2018 സെപ്റ്റംബർ 8, ശനിയാഴ്‌ച

251. പാർട്ടി "പരിപാടി" യെ കുറിച്ച് :............

                                  251. പാർട്ടി "പരിപാടി" യെ കുറിച്ച് :............
           മിക്കവാറും സഖാക്കൾ കരുതുന്നതുപോലെ ഇപ്പോൾ പാർട്ടി "പരിപാടി" ആയി കരുതുന്നത് യഥാർഥത്തിൽ "പരിപാടി" അല്ല; അർഥശൂന്യമായ കുറെ വാക്കുകൾ യാഥാർഥ്യ ബോധം ഇല്ലാതെ കൂട്ടി ചേർത്തിരിക്കുന്നത് മാത്റമാണ്. ഇങ്ങനെ പറയുന്നതിൽ സഖാക്കൾ ക്ഷമിക്കണം; പറയാതെ നിർവാഹമില്ല. "പരിപാടി" യിൽ പറയുന്നത് പോലെ "പരിപാടി" കുത്തക വിരുദ്ധവുമല്ല; ഫ്യൂഡൽ വിരുദ്ധവുമല്ല; സാമ്പ്രാജ്യത്വ വിരുദ്ധവുമല്ല. (മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന കാഴ്ചപ്പാടിൽ അത് മാർക്സിസ്റ്റു വിരുദ്ധമാണ് താനും.) മുതലാളിത്തം വളരുമ്പോൾ അത് സാമ്പ്രാജ്യത്വം ആയി മാറുകയാണ് ചെയ്യുക. ഇഗ്ളീഷ് ഈസ്റ്റിന്ത്യ കമ്പനിയുടെ ചരിത്റം ലോകത്തിന്റെ ചരിത്റമാണ്. അമേരിക്ക ഇന്നത്തെ യാഥാർഥ്യമാണ്. ശാസ്ത്റം അതിവേഗം മാറികൊണ്ടിരിക്കുമ്പോൾ ഇന്നത്തേത് എല്ലാം നാളെ പഴഞ്ചനായിരിക്കും; പഴയ ലാൻഡ് ഫോണും ടൈപ്പ് റൈറ്ററും പോലെ; പഴയ ആവി എൻജിൻ പോലെ. നമ്മുടെ പ്റസ്ഥാനം രക്ഷ പെടണമെങ്കിൽ ഈ പരിപാടി മാറണം. കാറൽ മാർക്സ് അവതരിപ്പിച്ച ആശയങ്ങളെ കുറിച്ച് യാതൊരു ധാരണയും ഇല്ലാതെ; വാക്കുകളുടെ ആശയങ്ങളെ കുറിച്ച് യാതൊരു ധാരണയും ഇല്ലാതെ; യാഥാർഥ്യ ബോധം ഇല്ലാതെ അവതരിപ്പിച്ച ഒരു "പരിപാടി" യുടെ സ്വാഭാവിക ഫലം മാത്റമാണ് ഇൻഡ്യ ഒട്ടാകെയുള്ള പാർട്ടിയുടെ ഇന്നത്തെ അവസ്ഥ. എഴുപതു ശതമാനത്തിലധികം ജനങ്ങളുടെ പിന്തുണ ഉണ്ടായിരുന്ന പ.ബംഗാളിലെ പാർട്ടിയുടെ ഇന്നത്തെ സ്ഥിതിയ്ക്ക് കാരണവും അത് തന്നെ.
            1.  കാറൽ മാർക്സ്  അദ്ദേഹത്തിന്റെ സാമ്പത്തിക ശാസ്ത്റ പരിശോധനകളുടെ ആരംഭത്തിൽ തന്നെ കണ്ടെത്തുന്ന വസ്തുതയാണ്  "ഒരു രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയാണ്  ആ രാജ്യത്തെ  രാഷ്ട്റീയവും സാംസ്കാരികവും ആയ ഉപരിഘടനയെ" നിർണയിക്കുക   എന്നത്. റിലയൻസ് അംബാനി ഉൾപ്പെടെയുള്ളവരാണ്  ഇൻഡ്യയുടെ സാമ്പത്തിക നയം തീരുമാനിക്കുന്നത് എന്നത് മാർക്സിന്റെ കണ്ടെത്തൽ സത്യമായിരുന്നു എന്ന്  വ്യക്തമാക്കുന്നു. ഒരു കമ്മ്യൂണിസ്റ്റു പാർട്ടി ഇന്ത്യ ഭരിക്കാൻ അവർ അനുവദിക്കുകയില്ല.  (ഈ കാര്യം  ഇൻഡ്യയിൽ  പരിഗണിച്ചതേയില്ല; അതുകൊണ്ടു മാത്റം ഇപ്പോഴത്തെ "പരിപാടി" നടപ്പിലാവുകയും ഇല്ല).  അതിന്റെ അടിസ്ഥാനത്തിലാണ്  മുതലാളിത്ത വ്യവസ്ഥയുടെ ആകെയും അതിന്റെ അടിസ്ഥാനമായ ചരക്ക്‌  ഉത്പാദന സമ്പ്റദായവും "തല നാരിഴ" കീറി മാർക്സ്  പരിശോധിക്കുന്നത്.  തൊഴിലാളി വർഗം അനുഭവിക്കുന്ന സാമ്പത്തിക ചൂഷണം എന്താണെന്ന് അദ്ദേഹം തന്റെ "മൂലധനം" എന്ന  കൃതിയിലൂടെ (മിച്ചമൂല്യ സിദ്ധാന്തം) ലോകത്തെ ഭംഗിയായി  ബോധ്യപ്പെടുത്തി. ചൂഷണ വിമുക്തമായ ഒരു സാമൂഹ്യ വ്യവസ്ഥയെക്കുറിച്ചും സൂചിപ്പിച്ചു. എന്നാൽ  ഇവിടെയാകട്ടെ   ഇൻഡ്യൻ  മുതലാളിത്തം പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചപ്പോൾ എന്താണ് മുതലാളിത്തം എന്നത്  പരിഗണിച്ചതേയില്ല.  അത്  തൊഴിലാളി വർഗത്തെ ചൂഷണം ചെയ്യുന്നത്  പ്രോത്സാഹിപ്പിക്കുക യാണെന്നത് സൗകര്യ പൂർവം വിസ്മരിച്ചു. തന്മൂലം തൊഴിലാളിവർഗം പ്രസ്ഥാനത്തോടൊപ്പം നിൽക്കാതെ നിരവധി സംഘടനകളിലായി നിലകൊള്ളുന്നു.
            2.  "ജനകീയ ജനാധിപത്യം" എന്ന വാക്കിന്റെ അർഥം "യഥാർഥ ജനങ്ങളുടെ ആധിപത്യം" ആണെന്നത്  വിസ്മരിച്ചു്  മുതലാളിത്തം പ്റോത്സാഹിപ്പിച്  "ബൂർഷ്വാ" ജനാധിപത്യത്തെ  ജനകീയ ജനാധിപത്യം  ആക്കി മാറ്റി തീർക്കാമെന്ന് വ്യാമോഹിച്ചു.  അതിനർത്ഥം മുതലാളിത്തം എന്താണെന്നോ ബൂർഷ്വാ ജനാധിപത്യം  എന്താണെന്നോ ഉള്ള അറിവില്ലായ്മ മാത്റമാണ്. അതിന്  അതിന്റേതായ വിശാല അർഥങ്ങൾ ഉണ്ട്.  "ജനകീയ ജനാധിപത്യ ചൈന" യിൽ സോഷ്യലിസത്തോടൊപ്പം ആണ് ജനകീയ ജനാധിപത്യം.  "മുതലാളിത്തം" എന്ന വാക്കിന്റെ അർഥം "മുതലാളിമാരുടെ ആധിപത്യം" എന്നോ "മൂലധന" ത്തിന്റെ ആധിപത്യം എന്നോ പറയാം. ബൂർഷ്വാസിയെ പ്രോത്സാഹിപ്പിച്ചാൽ അവരുടെ സ്വഭാവത്തിൽ മാറ്റം ഉണ്ടാകുമോ?  സമരം ചെയ്‌ത്‌  അവരുടെ സ്വഭാവത്തിൽ മാറ്റം വരുത്താമെന്ന്  നാം കരുതുന്നു. "തൊഴിലാളിവർഗ സർവാധി പത്യത്തെ കുറിച്ച്  മാർക്‌സും ലെനിനും ഊന്നിപ്പറഞ്ഞതു എന്തുകൊണ്ടാണെന്നു പോലും മനസിലാക്കിയില്ല. മുതലാളിത്തം ചൂഷണത്തിൽ മാത്റം അധിഷ്ടിതമായ ഒരു സാമൂഹ്യ വ്യവസ്ഥയാണ്; അത്  നന്നാക്കി യെടുക്കാനല്ല മാർക്സിസം നിലകൊള്ളുന്നത്.
             3. "വർഗ സമരം"  എന്നാൽ  തൊഴിലാളി വർഗ്ഗവും ബൂർഷ്വാസിയും തമ്മിലുള്ള സമരം ആണെന്നതും അത് അവസാനിക്കുക ബൂർഷ്വാസിയുടെ സാമ്പത്തിക ആധിപത്യം അവസാനിക്കുമ്പോൾ മാത്റമാണെന്നതും അവിടെ നാം എത്തിച്ചേരുക "സോഷ്യലിസ്‌റ്റ് " വ്യവസ്ഥയിലാണെന്നതും വിസ്മരിച്ചാണ്  ബൂർഷ്വാസിയെ  (മുതലാളിത്തം) പ്റോത്സാഹിപ്പിക്കാൻ തീരുമാനിച്ചത്.
             4. ഈ "പരിപാടി" നിലനിൽക്കുന്നിടത്തോളം  യാതൊരു ലക്ഷ്യവും നമുക്കില്ല. ഒരാശയവും തൊഴിലാളിവർഗത്തിന് മുൻപിൽ അവതരിപ്പിക്കാൻ നമുക്കാവില്ല്ല; കാരണം മാർക്സിസം പൂർണമായും മുതലാളിത്തത്തിന് എതിരാണ്.  "മുതലാളിത്തം" നമ്മുടെ ലക്ഷ്യമാണോ?അല്ല.  ഒരിക്കലും ആവില്ല. പല കാര്യങ്ങൾക്കും നാം സമരം ചെയ്യും.  പക്ഷെ ഒന്നിനും നമുക്ക് പരിഹാരം ഇല്ല.  പരിഹാരം സോഷ്യലിസം ആണെന്ന് പറയാൻ ഇന്ന്  "പരിപാടി" നമ്മെ അനുവദിക്കുന്നില്ല. "സോഷ്യലിസ്‌റ്റ്  സമ്പദ്  ഘടന; ജനകീയ ജനാധിപത്യത്തിലൂടെ" എന്ന ലക്‌ഷ്യം അംഗീകരിക്കുമ്പോൾ; നമുക്കൊരു ലക്‌ഷ്യം ഉണ്ടാകുന്നു;  പാർട്ടിയാകെ യഥാർഥ മാർക്സിസം-ലെനിനിസത്തിന്റെ പാതയിലാകുന്നു.  സോഷ്യലിസം എന്നത്  സോഷ്യലിസ്റ്റു പ്ളാനിങ്ങിലൂടെ  രാജ്യത്തിന്റെ എല്ലാ മേഖലയിലും ഉണ്ടാകേണ്ട സാമ്പത്തിക വളർച്ചയാണ്; അതിനായി  തൊഴിലാളി വർഗ്ഗത്തെയും മറ്റു വിഭാഗങ്ങളെയും അണിനിരത്തുകയാണ്  നാം ഏറ്റെടുക്കുന്ന അടിയന്തിര ചുമതല.  മുതലാളിത്തം എത്റമാത്റം വളർന്നാലും സോഷ്യലിസത്തിന്റെ "പടിവാതിക്കൽ"  നാം എത്തുകയില്ല. നമ്മുടെ കാർഷിക മേഖലയാണ് ഏറ്റവും നല്ല ഉദാഹരണം.  ലാഭം ഇല്ലാത്ത ഒരിടത്തും ബൂർഷ്വാസി താത്‌പര്യം കാണിക്കുകയില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ