2016 ഡിസംബർ 5, തിങ്കളാഴ്‌ച

180. എന്താണ് മിച്ച മൂല്യ സിന്ദ്ധാന്തം?

                         180. എന്താണ് മിച്ച മൂല്യ സിന്ദ്ധാന്തം?..
//
 കാറൽ മാർക്സ് അദ്ദേഹത്തിന്റെ  ബൃഹത്തായ കൃതി  "മൂലധനം"     ആരംഭിക്കുന്നത് തന്നെ മുതലാളിത്ത സാമ്പത്തിക വ്യവസ്ഥയിൽ സമ്പത്ത് എന്നാൽ ചരക്കിന്റെ "കൂറ്റൻ കൂമ്പാരം" ആയിട്ടാണ് അനുഭവപ്പെടുക എന്ന വാചകത്തോടെയാണ്. "ചരക്ക്" രൂപം കൊള്ളുന്നതിന്റെ വിവിധ ഘട്ടങ്ങൾ പരിശോധിച്ചതിന് ശേഷം ആണ് പണത്തിന്റെ ജൈവ ഘടനയിലേക്ക് അദ്ദേഹം തിരിയുന്നത്.
//
കാറൽ മാർക്സ് തന്റെ വിഖ്യാതമായ "മൂലധനം" എന്ന കൃതിയിലൂടെ ഭംഗിയായി അവതരിപ്പിച്ച സാമ്പത്തിക ശാസ്ത്ര ഗവേഷണങ്ങളിലെ വളരെ പ്രധാനപ്പെട്ട ഒരു കണ്ടെത്തലാണ് മിച്ചമൂല്യ സിദ്ധാന്തം. അതിനെ കുറിച്ച് ചെറിയ ഒരു സൂചന നൽകുവാൻ മാത്രമേ ഇവിടെ നിർവാഹമുള്ളൂ. കൂടുതൽ വ്യക്തമായി മനസിലാക്കുവാൻ അടിസ്ഥാന ഗ്രന്ഥങ്ങളെ തന്നെ ആശ്രയിക്കണം. അദ്ദേഹം തന്റെ ഗവേഷണങ്ങളുടെ തുടക്കത്തിൽ തന്നെ മനസിലാക്കുന്ന കാര്യമാണ് ഒരു വസ്തുവിന് മൂല്യം ഉണ്ടാകുന്നത് അതിൽ "മനുഷ്യ അദ്ധ്വാനം" ചേരുമ്പോൾ മാത്രമാണ് എന്നത്.
(തൊഴിലാളിവർഗം അദ്ധ്വാനശക്ക്തിയുടെ ചൂഷണത്തിന് എപ്റകാരം വിധേയരാകുന്നു എന്ന് മിച്ചമൂല്യ സിദ്ധാന്തത്തിലൂടെ മാർക്സ് സ്ഥാപിക്കുന്നകുത്). 
//
 തൊഴിലാളി വർഗ്ഗവും കൃഷിക്കാർ ഉൾപ്പെടെ പണിയെടുക്കുന്ന ജനങ്ങളാകെ അനുഭവിക്കുന്ന സമ്പന്നവർഗങ്ങളുടെ ചൂഷണത്തിൽ അദ്ധ്വാന ശക്തിയുടെ ചൂഷണം ഒരു ഘടകം മാത്രമാണ്. യഥാർത്ഥ ചൂഷണം ആത്മീയ ചൂഷണം ആണ്. ഭൂമിയിലെ ജീവിതം അല്ല യഥാർത്ഥ ജീവിതം; യഥാർത്ഥ ജീവിതം എല്ലാ വരുടെയും മരണാനന്തരം ആണ് എന്ന് തുടങ്ങുന്ന ആത്മീയ ചൂഷണം ആണ് യഥാർത്ഥ ചൂഷണം. അദ്ധ്വാന ശക്തിയുടെ ചൂഷണം അതിന്റെ ഭാഗം മാത്രമാണ്. ഒരു രാജ്യത്തിന്റെ ഭരണം ഏതെങ്കിലും മതത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കണം എന്ന് തീരുമാനി ക്കുന്നവർ സമൂഹത്തെയാകെ വിഡ്ഢികൾ ആക്കിക്കൊണ്ടാണ് ഭരണം നടത്തുക. കാരണം ശാസ്ത്ര വിരുദ്ധതയാണ് അവരുടെ അടിസ്ഥാന നയം. ഇന്ത്യയിൽ മാത്രം ആല്ല, ലോകത്തെവിടെയും മതങ്ങളുടെ നിലപാട് ജനങ്ങളിലേക്ക്, പ്രത്യേകിച്ചും സ്ത്രീകളിലേക്ക് പരമാവധി വിദ്യാഭ്യാസം എത്താതിരിക്കണം എന്നതാണ്.
//
യഥാർത്ഥത്തിൽ മിച്ചമൂല്യം കണക്കിലെടുക്കേണ്ടത് ഉപയോഗ മൂല്യവുമായി ചേർത്താണ്. ഏത് ഉത്പന്നത്തിന്റെയും ഉപയോഗ മൂല്യം കണക്കാനാവില്ലാത്തതാണ്. "ഭക്ഷണം" തയ്യാറാക്കാൻ ആവശ്യമായി വരുന്ന ആകെ ഉത്പാദന മൂല്യം കണക്കാക്കാം. അതിൽ അസംസ്കൃത വസ്തുക്കളുടെ വിലയും മറ്റു ചിലവുകളും പാചകം ചെയ്യുന്ന ആളിന്റെ വേതനവും എല്ലാം ഉൾപ്പെടും. എന്നാൽ ഭക്ഷണം കഴിക്കുന്ന ആളിന്റെ ജോലി ചെയ്യാനുള്ള കഴിവും ഭക്ഷണം കഴിച്ചില്ലെങ്കിൽ സംഭവിക്കുമായിരുന്ന സാഹചര്യവും എല്ലാം കണക്കിലെടുക്കണം. അവിടെ ലഭിക്കുന്ന പ്രയോചനം ആണ് ഉപയോഗ മൂല്യം. അത് വിലമതിക്കാവുന്നതല്ല. അവിടെയാണ് തൊഴിലാളിയുടെ അദ്ധ്വാന ശക്തിയുടെ മഹത്വം വെളിവാകുന്നത്. അവന്റെ അദ്ധ്വാന ശക്തിയുടെ മഹത്വം കണക്കിലെടുക്കണം എന്നും അവനും മനുഷ്യനായി ജീവിക്കാനുള്ള സാഹചര്യം ഉണ്ടാകണം എന്നും മാത്റമാണ് ഇവിടെ അർത്ഥമാക്കുന്നത്. (അത് ഒരിക്കലും അംഗീകരിക്കില്ല എന്നതാണ് "ഹിന്ദുത്വ വാദികളുടെ നിലപാട്") മുതലാളിത്തം തൊഴിലാളിയുടെ "അദ്ധ്വാനശക്തി" യുടെ മഹത്വം അംഗീകരിക്കുന്നില്ല എന്ന് മാത്രമല്ല അവനെ ഏറ്റവും നികൃഷ്ടനായി കാണുന്നു എന്നതാണ് വസ്തുത. അതാണ് "ഹിന്ദുത്വ ശക്തികൾ" ജോലി സമയം പന്ത്രണ്ടു മണിക്കൂർ വരെ ദീർഘിപ്പിക്കാനുള്ള ശ്രമത്തിന്റെ അടിസ്ഥാനം.
//
ഒരോ ഉത്പ്പന്നത്തിലും (ചരക്കിലും) അടങ്ങിയിരിക്കുന്ന അധ്വാനമാണ് അതിന്റെ മൂല്യം നിർണയിക്കുന്നത്. കടൽ വെള്ളം വറ്റിച്ചു് ഉപ്പ് ഉണ്ടാക്കുന്നതിന് ആവശ്യമായ അദ്ധ്വാനം മതിയാവുകയില്ല പഞ്ചസാര ഉണ്ടാക്കുന്നതിന്. അതിന് കരിമ്പ് കൃഷി ചെയ്യണം. കരിമ്പ് വീണ്ടും പഞ്ചസാര ഫാക്റ്ററി വഴി പഞ്ചസാര ആയി മാറുന്നതിന് നിരവധി ഘട്ടങ്ങളിലെ മനുഷ്യാധ്വാനം ആവശ്യമാണ്. അതിനാൽ പഞ്ചസാരയ്ക്ക് കൂടുതൽ വില നൽകണം. വിപണനത്തിനായി (വിൽപ്പനയ്ക്കായി) തയ്യാറാക്കുന്ന ഉത്പ്പന്നത്തിനാണ് "ചരക്ക് " എന്ന് പറയുക. ഒരോ ചരക്കിനും മൂന്ന് തരം മൂല്യങ്ങൾ അടങ്ങിയിരിക്കുന്നു. 1. ഉൽപ്പാദന മൂല്യം 2. ഉപയോഗ മൂല്യം. 3. വിപണന മൂല്യം. ഉപയോഗ മൂല്യം ഉള്ളതിന് മാത്രമേ വിപണന മൂല്യം ഉണ്ടാവുകയുള്ളു. ഉപയോഗ മൂല്യം കൃത്യമായി നിർണ്ണയിക്കാനാവില്ല. കെട്ടിടം പണിയുന്നതിന് സിമന്റ് ആവശ്യമാണ്. എന്നാൽ കെട്ടിടം പണിതു കഴിഞ്ഞാൽ സൗജന്യമായി കൊടുക്കാമെന്ന് പറഞ്ഞാലും വില്പനയ്ക്ക് അല്ലെങ്കിൽ ഒരാൾ വാങ്ങുകയില്ല. ഏതെങ്കിലും മരുന്നിന്റെ ഉപയോഗമൂല്യം നിർണയിക്കാനാവില്ല. എന്നാൽ ഉത്പാദന മൂല്യം നിർണയിക്കാം. ചരക്ക് ഉദ്പാദിപ്പിക്കുന്നതിന്‌ ഉദ്പാദകന് വരുന്ന ആകെ ചെലവാണ് ഉദ്പാദന മൂല്യം. അതിൽ തൊഴിലാളിയുടെ അദ്ധ്വാന ശക്തിയുടെ മൂല്യവും ഉൾച്ചേർന്നിരിക്കും. വിപണന മൂല്യത്തിൽ നിന്നും (വിൽക്കുന്ന വില) ഉദ്പാദന മൂല്യം (ഉദ്പാദിപ്പിക്കാൻ ആവശ്യമായ ചെലവ്) കുറച്ചുള്ളതാണ് മിച്ചമൂല്യത്തിൽ ഉൾപ്പെടുന്നത്.
......... മുതലാളിത്ത വ്യവസ്ഥയിൽ ചരക്ക് ഉത്പാദനം നടത്തുന്നത് കമ്പോളത്തിൽ വില്പന നടത്തി കൂടുതൽ ലാഭം നേടുന്നതിനാണ്. മൂലധനം മുടക്കുന്നയാൾ ചരക്ക് ഉത്പ്പാദിക്കുന്നതിനായി കമ്പോളത്തിൽ നിന്ന് മറ്റൊരു "ചരക്കു" വില കൊടുത്തൂ വാങ്ങുന്നു. അത് തൊഴിലാളിയുടെ അദ്ധ്വാന ശക്തിയാണ്. "അദ്ധ്വാന ശക്തി" യെ മാർക്സ് മണിക്കൂറുകളുടെ യൂണിറ്റുകളായി തിരിച്ചു. തൊഴിലാളിക്ക് മൂല ധന ഉടമ കൂലിയായി കൊടുക്കുന്നത് യഥാർഥത്തിൽ അയാളുടെ അദ്ധ്വാന ശക്തിയുടെ വിലയാണ്. തൊഴിലാളിയുടെ അദ്ധ്വാന ശക്തിയുടെ "മൂല്യം" കണക്കാക്കുന്നത് കേവലം ജോലി ചെയ്യുന്നതിനുള്ള "ശക്തി" മാത്രം മതിയാവുകയില്ല. അതിൽ അയാളുടെ നില നിൽപ്പും ഭാവിയിൽ പുതിയ തൊഴിൽ ശക്തി ഉണ്ടാകുന്നതിനുള്ള സാധ്യതകളും എല്ലാം അടങ്ങിയിരിക്കുന്നു.
//
ഒരോ തൊഴിലാളിയും അനുഭവിക്കുന്ന സാമ്പത്തിക ചൂഷണം എന്താണെന്ന് തെളിയിക്കാൻ മാർക്സ് ഒരു പ്രവർത്തി ദിവസത്തെ രണ്ട് ഭാഗങ്ങളായി തിരിച്ചു. തൊഴിലാളിക്ക് കൊടുക്കുന്ന കൂലിക്ക് ആവശ്യമായ ജോലി പ്രവർത്തിദിവസത്തിന്റെ ആദ്യത്തെ പകുതിയിൽ തന്നെ അയാൾ ചെയ്യുന്നു എന്നും പ്രവർത്തി ദിവസത്തെ രണ്ടാമത്തെ പകുതി അയാൾക്ക്‌ കൊടുത്ത കൂലിയെക്കാൾ കൂടുതലായി - മിച്ച മായി ചെയ്യുന്നതാണ് എന്ന് മാർക്സ് സ്ഥാപിച്ചു. രണ്ടാമത്തെ പകുതിയിലാണ് തൊഴിലാളി അനുഭവിക്കുന്ന "അദ്ധ്വാന ശക്തിയുടെ ചൂഷണം" ഉൾക്കൊള്ളുന്നത്. അതാണ് മിച്ചമൂല്യ സിദ്ധാന്തത്തിന്റെ അടിസ്ഥാനം. മാർക്സിന്റെ കാലത്ത് നിന്നും ചരക്ക് ഉത്പാദനസമ്പ്രദായത്തിൽ വന്ന മാറ്റങ്ങൾ കണക്കിലെടുത്താൽ എട്ട്‌ മണിക്കൂർ ജോലി ചെയ്യുന്ന ഒരു ആധുനിക തൊഴിലാളിയുടെ ഏറ്റവും ചുരുങ്ങിയത് ഒരു മണിക്കൂർ സമയത്തെ അദ്ധ്വാന ശക്തിയെങ്കിലും മുതലാളിക്ക് അധികമായി ലഭിക്കും. ഒരു തൊഴിലാളിയുടെ ഒരു ദിവസത്തെ കാര്യമാണ് ഇവിടെ പറഞ്ഞത് അത് ആഴ്ചകളും മാസങ്ങളും വർഷങ്ങളുമായി കണക്കിലെടുക്കണം. ഒരു സ്ഥാപനത്തിൽ ചുരുങ്ങിയത് ആയിരം തൊഴിലാളികൾ ഉണ്ടെങ്കിൽ മുതലാളിക്ക് ഒരു ദിവസം ലഭിക്കുക ആയിരം മണിക്കൂറുകൾ ആണ്. അത് ആഴ്ചകളും മാസങ്ങളും വർഷങ്ങളും ആയി കണക്കിലെടുക്കണം. ഇന്ത്യയിൽ നൂറ്റിനാൽപ്പതുകോടി ജനങ്ങളിൽ ചുരുങ്ങിയത് അമ്പത് കോടി തൊഴിലാളികൾ ഉണ്ടെങ്കിൽ ഇന്ത്യൻ മുതലാളിത്തത്തിന് ഒരു ദിവസം ലഭിക്കുക അമ്പത് കോടി മണിക്കൂർ ആണ്.   അതും ആഴ്ചകളും മാസങ്ങളും വർഷങ്ങളും ആയി കണക്കാക്കണം. മുതലാളിമാർക്ക് "ദൈവം" കൊടുക്കുന്ന സമ്പത്തിന്റെ അടിസ്ഥാനം യഥാർത്ഥത്തിൽ അവർ തൊഴിലാളിയുടെ അദ്ധ്വാന ശക്തി ചൂഷണം ചെയ്ത് മാത്രം ഉണ്ടാക്കുന്നതാണ് എന്നാണ് മാർക്സ് അദ്ദേഹത്തിന്റെ സാമ്പത്തിക ഗവേഷണങ്ങളിൽ കൂടി സ്ഥാപിച്ചത്. മുതലാളിത്തം പ്രോത്സാഹിപ്പിക്കുമ്പോൾ ഇതൊന്നും തൊഴിലാളിവർഗത്തോട് പറയാൻ ആവില്ല എന്നതാണ് 1950 കാലം മുതൽ ഇന്ത്യയിൽ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് സംഭവിച്ചത്.
//
മാർക്സിന്റെ കാലത്ത്‌ തൊഴിൽ സമയം പത്തു് മണിക്കൂറും അതിൽ അധികവും ആണ്. മൂലധന ഉടമ തൊഴിലാളിക്ക് കൂലിയായി കൊടുക്കുന്നത് അയാളുടെ അദ്ധ്വാന ശക്തിയുടെ വിലയാണ് എന്ന് പറഞ്ഞു.
തൊഴിലാളിയുടെ അദ്ധ്വാന ശക്തി മണിക്കൂർ കണക്കിൽ പരിശോധിച്ച് മാർക്സ് കണ്ടെത്തിയത് ഒരോ തൊഴിലാളിയും ഒരോ ദിവസവും മൂലധന ഉടമയ്ക്കായി കൂടുതലായി ചെയ്യുന്ന ജോലിയാണെന്നാണ്. .
.//
യഥാർഥത്തിൽ തൊഴിലാളി വർഗം അനുഭവിക്കുന്ന ചൂഷണം ഇതാണ്. തൊഴിലാളികളുടെ എണ്ണത്തിലെ വർദ്ധനവ്; കാലയളവ് തുടങ്ങിയവ മൂലധന ഉടമയുടെ "മൂല ധനം" അയാൾ യഥാർഥത്തിൽ മുടക്കിയതിനേക്കാൾ വളരെ വേഗം വർധിപ്പിച്ചു കൊണ്ടിരിക്കും. ഇവിടെ നാം ഓർക്കേണ്ട ഒരു കാര്യം മാർക്സ് അദ്ദേഹത്തിന്റെ "മൂലധനം" എന്ന കൃതി രചിക്കുന്ന കാലം പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യ കാലം ആണെന്നതാണ്.
..............ആ കാലത്തെ ഉത്പാദന രീതികൾ പരിശോധിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞ വാക്കുകളിൽ തന്നെ നിന്നാൽ ഇന്ന് ആശയ കുഴപ്പം ഉണ്ടാകും. മാത്രമല്ല ഇപ്പോൾ ഒരു പ്രവർത്തി സമയം എന്നത് എട്ടു മണിക്കൂറാണ്. അതിൽ നാലു മണിക്കൂറിലെ അദ്ധ്വാന ശക്തിയുടെ മൂല്ല്യം മൂലധന ഉടമയ്ക്ക് പൂർണമായും ലഭിക്കുമെന്ന് പറഞ്ഞാൽ എല്ലായ്പ്പോഴും ശരിയായി കൊള്ളണമെന്നില്ല. പക്ഷെ മൂലധന ഉടമയ്ക്ക് ലഭിക്കുന്ന പ്രതിഫലം ഇല്ലാത്ത അദ്ധ്വാന ശക്തിയുടെ മൂല്യം ചുരുങ്ങിയത് എട്ടു മണിക്കൂറിൽ ഒരു മണിക്കൂർ എന്ന് കണക്കാക്കിയാലും നൂറു തൊഴിലാളികൾ ജോലി ചെയ്യുന്നിടത്തു നൂറു മണിക്കൂർ ഒരു ദിവസം; അത് ഒരു മാസം; ഒരു വർഷം ; വർഷങ്ങൾ എന്നത് വലിയ തുകയായി മാറും. യഥാർത്ഥത്തിൽ സമ്പന്ന വർഗങ്ങളുടെ "ദൈവം" കൊടുക്കുന്ന "സമ്പത്ത് " എന്ന് കരുതുന്നത് തൊഴിലാളിയുടെ, തൊഴിലാളി വർഗ്ഗത്തിന്റെ അദ്ധ്വാന ശക്തി ചൂഷണം ചെയ്തുണ്ടാക്കുന്നത് മാത്റമാണ് . സോഷ്യലിസ്റ്റ് വ്യവസ്ഥ സ്ഥാപിക്കുന്നതിനുള്ള തീരുമാനം ഉണ്ടാകുമ്പോൾ മാത്റമാണ് ചൂഷണ രഹിത സാമൂഹ്യ വ്യവസ്ഥക്കുള്ള തീരുമാനം ആകുന്നത്.
..............."മിച്ച മൂല്യ സിദ്ധാന്തം" അനുസരിച്ച് ഒരു തൊഴിലാളിയിൽ നിന്നും എട്ടുമണിക്കൂറിൽ ഒരു മണിക്കൂർ എന്ന് കണക്കാക്കിയാൽ ഇന്ത്യയിൽ അമ്പത് കോടി തൊഴിലാളികൾ ഒരു ദിവസം ജോലി ചെയ്‌താൽ അമ്പത് കോടി മണിക്കൂറുകൾ പ്രതിഫലം ഇല്ലാത്ത അദ്ധ്വാന ശക്തി ആയി മൂല ധന ഉടമയ്ക്ക്; മുതലാളിത്തത്തിന് ഒരു ദിവസം ലഭിയ്ക്കും. ചൂഷക വർഗങ്ങളുടെ സാമ്പത്തിക അടിത്തറ യഥാർത്ഥത്തിൽ ഇങ്ങനെ ചൂഷണം ചെയ്തു ഉണ്ടാക്കുന്നതാണ്. അതാണ് ചൂഷണത്തിന്റെ സാമ്പത്തിക അടിത്തറ തകർത്ത് സോഷ്യലിസത്തിന്റെ അടിത്തറ സൃഷ്ടിക്കുന്നത്. സോഷ്യലിസം അംഗീകരിക്കുമ്പോൾ മാത്റമാണ് അങ്ങനെ ഒരു ലക്‌ഷ്യം ഉണ്ടാവുക. ഇൻഡ്യ ഒട്ടാകെ ഒരു ദിവസം തൊഴിലാളികൾ പണി മുടക്കിയാൽ ;പിറ്റേ ദിവസത്തെ പത്രങ്ങളിൽ "പതിനായിരം കോടിയുടെ ദേശീയ നഷ്ട്ടം" എന്ന് കാണാറുള്ളത് ഇത് കണക്കിലെടുത്താണ്. എന്നാൽ ജോലി ചെയ്യുന്ന ദിവസങ്ങളിലെ വരുമാനം "ലാഭം" ആയി ആരും പറയാറില്ല.
. .മൂല ധന ഉടമ "ലാഭം" എന്ന് പറയുന്നത് യഥാർഥത്തിൽ അയാൾ തൊഴിലാളിയിൽ നിന്നും ചൂഷണം ചെയ്തുണ്ടാക്കുന്ന അദ്ധ്വാന ശക്തിയുടെ മൂല്യം മാത്രമാണ്. ഇപ്രകാരം മുതലാളിത്തത്തിൽ മൂലധന ഉടമയ്ക്ക് ലഭിക്കുന്നത് സോഷ്യലിസത്തിൽ രാഷ്ട്രത്തിനാണ് ലഭിക്കുക. അതാണ് സോഷ്യലിസത്തിന്റെ അടിത്തറയായി ഭവിക്കുന്നത്. അത് രാക്ഷ്ട്രത്തിനാകെ ലഭിക്കുമാറുള്ള സംവിധാനം ഉണ്ടായാൽ ഭൂമിയിലെ തന്നെ സ്വർഗം ആക്കി മാറ്റാനുള്ള വിഭവം ആയി അത് മാറും. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റു നേതൃത്വം സോഷ്യലിസം സ്ഥാപിക്കുക എന്ന് ലക്‌ഷ്യം അംഗീകരിക്കുക എന്നതാണ് അതിനുള്ള ആദ്യ നടപടി.
//
ഇന്ത്യൻ ഭരണ ഘടന അംഗീകരിക്കുക എന്നാൽ സോഷ്യലിസവും അംഗീകരിക്കുന്നു എന്നാണ് അർത്ഥം. ആധുനിക പാർലമെന്ററി ജനാധിപത്യം മാർക്സിസവും സോഷ്യലിസത്തിന്റെ നീതിയും ജനങ്ങളിൽ എത്തിക്കുന്നതിന് ഏറ്റവും നല്ല അവസരം ഒരുക്കുകയാണ്. എല്ലാ രാജ്യങ്ങളിലും സോഷ്യലിസത്തിന്റെ "മാതൃക" ആരും നിശ്ചയിച്ചിട്ടില്ല. പഴയ സോവിയറ്റ് യൂണിയൻ ഇല്ലാതായതുകൊണ്ട്‌ സോഷ്യലിസവും മാർക്സിസവും ഇല്ലാതായെന്ന് സ്ഥാപിക്കാൻ ചൂഷകവർഗ്ഗങ്ങൾ ശ്രമിക്കുന്നുണ്ട്. സോഷ്യലിസ്റ്റ് ചരക്ക് ഉത്പ്പാദനത്തിൽ ജനാധിപത്യത്തിലെ ജനങ്ങളുടെ സഹകരണവും അത്യന്താപേക്ഷിതമാണ്. ആധുനിക പാർലമെന്ററി ജനാധിപത്യം സോഷ്യലിസ്റ്റ് ആശയങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതികനും ജനങ്ങളുടെ സഹകരണം ഉറപ്പാക്കുന്നതിനും സൗകര്യപ്രദമാണ്. അങ്ങനെ ഒരു സൗകര്യം ഇല്ലാതിരുന്നതാണ് സോവിയറ്റ് യൂണിയനിലെ തിരിച്ചടിക്ക് കാരണമായത്‌. പാർലമെന്ററി ജനാധിപത്യം സോഷ്യലിസ്റ്റ് ആശയങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിന് യാതൊരു നിയമ തടസങ്ങളും ഇല്ല എന്നത് സോഷ്യലിസം കൂടുതൽ ജനകീയമാക്കുന്നതിനാണ് ഇടവരുത്തുക. അതായിരുന്നില്ല 1917 ൽ ഒക്ടോബർ വിപ്ലവം നടന്ന റഷ്യയിലെ സാഹചര്യങ്ങൾ. പാർലമെന്ററി ജനാധിപത്യം ശാസ്ത്രീയ സോഷ്യലിസത്തിന് പറ്റിയതല്ല എന്ന ചിലരുടെ ധാരണ എന്താണ് മാർക്സിസം എന്നും എന്താണ് സോഷ്യലിസം എന്നുമുള്ള അറിവില്ലായ്മയിൽ നിന്നും ഉണ്ടാകുന്ന അഭിപ്രായ പ്രകടനങ്ങൾ മാത്റമാണ്.
.. .. . ."മിച്ചമൂല്യ" സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ എന്താണ് മുതലാളിത്ത ചൂഷണം എന്ന് തൊഴിലാളിവർഗത്തെയും സാധാരണ ജനങ്ങളെയും പഠിപ്പിച്ചുകൊണ്ടല്ലാതെ തൊഴിലാളിവർഗത്തെ സംഘടിപ്പിച്ചാൽ അവരിൽ അടിസ്ഥാന മാറ്റങ്ങളൊന്നും ഉണ്ടാക്കാനാവില്ല. അതായിരുന്നു 1950 ന് മുൻപുള്ള ഇന്ത്യയിലെ അവസ്ഥ. ചൂഷണ വിമുക്ത സമൂഹം എന്നതിൽ നിന്നും ഒരിക്കലും വ്യതിചലിക്കാൻ പാടില്ല. ആ ലക്ഷ്യം ഉപേക്ഷിച്ചതാണ് ഇന്ത്യയിൽ സംഭവിച്ച അപകടം.
................സോവിയറ്റു യൂണിയനും ചൈനയും വളരെ വേഗം പുരോഗതി നേടിയത് "മിച്ച മൂല്യം" രാഷ്ട്രത്തിനു ലഭിച്ചതുകൊണ്ടാണ്.
.
................ഇൻഡ്യയിൽ 1950 മുതൽ മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന നിലപാടിൽ (സിപിഐ; സി പി ഐ (എം) നിൽക്കുന്നത് കൊണ്ട് "മിച്ച മൂല്യ സിദ്ധാന്ത" ത്തെ കുറിച്ച് തൊഴിലാളി വർഗത്തോട് വ്യക്തമായി പറയാനാവാത്ത സ്ഥിതിയാണ്.
//
നിർഭാഗ്യവശാൽ മാർക്സിസ്റ്റ് ആശയങ്ങളെകുറിച്ച് കാര്യമായി യാതൊന്നും മനസിലാകാതിരുന്ന ഇന്ത്യയിലെ "കമ്മ്യൂണിസ്റ്റ്" നേതൃത്വം 1950 കാലങ്ങളിൽ തീരുമാനിച്ചത് ഇന്ത്യൻ മുതലാളിത്തം "പ്രോത്സാഹിപ്പിക്കണം" എന്നാണ്. ലോകത്തുനിന്നും തന്നെ "മുതലാളിത്തം" തുടച്ചുനീക്കുന്നതിനായി രൂപംകൊണ്ട തത്വശാസ്‌ത്രം കൈകാര്യം ചെയ്യുന്നവർ മുതലാളിത്തം "പ്രോത്സാഹിപ്പിക്കാൻ" തീരുമാനിച്ചപ്പോൾ ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നാശോന്മുഖമായി. എന്നാൽ സിപിഐ, സിപിഐ(എം) എന്നീ പാർട്ടികൾ 1950 കാലത്തെ നിലപാടിൽ നിന്നും അണുവിട പിന്മാറാൻ ഒരുക്കമല്ല. 2022ൽ കഴിഞ്ഞ 23മത് പാർട്ടി കോൺഗ്രസിലും "പാർട്ടി പരിപാടിയിൽ ഒരു മാറ്റവും ആവശ്യമില്ല" എന്നാണ് തീരുമാനിച്ചത്. ഒരു സാധാരണ സിപിഐ(എം) അംഗം ആയ ഞാൻ 2002 മുതൽ വസ്തുതകൾ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും ബന്ധപ്പെട്ട "മേൽ ഘടകങ്ങൾ" നിലപാടുകളിൽ ഒരു മാറ്റവും വരുത്താൻ ഒരുക്കമല്ല. രാജവാഴ്ചക്ക് ശേഷം നിലവിൽവന്ന സാമൂഹ്യ വ്യവസ്ഥയാണ് ജനാധിപത്യം. ജനാധിപത്യത്തിൽ "രാഷ്ട്രീയ അധികാരം" ജനങ്ങൾക്കാണ്. എന്താണ് "സോഷ്യലിസം" എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തിയാൽ അത് ഒരു സാമൂഹ്യ വ്യവസ്ഥയാക്കി മാറ്റിയെടുക്കേണ്ട ചുമതല തൊഴിലാളി വർഗ്ഗവും ജനങ്ങളും നിർവഹിച്ചുകൊള്ളും. എന്നാൽ ഒരുകാരണ വശാലും "സോഷ്യലിസം" എന്ന് വാക്കുപോലും പറയില്ല എന്നാണ് ഇന്ത്യയിലെ "കമ്മ്യൂണിസ്റ്റ്" നേതൃത്വങ്ങളുടെ നിലപാട്.
/// 
@@@@ 05 12 2016 @@@@
187. മിച്ച മൂല്യ സിദ്ധാന്തത്തിന്റെ സാമൂഹ്യ പ്രസക്തി.
മുതലാളിത്ത സാമ്പത്തിക വ്യവസ്ഥയിലെ ചരക്ക് ഉത്പാദന രീതിയുടെ തല നാരിഴ കീറി പരിശോധിച്ച കാറൽ മാർക്സിന് കണ്ടെത്താൻ കഴിഞ്ഞ "മിച്ച മൂല്യ സിദ്ധാന്ത" ത്തിന്റെ കണ്ടെത്തൽ അദ്ദേഹത്തിന്റെ മുൻപിൽ തുറന്നിട്ടത് മുതലാളിത്ത വ്യവസ്ഥയുടെ മാത്റമല്ല മാനവ രാശിയുടെയാകെ കഷ്ടപ്പാടിന്റെയും ദാരിദ്ര്യത്തിന്റെയും ക്രൂരമായ പീഡനങ്ങളുടെയും അടിസ്ഥാന പരമായ യാഥാർഥ്യങ്ങളായിരുന്നു. "സ്വകാര്യ സ്വത്ത്" സമ്പ്രദായവും അടിമത്വവും നിലവിൽ വന്ന കാലം മുതൽ തുടങ്ങിയ ചൂഷണത്തിന്റെ നീരാളി പിടുത്തതിന്റെ വ്യാപ്തി അദ്ദേഹത്തിന് ബോധ്യമായി.
..........."വർഗ സമരം" ആരംഭിച്ച കാലവും അതിന്റെ സ്വഭാവവും ഭീകരതയും അദ്ദേഹത്തിന് ബോധ്യമായി. ഭരണകൂടത്തിന്റെ പ്റാരംഭ ഘട്ടം അടിമ ഉടമയ്ക്ക് സംരക്ഷണം കൊടുക്കുന്നതിനും അടിമ വ്യവസ്ഥ സ്ഥാപിച്ചെടുക്കുന്നതിനും ആയിരുന്നു. ഭരണ കൂടം എല്ലാ കാലങ്ങളിലും സമ്പന്ന വർഗ്ഗത്തിന്റെ താത്‌പര്യം സംരക്ഷിക്കുകയും പണിയെടുക്കുന്ന വർഗത്തെ അടിച്ചമർത്തുന്നതിനുള്ള വ്യവസ്ഥകൾക്ക് രൂപം കൊടുക്കുകയും ചെയ്തു. അത് മാത്രമല്ല സമൂഹത്തിലെ ഒരു വിഭാഗം ആളുകളുടെ സമ്പത്തു് കുന്നു കൂടുന്നതിന്റെയും അവർക്ക് അതൊക്കെ ദൈവം കൊടുക്കുന്നതാണെന്ന വാദത്തിന്റെ പൊള്ളത്തരങ്ങളിലേക്കും ആയിരുന്നു. എത്രയോ കാലങ്ങളായി യാതൊരു പണിയും ചെയ്യാതെ ആർഭാഡ ജീവിതം നയിക്കാൻ സമൂഹത്തിലെ കുറെ ആളുകൾക്കും എത്രയൊക്കെ പണി എടുത്തിട്ടും വളരെ വലിയൊരു ജനവിഭാഗത്തിന് നരക തുല്യമായ ജീവിതം മാത്രം അനുഭവിക്കേണ്ടി വരുന്നതിന്റെയും കാരണം അദ്ദേഹത്തിന് കണ്ടെത്താൻ കഴിഞ്ഞു.
...........മുതലാളിത്ത വ്യവസ്ഥയിൽ "കൂലി" എന്ന രൂപത്തിൽ പ്രതിഫലം കൊടുക്കുന്നു എങ്കിൽ അടിമകാല ഘട്ടം മുതൽ തൊഴിലാളി വർഗം അനുഭവിക്കുന്ന ചൂഷണം എത്രയെന്ന ബോധ്യപ്പെടുത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. ലോകമൊട്ടാകെ നാം കാണുന്ന "ലോകാത്ഭുതങ്ങൾ" എല്ലാം അടിമകളുടടെ കൊടും പീഡനങ്ങളിലൂടെ കെട്ടിപ്പടുത്തവയാണ്. മനുഷ്യ രാശിയുടെ എഴുതപെട്ട ചരിത്രമാകെ വർഗ സമരങ്ങളുടെ ചരിത്രമാണ്. ആധുനിക മനുഷ്യന്റെ ഇന്നത്തെ വളർച്ചയ്ക്ക് നാം കടപ്പെട്ടിരിക്കുന്നത് ചരിത്രത്തിന്റെ ഭാഗമായ അടിമ വ്യവസ്ഥയോടാണ്. ഒരു ഭാഗത്തു് അടിമകൾ കൊടും പീഡനം ഏറ്റുവാങ്ങി ലോകത്തിന്റെ സമ്പത്താകെ നിർമിച്ചപ്പോൾ മറു ഭാഗത്തു് മാനവ ജീവിതം ക്രമമായി വളർന്നു വന്നു. പൗരാണിക സംസ്കൃതിയും സാമൂഹിക വളർച്ചയും ശാസ്ത്രവും കലയും എല്ലാം വളർന്നുവന്നു. ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ എന്ന പോലെ ഒരു ഭാഗത്തു് മാനവ രാശിയുടെ ക്രമേണയുള്ള വളർച്ചയും അതിനു അടിസ്ഥാനമായ പ്രാചീന അടിമകളുടെ ദയനീയമായ ത്യാഗങ്ങൾ മറുവശത്തും നില കൊള്ളുന്നു. ചൈനീസ് വന്മതിലും ഗ്രീസിലെ പിരമിഡുകളും ഷാജഹാൻ ചക്രവർത്തിയുടെ "ടാജ് മഹലും" എല്ലാം കൊട്ടി പൊക്കിയത് അടിമകളുടെ രക്തത്തിലും വിയർപ്പിലും ജീവനിലുമാണ്.
............ആധുനിക കാലത്താവട്ടെ എല്ലാ സമ്പത്തും നിർമ്മിച്ചെടുക്കുന്നത് തൊഴിലാളി വർഗ്ഗത്തിന്റെ ത്യാഗത്തിലും സഹനത്തിലും ജീവിതത്തിലുമാണ്. എല്ലാ കാഷ്ടപ്പാടുകളും ത്യാഗങ്ങളും പലപ്പോഴും ജീവൻ നഷ്ടപ്പെടുന്നതും തൊഴിലാളിക്കാണ്; തൊഴിലാളി വർഗത്തിനാണ്. എന്നാൽ എല്ലാ സുഖ സമൃദ്ധിയും ആർഭാടങ്ങളും സുഖഭോഗങ്ങളും ബൂർഷ്വാസിക്കാണ്. ഒരു തുള്ളി വിയർപ്പോ ഒരു തരത്തിലുമുള്ള അപകട ഭീഷണികളോ അവർക്ക് നേരിടേണ്ടതില്ല. എത്രയെല്ലാം പണിയെടുത്താലും തൊഴിലാളിയുടെ ജീവിതമാകെ ദാരിദ്ര്യത്തിലാണ്. ഏതെല്ലാം തരത്തിൽ അവനെ ചൂഷണം ചെയ്യാമെന്നാണ് മുതലാളിയും (ബൂർഷ്വാസിയും) അവന്റെ താത്പര്യസംരക്ഷണത്തിനായി അവനാൽ നയിക്കപ്പെടുന്ന ബൂർഷ്വാ രാഷ്ട്രീയ പാർട്ടികളും പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്.
.............മിച്ച മൂല്യ സിദ്ധാന്തത്തിലൂടെ മാർക്സ് കണ്ടെത്തിയ യാഥാർഥ്യങ്ങളാണ് ലോകത്തിന്റെ സമ്പത്തു് നിർമ്മിക്കുന്നത് യഥാർഥത്തിൽ തൊഴിലാളി വർഗമാണെന്നും അതുകൊണ്ടു തന്നെ തൊഴിലാളി വർഗത്തിന് ഈ ലോകത്തെ തന്നെ മാറ്റി മറിക്കാൻ കഴിയുമെന്നും. ഏറ്റവും കരുത്തുറ്റ വർഗ്ഗമെന്ന നിലയിൽ സമൂഹത്തിന്റെയാകെ ദാരിദ്ര്യവും കഷ്ടപ്പാടും ഇല്ലാതാക്കുന്ന ജോലി മാർക്സ് അർപ്പിച്ചത് തൊഴിലാളി വർഗത്തിലാണ്. ലോക തൊഴിലാളി വർഗത്തിന് മുൻപിൽ തുറന്നിട്ട ഒരു വലിയ സുവർണ മേഖലയാണ് "ശാസ്ത്രീയ സോഷ്യലിസം" എന്നത്. എല്ലാ രാജ്യങ്ങളിലെയും തൊഴിലാളി വർഗ്ഗവും പാവപെട്ട ജന വിഭാഗങ്ങളും അനുഭവിക്കുന്ന കഷ്ടപ്പാടുകളും ദാരിദ്ര്യവും പീഡനങ്ങളും ചൂഷണവും പൊതുവിൽ ഒരു പോലെയാണ്. രാജ്യങ്ങളിലെ ജനസംഖ്യയുടേയും വിഭവ സമൃദ്ധ്യയുടെയും അളവിലെ ഏറ്റക്കുറച്ചിൽ അനുസരിച്ചു് ഏറ്റക്കുറച്ചിൽ ഉണ്ടാകാം എന്ന് മാത്രം. അതുകൊണ്ട് മഹാനായ കാറൽ മാർക്സ് ലോക തൊഴിലാളി വർഗ്ഗത്തിന്റെ മുൻപിൽ അവതരിപ്പിച്ച മുദ്രാ വാക്യമാണ്: "സർവ രാജ്യ തൊഴിലാളികളെ ഏകോപിക്കുവിൻ; നിങ്ങൾക്ക് നഷ്ടപ്പെടാൻ വിലങ്ങുകൾ മാത്രം; നേടാനോ; ഒരു വലിയ ലോകം ഉണ്ട് താനും". ഇൻഡ്യൻ തൊഴിലാളി വർഗ്ഗവും ലോക തൊഴിലാളി വർഗ്ഗവും ഈ ലക്‌ഷ്യം നേടുന്നതിനായി ഇനിയും മുന്നേറേണ്ടിയിരിക്കുന്നു.
..........ലോകത്തെ തന്നെ മാറ്റിതീർക്കാൻ കഴിയുന്ന ശക്തിയാണ് തൊഴിലാളി വർഗ്ഗം എന്ന് മാർക്സ് ചൂണ്ടികാണിച്ചു എന്നതുകൊണ്ട് മറ്റൊരു വർഗ്ഗവും ഇല്ല എന്ന്‌ അർഥമാകുന്നില്ല. പൊതുസമൂഹത്തിൽ ഒരു വർഗം മാത്റമാണ് തൊഴിലാളി വർഗം. കൃഷിക്കാരും ഇടത്തരക്കാരും സമ്പന്ന വിഭാഗവും എല്ലാം വ്യത്യസ്ത വിഭാഗങ്ങൾ ആണ്. പൊതുവായി പരിശോധിച്ചാൽ മനസ്സിൽ നന്മയുള്ളവരും തിന്മയുള്ളവരും എല്ലാവരിലും ഉണ്ടാകും. എല്ലാവർക്കും സുഖമായി ജീവിക്കാൻ കഴിയുന്ന സാമൂഹ്യ വ്യവസ്ഥയുടെ നിർമ്മിതിക്കായി മുൻനിരയിൽ നിൽക്കാൻ കഴിയുന്ന ശക്തിയെയാണ് തൊഴിലാളി വർഗ്ഗത്തിൽ മാർക്സ് കണ്ടെത്തിയത്.
(5 12 2016)

 



 
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ