577. സോഷ്യലിസ്റ്റ് സമ്പദ് ഘടന, ജനകീയ ജനാധിപത്യത്തിലൂടെ.
ബൂർഷ്വാ പാർലമെന്ററി മാർഗ്ഗത്തിൽ സോഷ്യലിസം സ്ഥാപിക്കാമെന്ന് പാർട്ടി ഒരിടത്തും പറഞ്ഞിട്ടില്ല........
//
അടുത്ത പാർട്ടി കോൺഗ്രസിന് ശേഷവും ഇങ്ങനെയൊരു മറുപടി ഉണ്ടാകാൻ പാടില്ല.
//
23--മത് പാർട്ടി കോൺഗ്രസിന്റെ തീരുമാനങ്ങൾ വിശദീകരിച്ച സിപിഐ(എം) ജനറൽ ബോഡിയിൽ കേട്ടതാണ് - മേൽപ്പറഞ്ഞ വിശദീകരണം. യാതൊരു മടിയുമില്ലാതെ ഇങ്ങനെ പറയുന്നവരുടെ "പാർട്ടി ബോധം" ആരെയും അമ്പരപ്പിക്കുന്നതാണ്. മഹാനായ കാറൽ മാർക്സിന്റെ ജീവിത ലക്ഷ്യമാകെ തന്നെയാണവർ നിസ്സാരമായി തള്ളിക്കളയുന്നത്. ഒരു നല്ല സാമൂഹ്യ വ്യവസ്ഥക്കായി നൂറുകൊല്ലമായി പ്രവർത്തിക്കുന്ന പാർട്ടിയുടെ അംഗങ്ങളായി മാത്രം ഒരു ജീവിത കാലമത്രയും പ്രവർത്തിച്ചവരോടാണ് യാതൊരു മടിയും ഇല്ലാതെ ഇങ്ങനെ പറയുന്നത് എന്ന് കൂടി ഓർക്കണം.
അങ്ങനെ പറയുന്നതിന് അർത്ഥം ഭാവിയിൽ ഒരിക്കലും സിപിഐ(എം) സോഷ്യലിസ്റ്റ് ഇന്ത്യ എന്ന ലക്‌ഷ്യം അംഗീകരിക്കില്ല എന്ന് മാത്രം. കാരണം രാജവാഴ്ചയിൽ മാത്രം പ്രസക്തമാകുന്ന "സായുധ വിപ്ലവ" ത്തിലേക്ക് മാനവ രാശിക്ക് തിരികെ പോകാനും ആവില്ല. മേൽപ്പറഞ്ഞ വാക്കുകൾ സ.ഇ.എം.എസിന്റെ "തൊഴിലാളിവർഗ രാഷ്ട്രീയത്തിന്റെ ശാസ്ത്രവും കലയും" എന്ന പുസ്തകത്തിൽ 53 മത്തെ പേജിൽ പറയുന്നതാണ്. സ.ഇ എം എസിന് ഒരു പിശക് സംഭവിച്ചെങ്കിൽ ഇന്ത്യയിലെ നൂറ്റിനാല്പത് കോടിയോളം ജനങ്ങളേയും അത് ജീവിതം ദുസ്സഹമാക്കുന്ന തരത്തിൽ ബാധിക്കുന്നത് ആകരുത്. അത് മാത്രമല്ല "മുതലാളിത്ത സമൂഹത്തിന്റെ സ്വതന്ത്രമായ വളർച്ചയെക്കുറിച്ചും ഇ.എം.എസ് മറ്റൊരിടത്ത് പറയുന്നുണ്ട്. അപ്പോൾ സോഷ്യലിസ്റ്റ് വ്യവസ്ഥയെ ക്കുറിച്ച് -- ഒരു നല്ല സാമൂഹ്യ വ്യവസ്ഥയെക്കുറിച്ച് മനസിൽ സ്വപ്‌നങ്ങൾ സൂക്ഷിക്കുന്നവർ അങ്ങനെയൊന്നും സൂക്ഷിക്കേണ്ടതില്ല?
//
23 മത്തെ പാർട്ടി കോൺഗ്രസിൽ എങ്കിലും സിപിഐ(എം) പാർട്ടി പരിപാടി മാറിയിരുന്നു എന്കിൽ നരേന്ദ്രമോഡിക്ക് മൂന്നാം തവണയും അധികാരത്തിൽ എത്താൻ കഴിയുമായിരുന്നില്ല. ഉറങ്ങുന്നവരെ മാത്രമേ ഉണർത്താൻ ആവുകയുള്ളു. ഉറക്കം ഭാവിക്കുന്നവരെ ഉണർത്താൻ ആർക്കും ആവില്ല. ബംഗാളിലെ അനുഭവം ഇന്ത്യ ഒട്ടാകെ ആക്കണം എന്ന ഉറച്ച നിലപാടുകാരെ തിരുത്തുക ബുദ്ധിമുട്ടാണ്. ബിജെപി ക്ക് എതിരാണ് എന്ന് പറയുമ്പോഴും അവരുടെ സാമ്പത്തിക നയങ്ങൾക്ക് പൂർണ പിന്തുണ കൊടുക്കുകയാണ്. സ്വകാര്യവത് ക്കരണത്തെ എതിർക്കാൻ ഒരുക്കമല്ല. കോൺഗ്രസും ബിജെപി യും ഒന്നുതന്നെ യാണ് എന്ന് പറയുന്നതും ബോധ്യപ്പെടുന്നില്ല.
//
ബ്രിടീഷ്
ആധിപത്യത്തിൽ നിന്നും ഇന്ത്യ സ്വാതന്ത്ര്യം നേടിയതും ഇന്ത്യ ഒരു പരമാധികാര
റിപ്പബ്ലിക് ആയതും ഇന്ത്യൻ ജനതയുടെ അഞ്ചിൽ നാല് ഭൂരിപക്ഷത്തിൽ സോഷ്യലിസം
ഇന്ത്യൻ ഭരണ ഘടനയുടെ ഭാഗമായതും ഒന്നും അറിഞ്ഞിട്ടില്ല അല്ലെങ്കിൽ അതിന്റെ
അർഥം എന്താണെന്ന് മനസിലായിട്ടില്ല എന്നതാണ് "ഇപ്പോഴും പാർലമെന്ററി
വ്യാമോഹത്തിലാണ്" എന്ന് പറയുന്നതിലൂടെ വ്യക്തമാകുന്നത്. സിപിഐ(എം) പോളിറ്റ്
ബ്യൂറോക്ക് ജനാധിപത്യത്തെക്കുറിച്ച് യാതൊരു ധാരണകളും ഇല്ല എന്നാണ് ഈ
വാക്കുകളിലൂടെ വ്യക്തമാകുന്നത്. ജനങ്ങളിൽ നിന്നും കൂടുതൽ
കൂടുതൽ ഒറ്റപ്പെടുന്നതിനാണ് ഇങ്ങനെയുള്ള പ്രയോഗങ്ങൾ ഇട വരുത്തുക.
മാത്രമല്ല സോവിയറ്റ് യൂണിയൻ പോലും ചരിത്രത്തിന്റെ ഭാഗം ആയതും
മനസിലാക്കിയിട്ടില്ല. കാല ഘട്ടങ്ങളിൽ വരുന്ന മാറ്റം സോഷ്യലിസ്റ്റ് ചരക്ക്
ഉത്പാദനത്തിലും ആവശ്യമാണ്. അത് സോഷ്യലിസം കൂടുതൽ ജനകീയമാക്കുന്നതിനാണ്
ഇടയാക്കുക. ജനാധിപത്യമാർഗത്തിൽ സോഷ്യലിസ ത്തെക്കുറിച്ച് ചിന്തിക്കാൻ ആവില്ല
എന്നത് സോഷ്യലിസം എന്നന്നേക്കു മായി ഉപേക്ഷിച്ചു എന്ന ധാരണയാണ് ജനങ്ങളിൽ
ഉണ്ടാക്കുക. കാരണം മാനവ രാശിക്ക് സോഷ്യലിസം സ്ഥാപിക്കാൻ വിപ്ലവം
നടത്താനായി ഇനിയും പഴയ രാജവാഴ്ച കാലത്തേക്ക് തിരിച്ചുപോകാൻ ആവില്ല.
രാജവാഴ്ചയിൽ രാജാവിൽ മാത്രം നിക്ഷിപ്തമായിരുന്ന രാഷ്ട്രീയ അധികാരം
ജനാധിപത്യത്തിൽ ഒരോ പൗരനിലും ആയി മാറിയിരിക്കു ന്നതിനാൽ അധികാരം
പിടിച്ചെടുക്കാനായി സായുധ വിപ്ലവത്തിന്റെ പ്രശ്നമേയില്ല.
//
ഇന്ത്യ
ആര് ഭരിക്കണം എന്ന കാര്യത്തിൽ സിപിഐ(എം)ന് പ്രത്യേകം നിലപാട് ഒന്നും ഇല്ല.
സിപിഐ(എം) കേന്ദ്രകമ്മിറ്റി പാർട്ടിയുടെ ഇന്ത്യ ഒട്ടാകെയുള്ള പരാജയ
കാരണങ്ങളായി കണ്ടെത്തിയവയിൽ കോൺഗ്രസിന്റെയും ബിജെപിയുടെയും സാമ്പത്തിക
നയങ്ങൾക്ക് പൂർണ പിന്തുണ കൊടുക്കുന്നതായിട്ടാണ് മനസിലാക്കാൻ കഴിയുക.
പൊതുമേഖലകൾ പൂർണമായും ഇല്ലാതാക്കുന്ന, നിയമനങ്ങൾ പൂർണമായും ഇല്ലാതാക്കുന്ന,
തൊഴിൽ അവസരങ്ങൾ ഇല്ലാതാക്കുന്ന, സംവരണം പൂർണമായും ഇല്ലാതാക്കുന്ന
കാര്യങ്ങളിലൊന്നും യാതൊരു തകരാറുകളും കണ്ടെത്തിയിട്ടില്ല. അങ്ങനെയുള്ള
യാതൊരു കാര്യങ്ങളും കേരളത്തിൽ തെരെഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പോലും
ഉണ്ടായില്ല. ഇന്ത്യ ഒട്ടാകെ പൊതുമേഖലാ വ്യവസായങ്ങളും ബാങ്കുകളും നിയമനങ്ങൾ
പൂർണമായും ഇല്ലാതാക്കിയപ്പോൾ ചുരുങ്ങിയത് ഒരു കോടി തൊഴിൽ അവസരങ്ങളാണ്
ഇല്ലാതായത്. അത് ഇന്ത്യ ഒട്ടാകെ ചുരുങ്ങിയത് ഒരു കോടി കുടുംമ്പങ്ങളെയാണ്
ബാധിക്കുക; അത് പരോക്ഷമായി നൂറ് കോടി ഇന്ത്യൻ ജനത്തെയാണ് ബാധിക്കുക. അതിൽ
അമ്പത് ലക്ഷം പട്ടിക ജാതി, പട്ടിക വർഗ്ഗങ്ങളും മറ്റ് പിന്നോക്ക
വിഭാഗങ്ങളും ഉൾപ്പെടും. അത് വഴി ഇന്ത്യ ഒട്ടാകെ സംവരണം വഴി ലഭിച്ചിരുന്ന
തൊഴിൽ അവസരങ്ങൾ ഇല്ലാതായ പിന്നോക്ക വിഭാഗങ്ങളുടെ ഭാവിയാണ് അന്ധകാരത്തിൽ
ആകുന്നത്. അതൊന്നും സിപിഐ(എം) കേന്ദ്രകമ്മിറ്റിക്ക് വിഷയമേയല്ല. ഏതായാലും
മുതലാളിത്ത സമൂഹത്തിന്റെ സ്വതന്ത്രമായ വളർച്ച എന്ന നിലപാടിൽ യാതൊരു
അപകടവും കാണുന്നില്ല എന്ന് മാത്രം. തെറ്റ് മനസ്സിലാക്കാതെ അത് തിരുത്താനും
ആവില്ല. ബംഗാൾ, ത്രിപുര മുതൽ ഇന്ത്യ ഒട്ടാകെയുള്ള കമ്മ്യൂണിസ്റ്റ്
പ്രസ്ഥാനത്തിന്റെ തകർച്ചയിൽ പൊളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും
സംതൃപ്തരാണ് എന്ന് മാത്രമെ മനസിലാക്കാൻ കഴിയുന്നുള്ളു. മുതലാളിത്തത്തിനായി
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആവശ്യം ഇല്ല എന്നതായിരിക്കും അടുത്ത പാർട്ടി
കോണ്ഗ്രസ്സിന്റെ തീരുമാനം എന്നും പ്രതീക്ഷിക്കാം. യാതൊരു കാര്യങ്ങളും
മനസിലാവില്ലാത്തവർക്ക് അങ്ങനെയുള്ള കാര്യങ്ങളിൽ ജനങ്ങളുടെ പ്രതികരണം
എന്തായിരിക്കും എന്നും മനസിലാവില്ല. ഏതായാലും പാർട്ടി പരിപാടിയിൽ യാതൊരു
മാറ്റങ്ങളും ഉദ്ദേശിക്കുന്നില്ല എന്നാണ് മനസിലാക്കാൻ കഴിയുക.
//
നിലനില്ക്കുന്ന എല്ലാ നിയമങ്ങളും ആചാരങ്ങളും വിശ്വാസങ്ങളും ചൂഷകവർഗ വാഴ്ചക്ക് വേണ്ടി അവർ സൃഷ്ടിച്ചിട്ടുള്ളതാണ് എന്ന് പറയുന്നവരും അതിന്റെ അർത്ഥം മനസിലാക്കുന്നില്ല. അതിന്റെ വിശാലമായ അർത്ഥവ്യാപ്തി ചൂഷക വർഗ്ഗങ്ങളെ എത്രമാത്രം സംരക്ഷിക്കുന്നു എന്ന് മനസിലാക്കുന്നില്ല. അതിൽ ഒന്നുമാത്രമാണ് 'ജീവനും സ്വത്തിനുമുള്ള സംരക്ഷണം". സമ്പത്തിന്റെ കേന്ദ്രീകരണമാണ് ഭരണകൂടങ്ങൾ നിലവിൽ വരാൻ പോലും കാരണമായത് എന്നത് മനസിലാക്കുമ്പോഴാണ് "സ്വത്തിന്റെ" സംരക്ഷണത്തിലെ വിശാലമായ അർത്ഥം വ്യക്തമാവുക. (ഫ്രെഡറിക് എൻഗല്സിന്റെ കുടുംബം; സ്വകാര്യസ്വത്ത്; ഭരണകൂടം എന്നിവയുടെ ഉത്ഭവം" എന്ന കൃതി കാണുക). "സ്വത്ത്" ഇല്ലാതിരുന്ന പഴയ അടിമയുടെ പിൻമുറക്കാരായ ആധുനിക തൊഴിലാളിയുടെ, അല്ലെങ്കിൽ കാര്യമായ സ്വത്ത് ഇല്ലാത്ത സാധാരണ പൗരന്റെ ജീവന് യാതൊരു വിലയും മുതലാളിത്തം കണക്കാക്കുന്നില്ല എന്നത് ആരും കണക്കിലെടുക്കുന്നില്ല. ചൂഷക വർഗങ്ങളുടെ പണത്തിന്റെ ശക്തി ആരും കണക്കിലെടുക്കുന്നില്ല. നരേന്ദ്രമോഡിയുടെ; ഹിന്ദുത്വവാദികളുടെ സംരക്ഷണത്തിനായി എല്ലാ മാധ്യമങ്ങളും അണിനിരന്നത് മുതലാളിത്തത്തിന്റെ; ചൂഷക വർഗ്ഗങ്ങളുടെ സംരക്ഷണത്തിന്റെ ഭാഗമാണ് എന്നത് ആരും കണക്കിലെടുക്കുന്നില്ല. അവയെയെല്ലാം അതിജീവിക്കുന്നതിനുള്ള കഴിവ് മാർക്സിസം എന്ന തത്വ ശാസത്രത്തിന് ഉണ്ടെങ്കിലും സോഷ്യലിസം എന്നത് ലക്‌ഷ്യം പോലും അല്ലെന്നത് മാർക്സിസത്തെ പോലും നിസ്സഹായമാക്കുന്നു. അതാണ് കഴിഞ്ഞ 23 മത് സിപിഐ(എം) പാർട്ടി കോൺഗ്രസിൽ പാർട്ടി പരിപാടി സോഷ്യലിസ്റ്റ് ഇന്ത്യ എന്നത് അങ്ങീകരിക്കുന്നത് ആയിരുന്നു എങ്കിൽ നരേന്ദ്രമോഡിക്ക്--ഹിന്ദുത്വ വാദികൾക്ക് മൂന്നാം ഊഴം ഉണ്ടാകുമായിരുന്നില്ല എന്ന് സൂചിപ്പിക്കുന്നത്.
//
"സോഷ്യലിസ്റ്റ് ഇന്ത്യ" എന്ന ലക്‌ഷ്യം അംഗീകരിക്കുമ്പോൾ മാത്രമാണ് നിത്യജീവിതത്തിൽ അനുഭവിക്കുന്ന ദാരിദ്ര്യവും ക്ലേശങ്ങളും നിലനിൽക്കുന്ന ചൂഷണ വ്യവസ്ഥയുടെ ഫലമാണെന്നും അത് വളരെ വലിയ കാലഘട്ടത്തിൽ നിലനിന്നിരുന്ന രാജ വാഴ്ചയുടെ തുടർച്ചയാണെന്നും ദൈവ വിധി അല്ലെന്നും സാമ്പത്തിക വ്യവസ്ഥ ജനാധിപത്യ രീതിയിലേക്ക് മാറേണ്ടതുണ്ടെന്നും പാവപെട്ട ജനവിഭാഗങ്ങളെ പഠിപ്പിക്കാൻ ആവുകയുള്ളൂ. അത് പഠിപ്പിക്കേണ്ടി വരുമ്പോഴാണ് എല്ലാ ആവശ്യവസ്തുക്കളും നിർമ്മിക്കുന്നത് തൊഴിലാളികളാണ് എന്നതും ഏറ്റവും അധികം പണിയെടുക്കുന്നവനാണ് ഏറ്റവും അധികം ദാരിദ്ര്യം അനുഭവിക്കേണ്ടി വരുന്നതെന്നും തൊഴിലാളിവർഗത്തെ പഠിപ്പിക്കാൻ ആവുകയുള്ളൂ. മുതലാളിത്ത വ്യവസ്ഥയിൽ തൊഴിലാളി അദ്ധ്വാനശക്തിയുടെ ചൂഷണത്തിന് വിധേയനാവുകയാണ് എന്നതും ഉൾപ്പെടെയുള്ള മാർക്സിസ്റ്റ് ആശയങ്ങൾ തൊഴിലാളിവർഗ്ഗത്തിലും സാധാരണ ജനങ്ങളിലും എത്തിക്കാൻ ആവുകയുള്ളൂ. അവിടെയാണ് മാർക്സ് പറഞ്ഞത് - പണിയെടുക്കുന്നവർ നേടുന്നില്ല; നേടുന്നവർ പണിയെടുക്കുന്നുമില്ല എന്ന വസ്തുത പ്രസക്തമാകുന്നത്. അവിടെ യഥാർത്ഥ ജനാധിപത്യവും ചൂഷക വർഗ്ഗങ്ങൾക്കെതിരെ ഉപയോഗിക്കാനുള്ള ആയുധമായി മാറുകയാണ്; കാരണം യഥാർത്ഥ ജനാധിപത്യം; ജനങ്ങളുടെ ആധിപത്യം ബൂർഷ്വാസിക്ക് ഒരു തരത്തിലും അംഗീകരിക്കാൻ ആവുന്നതല്ല. ജനാധിപത്യത്തിലെ പണത്തിന്റെയും ജാതി--മത ശക്തികളുടെയും ആധിപത്യം ഇല്ലാതാക്കി; ജനകീയ ജനാധിപത്യത്തിന് വേണ്ടിയുള്ള പോരാട്ടമാണ് "സോഷ്യലിസ്റ്റ് സമ്പദ്ഘടന; ജനകീയ ജനാധിപത്യത്തിലൂടെ" എന്ന മുദ്രാവാക്യത്തിലൂടെ നേടിയെടുക്കേണ്ടത്.
യഥാർത്ഥ തൊഴിലാളി വർഗ രാഷ്ട്രീയം സ്വീകരിക്കാതെ വോട്ടറന്മാരിലെ കൊഴിഞ്ഞുപോക്ക് തടയാനോ ബിജെപി യുടെ വളർച്ചയെ ഇല്ലാതാക്കാനോ ആവില്ല.
//
"സോഷ്യലിസ്റ്റ് ഇന്ത്യ" എന്ന ലക്‌ഷ്യം അംഗീകരിക്കാതിരിക്കുക എന്നതിന് അർത്ഥം നിലനിൽക്കുന്നത് ചൂഷക വർഗ്ഗവാഴ്ചയാണെന്ന് അംഗീകരിക്കുന്നില്ല എന്ന് മാത്രമാണ്. എഴുതപെട്ട ചരിത്രമാകെ വർഗ സമരങ്ങളുടെ ചരിത്രമാണ് എന്ന കാറൽ മാർക്സിന്റെ നിഗമനമാണ് നിഷേധിക്കുന്നത്. മാർക്സ് ഉദ്ദേശിക്കുന്ന "വർഗ സമരം" ഏതെങ്കിലും രാഷ്ട്രീയ പാർട്ടി ചെങ്കൊടിയുമായി നടത്തുന്ന സമരം അല്ല. ചെങ്കൊടിയുമായി സമരം നടത്തിയാൽ അത് വർഗ സമരം ആവുകയും ഇല്ല. കാരണം നിലനിൽക്കുന്നത് ചൂഷക വർഗ വാഴ്ചയല്ല എന്ന നിഗമനത്തിൽ സമരം നടത്തിയാൽ അതെങ്ങിനെയാകും വർഗസമരം ആവുക? ചൂഷകവർഗ്ഗ വാഴ്ചയാണ് എന്ന് അംഗീകരിക്കുന്നു എങ്കിൽ അതിനെ പ്രോത്സാഹിപ്പിക്കുന്ന പ്രശ്നമേയില്ല. കാരണം അവിടെ ഇല്ലാതാകുന്നത് വർഗ സമരത്തിന്റെ പ്രത്യയശാസ്ത്രമാണ്. മാർക്സ് കണ്ടെത്തുന്നത് നന്മയ്‌ക്കെതിരെ തിന്മയുടെ ശക്തികൾ നടത്തുന്ന
ആക്രമണ ങ്ങളെ ആകെയാണ്. അതാകട്ടെ പ്രാചീന ഗ്രീക്ക് ചരിത്രത്തിലെ സോക്രടീസിന് വിഷം കൊടുത്ത് കൊന്നത് മുതലുള്ള ചരിത്രവുമാണ്. സത്യം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ ആയിരുന്നു സോക്രടീസ് നടത്തിയിരുന്നത്. അന്നത്തെ അന്ധ വിശ്വാസത്തിന്റെ ശക്തികൾക്ക് അവ അംഗീകരിക്കാൻ ആവുമായിരുന്നില്ല. പ്രാചീന റോമാ സാമ്പ്രാജ്യത്തെ കിടിലം കൊള്ളിച്ച "സ്പാർട്ടക്സ്" ന്റെ നേതൃത്വത്തിൽനടന്ന അടിമ പോരാട്ടം അതിന്റെ ഭാഗമാണ്.
യേശുവിനെ വധിക്കുന്നതിന് കണ്ടെത്തുന്ന ന്യായങ്ങളും അത് തന്നെ. കപട പുരോഹിതരെ വെള്ള തേച്ച ശവക്കല്ലറകൾ ആയിട്ടും ധനികന് സ്വർഗ്ഗ രാജ്യം അസാധ്യമാണെന്നും മറ്റുമുള്ള നിലപാടുകൾക്കാണ് യേശുവിനെ വധിക്കുന്നത്. മതങ്ങളുടെ പേരിൽ നടന്നിട്ടുള്ളത് എല്ലാം അത് തന്നെ. ഇപ്പോൾ ഹിന്ദുത്വവാദികൾ തൊഴിലാളിവർഗത്തെ അടിമ കാലത്തിലേക്ക് തിരിച്ച് കൊണ്ടു പോകാൻ ശ്രമിക്കുന്നതും അത് തന്നെ. പഴയ റഷ്യയിലെ മഹാനായ ലെനിന് വസ്തുതകൾ മനസിലായതുകൊണ്ട് ചൂഷക വർഗ്ഗങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സ്ഥിതി ഉണ്ടായില്ല.
//
രാജവാഴ്ച (ഫ്യൂഡലിസം) തകർത്ത് ബൂർഷ്വാസി അധികാരം പിടിച്ചെടുക്കുന്നതിനെയാണ് ജനാധിപത്യ വിപ്‌ളവം അല്ല്ലെങ്കിൽ ബൂർഷ്വ വിപ്‌ളവം എന്ന് പറയുക. ഇന്ത്യയിൽ അത് നമ്മുടെ സ്വാതന്ത്ര്യ ലബ്ദിയോടെ കഴിഞ്ഞു. യൂറോപ്പ്യൻ നാടുകളിൽ വ്യവസായ വിപ്ളവങ്ങളെ തുടർന്ന് പുതുതായി വളർന്നുവന്ന സമ്പന്നരെയാണ് "ബൂർഷ്വാസി" എന്ന് പറയുക. വലിയ തോതിൽ ഭൂമി കൈവശം ഉണ്ടെങ്കിലും പുതുതായി വളർന്നുവന്ന വ്യവസായികൾ പഴയ പ്രഭുക്കന്മാരേക്കാൾ ശക്തരായി. അവരാണ് രാജവാഴ്ചകൾ ഇല്ലാതാക്കാൻ നേതൃത്വം കൊടുത്തത്. ബൂർഷ്വാസിയുടെ നേതൃത്വത്തിൽ നടന്ന വിപ്ലവങ്ങൾ ആയതുകൊണ്ടാണ് ബൂർഷ്വാ വിപ്ലവം എന്ന പേര് വരാൻ കാരണം. ഫ്രഞ്ച് വിപ്ലവം ഉൾപ്പെടെ തൊഴിലാളി സംഘടനകളുടെ പ്രാതിനിധ്യം ഉണ്ടായിരുന്നു എങ്കിലും നേതൃത്വം എല്ലായ്പ്പോഴും ബൂർഷ്വാസിക്ക് ആയിരുന്നു. അങ്ങനെ നടപ്പിൽ വന്നതാണ് ജനാധിപത്യ വിപ്ലവങ്ങൾ. ഇന്ത്യയിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഇന്ത്യൻ ബൂർഷ്വാസിക്ക് ആയിരുന്നു നേതൃത്വം. ഇന്ത്യ തന്നെ വിലക്ക് വാങ്ങാൻ കഴിവുള്ളവരായിരുന്നു മോത്തിലാൽ നെഹ്‌റുകുടുംബം. സ്വാതന്ത്ര്യസമരത്തിനു നേതൃത്വം കൊടുത്തവരിൽ ഒരാൾ ജവഹർലാൽ നെഹ്‌റു ആയിരുന്നതാണ് അദ്ദേഹം ഇന്ത്യയുടെ ആദ്യത്തെ പ്രധാന മന്ത്രിയാകാൻ കാരണം. ജനാധിപത്യത്തിന്റെ ആദ്യഘട്ടത്തിൽ നികുതി അടക്കുന്നവർക്ക് മാത്രം ആയിരുന്നു വോട്ടവകാശം. സാർവത്രികമായ പ്രായപൂർത്തി വോട്ടവകാശം നടപ്പിലായപ്പോൾ; ആധുനിക ജനാധിപത്യത്തിന്റെ ഭാഗമായി ഒരോ പൗരനും രാഷ്ട്രീയ സ്വാതന്ത്ര്യം ഉള്ളവരായി മാറി.
//
ഒരോരുത്തരുടെയും രാഷ്ട്രീയ സ്വാതന്ത്ര്യം; അഭിപ്രായം അഥവാ സ്വാതന്ത്ര്യം മറ്റുള്ളവരും അങ്ങീകരിക്കുമ്പോഴാണ് അത് ജനാഭിലാഷം ആയി മാറുക. അതാണ് ജനാധിപത്യത്തിന്റെയും അടിസ്ഥാനം. ജനാധിപത്യ വിരുദ്ധ നിലപാട് ആര് സ്വീകരിച്ചാലും അത് പ്രാകൃതവും ചരിത്രത്തിലേക്കുള്ള തിരിച്ചുപോക്കു മായി മാറും. അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കില്ല, ഏത് ജീവിക്കും അതിനാവശ്യമുള്ള ഭക്ഷണം കഴിക്കാൻ പോലും അനുവദിക്കില്ല എന്നതാണ് ഹിന്ദു ഭീകരതയുടെ രാഷ്ട്രീയം. അതിനെ ഏത് വിധത്തിലും പരാജയപ്പെടുത്താൻ മാനവരാശിക്ക് കഴിയണം.
//
രണ്ടാം ലോക മഹായുദ്ധത്തിൽ ഏറ്റവുമധികം നാശനഷ്ടം ഉണ്ടായത് ബ്രിടീഷ് സാംബ്രാജ്യത്തിന് ആയിരുന്നു. എന്നാൽ ഹിറ്റ്ലറുടെ നേതൃത്വത്തിൽ ജർമ്മനി സോവിയറ്റ് യൂണിയനെ തകർക്കാൻ ശ്രമിച്ചിട്ടും ഒന്നരക്കോടി സോവിയറ്റ് ജനതയുടെ ജീവൻ നഷ്ടപ്പെട്ടുകൊണ്ട് ആണെങ്കിലും ജർമ്മനിയെ പരാജയപ്പെടുത്താൻ സ്റ്റാലിന്റെ നേതൃത്വത്തിൽ സോവിയറ്റ് യൂണിയന് കഴിഞ്ഞു. രണ്ടാം ലോക യുദ്ധത്തിൽ സോവിയറ്റ് യൂണിയൻ വഹിച്ച പങ്ക് ജപ്പാൻ; ജർമ്മനി; ഇറ്റലി എന്നീ രാജ്യങ്ങളുടെ നേതൃത്വത്തിൽ ഫാസിസ്റ്റ്; നാസി ഭീകരതയിൽ നിന്നും ലോക ജനതയെ തന്നെ രക്ഷിക്കുന്നതിനും സോഷ്യലിസത്തിന്റെ ശക്തി ലോകത്തെ ബോധ്യപ്പെടുത്തുന്നതിനും കഴിഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തിൽ സോവിയറ്റ് യൂണിയൻ പരാജയപ്പെട്ടിരുന്നു എങ്കിൽ അതിന്റെ ഫലം ലോകമാകെ ഫാസിസ്റ്റ് വാഴ്ച ആയിരുന്നു. അവിടെ പരാജയപ്പെടുന്നത് ആധുനിക പാർലമെന്ററി ജനാധിപത്യം കൂടി ആവുമായിരുന്നു. അതിനെ തുടർന്നാണ് ലോകമൊട്ടാകെ ആധുനിക പാർലമെന്ററി ജനാധിപത്യത്തിനും സാർവ്വ ദേശീയമായി സാംബ്രാജ്യത്ത കൊളോണിയൽ വാഴ്ച ഇല്ലാതായതും. യഥാർത്ഥത്തിൽ സാർവ്വ ദേശീയമായ ആധുനിക പാർലമെന്ററി ജനാധിപത്യത്തിന്റെ വിജയത്തിൽ സോവിയറ്റ് യൂണിയന്റെയും മാർക്സിസം എന്ന തത്വശാത്രത്തിന്റെയും പങ്ക് വളരെ വാലുതാണ്.
//
ഭൂമുഖത്ത് "രാജവാഴ്ച" ഏറെക്കുറെ ഇല്ലാതായത് വളരെ ദീർഘ കാലത്തെ ജനങ്ങളുടെ പോരാട്ടത്തിന്റെ ഫലമാണ്. അതിൽ ലോകത്തിന്റെ ഏറെക്കുറെ എല്ലാ ഭാഗങ്ങളിലും നടത്തിയിട്ടുള്ള സമരങ്ങളുടെ ചരിത്രവും ഉണ്ട്. എല്ലാം എല്ലായ്പ്പോഴും മാറ്റത്തിന് വിധേയമാണ് എന്നത് ജനാധിപത്യത്തിലും സംഭവിച്ചിട്ടുണ്ട്. അതിൽ രാജഭരണം നിലനിന്നപ്പോൾ ഉണ്ടായിരുന്ന "രാജ സദസ്സുകളും" പങ്ക് വഹിച്ചുട്ടുണ്ട്. ഇപ്പോഴും പല രാജ്യങ്ങളിലും നാമ മാത്രമായി രാജ വാഴ്ചയും ഉണ്ട് എങ്കിലും അവിടേയും ജനാധിപത്യം വിജയിച്ചുകൊണ്ടിരിക്കുകയാണ്. ജനാധിപത്യത്തെ ഇല്ലാതാക്കാനും പഴയ രാജ വാഴ്ചയിലേക്കും സമ്പത്തിന്റെയും അടിച്ചമർത്തലിന്റെയും വാഴ്ച തിരികെ കൊണ്ട് വരാനും ഉള്ള ശ്രമങ്ങൾ പിന്തിരിപ്പൻ ശക്തികൾ നടത്തിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമാണ് ഇന്ത്യയിൽ പഴയ രാജവാഴ്ചയുടെ ഹിന്ദുത്വ ശക്തികൾ "രാമ രാജ്യം" സ്ഥാപിക്കാൻ നടത്തുന്ന ശ്രമങ്ങൾ. മിക്കവാറും എല്ലാ രാജ്യങ്ങളിലും അത്തരം ശക്തികൾ പ്രവർത്തിക്കുന്നുണ്ട്. അതിനെതിരെയും മാനവ രാശി ജാഗ്രത പുലർത്തേണ്ടതുണ്ട്.
//
ജനാധിപത്യത്തിലെ അഭിപ്രായ സ്വാതന്ത്ര്യം അഥവാ പത്രസ്വാതന്ത്ര്യം നടപ്പിലായത് മാർക്സിസം അടക്കമുള്ള തൊഴിലാളിവർഗ്ഗ രാഷ്ട്രീയം വിദ്യാഭ്യാസം പദ്ധതിയുടെ ഭാഗം പോലും ആകുന്നതിന് ഇടയായി.. ഇതെല്ലാം ആധുനിക ജനാധിപത്യത്തിന്റെ പ്രത്യേകതകളാണ്. യാതൊന്നും അറിയാതെ "ബൂർഷ്വാ പാർലമെന്ററി ജനാധിപത്യത്തിൽ സോഷ്യലിസം സ്ഥാപിക്കാമെന്ന് പാർട്ടി ഒരിടത്തും പറഞ്ഞിട്ടില്ല" എന്ന് പറയുന്നത് ആധുനിക ജനാധിപത്യത്തെക്കുറിച്ച് യാതൊന്നും അറിയില്ല എന്ന് പ്രഖ്യാപിക്കൽ മാത്രമാണ്. തെരെഞ്ഞെടുപ്പിൽ പണത്തിന്റേയും ജാതി-മത സ്വാധീനങ്ങളും ഇല്ലാതാക്കൽ ജനാധിപത്യത്തിന്റെ "ജനകീയമാക്കൽ" പ്രക്രിയയുടെ ഭാഗമാണ്. അത് സാധ്യമാകണമെങ്കിൽ സോഷ്യലിസ്റ്റ് ആശയങ്ങൾ; മാർക്സിസത്തിന്റെ "മനുഷ്യത്വം" എന്ന വീക്ഷണം ജനങ്ങളിൽ എത്തിക്കണം. വർഗീയ ഭീകരതയെ നേരിടുന്നതിന് എല്ലാവരും മനുഷ്യരാണ് എന്ന ബോധം എല്ലാവരിലും എത്തിക്കുന്നതിലൂടെ മാത്രമേ സാധ്യമാവുകയുള്ളു. സ്വാർത്ഥതയിൽ മാത്രം അധിഷ്ഠിതമായ സാമൂഹ്യവീക്ഷണമാണ് എല്ലാവരും മനുഷ്യരാണ് എന്ന ബോധത്തിൽ നിന്നും മാനവരാശിയെ ഭിന്നിപ്പിക്കുന്നതും ലോകമാകെ വർഗീയ കൊലപാതകങ്ങൾ നടക്കുന്നതിനും ഇടയാക്കുന്നത്. അതിനാണ് "സോഷ്യലിസ്റ്റ് സമ്പദ്ഘടന ജനകീയ ജനാധിപത്യത്തിലൂടെ" എന്ന മുദ്രാവാക്യം മുന്നോട്ട് വയ്ക്കുന്നത്. എല്ലാ അവശ്യവസ്തുക്കളും നിർമ്മിക്കപ്പെടുന്നതിൽ സമൂഹത്തിന്റെ വിവിധ ഘടകങ്ങൾ അത്യന്താപേക്ഷിതമാണെന്നും അതുകൊണ്ടു് തന്നെ സോഷ്യലിസം സാമൂഹ്യ നീതി മാത്രം ആണെന്നും തൊഴിലാളിവർഗ്ഗത്തേയും സാമാന്യ ജനങ്ങളേയും പഠിപ്പിച്ചെടുക്കേണ്ടതുണ്ട്. സമൂഹത്തിന് ആകെ ആവശ്യമായ ഭക്ഷ്യ വസ്തുക്കൾ നിർമ്മിക്കപ്പെടുന്നത് കൃഷിക്കാരിലൂടെയാണ്. എന്നാൽ കൃഷി "ലാഭാധിഷ്ഠിതമായി" കാണാനാവില്ല. കൃഷിക്കാരനും കാർഷിക തൊഴിലാളിക്കും മാന്യമായി ജീവിക്കാൻ ആവശ്യമായ സാഹചര്യം ഉണ്ടാകണം. വ്യാവസായിക മേഖലയുടെ അടിസ്ഥാനം കാർഷികമേഖലയാണ്. കാർഷികമേഖലയും വ്യാവസായിക മേഖലയും പരസ്പര പൂരിതങ്ങളാണ്. കാരണം എല്ലാ മേഖലകളേയും മുന്നോട്ട് നയിക്കുന്നത് യഥാർത്ഥ തൊഴിലാളിവർഗ്ഗമാണ്. എല്ലാ ജനങ്ങളും സന്തോഷത്തോടെ ജീവിക്കുന്ന സാഹചര്യം ഉണ്ടാകുന്നതിനാണ് സോഷ്യലിസ്റ്റ് വ്യവസ്ഥ ആവശ്യമായി വരുന്നത്. ജനാധിപത്യത്തിലെ എല്ലാ പൗരന്മാരുടെയും രാഷ്ട്രീയ സ്വാതത്ര്യം അതിനാവശ്യമായ തീരുമാനം എടുക്കാൻ അവരെ അതിന് പ്രാപ്‌തരാക്കുന്നു. വൻകിട കോടീശ്വരന്മാരുടെ "ലാഭം; പരമാവധി ലാഭം" എന്ന നരേന്ദ്രമോദി-ഹിന്ദുത്വ വാദികളുടെ ഇന്ത്യയിലെ ഭീകര ഭരണം അതിനായി വഴിമാറുക തന്നെ വേണം. നൂറു വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അതിന് ജനങ്ങളെ സജ്ജരാക്കാൻ കഴിയും.
//
സ.ഇ.എം.എസിന് മാത്രമല്ല മാവോയിസ്റ്റുകൾ ഉൾപ്പെടെ ഒട്ടുവളരെ രാഷ്ട്രീയ നേതൃത്വങ്ങൾക്കും മനസിലാകാത്ത കാര്യമാണ് യഥാർത്ഥത്തിൽ എന്താണ് ജനാധിപത്യം എന്നത്. രാജവാഴ്ചക്ക് ശേഷം നിലവിൽ വന്ന സാമൂഹ്യ വ്യവസ്ഥയാണ് ജനാധിപത്യം. രാജവാഴ്ചയിൽ രാജാവിൽ മാത്റം നിക്ഷിപ്തമായിരുന്ന "രാഷ്ട്രീയ അധികാരം" ഒരോ പൗരനിലേക്കുമായി മാറി. പാർലമെന്റിൽ അല്ലെങ്കിൽ തെരെഞ്ഞെടുക്കപ്പെട്ട സഭയിൽ ഭൂരിപക്ഷം ഉള്ളവർക്ക് ഭരിക്കാം എന്നതല്ല യഥാർത്ഥത്തിൽ ജനാധിപത്യത്തിന്റെ അർത്ഥം. തീർച്ചയായും അത് ജനാധിപത്യത്തിൽ ആര് ഭരിക്കണം എന്നതിന്റെ മാനദണ്ഡനമാണ്. എന്നാൽ ജനാധിപത്യത്തിന്റെ അർത്ഥം ജനങ്ങളുടെ ആധിപത്യം എന്ന് തന്നെയാണ്. ജനങ്ങൾ; ജനങ്ങളാൽ; ജനങ്ങൾക്ക് വേണ്ടി എന്നത് നടപ്പിലാക്കാനുള്ള മാർഗമാണ് "തെരെഞ്ഞെടുക്കപ്പെട്ട സഭയിൽ ഭൂരിപക്ഷം ഉള്ളവർ ഭരിക്കുക" എന്നത്. അങ്ങനെയല്ലാത്ത ഭരണത്തെ തുടർന്നുള്ള തെരെഞ്ഞെപ്പിൽ ജനങ്ങൾ പരാജയപ്പെടുത്തും. അതാണ് ചരിത്രം. ജനങ്ങൾ രാഷ്ട്രീയ പാർട്ടികളെ ഭരിക്കാൻ അനുവദിക്കുന്നത് പരീക്ഷണ അടിസ്ഥാനത്തിൽ ആണ്. ഇന്ത്യയിൽ ജനങ്ങൾ അപ്രകാരം ഉപേക്ഷിച്ച ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. വീണ്ടും ഹിന്ദു വർഗീയ വാദികളും അപ്രകാരം ആയിക്കൊണ്ടിരിക്കുന്നു. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ മുതലാളിത്തത്തിന്റെ പാത സ്വീകരിക്കുന്നത് മൂലം അവരോടും ആ നിലപാട് ജനങ്ങൾ സ്വീകരിക്കുന്നു.
/
സോഷ്യലിസ്റ്റ് വ്യവസ്ഥക്ക് അല്ലാതെ ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഉണ്ടാവില്ല എന്ന് 1950 കൾക്ക് ശേഷമുള്ള 74 വർഷങ്ങളിലെ അനുഭവങ്ങളിൽ നിന്ന് പോലും മനസിലാവില്ല എന്നത് അത്ഭുതകരമായ വസ്തുതയാണ്. മേലിലും പാർട്ടി പരിപാടി മാറുന്നതിന് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് നേതൃത്വം തയ്യാറല്ല എങ്കിൽ മനപ്പൂർവമായ വഞ്ചന എന്ന ധാരണയിൽ ഇന്ത്യൻ തൊഴിലാളി വർഗം എത്തിച്ചേരും.
//
"സോഷ്യലിസ്റ്റ് ഇന്ത്യ" എന്ന പാർട്ടി പരിപാടി അംഗീകരിക്കുന്നില്ലെങ്കിൽ ഇടത് വോട്ടറന്മാരിലെ കൊഴിഞ്ഞു പോക്ക് തുടർന്ന് കൊണ്ടേയിരിക്കും. തൊഴിലാളിവർഗ രാഷ്ട്രീയം സ്വീകരിക്കുന്നില്ലെങ്കിൽ ആശയ അടിത്തറ ഉണ്ടാവില്ല. ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് അത് തന്നെ. "ആനുകൂല്യങ്ങൾ" വഴി ആശയ അടിത്തറ ഉണ്ടാവില്ല.
//26 06 2024//
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ