512. ഇടതുപക്ഷങ്ങളുടെ അന്ധമായ മാർക്സിസ്റ്റ് - സോഷ്യലിസ്റ്റ് വിരുദ്ധ നിലപാട് ഇന്ത്യ മഹാ രാജ്യത്തെ അനന്തമായ ഹിന്ദുത്വ വാഴ്ചക്ക് ഇടയാക്കുകയാണ്.
//
1950 കാലം മുതൽ കഴിഞ്ഞ 73 വർഷങ്ങളായി ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ സോഷ്യലിസ്റ്റ് വിരുദ്ധ നിലപാടാണ് സ്വീകരിച്ചു വരുന്നത്. സ.ഇ എം എസിന്റെ "തൊഴിലാളി വർഗ രാഷ്ട്രീയത്തിന്റെ ശാസ്ത്രവും കലയും" എന്ന കൃതിയുടെ ഇരുപത്തിഒന്നാം പേജിൽ സൂചിപ്പിക്കുന്ന "മുതലാളിത്ത സമൂഹത്തിന്റെ സ്വതന്ത്രമായ വളർച്ച" എന്ന നിലപാടിന്റെ "കാഴ്ചപ്പാടിൽ" മുതലാളിത്തം വളരണം എന്ന നിലപാടിൽ തന്നെ തുടരുന്നതിനാലാണ് നരേന്ദ്ര മോഡി സർക്കാർ ഇന്ത്യയിലെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യവത്ക്കരിക്കുമ്പോൾ പ്രക്ഷോഭ സമരങ്ങളിൽ ഒന്നും "സ്വകാര്യ വത്ക്കരണം പാടില്ല" എന്ന ആവശ്യം ഒരു മുഖ്യ ഇനമായി കാണിക്കാത്തത്. അതിനർത്ഥം സോഷ്യലിസ്റ്റ് വിരുദ്ധ നിലപാട് ഉപേക്ഷിക്കില്ല എന്ന് തന്നെയാണ്. പൊതുമേഖലകൾ സ്വകാര്യവത് ക്കരിക്കുന്നതിന് അനുകൂലമായ ഇടതുപക്ഷ നിലപാട് ഇടതുപക്ഷ രാഷ്ട്രീയം തന്നെ ഇല്ലാതാക്കുകയും ഹിന്ദുത്വ വാഴ്ച അനന്തകാലത്തേക്ക് തുടരുന്നതിനും ഇടയാക്കും. ഉത്പാദനോപാദികൾ പൊതു ഉടമസ്ഥതയിൽ കൊണ്ട് വരിക എന്ന് പറഞ്ഞാൽ ചൂഷണം ഇല്ലാതാക്കുക എന്ന് തന്നെയാണ് അർഥം. അവിടെ "ലാഭം" പൊതുഖജനാവിലാണ് എത്തിച്ചേരുക. ഒരു കാരണ വശാലും പൊതു മേഖലകൾ പാടില്ല എന്ന് ശഠിക്കുന്നത് ചൂഷണം ശക്ത മാക്കണം എന്ന അടിസ്ഥാനത്തിൽ തന്നെയാണ്. ഇവിടെ നിഷ്പക്ഷനാവുക എന്നു പറഞ്ഞാൽ ഞാൻ ചൂഷണത്തെ അംഗീകരിക്കുന്നു എന്നാണ് അർഥം.
/
മുതലാളിത്തവും സോഷ്യലിസവും ആശയപരമായി രണ്ട് വ്യത്യസ്ത ധ്രൂവങ്ങളാണ്. പണിയെടുക്കുന്ന ജനങ്ങളുടെ താത്പ്പര്യങ്ങളും സംരക്ഷിക്കപ്പെടണം എന്നതും അത് ഒരു കാരണ വശാലും പാടില്ല എന്നതുമാണ് ഏറ്റവും ലളിതമായി പറഞ്ഞാൽ രണ്ട് സാമൂഹ്യ വ്യവസ്ഥകളുടെയും യഥാർത്ഥ പൊരുൾ.
/
"ജനാധിപത്യം" എന്ന വാക്കിന്റെ അർത്ഥം പോലും മനസിലാക്കാതെ; അധികാരം ജനങ്ങളിലേക്ക് മാറ്റപ്പെടുന്നതിനെ ഉപയോഗിക്കാൻ കഴിഞ്ഞില്ല. ജനങ്ങളെ "മാർക്സിസവും" സോഷ്യലിസ്റ്റ് ആശയങ്ങളും പഠിപ്പിക്കാനുള്ള സാധ്യതകൾ പോലും ഇല്ലാതാക്കിക്കൊണ്ടാണ് "മുതലാളിത്തം" പ്രോത്സാഹിപ്പിക്കുക എന്ന നിലപാട് സ്വീകരിച്ചത്. അതാകട്ടെ എന്താണ് മാർക്സിസം എന്നും എന്തിനാണ് കാറൽ മാർക്സ് എല്ലാ ജീവിതക്ളേശങ്ങളും സഹിച്ച് അങ്ങനെയൊരു തത്വ ശാസ്ത്റത്തിന് രൂപം കൊടുത്തത് എന്നും മനസിലാക്കാതെ ആയിരുന്നു. ഏത് ജനവിഭാഗങ്ങൾക്ക് വേണ്ടിയാണോ ആ തത്വ ശാസ്ത്രം നിലവിൽ വന്നത്; അവർക്ക് എതിരെയാണ് മുതലാളിത്തം നിലകൊള്ളുന്നത് എന്ന് മനസിലാക്കാതെയാണ് ചൂഷക വർഗ്ഗങ്ങൾക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചത്. അപ്പോൾ സ്വാഭാവികമായും മാർക്സിസം പ്രതിനിധാനം ചെയ്യുന്ന ജനവിഭാഗങ്ങൾ അകന്നുപോയി. നേതൃത്വത്തിൽ ഉള്ളവർക്ക് പോലും എന്താണ് മാർക്സിസം എന്നും എന്താണ് മുതലാളിത്തം എന്നും മുതലാളിത്ത ചൂഷണം എന്താണെന്നും മനസിലാകാതെ ആയപ്പോൾ ചൂഷക വർഗ്ഗങ്ങൾ വളരെ വിദഗ്ധമായി ഇന്ത്യ മഹാ രാജ്യത്തിന്റെ തന്നെ ഭരണാധികാരികളും ആയി മാറി. ഈ വളരെ വൈകിയ വേളകളിൽ പോലും തെറ്റ് തിരുത്താനല്ല; കൂടുതൽ കൂടുതൽ തെറ്റുകളിലേക്ക് പോകാനാണ് "ഇടതുപക്ഷങ്ങൾ" ഇന്ത്യയിൽ തയാറെടുക്കുന്നത്. അതാണ് കമ്മ്യൂണിസ്റ്റ് പാർട്ടികൾ സാർവദേശീയ കാഴ്ചപ്പാടുകൾ പോലും ഉപേക്ഷിച്ച് ഇന്ത്യ ആര് വേണമെങ്കിലും ഭരിക്കട്ടെ, കേരളത്തിലെ "കമ്മ്യൂണിസ്റ്റ് " പാർട്ടിക്ക് കേരളം മാത്രം മതി എന്ന നിലപാടിന് കാരണം.
//
ഫെഡറൽ സംവിധാനത്തിൽ സാമ്പത്തിക, രാഷ്ട്രീയ പരമാധികാരം കേന്ദ്ര ഭരണത്തിനാണെന്ന വസ്തുതകൾ പോലും മനസിലാക്കാതെയുള്ള "കേരളത്തെ മാത്റം വികസിപ്പിക്കാം" എന്നത് പോലും സാധ്യമല്ല എന്നതും വിസ്മരിക്കുകയാണ്. "മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" എന്ന നിലപാടിൽ നിന്നും ഒരിക്കലും മാറില്ല എന്നതുകൂടെയാണ് നൂറ്റിമുപ്പത്തിയഞ്ച് കോടിയിലധികം ജനങ്ങളുള്ള ഒരു രാജ്യത്തിന്റെയാകെ ഭാവി അപകടത്തിൽ ആക്കിമാറ്റുന്നത്. കേരളത്തിൽ ഇപ്പോൾ നടത്തിവരുന്ന "ജനകീയ പ്രതിരോധം" കേരളത്തെ മാത്റം സംരക്ഷിക്കുക എന്ന കാഴ്ചപ്പാടിലാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ