575. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ സോഷ്യലിസ്റ്റ് വിരുദ്ധ നിലപാട് ഉപേക്ഷിക്കണം.
/
അപ്പോൾ മാത്രമേ ഇന്ത്യ ഒട്ടാകെ മാർക്സിസം എന്ന തത്വശാസ്ത്രം പ്രവർത്തിയിൽ തിരികെ വരികയുള്ളു. 1950 കാലം മുതൽ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ സ്വീകരിച്ചിട്ടുള്ള നിലപാട് ഇന്ത്യൻ മുതലാളിത്തം പ്രോത്സാഹിപ്പിക്കണം എന്നതാണ്. അത് മാർക്സിസ്റ്റ് വിരുദ്ധവും സോഷ്യലിസ്റ്റ് വിരുദ്ധവുമാണ്. നീണ്ട 74 വർഷങ്ങളായി തുടരുന്ന സോഷ്യലിസ്റ്റ് വിരുദ്ധ നിലപാട് ജനങ്ങളെ കമ്മ്യൂണിസ്റ്റ് - സോഷ്യലിസ്റ്റ് ആശയങ്ങളിൽ നിന്നും വളരെ ദൂരം അകറ്റിയിരിക്കുന്നു. മാത്രമല്ല മുതലാളിത്തത്തിന്റെ അവിഭാജ്യഭാഗമായ അഴിമതി രാഷ്ട്രീയ മണ്ഡലമാകെ മലീസമാക്കിക്കൊണ്ടിരിക്കുന്നു. ഇതിന് മാറ്റം വരണമെങ്കിൽ സോഷ്യലിസ്റ്റ് ആശയഗതി ഇന്ത്യയിൽ 1950 കളിൽ ഉണ്ടായിരുന്നത് തിരികെ വരണം.
//
2024 ൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ കേരളത്തിലെ ഇടതുപക്ഷ മുന്നണിക്ക് ഉണ്ടായ തിരിച്ചടി 2019 ൽ ഉണ്ടായതിന്റെ തുടർച്ചയാണ്. ഇന്ത്യൻ ജനാധിപത്യം പോലും ഇല്ലാതാകുന്ന സാഹചര്യത്തിൽ ഇന്ത്യ ഒട്ടാകെ നടന്ന തെരഞ്ഞെടുപ്പിന്റെ ഭാഗമാണ് കേരളത്തിൽ നടന്നതും. 2019 ൽ നടന്ന തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവായ എ കെ ആന്റണി പറഞ്ഞത് കേരളത്തിൽ 20 മണ്ഡലത്തിലും ഇടതുപക്ഷ സ്ഥാനാർഥികൾ വിജയിച്ചാലും 543 അംഗങ്ങൾ ഉള്ള ഇൻഡ്യൻ പാർലമെന്റിൽ അവർക്ക് ഒന്നും ചെയ്യാൻ ആവില്ല എന്നാണ്. കാരണം ഇന്ത്യ ഒട്ടാകെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നു പോലും ഇല്ല. സോഷ്യലിസ്റ്റ് ആശയഗതി ഉപേക്ഷിച്ച കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഇന്ത്യ ഒട്ടാകെ പാർട്ടി ഉണ്ടാകണം എന്ന ഉദ്ദേശത്തിലും അല്ല മുന്നോട്ടു പോകുന്നത്. പരമാവധി സംസ്ഥാനങ്ങളിലും തെരെഞ്ഞെടുപ്പിൽ മത്സരിക്കാതിരിക്കാനാണ് കമ്മ്യൂണിസ്റ്റ് പാർട്ടികൾ ശ്രമിക്കുക. സോഷ്യലിസ്റ്റ് വ്യവസ്ഥക്ക് മാത്രമേ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രസക്തമാവുകയുള്ളു. സോഷ്യലിസ്റ്റ് വ്യവസ്ഥ എന്ന ലക്‌ഷ്യം ഉണ്ടങ്കിൽ മാത്രമേ മാർക്സിസം എന്ന തത്വ ശാസ്ത്രം പ്രവർത്തിയിൽ പോലും ഉണ്ടാവുകയുള്ളു. സോഷ്യലിസം ആകട്ടെ ദീർഘ കാലം കൊണ്ടു മാത്രം നേടിയെടുക്കാവുന്ന സാമൂഹ്യ വളർച്ചയാണ്. മുതലാളിത്തം സോഷ്യലിസത്തിന് നേർ വിപരീതവുമാണ്. മേൽപ്പറഞ്ഞ സാഹചര്യത്തിലാണ് 2024 ലെ തെരെഞ്ഞെടുപ്പ് നടന്നത്. ഫലം 2019 ന്റെ ആവർത്തനം മാത്രം. കാരണം A K ആന്റണി എന്ന കോൺഗ്രസ് നേതാവ് പറഞ്ഞവ അത്രയും നിലനിൽക്കുകയാണ്. കേരളത്തിലെ ജനങ്ങൾക്ക് ഇന്ത്യൻ പാർലമെന്റിൽ "കമ്മ്യൂണിസ്റ്റ് അംഗങ്ങളുടെ വർദ്ധനവ്" അല്ല ആവശ്യം; ഇന്ത്യയിൽ ബിജെപി എന്ന ഹിന്ദു ഭീകരത ഇല്ലാതാവുക എന്നതാണ്. ബംഗാളിൽ സംഭവിച്ചതും അത് തന്നെ. ബംഗാളിലെ സിപിഐ(എം) ആഗ്രഹിക്കുന്നത് മമതാ ബാനർജിയുടെ പാർട്ടി ഇല്ലാതാകണം എന്നതാണ്. പക്ഷെ ബഹുഭൂരിപക്ഷം ബംഗാളി ജനത ആഗ്രഹിച്ചത് ഹിന്ദു ഭീകരത ഇന്ത്യയിൽ ഇല്ലാതാകണം എന്നതാണ്. അത് ഇന്ത്യൻ ജനതയുടെ പൊതു വികാരവുമാണ്. ത്രികോണ മത്സരം ഉണ്ടായി ബിജെപി വിജയിക്കാതിരിക്കാൻ മമതാ ബാനർജി പോലും ഇടതുപക്ഷ സഖ്യത്തിന് തായ്യാറായി. പക്ഷെ സിപിഐ(എം) തയ്യാറായില്ല. അത് മൂലം ത്രികോണ മത്സരവും 12 ബിജെപി മെമ്പർമാർ ബംഗാളിൽ ഉണ്ടാവുകയും ചെയ്തു. ത്രികോണ മത്സരം ഉണ്ടായില്ലെങ്കിൽ 12 ബിജെപി മെമ്പർമാർ ബംഗാളിൽ ഉണ്ടാവുകയില്ലായിരുന്നു. കേരളത്തിൽ കോൺഗ്രസ് സഹായിച്ചില്ലെങ്കിൽ ഒരാൾ പോലും കേരളത്തിൽ നിന്നും ബിജെപി ആയി വിജയിക്കില്ലായിരുന്നു. ഇന്ത്യ ഒട്ടാകെ ഭരിക്കാനുള്ള അംഗങ്ങൾ ഇടതുപക്ഷ പാർട്ടികൾക്ക് മത്സരിക്കാൻ ഉണ്ടായിരുന്നു എങ്കിൽ ഇന്ത്യൻ പാർലമെന്റിൽ ഇപ്പോഴത്തെ സ്ഥിതി ആയിരിക്കില്ല സംഭവിക്കുക. അതിന് ഉത്തരവാദികൾ കമ്മ്യൂണിസ്റ്റ് പാർട്ടികൾ മാത്രമാണ്.
//
സ്വാതന്ത്രിയാനന്തര ഇന്ത്യ നേടിയ വിവിധ മേഖലകളിലെ സാമ്പത്തിക വളർച്ചയാകെ നരേന്ദ്ര മോദിയുടെ ഹിന്ദു ഭീകര ഭരണം വൻകിട മുതലാളിമാർക്ക് അടിയറ വച്ചുകൊണ്ട് തകർക്കുകയും പോസ്റ്റ് ഓഫീസുകൾ വരെ സ്വകാര്യവത്ക്കരിക്കുകയും ചെയ്തിട്ടും കമ്മ്യൂണിസ്റ്റ് പാർട്ടികൾ അവയ്‌ക്കെല്ലാം അനുകൂല നിലപാടാണ് സ്വീകരിച്ചത് കാരണം ഇന്ത്യൻ മുതലാളിത്തം എത്രയും വേഗം വളരണം എന്ന നിലപാട് മൂലം. അവയാകെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റേയും ഹിന്ദു വർഗീയ വാദികളുടേയും നിലപാടുകളാണ്. കോൺഗ്രസിന്റെയും ബിജെപിയുടെയും സാമ്പത്തിക നിലപാടുകൾക്ക് കമ്മ്യൂണിസ്റ്റ് പാർട്ടികളും പൂർണ പിന്തുണ കൊടുക്കുമ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ പാർലമെന്റിലെ സംഖ്യ വർധിക്കണമെന്ന് ജനങ്ങൾക്ക് തോന്നുകയില്ല. എന്നാൽ രാജ്യത്തിന്റെ സമ്പത്ത് ജനങ്ങളുടെ സമ്പത്താണ്; അത് സൂക്ഷിക്കേണ്ടത് ജനങ്ങളുടെ ആവശ്യമാണ് എന്ന ആവശ്യം ഉയർത്തി പ്രക്ഷോഭം നടത്തിയിരുന്നു എങ്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ആവശ്യകത ജനങ്ങൾക്ക് ബോധ്യപ്പെടുമായിരുന്നു. അത് ഉണ്ടായില്ല. എത്രയോ പ്രാവശ്യങ്ങൾ സോഷ്യൽ മീഡിയ വഴി ഈ കുറിപ്പ് എഴുതുന്നയാൾ ആവശ്യപെട്ടു എങ്കിലും ആരുമത് ശ്രദ്ധിച്ചില്ല. പൊതുമേഖല വ്യവസായങ്ങളിലും ബാങ്കുകളിലും കേന്ദ്ര സർക്കാർ സർവീസുകളിൽ പോലും നിയമനങ്ങൾ പൂർണമായും ഇല്ലാതാക്കിയപ്പോഴും അത് വഴി തൊഴിൽ അവസരങ്ങൾ; സംവരണം അനുസരിച്ചുള്ളവ ഉൾപ്പെടെ ഇല്ലാതായപ്പോഴും പാർട്ടികൾ അറിഞ്ഞ ഭാവമേ കാണിച്ചില്ല. കാരണം കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് ഇന്ത്യൻ മുതലാളിമാരുടെ വളർച്ച മാത്രമാണ് ആവശ്യം. പൊതുമേഖല എന്നാൽ സോഷ്യലിസ്റ്റ് വ്യവസ്ഥയുടെയും ഭാഗമാണ് എന്നത് "കമ്മ്യൂണിസ്റ്റ് നേതാക്കൾക്ക്" ബോധ്യപ്പെടുന്നതേയില്ല. എന്നാൽ അങ്ങനെയുള്ള കാര്യങ്ങൾ ചൂഷക വർഗ രാഷ്ട്രീയ നേതൃത്വങ്ങൾക്ക് അറിയാം എന്നതുകൊണ്ടാണ് ഒരു കാരണ വശാലും പൊതുമേഖലാ വ്യവസായങ്ങൾ നിലനിൽക്കാൻ പാടില്ല എന്ന നിലപാട് ഹിന്ദു വർഗീയ വാദികളും ഇന്ത്യൻ നാഷണൽ കോൺഗ്രസും സ്വീകരിക്കുന്നത്. തെരഞ്ഞെടുപ്പുകളിൽ അങ്ങനെയുള്ള കാര്യങ്ങൾ ജനങ്ങളുടെ ശ്രദ്ധയിൽ കൊണ്ട് വന്നിരുന്നെകിൽ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ പാർലമെന്റിലെ സംഖ്യ വർദ്ധിക്കണം എന്ന തോന്നൽ ജനങ്ങൾക്കും ഉണ്ടാകുമായിരുന്നു. എന്നാൽ സോഷ്യലിസ്റ്റ് വിരുദ്ധത മൂലം കമ്മ്യൂണിസ്റ്റ് നേതൃത്വവും അങ്ങനെയുള്ള കാര്യങ്ങളിൽ പോലും കോൺഗ്രസിന്റെയും ബിജെപിയുടെയും നിലപാടുകളോട് പൂർണമായും സഹകരിക്കുകയായിരുന്നു. ഇങ്ങനെയുള്ള നിലപാടുകൾ തിരുത്തുന്നതിനാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ സോഷ്യലിസ്റ്റ് വിരുദ്ധ നിലപാട് ഉപേക്ഷിക്കണം എന്ന് ആവശ്യപ്പെടുന്നത്.
//05 06 2024//
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ