നാണ് ദൈവങ്ങൾ. നിഷ്‌കളങ്കരായ ആളുകൾക്ക് ദൈവം ആശ്വാസവും അഭയവുമാണ്. അതിനെ ആർക്കും എതിർക്കാൻ ആവില്ല. എന്നാൽ ആ ദൈവത്തെത്തന്നെ കൊടും ക്രൂരരായ നരേന്ദ്ര മോഡിയെപോലെയും മറ്റുമുള്ളവർ തികച്ചും സ്വാർത്ഥതക്കായി ജനങ്ങളെ കൊന്നൊടുക്കാൻ മാത്രമായി ഉപയോഗിക്കുന്നു. ഗുജറാത്തിൽ ഗർഭിണികളെപോലും കൊന്നൊടുക്കിയതും "ശ്രീ റാം" എന്ന് അലറി വിളിച്ചുകൊണ്ടായിരുന്നു. അതിന്റെ മറ്റൊരു രൂപമാണ് ഇസ്രയേലിലും നടക്കുന്നത്. കൊച്ചു കുട്ടികളെപ്പോലും കൊന്നൊടുക്കുന്നത് ഒരേ ദൈവത്തെ രണ്ട് പേരിൽ വിളിക്കുന്നവരാണ്. ഇങ്ങനെയുള്ള കാര്യങ്ങളിൽ എല്ലാവർക്കും ഒരേ അഭിപ്രായം ഉണ്ടാകണം എന്നില്ല.
//
കാറൽ മാർക്സിന്റെ വാക്കുകൾ അല്ല ആ മഹാന്റെ ജീവിത ലക്ഷ്യം ആണ് നാം അംഗീകരിക്കേണ്ടത് എന്ന് ഞാൻ പറഞ്ഞാൽ ആരും അത്ര വേഗം അംഗീകരിക്കില്ല. അദ്ദേഹത്തിന്റെ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ ഉള്ളവയാണ് അദ്ദേഹത്തിന്റെ വാക്കുകൾ. ലക്ഷ്യമാകട്ടെ ലോകത്തിൽ ആരും പട്ടിണിയും ദാരിദ്ര്യവും അനുഭവിക്കാത്ത ഒരു ലോകമാണ്. അതിനാണ് സോഷ്യലിസ്റ്റ് രാജ്യം എന്ന് പറയുക. അതിനായി വോട്ട് ചോദിച്ചാൽ ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും സഹകരിക്കും എന്നതാണ് ഇന്ത്യയിൽ ഇപ്പോൾ നിലനിൽക്കുന്ന സാഹചര്യം.
//
//
"വൈരുദ്ധ്യാധിഷ്ഠിത ഭൗതിക വാദം" ഇന്ത്യക്ക്‌ ബാധകമല്ല എന്ന നിലപാടിൽ സിപിഐ (എം) ഉറച്ചുനിൽക്കുന്നു എന്ന് മാത്രമാണ് സോഷ്യലിസ്റ്റ് ഇന്ത്യ എന്ന നിലപാട് അംഗീകരിക്കാൻ ഒരുക്കമല്ല എന്ന നിലപാടിന്റെ അർത്ഥം. സിപിഐ (എം) കരട് രാഷ്ട്രീയ പ്രമേയം നൽകുന്ന സന്ദേശം അതാണ്. അതാണ് "ആർഷ ഭാരതത്തിന്" ഒരു പച്ചകൊടി കൂടി നൽകിയത്. വൈരുധ്യാധിഷ്ഠിത ഭൗതിക വാദം എന്നത് മാർക്സിസത്തിന്റെ ശാസ്ത്രീയത തെളിയിക്കലാണ്. വിപരീതങ്ങൾ തമ്മിൽ ഐക്യവും ഉണ്ട്; സമരവും ഉണ്ട് എന്നതാണ് അതിന്റെ അർത്ഥം. നമ്മുടെ ശ്വാസ-ഉച്ച്വാസം അതിന് തെളിവാണ്. അകത്തേക്ക് എന്നതിന്റെ വിപരീതം ആണ് പുറത്തേക്ക്. ഒന്നിനേയും ഒഴിവാക്കാൻ ആവില്ല. ജനനം ഉണ്ടെങ്കിൽ മരണവും ഉണ്ട്. ഒന്നിനെ ഒഴിവാക്കാൻ ആവില്ല. കൂട്ടലും കുറക്കലും. ഗുണനവും ഹരണവും. എല്ലാം അതിന്റെ തെളിവാണ്. അതൊന്നും ഇന്ത്യക്ക് ബാധകമല്ല എന്ന നിലപാടിലാണ് വൈരുധ്യാധിഷ്ഠിത ഭൗതിക വാദം ഇന്ത്യക്ക്‌ ബാധകമല്ല എന്ന് തീരുമാനിച്ചത്.
//
സോഷ്യലിസം എന്ന ലക്ഷ്യത്തിന് അല്ലാതെ തൊഴിലാളി വർഗ്ഗത്തെ സംഘടിപ്പിക്കാൻ ആവില്ല എന്നത് പൂർണ ബോധ്യം ഉള്ളത് കൊണ്ടാണ് ലെനിൻ "എന്തു ചെയ്യണം?" എന്ന 1901 ൽ രചിച്ച കൃതിയിൽ "സോഷ്യലിസത്തിന്റെ പ്രസക്തി ലെവലേശം കുറച്ചു കാണരുത്" എന്ന് പറഞത്. ഇന്ത്യയിൽ അത് അംഗീകരിക്കാത്തതിന്റെ ഫലം ഇപ്പോൾ അനുഭവിക്കുകയാണ്. നൂറ്റിനാൽപ്പത് കോടി ജനങ്ങളുള്ള രാജ്യത്ത് പ്രവർത്തനം ആരംഭിച്ച് നൂറു വർഷം ആകുമ്പോഴും ഇന്ത്യൻ തൊഴിലാളി വർഗ്ഗത്തിന്റെ ഒരു ശതമാനം പോലും ചെങ്കൊടിക്ക് കീഴിൽ അണിനിരക്കാൻ ഒരുക്കമല്ല. അത് പാർട്ടി നേതൃത്വം ആവശ്യപ്പെടുന്നതുമാണ്. "സോഷ്യലിസം" പാർട്ടി പരിപാടിയായി സിപിഐ(എം) അംഗീകരിക്കാത്തിടത്തോളം ചാതുർവർണ്യ അടിസ്ഥാനത്തിലുള്ള ബ്രാഹ്മണാധിപത്യവും പ്രോത്സാഹിപ്പിക്കുകയാണ്. കാരണം അതിനെയെല്ലാം പ്രതിരോധിക്കാനുള്ളതാണ് മാർക്സിസവും സോഷ്യലിസ്റ്റ് ആശയ ഗതിയും. ജനാധിപത്യം ഉൾപ്പെടെ യാതൊന്നും മനസിലാവില്ലാത്തവരെ ഒരു കാര്യവും മനസിലാക്കാനും ആവില്ല.
//
സിപിഐ നേതാവ് പന്നിൻ രവീന്ദ്രൻ 2017 ൽ ഏഷ്യാനെറ്റ്‌ ന്യൂസ് ചാനലിൽ രാഹുൽ ഈശ്വർ എന്നയാളുമായി നടത്തിയ അഭിമുഖത്തിൽ "ആർഷ ഭാരത സംസ്കാരത്തിൽ നാം അഭിമാനം കൊള്ളണം" എന്ന് പറഞ്ഞത് സിപിഐ യുടെ നിലപാട് ആണെന്നാണ് ധരിച്ചത്. എന്നാൽ ഇപ്പോൾ തെളിയുന്നത് സിപിഐ (എം) ന്റെയും നിലപാട് അത് തന്നെ ആണെന്നാണ്. അതാണ്‌ കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാന മന്ത്രിക്ക് സാധാരണ ഉപഹാരത്തിനു പുറമെ ഒരു "പൊന്നാട" കൂടെ അണിയിച്ചതിന്റെ സൂചനയും. ഒരു വിധത്തിലും ജനാധിപത്യം അംഗീകരിക്കാത്ത അമിട് ഷാ "ഓട് പൊളിച്ച് മന്ത്രി ആയ ആളല്ല" എന്ന് അഭിപ്രായപെട്ടത്.
//
ഹിന്ദുത്വവാദികളുടെ "രാമരാജ്യം" ബ്രാഹ്‌മണാധിപത്യം ആയ രാജവാഴ്ച ആണെന്ന് അറിയാത്ത ആളാണോ പിണറായി വിജയൻ? "ജനാധിപത്യം" ഒരിക്കലും അവരുടെ സമീപനത്തിൽ വരുന്നതല്ല. "ജനാധിപത്യം" ഒരിക്കലും അംഗീകരിക്കാനാവാത്ത ഹിന്ദുത്വവാദികൾ മറ്റ് രാഷ്ട്രീയ പാർട്ടികളെ പരമാവധി പ്രവർത്തിക്കാൻ പോലും അനുവദിക്കില്ല എന്നതാണ് സിപിഐ(എം) ത്രിപുര സംസ്ഥാനകമ്മിറ്റി ആഫീസ് ആക്രമികച്ചതും തീ വച്ച് നശിപ്പിച്ചതും പ്രവർത്തകരെ കൊന്നൊടുക്കുന്നതും. അതാണ് സുപ്രീം കോടതിയുടെ അഞ്ച് അംഗ ഭരണ ഘടന ബെഞ്ചിന്റെ തീരുമാനം; തെരഞ്ഞെടുപ്പ് കമ്മീഷനെ തീരുമാനിക്കുന്നതിൽ സുപ്രീം കോടതി ജഡ്ജിയും ഉണ്ടായിരിക്കണം എന്നത്‌ തള്ളിക്കളയുന്നതിൽ യാതൊരു മടിയും നരേന്ദ്ര മോഡി കാണിക്കാത്തത്. തെരെഞ്ഞെടുപ്പ് കമ്മീഷൻ നിഷ്പക്ഷം ആയിരിക്കണം എന്നത് ഹിന്ദുത്വ വാദികൾക്ക് അംഗീകരിക്കാൻ ആവില്ല. കാരണം രാജവാഴ്ചയിൽ എല്ലാം തീരുമാനിക്കുക രാജാവാണ്; മനുസ്മൃതി യിൽ രാജാവിന് തീരുമാനിക്കാൻ കഴിയാത്തത് ബ്രാഹ്മണ സഭയാണ് തീരുമാനിക്കേണ്ടത്. പഴയ ആര്യഗോത്ര നിലപാട് മറ്റുള്ളവരെ ആക്രമിച്ച് കീഴടക്കുക എന്നതാണ്. പ്രാചീന ഇന്ത്യയിൽ ബിസി രണ്ടായിരത്തിനും ആയിരത്തിനും ഇടയിൽ എത്തിച്ചേർന്ന ആര്യന്മാർ അന്ന് ഉണ്ടായിരുന്ന ദ്രാവിഡരെ പരമാവധി കൊന്നൊടുക്കുകയും ബാക്കി ആയവരെ അടിമകൾ ആക്കുകയും ചെയ്തു. അതിന്റെ തുടർച്ചയാണ് 2002 ൽ ഗുജറാത്തിലും മണിപ്പൂരും നടത്തിയത്. ഇന്ത്യയിൽ മറ്റു എവിടെയും നടത്താൻ കാത്തിരിക്കുന്നതും. അതിൽ തന്നെയാണ് ഹിന്ദുത്വവാദികൾ ഇപ്പോഴും. അതാണ്‌ ഒരിക്കലും സോഷ്യലിസം പാർട്ടി പരിപാടി ആവില്ലാത്തത്. സോഷ്യലിസം അംഗീകരിക്കില്ലെങ്കിൽ ചുവന്ന കൊടി എങ്കിലും ഉപേക്ഷിക്കണം. ബഹുഭൂരിപക്ഷം സിപിഐ(എം) പോളിറ്റ് ബ്യൂറോ മെമ്പർമാരും ആർഷ ഭാരത സംസ്കാരത്തിൽ ഉറച്ചു നിൽക്കുന്നതിനാൽ അവർ ഒരിക്കലും സോഷ്യലിസ്റ്റ് ഇന്ത്യ എന്ന പാർട്ടി പരിപാടി ഇന്ത്യയിൽ അംഗീകരിക്കില്ല. അതിനാണ് ഇപ്പോൾ ഹിന്ദുത്വ വാദികൾക്ക് നല്ല സാക്ഷ്യപത്രം നൽകിയിട്ടുള്ളത്. 1950 കാലം മുതൽ 75 വർഷങ്ങൾ മാർക്സിസത്തിന് വിരുദ്ധമായി മുതലാളിത്ത സമൂഹത്തിന്റെ സ്വതന്ത്രമായ വളർച്ചക്ക് ആയി പ്രവർത്തിച്ചത് മൂലം ഉണ്ടായ മെച്ചം. അന്തരിച്ച മുൻ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ആവശ്യമില്ല എന്ന നിലപാടിന്റെ പൂർണതയിലേക്ക് ഇപ്പോഴത്തെ പോളിറ്റ് ബ്യൂറോ മെമ്പർമാരും കേന്ദ്ര കമ്മിറ്റി അംഗങ്ങളും ചേർന്ന് എത്തിച്ചിരിക്കും.
//
 
ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി (മാർക്സിസ്റ്റ്) 24 മത് പാർട്ടി കോൺഗ്രസിൽ പ്രതിനിധികളായി പങ്കെടുക്കുന്ന പാർട്ടി സഖാക്കളുടെ മുന്പാകെ സമർപ്പിക്കുന്നത്.
//
1950 കാലം മുതൽ 75 വർഷക്കാലം ഇന്ത്യൻ മുതലാളിത്തം വളർത്തണം എന്ന നിലപാട് സ്വീകരിച്ചത് മൂലം മാർക്സിസം എന്ന തത്വശാസ്ത്രവുമായി വളരെയേറെ കമ്മ്യൂണിസ്റ്റു പ്രസ്ഥാനം അകന്നുപോയിരിക്കുന്നു. അതാണ് പാർട്ടി ശതുക്കളില്ല എന്ന സ്ഥിതിയിൽ മുന്നോട്ടു പോകുന്നത്. തെരെഞ്ഞെടുപ്പ് അവസരങ്ങളിൽ വികസനം എന്നതല്ലാതെ വർഗ ശത്രുക്കളെ ആശയപരമായി നേരിടുന്ന സമീപനം ഇപ്പോൾ ഇല്ല. ശത്രുക്കൾ ആകട്ടെ  പാർട്ടി പ്രവർത്തകരെ കൊന്നൊടുക്കുകയും   കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ പ്രതിച്ഛായ തകർക്കുന്നതിനായി ശുദ്ധ നുണകൾ തുടർച്ചയായി നടത്തുകയാണ്.  ഇന്ത്യയിൽ ഒരിടത്തും ചെങ്കൊടിയുടെ രാഷ്ട്രീയം പാടില്ല എന്ന കാര്യത്തിൽ വർഗ ശത്രുക്കൾ ഒരേ മനസാണ്‌.   ഞാൻ 1969 മുതൽ 16 വർഷക്കാലം സിപിഐ രാഷ്ട്രീയത്തിലും 1985 മുതൽ നാൽപ്പത് വർഷത്തിലധികം സിപിഐ(എം) രാഷ്ട്രീയത്തിലും പ്രവർത്തിച്ചയാളാണ്. സർക്കാർ സർവീസിൽ കേരള എൻ ജി ഒ യൂണിയന്റെ കോട്ടയം ജില്ലാ കൗൺസിൽ അംഗമായി 1985--2005 വരെ പ്രവർത്തിച്ചിരിന്നു. സഖാക്കൾ വൈക്കം വിശ്വൻ; വി എൻ വാസവൻ തുടങ്ങിയ സഖാക്കൾക്ക് കോട്ടയം ജില്ലയിലുള്ള എന്റെ പ്രവർത്തനങ്ങൾ അറിയാവുന്നതാണ്. സിപിഐ രാഷ്ടീയത്തിൽ നിന്ന് ഒഴിവായത് സിപിഐ - കോൺഗ്രസ് സഖ്യത്തോട് യോചിക്കാൻ ആവാത്തതിലാണ്. 
/ / 
2002 മുതൽ സിപിഐ(എം) മുതലാളിത്തം പ്രോത്സാഹിപ്പിക്കുന്നത് ഉപേക്ഷിക്കണം എന്നും സോഷ്യലിസ്റ്റ്‌ സമ്പദ്ഘടന; ജനകീയ ജനാധിപത്യത്തിലൂടെ എന്നതാകണം പാർട്ടി പരിപാടി എന്ന അഭിപ്രായം മുന്നോട്ടു വയ്ക്കുകയാണ്. കെ. ദാമോദരൻ ഉൾപ്പെടെയുള്ളവരുടെ പാർട്ടി ക്ളാസുകളും കെ ദാമോദരന്റെ "മാർക്സിസ്റ്റ് പാഠങ്ങളും";മിച്ചമൂല്യസിദ്ധാന്തം; ഭൗതികവാദവും വൈരുധ്യാധിഷ്ഠിത ഭൗതികവാദവും തുടങ്ങിയവ പാർട്ടി സഖാക്കൾക്ക് പ്രയോചനപ്പെടണം എന്ന ഉദ്ദേശത്തിൽ സോഷ്യൽ മീഡിയ വഴി പ്രസിദ്ധീകരിച്ചു വരികയാണ്. അവ പാർട്ടി അംഗീകരിക്കുമെങ്കിൽ ആവശ്യമായ ഭേദഗതികളോടെ പുസ്തക രൂപത്തിൽ ആക്കാവുന്നതാണ്. അവയിലെ ഉള്ളടക്കം ആകെ പാർട്ടിക്ക് സമർപ്പിക്കുകയാണ്. ഇപ്പോൾ 75 വയസായ എനിക്ക് ആശയപരമായ സഹായങ്ങൾ മാത്രമേ നൽകാൻ ആവുകയുള്ളൂ. പാർട്ടി അംഗീകരിക്കുമെങ്കിൽ "സോഷ്യലിസ്റ്റ് സമ്പദ് ഘടന; ജനകീയ ജനാധിപത്യത്തിലൂടെ" (ബ്ലോഗ് 135--ഇഗ്ളീഷ്; 136 മലയാളം)-എന്നതിലെ വിഷയങ്ങളും ഇന്ത്യൻ ഭരണ ഘടന കൂടി അംഗീകരിച്ചുകൊണ്ടുള്ള സോഷ്യലിസം ഇന്ത്യൻ മാതൃകയിൽ എന്നതിലെ വിഷയങ്ങളും (ബ്ലോഗ് 500 ഇഗ്ളീഷ്; 501 (മലയാളം) പാർട്ടി മുൻപാകെ സമർപ്പിക്കുന്നു. അവയിലെ വിമർശനങ്ങൾ ഒഴിവാക്കി ആവശ്യമായ ഭേദഗതികൾ കൂടി ചേർത്ത് പാർട്ടി കോൺഗ്രസ് പരിശോധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

 
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ