306. തെരഞ്ഞെടുപ്പുകൾ വർഗ സമരങ്ങളുടെ ഭാഗമാകുന്നില്ല.
..................28 10 2019.................
.........."മുതലാളിത്തം പ്റോത്സാഹിപ്പിക്കണം" എന്ന കാഴ്ചപ്പാടിൽ ഉറച്ചു നിൽക്കുന്നതുകൊണ്ട് സിപിഐ (എം) പങ്കെടുക്കുന്ന തെരഞ്ഞെടുപ്പുകൾ ഒന്നും വർഗ സമരത്തിന്റെ ഭാഗമായി മാറ്റാൻ കഴിയുന്നില്ല. ബൂർഷ്വാ രാഷ്ട്രീയക്കാരന്റെ കാപഠ്യ വാഗ്ധോരണികളുടെ ഭാഗമായ "വികസനം" എന്ന കേവല പദപ്റയോഗത്തിലേക്ക് മാത്റമായി തെരഞ്ഞെടുപ്പുകൾ മാറുന്നു. ജനജീവിതം സാധാരണ ഗതിയിൽ ആക്കുന്നതിനുള്ള "വികസനം" (സൗകര്യങ്ങൾ) തീർച്ചയായും ആവശ്യമാണ്. റോഡുകളും പാലങ്ങളും ആശുപത്റികളും വിദ്യാലയങ്ങളും എല്ലാം ഉണ്ടാകണം.
..........എന്നാൽ ജനങ്ങളുടെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിന് ഇവ മാത്റം മതിയാവുകയില്ല. രാജ്യത്തിന്റെ വളർച്ച എന്നാൽ ജനങ്ങളുടെ ജീവിത നിലവാരത്തിൽ ഉണ്ടാകേണ്ട വളർച്ചയാണ്. രാജ്യത്തിന്റെ ആകെ സമ്പത്തും ആകെ ജനങ്ങൾക്കും പ്റയോജനപ്പെടണം. മുതലാളിത്തം അത് അനുവദിക്കുന്നില്ല. "കൈയൂക്ക് ഉള്ളവൻ കാര്യക്കാരൻ" എന്നതാണ് മുതലാളിത്തത്തിന്റെ അടിസ്ഥാന പ്റമാണം. എന്നാൽ സോഷ്യലിസത്തിലെ ലക്‌ഷ്യം തികച്ചും വ്യത്യസ്തമാണ്. ബഹുഭൂരിപക്ഷം ജനങ്ങൾക്കും ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള തൊഴിലും അതിൽ നിന്നും ന്യായമായ വരുമാനവും ഉണ്ടാകണം. അത് വ്യാവസായിക വളർച്ചയ്ക്കും അനിർവാര്യമാണ്. ജനങ്ങളിൽ ഭൂരിപക്ഷവും തൊഴിലും വരുമാനവും ഇല്ലാത്തവരായതാണ് വ്യാവസായിക രംഗത്തെ തിരിച്ചടികൾക്ക് കാരണം. അത് പരിഹരിക്കുന്നതിന് ആവശ്യമായ സാഹചര്യങ്ങൾ ഉണ്ടാക്കിയെടുക്കേണ്ടത് ഭരണ കൂടത്തിന്റെ ഉത്തര വാദിത്വം ആണ്. ആ ഉത്തര വാദിത്വം നിർവഹിക്കുന്നതിൽ സ്വാതന്ത്റിയാനന്തര ഭാരതത്തിലെ ഭരണം നിർവഹിച്ച ഇൻഡ്യൻ നാഷണൽ കോൺഗ്രസിനും അവരെ തുടർന്ന് ഭരണം ഏറ്റെടുത്തിട്ടുള്ള ഹിന്ദു വർഗീയ വാദികൾക്കും കഴിഞ്ഞിട്ടില്ല; കഴിയുന്നില്ല എന്നതാണ് ഇൻഡ്യ നേരിടുന്ന ഏറ്റവും വലിയ ദുരന്തം. ഇവയൊക്കെയും തെരഞ്ഞെടുപ്പുകളിൽ ചർച്ച ചെയ്യാൻ കഴിയണം.
..........കാർഷിക മേഖലയിലെ പ്റശ്നങ്ങൾ ബൂർഷ്വാ രാഷ്ട്റീയക്കാർക്ക് ഒരു പ്റശ്നമേയല്ല. സോഷ്യലിസ്റ്റു വ്യവസ്ഥയിൽ മാത്റമേ കാർഷിക മേഖലയിലെ പ്റശ്നങ്ങൾ പരിഹരിക്കാൻ ആവുകയുള്ളൂ എന്ന കാര്യം ജനങ്ങളുടെ ശ്രധയിൽ കൊണ്ട് വരുന്നതിന് സോഷ്യലിസം എന്ന ലക്‌ഷ്യം ഇല്ലാത്തതുകൊണ്ട് പാർട്ടിയ്ക്കും കഴിയുന്നില്ല.
..........ഇന്ത്യ അനുഭവിക്കുന്ന സാമ്പത്തിക തകർച്ച മുതലാളിത്തത്തിന്റെ സ്വാഭാവിക പരിണാമം ആണെന്നും ബൂർഷ്വാ രാഷ്ട്രീയക്കാർക്ക് അവരുടെ വ്യക്തിഗത ലക്ഷ്യങ്ങൾ അല്ലാതെ രാജ്യത്തിന്റെ അഭിവൃദ്ധി ഒരിക്കലും അവരുടെ ലക്ഷ്യം ആവില്ലെന്നും പറയാൻ കഴിയുന്നില്ല.
..........മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന ധാരണയിൽ നിൽക്കുന്നതുകൊണ്ട് പൊതുമേഖലകളുടെ സ്വകാര്യവൽക്കരണം തെരെഞ്ഞെടുപ്പിൽ ഒരു വിഷയമേ ആക്കുന്നില്ല. അഴിമതിയും തെരഞ്ഞെടുപ്പിലെ ഒരു വിഷയം ആക്കാൻ പാർട്ടി ഒരുക്കമല്ല.
..........ഇവയൊക്കെ മുതലാളിത്തത്തിനെതിരെ; ബൂർഷ്വാ രാഷ്ട്രീയ പാർട്ടികൾക്കെതിരെ അതിശക്തമായ ആയുധം ആയി ഉപയോഗിക്കാൻ കഴിയുമെന്നതാണ്; പാർട്ടിയ്ക്ക് മറ്റു ബൂർഷ്വാ പാർട്ടികളെ അപേക്ഷിച് സ്വന്തമായ ഒരു സാമ്പത്തിക നിലപാട് ഉണ്ട് എന്ന് ബോധ്യപ്പെടുത്താൻ കഴിയും എന്നതാണ് ഇവ തെരഞ്ഞെടുപ്പുകളിൽ വിഷയം ആക്കുന്നതുകൊണ്ടുള്ള മെച്ചം. അതിനാകട്ടെ; സോഷ്യലിസ്റ്റു ഭാരതം എന്ന ലക്‌ഷ്യം നമുക്ക് ഉണ്ടായിരിക്കണം.
..........മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന നിലപാടിൽ തുടരുന്നത് സമരം ചെയ്ത് ബൂർഷ്വാസിയുടെ നിലപാടുകളിൽ മാറ്റം വരുത്തി അവരെക്കൊണ്ട് കാര്യങ്ങൾ ഭംഗിയാക്കാം എന്ന ധാരണയിലാണ്. ഭരണത്തിൽ അല്ലെങ്കിൽ സമരം നടത്തുക എന്നത് എല്ലാ രാഷ്ട്രീയ പാർട്ടികളും സാധാരണയായി ചെയ്യുന്ന പ്രവർത്തനം ആണ്. നാം നടത്തുന്ന സമരങ്ങളും ആ ഗണത്തിൽ മാത്രമേ ഇന്നത്തെ നിലയിൽ ജനങ്ങൾ കാണുകയുള്ളു. അവയൊന്നും വർഗസമരങ്ങൾ ആവുകയില്ല.
.........എന്നാൽ മാർക്സിസം തൊഴിലാളിവർഗ്ഗത്തിൽ അർപ്പിക്കുന്ന കടമ ബൂർഷ്വാസിയെ നന്നാക്കുക എന്നതല്ല; ഭരണകൂടം അവരിൽ നിന്നും പിടിച്ചെടുക്കുക എന്നതാണ്. സോഷ്യലിസം എന്ന ലക്‌ഷ്യം അംഗീകരിക്കുമ്പോൾ മാത്റമേ അപ്റകാരം ഒരു ലക്ഷ്യത്തിന്റെ പ്റസക്തി ഉണ്ടാകുന്നുള്ളൂ. അതാണ് പാർട്ടി പരിപാടി ഭേദഗതി ചെയ്ത് സോഷ്യലിസ്റ്റു ഭാരതം എന്ന ലക്‌ഷ്യം അംഗീകരിക്കണം എന്ന് അഭിപ്രായപ്പെടുന്നത്. അപ്പോൾ തെരഞ്ഞെടുപ്പുകൾ തൊഴിലാളിവർഗവും ബൂർഷ്വാസിയും ആയി രണ്ടു വർഗ്ഗങ്ങൾ തമ്മിലുള്ള പോരാട്ടം ആയി മാറും. അപ്പോൾ മാത്റമേ പാർട്ടി നടത്തുന്ന സമരങ്ങൾ "വർഗ സമരങ്ങൾ" ആണെന്ന് നമുക്ക് അവകാശപ്പെടാൻ ആവുകയുള്ളൂ.
..........വർഗസമരങ്ങൾ എന്നെന്നും നടത്താനുള്ളതല്ല. മുതലാളിത്ത വ്യവസ്ഥക്കെതിരെ; ചൂഷക വർഗങ്ങൾക്കെതിരെ നടത്തുന്ന സമരങ്ങളിൽ കൂടി തൊഴിലാളി വർഗ്ഗത്തിൽ "ജാതി-മത ബോധങ്ങൾക്കുപരി തങ്ങൾ "ഒരു വർഗ" മാണ് " എന്ന ബോധം ഉണ്ടാകണം. "വർഗ ബോധം" വർഗ സമരം ആയി മാറണം; അത് സോഷ്യലിസത്തിലും എത്തിച്ചേരണം. എന്നാൽ മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന നിലപാടിൽ തുടരുന്നിടത്തോളം തൊഴിലാളി വർഗ്ഗത്തിൽ ഇപ്പോൾ കാണുന്ന "നിസ്സംഗത" തന്നെ തുടരാൻ ആണ് ഇട വരുത്തുക....................28 10 2019.................
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ