53.ഭാരതത്തിൽ എങ്ങിനെയാണ് സോഷ്യലിസം സ്ഥാപിക്കുക? ഇവിടെ ആരും പഴയ സോവിയറ്റു യൂണിയന്റെ ചരിത്രം അങ്ങനെ തന്നെ ആവർത്തിച്ചു കളയാം എന്ന ധാരണ വേണ്ട. അവിടെ ഇപ്പോൾ ജനങ്ങൾ പഴയ കമ്മ്യൂണിസ്റ് പാർട്ടിക്ക് വോട്ട് ചെയ്യാൻ പോലും തയ്യാറല്ല. സായുധ വിപ്ലവത്തിൽ കൂടി മാത്രമേ സോഷ്യലിസം സാധ്യമാവുകയുള്ളു എന്ന ചിലരുടെ ധാരണകളും അപ്രസക്തമാക്കുന്നതാണ് പഴയ സോവിയറ്റു യൂണിയനിലെ ഇപ്പോഴത്തെ അവസ്ഥ. സമൂഹത്തിൽ ഒരു ശതമാനം ആളുകൾ പോലും ചിന്തിക്കാൻ കഴിവുള്ളവരല്ല; അനുസരിക്കാൻ മാത്രം കഴിയുന്നവരാണ് എന്നിരിക്കെ; എല്ലാവരെയും തോക്കിൻ മുനയിൽ നിർത്തി നമ്മൾ ആഗ്രഹിക്കുന്ന തരത്തിലുള്ള സോഷ്യലിസത്തിലേയ്ക്ക് കൊണ്ടുപോകാൻ ആവില്ല. മുതലാളിത്തം ആണെങ്കിൽ തനിക്കും ഒരു അംബാനി ആകാമായിരുന്നു എന്ന് ചിന്തിക്കുന്നവർ എവിടെയും എന്നും കാണും. നൂറ്റി ഇരുപത്തിയഞ്ച് കോടി ജനങ്ങളും നാം ആഗ്രഹിക്കുന്ന തരത്തിൽ ചിന്തിക്കും എന്നും ആരും കരുതരുത്. ഊമ്മൻ ചാണ്ടിയെ പോലുള്ളവരും നരേന്ദ്ര മോദിയെ പോലുള്ളവരും എന്നും എവിടെയും കാണും. നമുക്ക് അവരെയൊക്കെ സഹിക്കുക അല്ലാതെ കൊന്നൊടുക്കാൻ ആവില്ല. അതുകൊണ്ട് സ്വകാര്യ മേഖല ഇല്ലാത്ത ഒരു സോഷ്യലിസത്തെ കുറിച്ചും ആരും ചിന്തിക്കേണ്ടതില്ല. ഉപ ജീവനത്തിനായി ഒരോരുത്തരും ഒരോ മാർഗം കണ്ടുപിടിക്കും. അത് സമൂഹത്തിന് യോചിച്ചതാണെങ്കിൽ അനുവദിക്കണം; പ്രോത്സാഹിപ്പിക്കണം. സോഷ്യലിസം ഒരു പരമാധികാര രാഷ്ട്രത്തിൽ മാത്റമേ സാധ്യമാകുകയുള്ളു. ഇൻഡ്യ ഒരു പരമാധികാര രാഷ്ട്രം ആണ്. എന്നാൽ സംസ്ഥാനങ്ങൾ പരമാധികാരം ഉള്ളവയല്ല. ഇൻഡ്യൻ പാർലമെന്റ് സംസ്ഥാനങ്ങൾക്ക് അനുവദിച്ചിട്ടുള്ള അധികാരങ്ങൾ മാത്രമേ സംസ്ഥാനങ്ങളിൽ നടപ്പിലാക്കാൻ ആവുകയുള്ളൂ. നമ്മുടെ ഭരണ ഘടനയുടെ 1976-ലെ 42-മത് ഭേദഗതി പ്രകാരം ഇൻഡ്യ ഒരു പരമാധികാര (സോഷ്യലിസ്റ്റ് - മതേതര) ജനാധിപത്യ റിപ്പബ്ളിക് ആണ്. കൂടാതെ 51 (എ) വകുപ്പിൽ "മൗലിക കർത്തവ്യങ്ങളിൽ" 51 (ബി) വകുപ്പ് അനുസരിച്ച് "ശാസ്ത്രീയ മന:സ്ഥിതിയും മാനുഷ്യകത്വവും അനെവ്ഷണ - പരിഷ്കരണ മനോഭാവവും വികസിപ്പിക്കുക" എന്നതും ഉൾപെടുന്നു......ഈ വാചകങ്ങളിൽ അടങ്ങിയിരിക്കുന്ന അർഥം അതിന്റെ പൂർണ അർഥത്തിൽ പ്രാവർതികമാക്കണമെങ്കിൽ ശാസ്ത്രീയ കാഴ്ചപ്പാടുകൾ ഉള്ള തൊഴിലാളിവര്ഗ പ്രസ്ഥാനങ്ങൾക്ക് മാത്രമേ സാധ്യമാവുകയുള്ളു. സോഷ്യലിസം ഇൻഡ്യ ഒട്ടാകെയല്ലാതെ വളരെ പരിമിതമായ അധികാരങ്ങൾ മാത്രം ഉള്ള ഏതെങ്കിലും സംസ്ഥാനങ്ങളിൽ മാത്രമായി നടപ്പാക്കാൻ ആവില്ല. ഇൻഡ്യൻ ഭരണ ഘടന അനുസരിച്ച് കേന്ദ്ര ഭരണകൂടത്തിൽ നിക്ഷിപ്തമായ അധികാരങ്ങൾ എന്നും സംസ്ഥാന ഭരണകൂടത്തിൽ നിക്ഷിപ്തമായ അധികാരങ്ങൾ എന്നും കേന്ദ്രത്തിനും സംസ്ഥാനത്തിനും അധികാരം ഉള്ളവ എന്നും ആയി അധികാരങ്ങൾ വേർതിരിച്ചിട്ടുണ്ട്. എന്നാൽ പരമാധികാരം എല്ലാത്തിന്റെയും ഉപരിയായി പാർലമെന്റിനാണ്. രാജ്യരക്ഷ, ആഭ്യന്തര സുരക്ഷ, വിദേശ കാര്യം, തുറമുഘങ്ങൾ, വിമാനത്താവളങ്ങൾ, റെയിൽവേ, പ്രധാനപെട്ട നികുതികൾ (ആദായ നികുതി, കസ്റ്റംസ്, എക്സൈസ്, തുടങ്ങിയവ), വൻകിട വ്യവസായങ്ങൾ മുതലായവയുടെ അധികാരം കേന്ദ്ര ഭരണകൂടതിനാണ്. ആരോഗ്യം, വിദ്യാഭ്യാസം, തദ്ദേശ സ്വയം ഭരണം, കൃഷി, ചെറുകിട വ്യവസായങ്ങൾ, ക്രമസമധാനം മുതലായ വകുപ്പുകൾ സംസ്ഥാന ഭരണത്തിനാണ്. ക്രമസമാധാനം തകർനെന്ന പേരിലാണ് 1957-ലെ കേരളത്തിലെ ഈ.എം.എസ് . മന്ത്രിസഭയെ കേന്ദ്രം 1959-ൽ പിരിച്ചു വിട്ടത്. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ഏതെങ്കിലും സംസ്ഥാനത്തിൽ അധികാരത്തിൽ വന്നാൽ സംസ്ഥാനത്തിന്റെ പരിധിയിൽ നിന്നു ചെയ്യാവുന്ന കാര്യങ്ങൾ ചെയ്യാമെന്നല്ലാതെ സോഷ്യലിസത്തിന്റെ കാര്യം ചിന്തികേണ്ടതില്ല. എന്നാൽ പരിപാടി അങ്ങനെയുള്ള കാര്യങ്ങളിലെക്കൊന്നും കടക്കുന്നതേയില്ല. ഇന്നത്തെ സാഹചര്യങ്ങളിൽ കേന്ദ്രത്തിൽ ഭരണം കിട്ടിയാലും മുതലാളിത്തം അല്ലാതെ സോഷ്യലിസത്തെ കുറിച്ച് ആലോചിക്കാൻ ആവില്ല. പ. ബെന്ഗാളിൽ സംസ്ഥാന ഭരണത്തിന്റെ പരിമിതിയെ കുറിച്ച് ആരും ഒന്നും പറഞ്ഞില്ല. പറഞ്ഞത് മുതലാളിത്തം അല്ലാതെ മറ്റുമാർഗം ഒന്നും ഇല്ല എന്നാണ്. മുതലാളിത്തേതര പാത, വിവിധ ഉടമസ്തതാ രീതികളോട് കൂടിയ ബഹുമുഘ ഘടന എന്നെല്ലാം പറഞ്ഞാൽ ഇൻഡ്യൻ നാഷണൽ കോൺണ്ഗ്രെസ്സ് നെഹ്രുവിന്റെ കാലം മുതൽ നടപ്പാക്കി വരുന്ന മിശ്ര സംബദ് ഘടനയാണ്. അവിടെ മഹാനായ കാറൽ മാർക്സ് അവതരിപ്പിച്ച ആശയങ്ങൾ അപ്രസക്തമാകുന്നു. മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്നതും കോൺഗ്രസ്സിന്റെ നിലപാടാണ്. നിലവിൽ അതാണ് നമ്മുടെ ലക്‌ഷ്യം. അതിന്റെ പാർടിയാണ് ഇന്നുള്ളത്. മുതലാളിത്തത്തിനായി ഒരു കമ്മ്യൂണിസ്റ് പാർട്ടി ആവശ്യമാണെന്ന് ജനങ്ങൾ (തൊഴിലാളി വർഗം) കരുതുന്നില്ല. "ഭരണ കൂടം ബൂർഷ്വാസിയുടെ മർദ്ദനോപകാരണം ആണ് " എന്ന വർഗ സമരം അനുസരിച്ചുള്ള വിലയിരുത്തൽ ഇപ്പോഴത്തെ "കാഴ്ചപ്പാട്" നിലനിൽക്കുന്നിടത്തോളം പ്രസക്തമല്ല. കാരണം അത് ശക്തമാക്കുക എന്നതിലാണ് നാമിപ്പോൾ. "സോഷ്യലിസ്ററ് ഭാരതം" എന്ന പരിപാടി അംഗീകരിക്കുമ്പോൾ മാത്രമേ നമുക്ക് ഒരു ലക്ഷ്യം ഉണ്ടാകുന്നുള്ളൂ. ഇപ്പോൾ നമുക്കൊരു ലക്ഷ്യം ഇല്ല. കാര്യങ്ങൾ ആത്മ നിഷ്ടമായി കണ്ടാൽ പോര. വസ്തുനിഷ്ടമായി കാണണം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ