2017 ജനുവരി 13, വെള്ളിയാഴ്‌ച

187. മിച്ച മൂല്യ സിദ്ധാന്തത്തിന്റെ സാമൂഹ്യ പ്രസക്തി.

          187. മിച്ച മൂല്യ സിദ്ധാന്തത്തിന്റെ സാമൂഹ്യ പ്രസക്തി.
             മുതലാളിത്ത സാമ്പത്തിക വ്യവസ്ഥയിലെ  ചരക്ക്  ഉത്പാദന രീതിയുടെ തല നാരിഴ കീറി പരിശോധിച്ച  കാറൽ മാർക്സിന്  കണ്ടെത്താൻ കഴിഞ്ഞ  "മിച്ച മൂല്യ സിദ്ധാന്ത" ത്തിന്റെ കണ്ടെത്തൽ അദ്ദേഹത്തിന്റെ  മുൻപിൽ തുറന്നിട്ടത്  മുതലാളിത്ത വ്യവസ്ഥയുടെ മാത്റമല്ല  മാനവ രാശിയുടെയാകെ  കഷ്ടപ്പാടിന്റെയും  ദാരിദ്ര്യത്തിന്റെയും  ക്രൂരമായ  പീഡനങ്ങളുടെയും അടിസ്ഥാന പരമായ യാഥാർഥ്യങ്ങളായിരുന്നു. "സ്വകാര്യ സ്വത്ത്" സമ്പ്രദായവും അടിമത്വവും നിലവിൽ വന്ന കാലം മുതൽ തുടങ്ങിയ  ചൂഷണത്തിന്റെ  നീരാളി പിടുത്തതിന്റെ വ്യാപ്തി  അദ്ദേഹത്തിന് ബോധ്യമായി.
..........."വർഗ സമരം"  ആരംഭിച്ച കാലവും  അതിന്റെ സ്വഭാവവും ഭീകരതയും അദ്ദേഹത്തിന് ബോധ്യമായി.  ഭരണകൂടത്തിന്റെ പ്റാരംഭ ഘട്ടം അടിമ ഉടമയ്ക്ക്  സംരക്ഷണം കൊടുക്കുന്നതിനും അടിമ വ്യവസ്ഥ സ്ഥാപിച്ചെടുക്കുന്നതിനും ആയിരുന്നു. ഭരണ കൂടം എല്ലാ കാലങ്ങളിലും  സമ്പന്ന വർഗ്ഗത്തിന്റെ താത്‌പര്യം സംരക്ഷിക്കുകയും പണിയെടുക്കുന്ന വർഗത്തെ അടിച്ചമർത്തുന്നതിനുള്ള വ്യവസ്ഥകൾക്ക്  രൂപം കൊടുക്കുകയും ചെയ്തു.  അത് മാത്രമല്ല  സമൂഹത്തിലെ  ഒരു വിഭാഗം ആളുകളുടെ  സമ്പത്തു്  കുന്നു കൂടുന്നതിന്റെയും  അവർക്ക്  അതൊക്കെ ദൈവം കൊടുക്കുന്നതാണെന്ന വാദത്തിന്റെ പൊള്ളത്തരങ്ങളിലേക്കും ആയിരുന്നു. എത്രയോ കാലങ്ങളായി  യാതൊരു പണിയും ചെയ്യാതെ  ആർഭാഡ ജീവിതം  നയിക്കാൻ  സമൂഹത്തിലെ കുറെ ആളുകൾക്കും  എത്രയൊക്കെ പണി എടുത്തിട്ടും വളരെ വലിയൊരു ജനവിഭാഗത്തിന്  നരക തുല്യമായ  ജീവിതം മാത്രം അനുഭവിക്കേണ്ടി വരുന്നതിന്റെയും കാരണം  അദ്ദേഹത്തിന്  കണ്ടെത്താൻ കഴിഞ്ഞു.

...........മുതലാളിത്ത വ്യവസ്ഥയിൽ  "കൂലി" എന്ന രൂപത്തിൽ പ്രതിഫലം കൊടുക്കുന്നു എങ്കിൽ  അടിമകാല ഘട്ടം മുതൽ തൊഴിലാളി വർഗം അനുഭവിക്കുന്ന ചൂഷണം എത്രയെന്ന ബോധ്യപ്പെടുത്താൻ അദ്ദേഹത്തിന് കഴിഞ്ഞു.  ലോകമൊട്ടാകെ നാം കാണുന്ന  "ലോകാത്ഭുതങ്ങൾ" എല്ലാം അടിമകളുടടെ  കൊടും പീഡനങ്ങളിലൂടെ കെട്ടിപ്പടുത്തവയാണ്.  മനുഷ്യ രാശിയുടെ എഴുതപെട്ട ചരിത്രമാകെ വർഗ സമരങ്ങളുടെ ചരിത്രമാണ്.  ആധുനിക മനുഷ്യന്റെ ഇന്നത്തെ വളർച്ചയ്ക്ക്  നാം കടപ്പെട്ടിരിക്കുന്നത്  ചരിത്രത്തിന്റെ ഭാഗമായ അടിമ വ്യവസ്ഥയോടാണ്.  ഒരു ഭാഗത്തു്  അടിമകൾ കൊടും പീഡനം ഏറ്റുവാങ്ങി  ലോകത്തിന്റെ സമ്പത്താകെ നിർമിച്ചപ്പോൾ  മറു ഭാഗത്തു്  മാനവ ജീവിതം ക്രമമായി വളർന്നു വന്നു.  പൗരാണിക സംസ്കൃതിയും  സാമൂഹിക വളർച്ചയും ശാസ്ത്രവും കലയും എല്ലാം വളർന്നുവന്നു. ഒരു നാണയത്തിന്റെ  രണ്ടു വശങ്ങൾ എന്ന പോലെ ഒരു ഭാഗത്തു്  മാനവ രാശിയുടെ  ക്രമേണയുള്ള വളർച്ചയും അതിനു  അടിസ്ഥാനമായ  പ്രാചീന അടിമകളുടെ ദയനീയമായ ത്യാഗങ്ങൾ മറുവശത്തും  നില കൊള്ളുന്നു. ചൈനീസ് വന്മതിലും  ഗ്രീസിലെ പിരമിഡുകളും  ഷാജഹാൻ ചക്രവർത്തിയുടെ  "ടാജ്  മഹലും" എല്ലാം കൊട്ടി പൊക്കിയത് അടിമകളുടെ  രക്തത്തിലും  വിയർപ്പിലും ജീവനിലുമാണ്.

............ആധുനിക കാലത്താവട്ടെ എല്ലാ സമ്പത്തും  നിർമ്മിച്ചെടുക്കുന്നത്  തൊഴിലാളി വർഗ്ഗത്തിന്റെ  ത്യാഗത്തിലും സഹനത്തിലും ജീവിതത്തിലുമാണ്.  എല്ലാ കാഷ്ടപ്പാടുകളും  ത്യാഗങ്ങളും പലപ്പോഴും ജീവൻ നഷ്ടപ്പെടുന്നതും തൊഴിലാളിക്കാണ്;  തൊഴിലാളി വർഗത്തിനാണ്.   എന്നാൽ  എല്ലാ സുഖ സമൃദ്ധിയും  ആർഭാടങ്ങളും  സുഖഭോഗങ്ങളും  ബൂർഷ്വാസിക്കാണ്.   ഒരു തുള്ളി വിയർപ്പോ ഒരു തരത്തിലുമുള്ള അപകട ഭീഷണികളോ അവർക്ക്  നേരിടേണ്ടതില്ല.  എത്രയെല്ലാം പണിയെടുത്താലും  തൊഴിലാളിയുടെ ജീവിതമാകെ ദാരിദ്ര്യത്തിലാണ്.  ഏതെല്ലാം തരത്തിൽ അവനെ ചൂഷണം ചെയ്യാമെന്നാണ്  മുതലാളിയും (ബൂർഷ്വാസിയും) അവന്റെ താത്പര്യസംരക്ഷണത്തിനായി അവനാൽ നയിക്കപ്പെടുന്ന ബൂർഷ്വാ രാഷ്ട്രീയ പാർട്ടികളും  പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്.

.............മിച്ച മൂല്യ സിദ്ധാന്തത്തിലൂടെ മാർക്സ്  കണ്ടെത്തിയ യാഥാർഥ്യങ്ങളാണ്  ലോകത്തിന്റെ സമ്പത്തു്  നിർമ്മിക്കുന്നത്  യഥാർഥത്തിൽ തൊഴിലാളി വർഗമാണെന്നും  അതുകൊണ്ടു തന്നെ തൊഴിലാളി വർഗത്തിന്  ഈ ലോകത്തെ തന്നെ മാറ്റി മറിക്കാൻ കഴിയുമെന്നും.  ഏറ്റവും കരുത്തുറ്റ വർഗ്ഗമെന്ന നിലയിൽ  സമൂഹത്തിന്റെയാകെ  ദാരിദ്ര്യവും കഷ്ടപ്പാടും ഇല്ലാതാക്കുന്ന  ജോലി  മാർക്സ് അർപ്പിച്ചത് തൊഴിലാളി വർഗത്തിലാണ്.  ലോക തൊഴിലാളി വർഗത്തിന് മുൻപിൽ തുറന്നിട്ട  ഒരു വലിയ  സുവർണ മേഖലയാണ്  "ശാസ്ത്രീയ സോഷ്യലിസം" എന്നത്.  എല്ലാ രാജ്യങ്ങളിലെയും തൊഴിലാളി വർഗ്ഗവും പാവപെട്ട ജന വിഭാഗങ്ങളും അനുഭവിക്കുന്ന കഷ്ടപ്പാടുകളും ദാരിദ്ര്യവും പീഡനങ്ങളും ചൂഷണവും  പൊതുവിൽ ഒരു പോലെയാണ്.   രാജ്യങ്ങളിലെ  ജനസംഖ്യയുടേയും  വിഭവ സമൃദ്ധ്യയുടെയും അളവിലെ ഏറ്റക്കുറച്ചിൽ അനുസരിച്ചു് ഏറ്റക്കുറച്ചിൽ ഉണ്ടാകാം എന്ന് മാത്രം.  അതുകൊണ്ട് മഹാനായ കാറൽ മാർക്സ് ലോക തൊഴിലാളി വർഗ്ഗത്തിന്റെ മുൻപിൽ  അവതരിപ്പിച്ച  മുദ്രാ വാക്യമാണ്:  "സർവ രാജ്യ തൊഴിലാളികളെ ഏകോപിക്കുവിൻ; നിങ്ങൾക്ക്  നഷ്ടപ്പെടാൻ വിലങ്ങുകൾ മാത്രം;  നേടാനോ;  ഒരു വലിയ ലോകം ഉണ്ട് താനും".  ഇൻഡ്യൻ തൊഴിലാളി വർഗ്ഗവും ലോക തൊഴിലാളി വർഗ്ഗവും ഈ ലക്‌ഷ്യം നേടുന്നതിനായി ഇനിയും മുന്നേറേണ്ടിയിരിക്കുന്നു.
..........ലോകത്തെ തന്നെ മാറ്റിതീർക്കാൻ കഴിയുന്ന ശക്തിയാണ്  തൊഴിലാളി വർഗ്ഗം എന്ന്  മാർക്സ് ചൂണ്ടികാണിച്ചു എന്നതുകൊണ്ട്  മറ്റൊരു വർഗ്ഗവും ഇല്ല എന്ന്‌  അർഥമാകുന്നില്ല.  പൊതുസമൂഹത്തിൽ ഒരു വർഗം മാത്റമാണ്  തൊഴിലാളി വർഗം. കൃഷിക്കാരും ഇടത്തരക്കാരും സമ്പന്ന വിഭാഗവും എല്ലാം വ്യത്യസ്ത വിഭാഗങ്ങൾ ആണ്.  പൊതുവായി പരിശോധിച്ചാൽ മനസ്സിൽ നന്മയുള്ളവരും തിന്മയുള്ളവരും  എല്ലാവരിലും ഉണ്ടാകും.  എല്ലാവർക്കും സുഖമായി ജീവിക്കാൻ കഴിയുന്ന സാമൂഹ്യ വ്യവസ്ഥയുടെ നിർമ്മിതിക്കായി മുൻനിരയിൽ നിൽക്കാൻ കഴിയുന്ന ശക്തിയെയാണ് തൊഴിലാളി വർഗ്ഗത്തിൽ മാർക്സ് കണ്ടെത്തിയത്.
//
നിർഭാഗ്യവശാൽ മാർക്സിസ്റ്റ് ആശയങ്ങളെകുറിച്ച് കാര്യമായി യാതൊന്നും മനസിലാകാതിരുന്ന ഇന്ത്യയിലെ "കമ്മ്യൂണിസ്റ്റ്" നേതൃത്വം 1950 കാലങ്ങളിൽ തീരുമാനിച്ചത് ഇന്ത്യൻ മുതലാളിത്തം "പ്രോത്സാഹിപ്പിക്കണം" എന്നാണ്. ലോകത്തുനിന്നും തന്നെ "മുതലാളിത്തം" തുടച്ചുനീക്കുന്നതിനായി രൂപംകൊണ്ട തത്വശാസ്‌ത്രം കൈകാര്യം ചെയ്യുന്നവർ മുതലാളിത്തം "പ്രോത്സാഹിപ്പിക്കാൻ" തീരുമാനിച്ചപ്പോൾ ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നാശോന്മുഖമായി. എന്നാൽ സിപിഐ, സിപിഐ(എം) എന്നീ പാർട്ടികൾ 1950 കാലത്തെ നിലപാടിൽ നിന്നും അണുവിട പിന്മാറാൻ ഒരുക്കമല്ല. 2022ൽ കഴിഞ്ഞ 23മത് പാർട്ടി കോൺഗ്രസിലും "പാർട്ടി പരിപാടിയിൽ ഒരു മാറ്റവും ആവശ്യമില്ല" എന്നാണ് തീരുമാനിച്ചത്. ഒരു സാധാരണ സിപിഐ(എം) അംഗം ആയ ഞാൻ 2002 മുതൽ വസ്തുതകൾ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും ബന്ധപ്പെട്ട "മേൽ ഘടകങ്ങൾ" നിലപാടുകളിൽ ഒരു മാറ്റവും വരുത്താൻ ഒരുക്കമല്ല.
/


.................13th January, 2017..............

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ