2018 ഫെബ്രുവരി 22, വ്യാഴാഴ്‌ച

206. "ജനകീയ ജനാധിപത്യ വിപ്ളവം" എന്നാൽ ഇപ്പോൾ എന്താണ്?

          206. "ജനകീയ ജനാധിപത്യ വിപ്ളവം" എന്നാൽ ഇപ്പോൾ എന്താണ്?  ഇൻഡ്യയിൽ  കമ്മ്യൂണിസ്റ്  പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചവരിൽ ഒരാളാണ്  സ.  ഇ.എം.എസ്.  ആ സഖാവിനോടുള്ള എല്ലാ ആദരവുകളോടും കൂടിയാണ്  അദ്ദേഹത്തിന്റെ  "തൊഴിലാളി വർഗ രാഷ്ട്രീയത്തിന്റെ  ശാസ്ത്രവും കലയും" എന്ന കൃതിയിലെ  20-മത്തെ പേജിലെ ഈ വരികൾ പരിശോധിക്കുന്നത്.  "മുതലാളിത്തത്തിൽ നിന്ന് സോഷ്യലിസതിലേക്കുള്ള  "ലോക വ്യാപിയായ പരിവർത്തന  പ്രക്റിയയുടെ" അഭേദ്യ ഭാഗമാണ്  ഇന്ത്യൻ വിപ്ളവം." അതായത്  അമേരിക്ക ഉൾപ്പെടെയുള്ള എല്ലാ ലോക രാജ്യങ്ങളോടും  ഒപ്പം മാത്രമേ ഇന്ത്യയിലും  സോഷ്യലിസത്തിലേക്കുള്ള  പരിവർത്തനം നടക്കുകയുള്ളു.  ഈ വരികളിലെ ആശയം അദ്ദേഹത്തിന്റേത് മാത്രമാണ് എന്ന് ഞാൻ കരുതുന്നില്ല.  റഷ്യൻ വിപ്ലവം നടക്കുന്ന അവസരത്തിൽ  ട്രോട്സ്കി  "സോഷ്യലിസം  ഒരു രാജ്യത്തു് മാത്രമായി നടപ്പാവുകയില്ല" എന്ന വാദഗതി ഉയർത്തി എന്ന് കേട്ടിട്ടുണ്ട്.  എന്നാൽ ലെനിൻ അത് അംഗീകരിച്ചില്ല.  ലോകത്തിലെ എല്ലാ രാജ്യങ്ങളിലും  ഒരേ സമയം സായുധ വിപ്ലവം നടക്കുമെന്ന് നമുക്ക് കരുതാനാവുകയില്ല.  വികസിത  രാജ്യങ്ങളിലെ വൻകിട കോർപ്പറേറ്റുകൾ  ഒന്നാകെ ഒരേ സമയം  മാനസിക പരിവർത്തനം വരും എന്നും നമുക്ക് കരുതാനാവുകയില്ല.  അവിടങ്ങളിലെ  കമ്മ്യൂണിസ്റ്റ്  പാർടികളുടെ  സ്ഥിതിയും  പരിശോധിക്കണം. അവിടങ്ങളിൽ  ഒന്നും സായുധ വിപ്ളവത്തിന്റെ  പ്റശനം  ഉദിക്കുന്നില്ല. പിന്നെ സാധ്യത വൻകിട ബഹു രാഷ്ട്റ ഭീമന്മാർക്ക് സോഷ്യലിസത്തോട്  ഉണ്ടാകാവുന്ന താത്പര്യമാണ്.   അതിനും വിദൂര സാധ്യത പോലും കാണാനാവുകയില്ല.
.............ഇപ്പോൾ ഇന്ത്യയിൽ സ്വീകരിച്ചിരിക്കുന്ന  "വിപ്ളവ പാത" യഥാർഥത്തിൽ ഇതാണ്.  മേൽ  സൂചിപ്പിച്ച പുസ്തക-ത്തിലെ ഇരുപത്തൊന്നാം പേജിലെ വരികളാണ്  "പ്രാങ് മുതലാളിത്ത സമൂഹത്തിൽ (ഫ്യുഡലിസം) തകർപ്പൻ പ്റഹരം ഏൽപ്പിക്കേണ്ടത്‌  മുതലാളിത്ത  സമൂഹത്തിന്റെ സ്വതന്ത്റമായ വളർച്ചയ്ക്കും തുടർന്ന്  അതിന്റെ സ്ഥാനത്ത്  സോഷ്യലിസ്റ്റ്  സമൂഹം സ്ഥാപിക്കുന്നതിനും ആവശ്യമാണ്‌. " സോഷ്യലിസ്റ്റ്  സമൂഹം എന്ന ലക്ഷ്യം ഇപ്പോഴില്ല. ഇപ്പോൾ മുതലാളിത്ത സമൂഹത്തിന്റെ "സ്വതന്ത്രമായ വളർച്ചയാണ് ആവശ്യം" എന്നാണ്  ഈ വരികളിലെ ആശയം.  ആ സഖാവിന്  "പ്റാങ്  മുതലാളിത്തം" (ഫ്യൂഡലിസം) എന്താണെന്നോ "മുതലാളിത്ത സമൂഹത്തിന്റെ സ്വതന്ത്റമായ വളർച്ച"  എന്താണെന്നോ സോഷ്യലിസം  എന്താണെന്നോ അറിയുമായിരുന്നില്ല എന്നൊന്നും നമുക്ക് പറയുവാനാകില്ല. മുതലാളിത്തം സ്വതന്ത്റമായി വളരണമെങ്കിൽ അതിന്‌  ഫ്യൂഡലിസം  തടസ്സമല്ല  എന്ന്  ഇനഗ്ളീഷ്  ഈസ്റ്റ്  ഇൻഡ്യ  കമ്പനിയുടെ  കാര്യം എടുത്താൽ മതി. അതിന്റെ ഉടമസ്ഥർ ഇന്ഗളന്ടിലെ  പ്രഭുക്കന്മാർ  ആയിരുന്നു.  ഈസ്റ്റ് ഇന്ത്യ കമ്പനി  ഇന്ത്യയിൽ സ്വതന്ത്റമായി  പ്റവർതിച്ചാണ്  (അത് എന്താണ് എന്ന് നമുക്കറിയാം) ബ്രിട്ടന്  സൂര്യൻ അസ്തമിക്കാത്ത സാമ്പ്രജ്യം  ഉണ്ടാക്കി കൊടുത്തത്.  അതിനേക്കാൾ എങ്ങിനെയാണ്  സ്വതന്ത്റമായി  ഒരു കമ്പനി പ്റവർത്തിക്കുക?  അതൊന്നും ഒരു കമ്മ്യൂണിസ്റ്റു പാർട്ടിയ്ക്ക്  അനുവദിക്കാനും ആവില്ല.  എന്നിട്ടും  ബ്രിട്ടനിൽ സോഷ്യലിസം ആയില്ല. ആകാൻ സാധ്യതയും ഇല്ല.
...........ട്സാർ ചക്റവർതിയുടെ  റഷ്യയിലെ  "കൊല്ലും കൊലയും" നടത്തുന്ന ഫ്യൂടലിസം  ലെനിന്  സോഷ്യലിസ്റ്റ്  ലക്‌ഷ്യം അംഗീകരിക്കാൻ തടസ്സമായിരുന്നില്ല.  ഇന്ത്യയിലേത്‌  ഫ്യൂടലിസം അല്ല.  അത് സ്വാതന്ത്ര്യ ലബ്ധിയോടെ  അവസാനിച്ചു.  ഇന്ത്യൻ  ബൂർഷ്വാസി  ഭരണാധികാര ശക്തിയായി മാറുകയും ചെയ്തു.  ഇന്ത്യയിൽ ഉണ്ടെന്ന്  കരുതുന്നത്  മുതലാളിത്തത്തിന്റെ ഭാഗമായ  ഭൂപ്രഭുത്വമാണ്.  അത് ഇന്ത്യൻ മുതലാളിത്തത്തിന്റെ വളർച്ചയ്ക്ക് തടസ്സവുമില്ല എന്നാണ്  അംബാനിമാരുടെയും മറ്റും വളർച്ച വ്യക്തമാക്കുന്നത്.  വ്യവസായി ആയ കർഷകനാണ്  ഇവിടെ ഉള്ളത്.  സോഷ്യലിസ്റ്റ് ഭാരതം എന്ന ലക്‌ഷ്യം അംഗീകരിക്കാൻ ഇവിടെ  അതൊന്നും തടസ്സവും  അല്ല.
............വികസിത മുതലാളിത്തമാണ്  നമ്മുടെ ലക്‌ഷ്യം. ("മുതലാളിത്തം" അതിന്റെ എല്ലാ വൃത്തികേടുകളോടും കൂടി ആഘോഷിക്കുന്ന ബൂർഷ്വാ പാർട്ടികളെ ഈ കാര്യത്തിൽ നമുക്ക് വിശ്വാസം ഇല്ല). അതിനാണ്  "ജനകീയ ജനാധിപത്യ വിപ്ളവം"  എന്ന് പേരിട്ടിരിക്കുന്നത്.   മുതലാളിത്തം വളർന്നാൽ എത്തിച്ചേരുക  "സാംബ്രാജ്യത്വം" ആയിട്ടാണ്;  സോഷ്യലിസം ആയിട്ടല്ല. ചരക്ക്  ഉത്പ്പാദനത്തിന്റെ ലക്‌ഷ്യം തന്നെ വ്യത്യസ്തമാണ്.  മുതലാളിത്തം പ്രോത്സാഹിപ്പിച്ചു്  ജനകീയ ജനാധിപത്യം സ്ഥാപിക്കാമെന്ന്  കരുതുന്നത്  അറിവില്ലായ്മ കൊണ്ടാണെങ്കിൽ ക്ഷമിക്കാം. എന്നാൽ  ഫലത്തിൽ അത് ഫലിതം മാത്രമാണ്.
............പാർലമെന്ററി ജനാധിപത്യത്തിൽ സോഷ്യലിസം അസ്സാദ്ധ്യമാണെന്നും അദ്ദേഹത്തിന്റെ മേൽ സൂചിപ്പിച്ച കൃതിയുടെ 53 - മത്തെ പേജിൽ പറയുന്നുണ്ട്. പാര്ലമെന്റിൽ ഭൂരിപക്ഷം ഉണ്ടെങ്കിൽ ആ രാജ്യത്ത്  ഏതു തരത്തിലുള്ള മാറ്റങ്ങളും ഉണ്ടാക്കാം. ഒരു രാജ്യത്തെ ജനങ്ങളുടെ ഭൂരിപക്ഷത്തിന്റെയും താത്പ്പര്യമറിയാൻ ഏറ്റവും ഉചിതമായ മാർഗമാണ്  പാർലമെന്ററി ജാനാധിപത്യം.  പാർലമെന്റിൽ  ഭൂരിപക്ഷം ഉണ്ടെങ്കിൽ  അവിടെ സ്വീകരിക്കുന്ന നടപടികൾ  എല്ലാവരും അംഗീകരിക്കും.  രാജ്യത്തിനാകെ ബാധകമായ തീരുമാനങ്ങൾ പാർലമെന്റിൽ പാസാകാതെ നടപ്പിലാക്കാനാവുകയില്ല. സായുധ വിപ്ലവം; പാർലമെന്ററി ജനാധിപത്യം നടപ്പിലാകാത്ത രാജ വാഴ്ചയിൽ (ഫ്യുഡലിസം) മാത്രം നടപ്പിലാക്കുന്ന രീതിയാണ്.
............"ഭരണ കൂടവും വിപ്ലവവും" എന്ന കൃതിയിൽ ലെനിൻ വിശേഷിപ്പിക്കുന്നത് ഏറ്റവും നല്ല ബൂർഷ്വാ ജനാധിപത്യവും തൊഴിലാളി വർഗത്തെ സംബന്ധിച്ചിടത്തോളം "കൂലി അടിമത്തം  മാത്രമാണ്" എന്നാണ്. എന്താണ്  കൂലി അടിമത്തം?  പഴയ അടിമത്ത വ്യവസ്ഥയിൽ അടിമയ്ക്ക്  സ്വാതന്ത്ര്യം ഇല്ല. എന്നാൽ ഉടമയ്ക്ക്  അടിമയുടെ സംരക്ഷണ ഉത്തരവാദിത്വം ഉണ്ട്.  "അടിമ" നികുതി  കൊടുക്കേണ്ട  "മുതൽ" ആണ്.  അത്  ചത്തുപോകാതെ നോക്കണം.  അതിന്  ഭക്ഷണം കൊടുക്കണം. അല്ലെങ്കിൽ  അതിനു ജോലി ചെയ്യാനാവില്ല.   തൊഴുത്തു്  പോലെയുള്ളതാണെങ്കിലും കിടപ്പാടം ഉണ്ടായിരിക്കണം. എന്നാൽ മുതലാളിത്തത്തിൽ തൊഴിലുടമയ്ക്  ഇങ്ങനെയുള്ള ഉത്തരവാദിത്വങ്ങളൊന്നും  ഇല്ല.  തൊഴിലാളി  "സ്വതന്ത്രൻ" ആണ്.  എന്നാൽ അവന്റെയും കുടുമ്പത്തിന്റെയും ജീവൻ നിലനിർത്തണമെങ്കിൽ ആരുടെയെങ്കിലും കീഴിൽ അവൻ പണി എടുത്തിരിക്കണം.  അല്ലെങ്കിൽ അവൻ പട്ടിണി കിടന്നു ചത്തുപോകും. കാരണം അവന് കാര്യമായ സ്വത്തൊന്നും ഇല്ല. ആരുടെ കീഴിൽ പണി എടുക്കണം എന്ന്  തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം മാത്രമാണ് അവനുള്ളത്‌.  മറ്റൊരു തരത്തിൽ പറഞ്ഞാൽ ആര് അവനെ ചൂഷണം ചെയ്യണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം മാത്രമാണ് അവനുള്ളത്‌.  അതുകൊണ്ടാണ് ലെനിൻ പറഞ്ഞത്  മുതലാളിത്ത വ്യവസ്ഥയിൽ തൊഴിലാളി "കൂലി അടിമ" മാത്രമാണ് എന്ന്.
............അതാണ്  ചൂഷണ വിമുക്തമായ ഒരു സാമൂഹ്യ വ്യവസ്ഥ എന്ന ലക്ഷ്യം തൊഴിലാളി വർഗത്തിന് മുമ്പിൽ മാർക്സിസം വയ്ക്കുന്നത്.  മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന "കാഴ്ചപ്പാടിൽ" നാം നിൽക്കുമ്പോൾ നാം തൊഴിലാളിവർഗത്തിന് വാഗ്ദാനം ചെയ്യുന്നത്  "ജനകീയ ജനാധിപത്യ വിപ്ളവം" എന്ന പേരിൽ ആണെങ്കിലും  ലെനിന്റെ ഭാഷയിൽ "കൂലി അടിമത്തം" മാത്രമാണ്.  അതിന്  തൊഴിലാളി വർഗത്തെ കിട്ടുകയില്ല എന്ന്  അവർ  നമ്മെ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്.  നേരെ  മുഖത്തു്  നോക്കി പറഞ്ഞില്ലെങ്കിൽ  അവ  മനസിലാക്കുക  വളരെ ബുദ്ധിമുട്ടാണ്.  പാർട്ടി അച്ചടക്കത്തിന്റെ ചട്ടക്കൂട്  ഇല്ലെങ്കിൽ വോട്ട് കിട്ടുക പോലും സംശയകരമാണ്.
............അതാണ് പാർട്ടി പരിപാടി ഭേദഗതി ചെയ്യണം എന്നും സോഷ്യലിസ്റ്റു ഭാരതം എന്ന ലക്ഷ്യം തൊഴിലാളി വർഗത്തിന് മുൻപിൽ വയ്ക്കണം എന്നും പറയുന്നത്.  ഇപ്പോൾ നമുക്കൊരു ലക്ഷ്യം ഇല്ല.  മുതലാളിത്തം നമുക്ക് ഒരിക്കലും ലക്ഷ്യം ആവില്ല;  ആവാൻ പാടില്ല.  അപ്പോൾ ജനകീയ  ജനാധിപത്യം എന്നാൽ എന്താണ് എന്ന്  തൊഴിലാളിവർഗത്തോട് പറയാം; മൂലധനത്തിന്റെയും ജാതി മത ശക്തികളുടെയും അഴിമതി-കോഴ-കുംഭ കോണക്കാരുടെ പിടിയിൽ നിന്നും ഇന്ത്യൻ ജനാധിപത്യത്തെ മോചിപ്പിക്കുകയാണ്  നമ്മുടെ ലക്ഷ്യം എന്ന്.
..........22 02 2018............

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ