2022 ഏപ്രിൽ 12, ചൊവ്വാഴ്ച

439. സിപിഐ(എം) കേന്ദ്ര കമ്മിറ്റിയുടെ മുമ്പാകെ ഒരു അപേക്ഷ.

           439. സിപിഐ(എം) കേന്ദ്ര കമ്മിറ്റിയുടെ മുമ്പാകെ ഒരു അപേക്ഷ.

. .സിപിഐ (എം) ന്റെ 23 - മത് പാർട്ടി കോൺഗ്രസിൽ 1950 കാലം മുതൽ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം സ്വീകരിച്ചിട്ടുള്ള "മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" എന്ന സാമ്പത്തിക നയം ഉൾപ്പെടുന്ന "ജനകീയ ജനാധിപത്യ വിപ്ളവം" എന്ന നിലപാട് ഉപേക്ഷിക്കുകയും "സോഷ്യലിസ്റ്റ് ഇന്ത്യ, ജനകീയ ജനാധിപത്യത്തിലൂടെ" എന്ന പാർട്ടി പരിപാടിയുടെ ധാരണയിൽ എത്തും എന്ന ഉറച്ച ധാരണയിലായിരുന്നു ഞാൻ.
മാർക്സിന്റെ പ്രാഥമികമായ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലും പ്രായോഗികമായും നടപ്പിലാക്കാൻ ആകാത്തതും പാർട്ടിയുടെ നിലനിൽപ്പ് പോലും ഇല്ലാതാക്കുന്നതുമാണ് മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന "കാഴ്ചപ്പാട്".
.
. .യഥാർത്ഥ പാർട്ടി പരിപാടിയിൽ കാണിക്കാത്ത കാര്യമാണ് പാർട്ടി ഏറ്റവും പ്രാധാന്യത്തോടെ നടപ്പിലാക്കാൻ ശ്രമിക്കുന്നത്. അതിന്റെ ഭാഗമാണ് പൊതുമേഖലയുടെ സ്വകാര്യ വത്ക്കരണത്തെ എതിർക്കേണ്ടതില്ല എന്ന നിലപാട്. അതാകട്ടെ പാർട്ടി പരിപാടി 6.5 ന്റെ നഗ്നമായ ലംഘനവുമാണ്. ഏറ്റവും പ്രാധാന്യത്തോടെ ഏറ്റെടുക്കേണ്ടത് പൊതുമേഖലയുടെ സംരക്ഷണമാണ് എന്തെന്നാൽ അവയിലെ "ലാഭം" രാഷ്ട്രത്തിനായിരിക്കും എന്നത് ചൂഷണ രഹിത സാമൂഹ്യ വ്യവസ്ഥയുടെ സൂചനയുമാണ്. "പൊതുമേഖലക്ക് നിർണായക സ്ഥാനം ഉണ്ടായിരിക്കും" എന്ന പരിപാടി 6.5 ലെ പ്രസ്താവന പോലും കണക്കിലെടുക്കാതെ ഹിന്ദു വർഗീയ വാദികളുടെ സ്വകാര്യവത്ക്കരണത്തെ പരോക്ഷമായി പിന്തുണക്കുന്നത് ഇന്ത്യയുടെ തന്നെ സമ്പൂർണ തകർച്ചയിലേക്കാണ് നയിക്കുന്നത്.
.
. .പാർടി പരിപാടി ഭേദഗതി ചെയ്യാൻ തീരുമാനം ഇല്ലെങ്കിൽ അത് കാര്യങ്ങൾ മനസിലാക്കാനുള്ള കഴിവുകേട് മാത്രമാണ്. എന്നാൽ അത് ബാധിക്കുക 135 കോടി ജനങ്ങളുള്ള ഒരു രാജ്യത്തിന്റെയാകെ ഭാവിയാണ് ഞാൻ കണക്കിലെടുക്കുന്നത്. കാരണം മുതലാളിത്ത വ്യവസ്ഥയിൽ ബൂർഷ്വാ ജനാധിപത്യം മാത്റമേ നടപ്പിലാവുകയുള്ളു. അടിമ കാലം മുതൽ തുടരുന്ന ചൂഷക വർഗ വാഴ്ചയുടെ തുടർച്ചയാണ് ഫ്യുഡലിസത്തിലും മുതലാളിത്തത്തിലും സംഭവിക്കുക. ചൂഷക വർഗങ്ങളുടെ "മർദനോപകാരമാണ് ഭരണ കൂടം" എന്നും സമ്പത്തിന്റെ ആധിപത്യമാണ് ഭരണകൂട ആധിപത്യത്തിന്റെ അടിസ്ഥാനം എന്നതുമാണ് അടിസ്ഥാന മാർക്സിസ്റ്റ് കാഴ്ചപ്പാട്. അതിന്റെ ഭാഗമാണ് "സാമ്പത്തിക അടിത്തറയാണ് രാഷ്ടീയവും സാംസ്കാരികവുമായ ഉപരിഘടനയെ നിർണയിക്കുക" എന്ന മാർക്സിന്റെ അടിസ്ഥാന പരമായ കണ്ടെത്തൽ. ഇതെല്ലാം മനസിലാക്കുന്നവർ ആരും ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന സാമ്പത്തിക നയവും മുതലാളിത്തം പ്രോത്സാഹിപ്പിക്കുന്ന "ജനകീയ ജനാധിപത്യ വിപ്ളവം" എന്ന പാർട്ടി പരിപാടിയും സ്വീകരിക്കില്ല. എങ്കിൽ പോലും 1950 കാലം മുതൽ 72 വർഷങ്ങളിലെ കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ ദയനീയ അവസ്ഥ കണ്ടെങ്കിലും പാർട്ടി പരിപാടിയിൽ മാറ്റം വരുത്തുമെന്ന് പ്രതീക്ഷിച്ചു. ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർ പാർട്ടി പരിപാടി തുടരാൻ തന്നെ തീരുമാനിച്ചതിലെ ദുരൂഹത പിടി കിട്ടുന്നില്ല. പ്രത്യേകിച്ച് ബംഗാളിലെയും ത്രിപുരയിലെയും അനുഭവം കൂടി നിലനിൽക്കുമ്പോൾ. ഇതുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും നിരവധി ബ്ളോഗുകളിലായിട്ടാണ് അവതരിപ്പിക്കുന്നത്. അവയൊക്കെ ആരൊക്കെ കാണുന്നു എന്ന്‌ അറിയില്ല. ഏതായാലും ഇന്ത്യയിൽ പ്രസ്ഥാനം നിലനിൽക്കണം എന്നും ഹിന്ദു വർഗീയ വാദികളുടെ കിരാത വാഴ്ച ഇല്ലാതാകണം എന്നും സിപിഐ(എം) നേതൃത്വം താത്പ്പര്യപ്പെടുന്നു എങ്കിൽ ഇനിയും ഒരു പാർട്ടി കോൺഗ്രസിന് കാത്തുനിൽക്കാതെ പാർട്ടി പരിപാടി ഭേദഗതി ചെയ്യാനും "സോഷ്യലിസ്റ്റ് സമ്പദ് ഘടന, ജനകീയ ജനാധിപത്യത്തിലൂടെ" എന്ന ലക്‌ഷ്യം അംഗീകരിക്കാനും തയ്യാറാകണം. അതിന് സഹായകരമായ നിലപാട് എല്ലാ പാർട്ടി സഖാക്കളും പാർട്ടി അനുഭാവികളും നല്ലവരായ നാട്ടുകാരും സ്വീകരിക്കണം എന്ന് അപേക്ഷിക്കുന്നു. അല്ലാത്തപക്ഷം ഹിന്ദു വർഗീയ വാദികളുടെ ഭീകര ഭരണത്തിൽ നിന്നും ഇന്ത്യൻ ജനതയെ രക്ഷിക്കാൻ ആവില്ല.
. ...
. . "മാർക്സിസം" ചൂഷണം ഇല്ലാത്ത സാമൂഹ്യവ്യവസ്ഥക്ക്‌ മാത്രം ഉള്ളതാണെന്ന അടിസ്ഥാന വസ്തുത മനസിലാക്കുന്നില്ല എന്നത് മാത്രമാണ് ഇപ്പോഴത്തെ പരിപാടി തുടരുന്നതിൽ നിന്നും വ്യക്തമാവുക.
.
.ഇൻഡ്യൻ നാഷണൽ കോൺഗ്രസിനെക്കുറിച്ചുള്ള 1964 ലെ വിലയിരുത്തൽ അത് "വൻകിട ബൂർഷ്വാ-ഭൂ പ്രഭു വർഗങ്ങളെ" പ്രതിനിധാനം ചെയ്യുന്ന പാർട്ടി ആണെന്നായിരുന്നു. എപ്പോഴാണ് ആ നിലപാടിൽ മാറ്റം വരുത്തിയത്? "കോൺഗ്രസിന് മാത്രമേ ഇന്ത്യയെ രക്ഷിക്കാനാവുകയുള്ളു" എന്ന് പറഞ്ഞ "സഖാവിന്റെ" നിലപാടിൽ മാറ്റം പ്രതീക്ഷിക്കാമോ?
.
ഹരിഹരക്കുറുപ്പ്. പി എസ്., 11 04 2022.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ