181. 1950 കളിൽ തന്നെ ഇന്ത്യൻ മുതലാളിത്തം പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചത് കാറൽ മാർക്സ് കൊടും പട്ടിണി സഹിച്ചു് "മാർക്സിസം" ആവിഷ്ക്കരിച്ചത് എന്തിനാണെന്ന് മനസിലാക്കാതെയാണ്. നമ്മൾ മുതലാളിത്തത്തിന് എതിരാണെന്ന് വരുത്താൻ ഇടയ്ക്കിടെ മുതലാളിത്തത്തിന് എതിരെ പറയുന്നതുകൊണ്ട് സ്വയം കോമാളി ആകുന്നു എന്നല്ലാതെ മറ്റു പ്രയോചനം ഒന്നും ഇല്ല. 1957 -- ൽ കേരള സർക്കാർ "ബിർള" യെ ക്ഷണിച്ചു് "മാവൂർ" റയോൺസ് തുടങ്ങിയതും ബംഗാളിൽ 9117 കൃഷിക്കാരുടെ ഭൂമി പിടിച്ചെടുത്ത് ടാറ്റയ്ക്ക് കാർ ഫാക്റ്ററി തുടങ്ങാൻ കൊടുത്തതും ജനങ്ങളുടെ മനസ്സിൽ ജീവനോടെ നിൽക്കുമ്പോൾ മുതലാളിത്തത്തിന് എതിരെ സംസാരിക്കുന്നത് പ്രസ്ഥാനത്തിന്റെ വിശ്വാസിതയാണ് നശിപ്പിക്കുന്നത്. സോവിയറ്റു യൂണിയൻ നിലവിൽ വന്നത് ലോകമാകെ സോഷ്യലിസത്തിന് സ്വീകാര്യത ഉണ്ടാക്കി. എന്നാൽ കേരളത്തിലും ബംഗാളിലും എത്ര കാലം ഭരണം നടത്തിയിട്ടും തൊട്ടടുത്ത സംസ്ഥാനങ്ങളിൽ പോലും ഒരു ചലനവും ഉണ്ടാക്കിയില്ല. ഇനിയും സോഷ്യലിസ്ററ് ഭാരതം എന്ന ലക്ഷ്യം അംഗീകരിക്കാൻ താമസിക്കുന്നത് ജനങ്ങളിൽ നിന്നുള്ള അകലം വർധിപ്പിക്കാൻ മാത്രമേ ഇട വരുത്തുകയുള്ളു. ഇൻഡ്യയിൽ സ്വീകരിക്കാവുന്ന മാർഗം "സോഷ്യലിസ്ററ് സമ്പദ്ഘടന ജനകീയ ജനാധിപത്യത്തിലൂടെ" എന്നത് മാത്രമാണ്. മുതലാളിത്തത്തിൽ ഉള്ള ജനാധിപത്യം ആണ് ബൂർഷ്വാ ജനാധിപത്യം. സോഷ്യലിസത്തിൽ പ്രായോഗികമായ ജനാധിപത്യം ജനകീയ ജനാധിപത്യം മാത്രമാണ്. എന്താണ് മുതലാളിത്തത്തിലെ ബൂർഷ്വാ ജനാധിപത്യം എന്ന് ജനങ്ങളെ പഠിപ്പിച്ചുകൊണ്ട് ജനകീയ ജനാധിപത്യത്തിനായി ജനങ്ങളെ അണി നിരത്തണം. സംസ്ഥാനങ്ങളിൽ അധികാരത്തിൽ എത്തുമ്പോൾ ജനങ്ങൾക്ക് ചെയ്യാവുന്ന എല്ലാ നടപടികളും സ്വീകരിക്കണം; എന്നാൽ സംസ്ഥാന ഭരണത്തിന്റെ പരിമിതികൾ ജനങ്ങളെ ബോധ്യപ്പെടുത്തുകയും വേണം. പ്രധാന വരുമാന മാർഗമായ ആദായ നികുതി ഉൾപ്പെടെ കേന്ദ്ര ഭരണ കൂടത്തിനാണ്; സംസ്ഥാനത്തിന് അതിന്റെ വിഹിതം മാത്രമാണ് ലഭിക്കുക. ആയിരം; അഞ്ഞൂറ് രൂപ കറൻസിയുടെ മൂല്യം ഇല്ലാതാക്കിയപ്പോൾ ഒരു സംസ്ഥാന ഭരണത്തിന്റെ പരിമിതികളാണ് കൂടുതൽ വ്യക്തമാക്കിയത്. സോഷ്യലിസത്തിൽ നിയന്ത്രണ വിധേയമായ സ്വകാര്യ മേഖല കൂടി അനുവദിക്കാം എന്ന് പറയുന്നതും മുതലാളിത്തം അതിന്റെ എല്ലാവിധ ദോഷങ്ങളോടൊപ്പം പ്രോത്സാഹിപ്പിക്കുന്നതും ഒന്നല്ല; രണ്ടു തന്നെയാണ്. ഉപജീവനത്തിനായി ഒരോരുത്തരും സ്വീകരിക്കുന്ന മാർഗങ്ങൾ സമൂഹത്തിന് ദോഷം അല്ലാത്തിടത്തോളം മാത്രം പ്രോത്സാഹിപ്പിക്കണം. എന്നാൽ "മാവൂർ റയോൺസ്" തുടങ്ങിയപ്പോൾ മലിന ജലം "ചാലിയാർ" പുഴയിലേക്ക് ഒഴുക്കി വിട്ടതുപോലെയുള്ള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളെ ഒരു തരത്തിലും അനുവദിക്കാനും പാടില്ല. കൊക്കോ കോളയെ വിളിച്ചുവരുത്തി ഏറ്റവും വലിയ ജല ശ്രോതസ് ഏല്പിച്ചുകൊടുത്തപ്പോൾ അത് ജനങ്ങൾക്ക് എപ്രകാരമാണ് ബാധിക്കുക എന്നത് കണക്കിലെടുത്തില്ല. ജനസമ്മതി (വോട്ട് ) നേടിയെടുക്കുന്നതിലും എത്രയോ എളുപ്പമാണ് ജനങ്ങളെ ശത്രുക്കളാക്കുന്നത് എന്നാണ് ബംഗാളിലെ ടാറ്റായുടെ "കാർ ഫാക്റ്ററി" തെളിയിച്ചത്. നമ്മുടെ "ശരി" എല്ലാവരുടെയും "ശരി" കൂടി ആകണം എന്നുകൂടി നാം ഓർക്കണം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ