113.അറിവില്ലായ്മയും തെറ്റിധാരണകളും .
.
. .മുതലാളിത്തം പ്രോത്സാഹിപ്പിച്ചാൽ സോഷ്യലിസത്തിൽ എത്തിചേരാമെന്ന് ധരിച്ചത് മാർക്സിസത്തെകുറിച്ചോ മുതലാളിത്തത്തെ കുറിച്ചോ സോഷ്യലിസത്തെ കുറിച്ചോ അറിവില്ലായ്മ കൊണ്ടും പാർലമെന്റരി ജനാധിപത്യത്തിൽ സോഷ്യലിസം അസാധ്യമാണ് എന്ന തെറ്റായ ധാരണകൾ കൊണ്ടും സംഭവിച്ചതാണ്. മുതലാളിത്തത്തിലെയും സോഷ്യലിസത്തിലെയും "ചരക്ക് " ഉത്പാദനത്തിന്റെയും ലക്‌ഷ്യം തന്നെ വ്യത്യസ്തമാണ്. മുതലാളിത്തം "ലാഭ" ത്തിൽ അധിഷ്ടിതമാണ്. സോഷ്യലിസം ആകട്ടെ സമൂഹത്തിന്റെ ആകെ അഭിവൃദ്ധിയാണ് ലക്ഷ്യമാക്കുക. സമൂഹത്തിലെ എല്ലാ കാര്യങ്ങളും "ലാഭം" നോക്കി നടത്തേണ്ടവയല്ലെന്നാണ് സോഷ്യലിസ്റ്റ് കാഴ്ചപ്പാട്. മനുഷ്യരുടെ വിദ്യാഭ്യാസവും ആരോഗ്യവും ലാഭം അടിസ്ഥാനമാക്കിയല്ല കൈകാര്യം ചെയ്യേണ്ടത്. അവിടെയാണ് ലാഭത്തിന് പകരം മനുഷ്യത്വം നടപ്പിലാക്കേണ്ടത്. "കമ്മ്യൂണിസ്റ്റ് മാനിഫെസ്ടോ" യിൽ തന്നെ മാർക്സ് പറയുന്നതാണ് ബൂർഷ്വാസി എല്ലാത്തിനും മേൽ "പണ" ത്തെ പ്റതിഷ്ടിച്ചു" എന്ന്. പ്രാചീന കാലം മുതൽ ഉള്ള കാഴ്ചപ്പാടാണ് "വിദ്യയും വൈദ്യവും ലാഭാധിഷ്ടിതമായി കാണരുത് എന്നത്. "മൂലധനം" എന്ന കൃതിയുടെ ഒന്നാം ഭാഗത്ത് മാർക്സ് പറയുന്നത് ബൂർഷ്വാസി 300 ശതമാനം ലാഭം കിട്ടുമെങ്കിൽ അതിന്റെ ഉടമയെ കഴുവേറ്റുമെങ്കിലും പുറകോട്ടു മാറില്ല എന്നാണ്.
.
. .അടിമയുടേയും അടിമ ഉടമയുടേയും താത്പ്പര്യങ്ങളിലെ വൈരുധ്യം മനസിലാക്കിയില്ല. തൊഴിലാളിയുടേയും മുതലാളിയുടേയും താത്പ്പര്യങ്ങളിലെ വൈരുധ്യവും മനസിലാക്കിയില്ല. സ്വാർത്ഥതയും സാമൂഹ്യ ബോധവും തമ്മിലെ വൈരുധ്യവും മനസിലാക്കിയില്ല. തൊഴിലാളി വർഗ രാഷ്ട്രീയവും ചൂഷക വർഗ രാഷ്ട്രീയവും തമ്മിലുള്ള വൈരുധ്യം മനസിലാക്കിയില്ല. വർഗ വൈരുധ്യങ്ങളാണ് വർഗ സമരങ്ങളുടെ കാരണം എന്നും മനസിലാക്കിയില്ല. മുതലാളിത്തം പ്രോത്സാഹിപ്പിക്കുമ്പോൾ ചൂഷക വർഗങ്ങളെയാണ് പ്രോത്സാഹിപ്പിക്കുന്നത് എന്നും അപ്പോൾ വർഗ വൈരുധ്യങ്ങൾ വർഗ സമരങ്ങളിലേക്ക് നീങ്ങുന്നില്ല എന്നതും മനസിലാക്കിയില്ല. മാർക്സിസത്തിന്റെ മൗലിക അടിത്തറയായ വർഗ സമരത്തിന്റെ അടിസ്ഥാനമായ വർഗ വൈരുധ്യങ്ങളും അതിന്റെ ഫലമായ വർഗ സമരം ഏത് വര്ഗങ്ങൾ തമ്മിലാന്നെന്ന് പോലും മനസിലാക്കാതെയാണ് "മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" എന്ന നിലപാട് സ്വീകരിച്ചത്. ഇന്ത്യയിൽ അതൊന്നും മാറ്റിയെടുക്കലും അസാധ്യമായിരിക്കുകയാണ് എന്നതാണ് ഏറ്റവും പരിതാപകരമായ സ്ഥിതിവിശേഷം.
.
. .ശാസ്ത്റം അതിവേഗം മാറികൊണ്ടിരിക്കുമ്പോൾ മുതലാളിത്തത്തിന് പൂർണ വളർച്ച എന്ന ഘട്ടം അസാധ്യമാണ്. മാർക്സിന്റെ കാലത്ത് അതിശക്തൻ "നീരാവി" ആയിരുന്നു. കപ്പലുകളും തീവണ്ടികളും നീരാവിയിൽ കുതിച്ചുപാഞു. എന്നാൽ പിന്നീട് ആ സ്ഥാനം പെട്രോൾ/ഡീസൽ ആയി. അതും മാറി ഇപ്പോൾ വൈദ്യുതിയും അണുശക്തിയും മറ്റുമാണ്. ഭാവിയിൽ അത് എന്താകും ഇന്നാർക്കും മുൻകൂട്ടി പറയാൻ ആവില്ല. പഴയ ടെലിഫോണും പഴയ കമ്പ്യൂട്ടർ പോലും മാറിപ്പോയി. മാർക്സ് കൊടും ദാരിദ്ര്യം സഹിച്ച് "മൂലധനം" എന്ന കൃതി രചിച്ചത് മുതലാളിത്തം തകർത്ത് സോഷ്യലിസ്റ്റ് വ്യവസ്ഥ സ്ഥാപിക്കുന്നതിനാണ്. മറ്റൊരു ആവശ്യത്തിനും അത് പ്രയോചനപെടുകയില്ല. മാർക്സിസം എന്താണെന്ന് മനസ്സിലാക്കിയിട്ടുള്ളവർക്ക് ആർക്കും മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന നിലപാട് അന്ഗീകരിക്കാനാവുകയില്ല. ഇപ്പോഴത്തെ നിലപാട് പ്രസ്ഥാനത്തെ ജനങ്ങളിൽ നിന്നും ഒറ്റപ്പെടുത്തികൊണ്ടിരിക്കുകയാണ്.
.
. .കേരളത്തിൽ 1957 ലെ കമ്മ്യൂണിസ്റ് സർക്കാർ പാവപ്പെട്ടവരുടെ കുടികിടപ്പ് അവകാശം സംരക്ഷിക്കുന്നത് ഉൾപ്പെടെ പല നല്ല കാര്യങ്ങളും ചെയ്ത കൂട്ടത്തിൽ കോഴിക്കോട് ബിർളയെ ക്ഷണിച് മാവൂർ റയോൺസ് ആരംഭിക്കുകയും ചെയ്തു. ബിർള മാവൂർ റയോൺസിന്റെ ഫാക്ടറിയിലെ മലിന ജലം ശുദ്ധീകരിക്കാതെ ചാലിയാർ പുഴയിലേക്ക് ഒഴുക്കിവിട്ടു. അത് പുഴയിലെ ജലം മലിനമാക്കുകയും ജനങ്ങൾക്ക് കുടിക്കുവാനും കുളിക്കുവാനും ആവാത്ത സ്ഥിതിയിലാക്കി. അതിനെതിരെ നടത്തിയ സമരങ്ങൾക്കൊന്നും ഒരു ഫലവും ഉണ്ടായില്ല. "റയോൺസ്" ലാഭകരമല്ലാതെയായപ്പോൾ ബിർള ഉപേക്ഷിച്ചുപോയി. എന്നാൽ കോഴിക്കോടുള്ള ജനങ്ങൾക്ക് കമ്മ്യൂണിസ്റ്റു സർക്കാർ അനുഭവപ്പെട്ടത് ചാലിയാർ പുഴയിലെ കുടിവെള്ളം എങ്ങനെ ആക്കി എന്ന രൂപത്തിലാണ്. കൊക്കകോളയ്ക്കു സൗകര്യം ചെയ്തു കൊടുത്തപ്പോൾ ജനങ്ങൾക്ക് അനുഭവപ്പെട്ടത് കുടിവെള്ളം ഇല്ലാതാക്കിയ രൂപത്തിലാണ്. ഇതെല്ലാം അനുഭവിക്കുന്നവർ ഒരു തരത്തിലും പ്രസ്ഥാനവുമായി അടുക്കാതെ ആയി. മിക്കവാറും സഖാക്കൾ തങ്ങളുടെ നില നിൽപ്പിന്റെ ഭാഗമായി മാത്രം പ്രസ്ഥാനത്തെ കാണുന്നതു കൊണ്ട് മനസിലുള്ളത് തുറന്ന് പറയുന്നില്ല എന്ന് മാത്രം.
.
. .മാർക്സ് കണ്ടെത്തിയ "മിച്ചമൂല്യം" മുതലാളിത്തത്തിൽ ധനിക വർഗ്ഗത്തിന്റെ ആർഭാഡ ജീവിതത്തിനും ദരിദ്ര്ന്റെ മേലുള്ള ആധിപത്യം ഉറപ്പിക്കുന്നതിനും മാത്രമാകുമ്പോൾ സോഷ്യലിസത്തിൽ അത് ജനങ്ങളുടെ ആകെ ജീവിത നിലവാരം ഉയർത്തുന്നതിന് ഉപയോഗിക്കപെടുന്നു. ഇന്ന് നമുക്ക് അതിനെക്കുറിച്ചും ആരോടും ഒന്നും പറയാനാവില്ല. "വർഗ സമരം" സമ്പന്ന വർഗ്ഗത്തിന്റെ ആധിപത്യം (മുതലാളിത്തം) അവസാനിപ്പിക്കുന്നതിലാണ് എത്തിചേരേണ്ടത്. ആ കാര്യം ഇപ്പോൾ ആലോചിക്കുകയേ വേണ്ട; സമ്പന്ന വർഗത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുക്കണം. എല്ലാ കഷ്ടപാടുകളും ദൈവ വിധി അല്ല എന്ന് സ്ഥാപിച്ച് ചൂഷക വർഗ്ഗത്തിന്റെ വാഴ്ച എക്കാലവും തുടരുന്നത് അവസാനിപ്പിക്കുന്നതിനാണ് ശാസ്ത്രീയ പ്രപഞ്ച വീക്ഷണമായ ഭൗതിക വാദം അവതരിപ്പിച്ചത്. ഇപ്പോൾ നമുക്ക് സമ്പന്ന വർഗങ്ങളുടെ വാഴ്ചയ്ക്ക് ആവശ്യമായ സൗകര്യം ചെയ്തുകൊടുക്കലാണ് ആവശ്യം. മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന നിലപാടിൽ മേൽപ്പറഞ്ഞ മാർക്സിസത്തിന്റെ അടിസ്ഥാന തത്വങ്ങൾ എല്ലാം അപ്രസക്തമാകുന്നു.
.
. .മുതലാളിത്തത്തിൽ ബൂർഷ്വാസി ലാഭം എത്ര കൂടുതൽ ഉണ്ടോ അവിടെ മാത്രമേ താത്പര്യം കാണിക്കുകയുള്ളൂ. വില കയറ്റം തടയുക അസാധ്യമായ കാര്യമാണ്. സോഷ്യലിസത്തിൽ എല്ലാ വിഭാഗം ജനങ്ങളുടെയും ജീവിത നിലവാരം ഉയർത്തുന്നതിനുള്ള ബോധ പൂർവമായ ആസൂത്രണമാണ് വേണ്ടത്. ജനങ്ങൾക്ക് ആവശ്യമായ ഭക്ഷ്യ ധാന്യം; ആശുപത്രികൾ; സ്കൂളുകൾ തുടങ്ങിയവയൊന്നും ലാഭം മാത്രം ലക്ഷ്യമായ മുതലാളിത്തം എത്ര മാത്രം വളർന്നാലും നേടാവുന്നവയല്ല. മുതലാളിത്തം വളർന്നാൽ സോഷ്യലിസം ആകും എന്ന് ഉറച്ച് വിശ്വസിച്ച് ; പഠിച്ച് ; പഠിപ്പിച്ച്; പഠിപ്പിച്ച് വരുന്നവരെ തിരുത്തുക അസാധ്യം തന്നെ. 1920-25 മുതൽ ക്രമേണ വളർന്നു വന്നത് 1950 കൾക്ക് ശേഷം തകരുകയാണ് ചെയ്തത് എന്ന് ബോധ്യപെടുതുവാനും നിർവാഹമില്ല.
.
/// (July 6, 2015)/// .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ