2018 ഫെബ്രുവരി 15, വ്യാഴാഴ്‌ച

229. തൊഴിലാളി വർഗ രാഷ്ട്റീയത്തിൽ (MASS PSYCHOLOGY)

            ............226. തൊഴിലാളി വർഗ സംസ്കാരവും ബൂർഷ്വാ സംസ്ക്കാരവും.   
         ദീർഘ കാലം മുതലാളിത്തം പ്രോത്സാഹിപ്പിക്കുക  എന്ന നിലപാട് സ്വീകരിച്ചതുകൊണ്ട്  മുതലാളിത്ത സംസ്കാരം  അഥവാ  ബൂർഷ്വാ സംസ്ക്കാരം അല്ലാതെ ഒരു തൊഴിലാളി വർഗ സംസ്കാരവും കൂടി ഉണ്ട്  അല്ലെങ്കിൽ  ബൂർഷ്വാ സംസ്കാരവും തൊഴിലാളി വർഗ സംസ്ക്കാരവും എന്ന രണ്ടു തരം സംസ്കാരം ഉണ്ട്  എന്ന്  പറഞ്ഞു ബോധ്യപ്പെടുത്തുക പോലും ബുദ്ധിമുട്ടാണോ എന്ന സംശയവും ഉണ്ട്.  എന്നാൽ അങ്ങനെ രണ്ടു തരം സംസ്കാരം ഉണ്ട് എന്ന് പറയാതെ നിർവാഹമില്ല. "സ്വാർഥത" ലെവലേശം ഇല്ലാതെ പൂർണമായും അർപ്പണ മനോഭാവത്തോടെ സമൂഹത്തിനായി നിലകൊള്ളുന്ന മഹത്തായ ത്യാഗം കൂടി ഉൾകൊള്ളുന്ന ഓരു സാംസ്കാരിക അവസ്ഥയെ നമുക്ക്  "തൊഴിലാളി വർഗസംസ്കാരം" എന്ന് പറയാം. സ.ഇ.എം.എസി.നെ പോലുള്ളവർ നയിച്ച ജീവിത ദർശനത്തെ അതിന്റെ ഉദാഹരണം ആയി ചൂണ്ടിക്കാണിക്കാം. തൊഴിലാളി വർഗ സംസ്ക്കാരം എന്ന് പറയുന്നിടത്തു്  കഠിനമായ അർപ്പണ ബോധത്തിന്റെയും  നിസ്വാർഥമായ സാമൂഹ്യ വീക്ഷണത്തിന്റെയും പ്റസക്തികൂടിയുണ്ട്.  കേവലം തൊഴിലാളി ആയതുകൊണ്ട് മാത്റം ആർക്കെങ്കിലും തൊഴിലാളി വർഗ സംസ്ക്കാരം ഉണ്ടാകണമെന്നില്ല. പൊതുവെ മനുഷ്യരിൽ കാണപ്പെടുന്ന പരിധി കഴിഞ്ഞുള്ള സ്വാർഥത ഒരാൾ തൊഴിലാളി ആയതുകൊണ്ട്  മാത്റം ഇല്ലാതാകണമെന്നില്ല. എന്നാൽ തൊഴിലാളി വർഗത്തിൽ പെടുന്നവരിൽ ബഹുഭൂരിപക്ഷവും കഠിനാദ്ധ്വാനം ചെയ്യുന്നവരും  സത്യസന്ധരും  ആണെന്നത് ഒരു പൊതു സ്വഭാവം ആണ്.  യഥാർഥത്തിൽ  ലോകം കെട്ടിപ്പടുക്കുന്നത്  തൊഴിലാളി വർഗ്ഗത്തിന്റെ  കഠിനാദ്ധ്വാനത്തിലും വിയർപ്പു തുള്ളികളിലും ആണെന്നതാണ്  തൊഴിലാളി വർഗ്ഗത്തിന്റെ പ്റത്യേകത.  എല്ലാ സ്വഭാവ ദൂഷ്യങ്ങളുടെയും അടിസ്ഥാനം പരിധിയില്ലാത്ത സ്വാർഥതയാണ്.  സാമ്പത്തികശേഷി ഉള്ളതുകൊണ്ടുമാത്റം ആരും മോശക്കാരും ആകുന്നില്ല. സമൂഹത്തിന്റെ ദുഃഖം അകറ്റാൻ ഒരു രാജ്യവും രാജ കൊട്ടാരവും ത്യജിക്കാൻ തയ്യാറായ ശ്റീ. ബുദ്ധൻ  മുതൽ ധാരാളം ആളുകൾ ആ ശ്രേണിയിലുണ്ട്.  തൊഴിലാളിവർഗ പ്റസ്ഥാനത്തിൽ പെടുന്നവർ തൊഴിലാളി വർഗ സംസ്ക്കാരം ഉൾക്കൊള്ളുന്നവർ ആകണമെന്ന്  നമുക്ക് ആഗ്രഹിക്കാം; എന്നാൽ അത് അത്റ എളുപ്പമല്ല.  വളരെ വലിയ വിഭാഗത്തിനും പച്ചയായ സ്വാർഥത കൂടെ തന്നെയുണ്ടാകും.  അത് പ്റസ്ഥാനത്തെ തന്നെ പലപ്പോഴും മാരകമായ അവസ്ഥയിൽ എത്തിയ്ക്കും.
        ഇതിനു നേരെ വിപരീതമാണ്  ബൂർഷ്വാ സംസ്ക്കാരം.  ഒരാൾ  സ്വാർഥതയുടെ പാരമ്മ്യത്തിലെത്തി തന്നിലേക്ക് മാത്റമായി ഒതുങ്ങുകയും അതിനായി ഏതുതരം നികൃഷ്ട മാർഗങ്ങളും അവലംബിക്കുകയും ചെയ്യുന്ന അവസ്ഥയാണ്  ബൂർഷ്വാ  സംസ്ക്കാരം.  മുതലാളിത്തം ഒരു സാമൂഹ്യ വ്യവസ്ഥിതി എന്ന രീതിയിൽ അംഗീകരിക്കുകയും അതിലെ എല്ലാവിധ ചൂഷണ സ്വഭാവങ്ങളും സ്വാംശീകരിക്കുകയും നടപ്പിലാക്കാൻ ശ്റമിക്കുകയും ചെയ്യുക ബൂർഷ്വാ സംസ്ക്കാരത്തിന്റെ ഭാഗമാണ്.  ആരും മരിച്ചുപോകുമ്പോൾ യാതൊന്നും കൊണ്ടുപോകുന്നില്ലെങ്കിൽ കൂടിയും ഈ ലോകം മുഴുവൻ സ്വന്തമാക്കണമെന്ന വാശിയിലാണ്  ഒരു നല്ല ശതമാനവും.  ഭൂമിയിലെ ജീവിതം ബഹുഭൂരിപക്ഷത്തിനും  നരകം ആയി മാറുന്നതിന്  മാത്റമാണ്  അവരുടെ ഈ നിലപാട് മൂലം ഇടയാകുന്നത്.  നമ്മുടെ മുകേഷ് അംബാനി ഉൾപ്പെടെയുള്ളവർ അതിന്റെ ഉദാഹരണങ്ങൾ ആണ്.  ബൂർഷ്വാസി അതിനെ "ജനാധിപത്യം" അല്ലെങ്കിൽ "സ്വാതാന്ത്റിയം" എന്നാണ്  പറയുക.  ഇവരെ നമുക്ക്  പൊതുവെ ബൂർഷ്വാ രാഷ്ടറീയക്കാർ എന്നു പറയാമെങ്കിലും സമൂഹത്തിന്റെ മിയ്ക്കവാറും മേഖലകളിൽ ഇവർ  സാർവർത്റികമാണ്.
...........229. തൊഴിലാളി വർഗ രാഷ്ട്റീയത്തിൽ പ്റവർത്തിക്കുന്നവർ  "സാമൂഹ്യ മനസാക്ഷി" (MASS PSYCHOLOGY) യെ കുറിച്ച് അത്യാവശ്യമായും മനസിലാക്കിയിരിക്കണം.  അറിഞ്ഞിരിക്കണം.   പ്രത്യേകിച്ച്  നേതൃ നിരയിൽ പ്രവർത്തിക്കുന്നവർ.  അല്ലെങ്കിൽ സംഭവിക്കുന്ന ദുരന്തം വളരെ മാരകമായിരിക്കും. അതെന്താണ് എന്ന് ആരും പറഞ്ഞുതരാൻ ഉണ്ടാകില്ല.  അനുഭവിക്കുക മാത്റമാണ്  സംഭവിക്കുക.  തീരുമാനിക്കുന്നത് വളരെ കുറച്ചുപേർ മാത്രമാണെങ്കിലും  മറുപടി പറയേണ്ടതും ഫലം അനുഭവിക്കേണ്ടി വരുന്നതും ഒരു പ്രസ്ഥാനം ആകെയാണ്.  അതറിയാത്തതുകൊണ്ടാണ്  ഇപ്പോൾ ബംഗാളിൽ നക്ഷത്റം എണ്ണുന്നത്.  അവിടെ വ്യവസായ വത്ക്കരണം മാത്രമാണ് ലക്ഷ്യമിട്ടത്.  അതിലെ ശരി മാത്റമാണ് കണ്ടത്.  അതിനപ്പുറത്തേക്ക്  കാണാൻ ശ്രമിച്ചതേയില്ല.  ഒമ്പതിനായിരത്തോളം  കൃഷിക്കാരുടെ  ഭൂമി പിടിച്ചെടുത്തതിന്റെ സാമൂഹ്യ പ്രത്യാഘാതം കണ്ടതേയില്ല. എന്ത് വന്നാലും നേരിടും;  എന്ന് ആവർത്തിച്ചു പറഞ്ഞു കൊണ്ടേയിരുന്നു.  ഇപ്പോൾ പോലും അതിൽ ഒരുകുഴപ്പവും കാണാൻ ഒരുക്കമല്ല.  കേരളത്തിൽ 1957 കമ്മ്യൂണിസ്റ്റു സർക്കാർ  ബിർളയെ ക്ഷണിച്  മാവൂർ റയോൺസ്  തുടങ്ങിയപ്പോഴും  വ്യവസായ വത്ക്കരണം മാത്രമാണ്  ലക്ഷ്യമിട്ടത്.  വ്യവസായ വത്ക്കരണം ആണ് മുതലാളിത്തം എന്ന് കരുതി.  അതിന്റെ ഫലമായി  ചാലിയാറിലെ ജലം ഉപയോഗിക്കാൻ കഴിയാതായത്  ജനങ്ങൾക്ക് ഉണ്ടായ ബുദ്ധിമുട്ട്  ജനങ്ങൾ സഹിച്ചുകൊള്ളുമെന്നു കരുതി.  ഫലമോ?  ജനത ദൾ പോലെയുള്ളവർക്കും കോൺഗ്രസിനും  മാത്റം പ്രവർത്തിക്കാവുന്ന പ്രദേശം ആയി അവിടം മാറി.   ..  കേരളത്തിൽ കെ.എം. മാണിയോട്  കാണിക്കുന്ന മൃദു സമീപനം  സാമൂഹ്യ മനസാക്ഷി എപ്റകാരം പ്രവർത്തിക്കും എന്നറിയാത്തതിന്റെ  ഫലമാണ്.  2016 ൽ കെ.എം. മാണി ഒരു കാരണ വശാലും  ബഡ്ജെറ്റ്‌  അവതരിപ്പിക്കാൻ അനുവദിക്കുകയില്ല  എന്ന്  തീരുമാനിച്ചത്  മാണിയോടുള്ള ശത്രുത കൊണ്ടാവില്ല.  പ്രൊഫ്. ഗീത ഗോപിനാഥിനെ ഉപദേഷ്ടാവാക്കിയത്  അതിന്റെ മറ്റൊരു സാക്ഷ്യമാണ്.   ഏതു കാര്യത്തിലും നാം കാണുന്നത് മാത്റമായിരിക്കില്ല പൊതുജനം കാണുന്നത്.  ഇങ്ങനെയുള്ള സാമർഥ്യങ്ങളാണ്  കേരളത്തിൽ ഒരിക്കലും  അഞ്ചുകൊല്ലം കഴിഞ്ഞാൽ തുടർഭരണം ലഭിക്കാതിരിക്കാൻ കാരണമാകുന്നത്.  നാം ചെയ്യുന്നത്  ജനങ്ങൾ അംഗീകരിച്ചാൽ  നമ്മോടൊപ്പം ഉള്ളവർ ഉറച്ചുനിൽക്കുകയും കൂടുതൽ ആളുകൾ നമ്മോടൊപ്പം വരികയും ചെയ്യും.  ജനങ്ങൾ ഇഷ്ടപ്പെടുന്നില്ലെങ്കിൽ  ആരും  കൂടുതലായി വരികയും ഇല്ല; കൂടെ ഉള്ളവർ പോവുകയും ചെയ്യും.  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ