2016 സെപ്റ്റംബർ 27, ചൊവ്വാഴ്ച

169.(i) എന്തുകൊണ്ടാണ് "പരിപാടി" നടപ്പിലാക്കാൻ ആവില്ലാത്തതാണ് എന്ന് പറയുന്നത്?

169.(i) എന്തുകൊണ്ടാണ് "പരിപാടി" നടപ്പിലാക്കാൻ ആവില്ലാത്തതാണ്  എന്ന് പറയുന്നത്?                                  

..........ഇൻഡ്യയിലെ കമ്മ്യൂണിസ്റ് പ്രസ്ഥാനം 1950 കൾ മുതൽ സ്വീകരിച്ചിട്ടുള്ള നിലപാട്  ഇൻഡ്യൻ മുതലാളിത്തം സോഷ്യലിസം സ്ഥാപിക്കാൻ മാത്രം വളർന്നിട്ടില്ല (പക്വമല്ല) എന്നും ഇൻഡ്യൻ മുതലാളിത്തം പ്രോത്സാഹിപ്പിക്കേണ്ട ഘട്ടത്തിലാണ് എന്നുമാണ്.  ഇതിന്റെ ഭാഗമാണ് 1957 ലെ സ.ഈ.എം.എസ്. സർക്കാർ  ബിർളയെ ക്ഷണിച്ചു വരുത്തി "മാവൂർ റയോൺസ്" തുടങ്ങിയതും പ. ബംഗാളിലെ ബുദ്ധദേബ് ഭട്ടാചാര്യ സർക്കാർ 9117 കൃഷിക്കാരുടെ ഭൂമി പിടിച്ചെടുത്ത്‌  ടാറ്റയ്ക്ക്  കാർ ഫാക്റ്ററി തുടങ്ങാനായി നൽകിയതും.  "ഇൻഡ്യൻ മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" എന്നത്  "പരിപാടി"യിൽ വ്യക്തമായി കാണിച്ചിട്ടില്ല കാരണം അങ്ങനെ കാണിച്ചാൽ "പരിപാടി" പാസാക്കി എടുക്കാൻ ആവില്ല എന്ന് എല്ലാവർക്കും അറിയാം.  എന്നാൽ പാർട്ടി ക്ളാസുകളിൽ ഈ കാര്യം തുറന്നുപറയും.  സി.പി.ഐ. യുടെ "ദേശീയ ജനാധിപത്യ മുന്നണി" യോ സി.പി.ഐ.(എം) ന്റെ "ജനകീയ ജനാധിപത്യ മുന്നണി" യോ അല്ല പ്രശ്നം; "മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" എന്ന നിലപാടാണ്.  ഈ കാര്യം പുനഃ പരിശോധിക്കാതെ ഇൻഡ്യയിലെ കമ്മ്യൂണിസ്റ്  പ്രസ്ഥാനത്തിന്റെ ഇന്നത്തെ അവസ്ഥ മാറുകയില്ല; പരിപാടി  നടപ്പിലാക്കാൻ ആവുകയുമില്ല.

............(2) കാറൽ മാർക്സ്  മഹാനായത്  അദ്ദേഹം കണ്ടെത്തിയ  കാര്യങ്ങൾ കൃത്യമായതും ആർക്കും നിഷേധിക്കാൻ ആവാത്തത് ആയതുകൊണ്ടുമാണ്.  അദ്ദേഹത്തിന്റെ പ്രാഥമികമായ കണ്ടെത്തലാണ്  "പരിത സ്ഥിതി മനുഷ്യന്റെ ബോധത്തെയാണ്  നിർണയിക്കുക; ബോധം പരിത സ്ഥിതിയെ അല്ല" എന്നത്.  ഇതിന്റെ തുടർച്ചയാണ്  "ഒരു സമൂഹത്തിലെ സാമ്പത്തിക വ്യവസ്ഥയാണ്  രാഷ്ട്രീയ - സാംസ്ക്കാരിക ഉപരിഘടനയെ നിർണയിക്കുക" എന്നത്.  ഈ കണ്ടെത്തലാണ്  മാർക്സിന്റെ ബ്രഹത്തായ കൃതി "മൂലധനം" മുതലാളിത്ത സാമ്പത്തിക ക്രമത്തിന്റെ പരിപൂർണമായ പരിശോധനയ്ക്ക്  ഇടയാക്കിയത്. അതുകൊണ്ടാണ്  മാർക്സ് എല്ലാ കാലത്തെയും സാമ്പത്തിക വ്യവസ്ഥകളെ പരിശോധിക്കുന്നത്. പ്രാകൃത കമ്യൂണിസം; അടിമത്തം; ഫ്യുഡലിസം; മുതലാളിത്തം; സോഷ്യലിസം  -  എല്ലാം  സാമ്പത്തിക വ്യവസ്ഥകളാണ്.  അടിസ്ഥാനപരമായ ഈ കാര്യത്തിൽ ധാരണ ഇല്ലാത്തതുകൊണ്ട്  "മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" എന്ന നിലപാട് സ്വീകരിച്ചതും ഫ്യൂഡലിസത്തിലും ചാതുർവർണ്യത്തിലും കെട്ടിപ്പൊക്കിയ ഇന്ത്യൻ മുതലാളിത്തം പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചതും.  ചരിത്രപരമായ കാരണങ്ങളാൽ തന്നെ മുതലാളിത്തത്തിൽ ബൂർഷ്വാസിക്കാണ്  ആധിപത്യം ഉണ്ടായിരിക്കുക.  അവർക്ക് സാമ്പത്തിക ആധിപത്യം ഉണ്ടായിരിക്കുന്നിടത്തോളം അവരെ പ്രോത്സാഹിപ്പിച്ചു കൊണ്ട്  തൊഴിലാളി വർഗ്ഗത്തിന്റെ ഭരണകൂടം സ്ഥാപിക്കാമെന്നു ചിന്തിക്കുന്നതുപോലും ഫലിതമായിട്ട്  മാത്രമേ കാണാനാവുകയുള്ളു.   

.........."പണത്തിനു മേലെ പരുന്തും പറക്കുകയില്ല"  എന്നത്  വെറും ഒരു പഴഞ്ചൊല്ല് മാത്രമല്ല; പച്ചപരമാർഥം  മാത്രമാണെന്ന്  നമുക്കറിയാം.  "വൻകിട ബൂർഷ്വാ ഭൂ പ്രഭു  വർഗത്തെ തൂത്തെറിഞ്ഞിട്ടു  വേണം ജനകീയ ജനാധിപത്യം സ്ഥാപിക്കാൻ".  മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്നാൽ പ്രോത്സാഹിപ്പിക്കേണ്ടത് ബൂർഷ്വാസിയെ ആണ്.  അവരെ  സാമ്പത്തിക നയത്തിൽ പ്രോത്സാഹിപ്പിക്കുകയും വേണം രാഷ്ട്രീയമായി തൂത്തെറിയുകയും വേണം. (അവരുടെ സ്വാധീനം ഇല്ലാതാക്കണം).  ഇത് രണ്ടും ഒരേ സമയം നടക്കുകയില്ല എന്ന് ബോധ്യപ്പെടുത്താൻ ആണ് ഞാൻ എന്റെ പുസ്തകത്തിൽ കൂടിയും അല്ലാതെയും  കഴിഞ്ഞ നിരവധി വർഷങ്ങളായി  ശ്രമിച്ചു കൊണ്ടിരിക്കുന്നത്.  നിർഭാഗ്യവശാൽ  ഞാൻ ചൂണ്ടിക്കാണിക്കുന്ന  വസ്തുതകൾ കണക്കിലെടുക്കാൻ ആരും തയ്യാറാകുന്നില്ല. 

..........ഇവിടെ ഞാൻ  ഈ വസ്തുത  ചൂണ്ടിക്കാണിക്കുന്നത്  മഹാനായ കാറൽ  മാർക്സിന്റെ  അടിസ്ഥാനപരമായ ഒരു  കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ്.  എന്താണ് സോഷ്യലിസം എന്ന് മനസിലാക്കാതെ; സായുധ വിപ്ലവത്തിൽ കൂടി മാത്രമേ സോഷ്യലിസം സാധ്യമാകു എന്ന തെറ്റിദ്ധാരണയിൽ നിന്നും  ഉടലെടുത്ത  ഒരു  "പരിപാടിയുടെ" അടിസ്ഥാനപരമായ ദൗർബല്യമാണിത്. 1950 കാലം മുതൽ ഇന്ത്യയിലെ കമ്മ്യൂണിസ്ററ്  പ്രസ്ഥാനത്തിന്റ വളർച്ച  ഇല്ലാതാക്കിയ ഈ യാഥാർഥ്യം  പുനഃപരിശോധിക്കാൻ ഇനിയെങ്കിലും പാർട്ടി നേതൃത്വം തായാറാകണം.  മുതലാളിത്തം  ഇല്ലാതാക്കാൻ മാത്രം  ആവിഷ്‌ക്കരിച്ച  ഒരു തത്വ ശാസ്ത്രം  മുതലാളിത്തം പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചപ്പോൾ ഉണ്ടായ പ്രത്യയ ശാസ്ത്ര തിരിച്ചടികൾ .
.......       ....                                ..                   (അടുത്തതിൽ)...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ