558. ഇന്ത്യയിലെ പുരോഗമന പ്രസ്ഥാനങ്ങളിലെ സഖാക്കളുടെ പരിഗണനക്ക്.
//
600 - ലധികം ബ്ലോഗുകളിലായി (മലയാളം & ഇഗ്ളീഷ്) ഞാൻ സോഷ്യൽ മീഡിയ വഴി മാർക്സിസം എന്ന തത്വശാസ്ത്രവും അതിനോട് ബന്ധപ്പെട്ട കാര്യങ്ങളും ഇന്ത്യയിലെ പുരോഗമന പ്രസ്ഥാനങ്ങളിലെ സഖാക്കളുടെ പരിഗണനക്കായി സമർപ്പിക്കുകയാണ്. എന്നാൽ സോഷ്യൽ മീഡിയയിൽ എത്താൻ കഴിയാത്തവരാണ് പുരോഗമന പ്രസ്ഥാനങ്ങളിലെ ബഹുഭൂരിപക്ഷവും. ഞാൻ മുന്നോട്ടുവയ്ക്കുന്ന പലകാര്യങ്ങളും നിലവിൽ ചർച്ചചെയ്യുന്നതിൽ നിന്നും വളരെ വ്യത്യസ്തമാണ്. ജനാധിപത്യം തന്നെ അതിൽ ഒന്നാണ്. ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോഡി ഉൾപ്പെടെ ആർക്കും (അതി തീവ്രവാദികളായ മാവോയിസ്റ്റ് സഖാക്കൾക്ക് പോലും എന്താണ് ജനാധിപത്യം എന്ന് മനസിലാക്കിയിട്ടില്ല. സാധാരണ ജനങ്ങൾക്ക് അത് തീരെ മനസിലായിട്ടില്ല. ജനാധിപത്യം എന്ന വാക്കിന്റെ യഥാർത്ഥ അർത്ഥം "ജനങ്ങളുടെ ആധിപത്യം" എന്നുമാത്ര മാണ്. ഭൂരിപക്ഷം ഉള്ളവർ ഭരിക്കുക എന്നതല്ല ജനാധിപത്യത്തിന്റെ അർത്ഥം. പണ്ട് രാജവാഴ്ച നിലനിന്നപ്പോൾ രാജാവിന്റെ ആധിപത്യം ആയിരുന്നത് ജനാധിപത്യത്തിൽ ജനങ്ങളുടെ ആധിപത്യം എന്നായി മാറി. ആര് രാജ്യം ഭരിക്കണം എന്ന് തീരുമാനിക്കുന്നതിൽ പ്രായപൂർത്തി ആയവർക്ക് എല്ലാവർക്കും അവകാശം ഉണ്ട് എന്നതാണ് വോട്ട് ചെയ്യുമ്പോൾ സംഭവിക്കുന്നത്. എന്താണ് മാർക്സിസം എന്നും സോഷ്യലിസത്തിന്റെ നീതി എന്തെന്നും പാർട്ടി സഖാക്കൾക്ക് മനസിലാക്കുന്നതിനും ജനങ്ങളെ പഠിപ്പിക്കുന്നതിനും തൊഴിലാളിവർഗ പ്രസ്ഥാനങ്ങൾ അവയുടെ ഉള്ളടക്കം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
"മാർക്സിസം" എന്ന സാമൂഹ്യശാസ്ത്രം ഇന്ത്യയിൽ മനസിലാക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിന് അവസരം ഒരുക്കുക എന്ന കാഴ്ചപ്പാടിലാണ് "മിച്ചമൂല്യം സിദ്ധാന്തം"; ഭൗതിക വാദവും വൈരുധ്യാധിഷ്ഠിത ഭൗതിക വാദവും ഉൾപ്പെടെയുള്ള അടിസ്ഥാന തത്വങ്ങൾ സാധാരണ അച്ചടിഭാഷ ഒഴിവാക്കി ലളിതമായ ഭാഷയിൽ മലയാളത്തിലും ഇഗ്ളീഷിലുമായി സോഷ്യൽ മീഡിയ വഴി അവതരിപ്പിക്കുന്നത്. എന്നാൽ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർ പോലും വളരെ തുച്ഛമാണ്. കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളെ ഉദ്ദേശിച്ചാണ് ഇഗ്ളീഷിൽ കൂടി അവതരിപ്പിക്കുന്നത്. പൊതുവെ സാധാരണക്കാരായ ആളുകൾക്ക് മാർക്സിസത്തിലെ സാങ്കേതിക പദങ്ങൾ മനസിലാക്കുക ബുദ്ധിമുട്ടാണ്. ഉദാഹരണമായി "മൂല്യം" എന്ന വാക്കിന് വില എന്ന അർത്ഥം അല്ല മാർക്സിസത്തിൽ ഉണ്ടാവുക. അങ്ങനെയുള്ള വാക്കുകൾ വിശദീകരിക്കേണ്ടി വരും.
//
അറുനൂറിലധികം ബ്ലോഗുകളിലായി അവതരിപ്പിക്കുന്ന മാർക്സിസവും ബന്ധപ്പെട്ട വസ്തുതകളും പുസ്തകരൂപത്തിലായാൽ ബന്ധപ്പെട്ട എല്ലാവർക്കും പരിശോധിക്കാൻ കഴിയും. അതാകട്ടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും പുരോഗമന പ്രസ്ഥാനങ്ങളിലെ സഖാക്കളുമായി പങ്കുവയ്ക്കേണ്ടതുമാണ്. ആശയങ്ങളിൽ കാതലായ മാറ്റം വരുത്താതെ ഇന്ത്യയിലെ എല്ലാ ഭാഷകളിലേക്കും വിവർത്തനം ചെയ്യുന്നതിനും പുസ്തകരൂപത്തിൽ അച്ചടിക്കുന്നതിനും യാതൊരുവിധ നിബന്ധനകളും ഉണ്ടായിരിക്കുന്നതല്ല. ഇതിന് ഇപ്പോൾ 76 വയസായ എനിക്ക് ആശയങ്ങൾ സംഭാവന ചെയ്യാം എന്നല്ലാതെ മറ്റൊന്നും ചെയ്യാൻ ആവില്ല. കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വത്തിന് അല്ലാതെ മറ്റാർക്കും ഇതിലൊന്നും ചെയ്യാൻ ആവില്ല. പാർട്ടി നേതൃത്വം അതിന് തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നു. സോഷ്യലിസ്റ്റ് ഇൻഡ്യ, ജനകീയ ജനാധിപത്യത്തിലൂടെ എന്ന ലക്‌ഷ്യം ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് സ്വീകരിക്കാൻ കഴിയും എന്നാണ് എന്റെ പ്രതീക്ഷ. കാറൽ മാർക്സിന്റെ വാക്കുകളേക്കാൾ ആ മഹാന്റെ ജീവിതലക്ഷ്യമാണ് കണക്കിലെടുക്കേണ്ടത് എന്നാണ് എന്റെ അഭിപ്രായവും "സോഷ്യലിസ്റ്റ് ഇൻഡ്യ, ജനകീയ ജനാധിപത്യത്തിലൂടെ" എന്നതിലൂടെ ഞാൻ ഉദ്ദേശിക്കുന്നതും. ഇങ്ങനെയുള്ള ലക്ഷ്യത്തോടെ 1950 കാലത്തിന് മുൻപ് ഉണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഉണ്ടാകണം. (സിപിഐ യിലേയും സിപിഐ(എം) യിലേയും നേതാക്കൾ കൂടി ആലോചിക്കണം). മുതലാളിത്തം നിലനിൽക്കുമ്പോൾ മുതലിന്റെ ആധിപത്യം അല്ലെങ്കിൽ സമ്പത്തുള്ളവന്റെ ആധിപത്യം മാത്രമേ നിലനിൽക്കുകയുള്ളൂ.(പണം ഇല്ലാത്തവൻ പിണം). അത് മാറി മനുഷ്യനും മനുഷ്യത്വത്തിനും മേധാവിത്വമുള്ള ജനാധിപത്യം എന്നതാണ് "ജനകീയ ജനാധിപത്യത്തിലൂടെ" എന്നതിലൂടെ ഞാൻ ഉദ്ദേശിക്കുന്നത്. ഈ കാര്യങ്ങളിൽ എല്ലാ സഖാക്കളുടേയും സഹകരണം അപേക്ഷിക്കുന്നു.
//
"മാർക്സിസം" എന്ന വിഷയം എന്റെ ബ്ലോഗുകളിൽ അവതരിപ്പിക്കുന്നത് കേവലം കാറൽ മാർക്സിന്റെ അതെ വാക്കുകൾ ഉപയോഗിക്കാതെ അവയുടെ യഥാർത്ഥ ആശയം മാത്രമാണ്. അതെ വാക്കുകൾ മാത്രം ഉപയോഗിച്ചാൽ സാഹചര്യം മാറുമ്പോൾ വാക്കുകൾ അപ്രസക്തമാകും. സോഷ്യൽ മീഡിയയിലെ സ്ഥല പരിമിതിയും പ്രശ്നമാണ്. മാർക്സിന്റെ ജീചരിത്രത്തിൽ ഒരു ഭാഗത് മാർക്സ് ജീവിതത്തിൽ അനുഭവിക്കേണ്ടി വന്നിട്ടുള്ള കൊടിയ ദാരിദ്ര്യത്തെകുറിച്ച് പറയുന്നത് "ലോകത്തിലെ മുഴുവൻ ആളുകളുടേയും ദാരിദ്ര്യം ഇല്ലാതാക്കാൻ നമുക്ക് നമ്മുടെ ദാരിദ്ര്യം സഹിക്കാം" എന്നാണ്. "പണിയെടുക്കുന്ന തൊഴിലാളിക്ക് അന്തസായി ജീവിക്കാനുള്ള സാഹചര്യം ഉണ്ടാകണം" എന്ന രീതിയിലാണ് കാര്യങ്ങൾ ഞാൻ അവതരിപ്പിക്കുന്നത്. മുതലാളിത്തം സ്ഥിരം തൊഴിൽ പോലും ഇല്ലാതാക്കാനും ജോലി സമയം പന്ത്രണ്ട് മണിക്കൂർ വരെയാക്കാനുമാണ് ഇപ്പോൾ ശ്രമിക്കുന്നത്.
"ജനാധിപത്യം" എന്ന വാക്കിന്റെ യഥാർത്ഥ അർത്ഥം "ജനങ്ങളുടെ ആധിപത്യം" എന്നാണ്. യഥാർത്ഥത്തിൽ വോട്ടു ചെയ്യുന്ന സാധാരണ ജനങ്ങളുടെ താത്പ്പര്യങ്ങൾ ആയിരിക്കണം ഏത് തെരഞ്ഞെടുപ്പിലും തെരെഞ്ഞെടുക്കപ്പെടുന്നവർ സംരക്ഷിക്കേണ്ടത്. പൊതുജനങ്ങളുടെ അജ്ഞത മുതലെടുത്ത് മുതലാളിത്ത വ്യവസ്ഥയിൽ ബൂർഷ്വാ രാഷ്ട്രീയപാർട്ടികൾ കണക്കിലെടുക്കുന്നത് പാർലമെന്റിലോ അസംബ്ളിയിലോ അവർക്ക് ഭൂരിപക്ഷം ഉണ്ടോ എന്നത് മാത്രമാണ്. ഭൂരിപക്ഷം ഉണ്ടെങ്കിൽ ബൂർഷ്വാ പാർട്ടികൾ പിന്നീട് ജനങ്ങളെ ഓർക്കുന്നത് അടുത്ത തെരഞ്ഞെടുപ്പിന്റെ സമയത്തു് മാത്രമാണ്. ഭരിക്കുന്ന കാലം അത്രയും ജനങ്ങളെ വിഡ്ഢികളാക്കി അവർ ഏത് വിധത്തിലും പൊതുമുതൽ കൊള്ളയടിച്ചും അതിന് സഹായിക്കുന്നവരെ തിരിച്ചും സഹായിച്ച് ധനം സമ്പാദിച്ചുകൊണ്ടിരിക്കും. പലപ്പോഴും വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് കേസിൽ പ്രതി ആയിരിക്കൊണ്ടിരിക്കും. വീണ്ടും ജനങ്ങളെ വിഡ്ഢികളാക്കാൻ അവർ എന്തെങ്കിലും ഒക്കെ പറഞ്ഞ് ജനങ്ങളെ വിഡ്ഢികളാക്കി വീണ്ടും അധികാരത്തിൽ വരും. എന്നാൽ അത് വളരെ പ്രാവശ്യം ഒന്നും നടപ്പിലാവില്ല. അതാണ് ഇൻഡ്യയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിനും ഹിന്ദുത്വ വാദികൾക്കും സംഭവിച്ചു കൊണ്ടിരിക്കുന്നത്.
//
രാജവാഴ്ച നിലനിന്നിരുന്നപ്പോൾ രാജ്യത്തിന്റെ രാഷ്ട്രീയ അധികാരം രാജാവിൽ മാത്രം നിക്ഷിപ്തമായിരുന്നു. രാജവാഴ്ച ഭൂമുഖത്ത് നിന്ന് തന്നെ ഏറെക്കുറെ തുടച്ചുമാറ്റപ്പെട്ടിരിക്കുന്നു. രാജ വാഴ്ചയിലെ രാജാവിന്റെ രാഷ്ട്രീയ അധികാരം ജനാധിപത്യം നടപ്പിലായപ്പോൾ ഒരോ പൗരന്മാരിലേക്കുമായി മാറ്റപ്പെട്ടിരിക്കുന്നു. ഏത് പൗരനും രാജ്യത്തിലെ ഏത് പദവിയും വഹിക്കാൻ അർഹനാണ്. അവർക്ക് സ്വതന്ത്രൻ ആയോ രാഷ്ട്രീയപാർട്ടി രൂപീകരിച്ചോ രാജ്യത്തിന്റെ ഭരണം നടത്താം. രാജവാഴ്ചയിൽ അതൊന്നും സാധ്യമാകുമായിരുന്നില്ല. രാജവാഴ്ച ദൈവദത്തം ആയി അംഗീകരിച്ച് രാജാവിനെ അംഗീകരിച്ച് മാത്രം ജീവിക്കണമായിരുന്നു. രാജാവിന്റെ "താത്പ്പര്യങ്ങൾ" ആയിരുന്നു രാജ്യത്തെ നിയമങ്ങൾ. ജനാധിപത്യം നടപ്പിലായപ്പോൾ "ദ്രൗപതിമുർമു" എന്ന വനിതക്ക് ഇന്ത്യയുടെ രാഷ്ട്രപതി പദവി വഹിക്കാൻ കഴിയുന്നത് ജനാധിപത്യത്തിന്റെ മഹത്വവും പഴയ രാജ വാഴ്ച്ചക്കാലത്ത് ചിന്തിക്കാൻ പോലും ആവാത്തതും ആയിരുന്നു.
//
സോഷ്യലിസത്തിന്റെ അടിസ്ഥാന കാഴ്ചപ്പാട് വിദ്യാഭ്യാസവും രോഗചികിൽസയും ജനങ്ങൾക്ക് കഴിയുന്നത്ര സൗജന്യമായി നൽകണം എന്നതാണ്. രാജ്യത്തിന്റെ സമ്പത്ത് ജനങ്ങൾക്ക് ആകെയും പ്രയോചനപ്പെടണം എന്നതാണ്. ജനങ്ങളുടെ ജീവിതം അഭിവൃദ്ധിപ്പെടണം എന്ന ഉത്തരവാദിത്തം ഭരണ കൂടത്തിന് ഉണ്ടായിരിക്കണം എന്നതാണ്. എന്നാൽ 'മനുസ്മൃതി"യുടെ അടിസ്ഥാന തത്വം "ശൂദ്രർ" (പണിയെടുക്കുന്നവർ ഒട്ടാകെ) ഒരു കാരണ വശാലും വിദ്യ അഭ്യസിക്കാൻ പാടില്ല എന്നതാണ്. വേദം പറയുന്ന ശൂദ്രന്റെ "നാവ്" പിഴുതെടുക്കണം, ചെവിയിൽ ഈയം ഉരുക്കി ഒഴിക്കണം എന്നൊക്കെയാണ്. കാരണം അറിവ് ലഭിച്ചാൽ, ധനം സമ്പാദിച്ചാൽ അവർ മറ്റ് വിഭാഗങ്ങളുടെ ദാസ്യ ജോലി ചെയ്യില്ല. ശൂദ്രൻ സമ്പാദിച്ചാൽ അത് ബ്രാഹ്മണന് എടുക്കാം. (മനുസ്മൃതി ഏഴാം അദ്ധ്യായം). 99 ശതമാനവും "അറിവ്" ഉൾകൊള്ളാൻ യാതൊരു മാർഗവും ഇല്ലാത്തവരായതാണ് ഏറ്റവും വലിയ അപകടം. അല്ലെങ്കിൽ "മനുസ്മൃതി" എന്ന വിവരക്കേട് എന്നേ ഇല്ലാതാവുമായിരുന്നു. ജനാധിപത്യം എന്താണ് എന്ന് മാവോ വാദികൾക്ക് മനസിലാകുന്നതേയില്ല. പാവം "സുന്ദരി" (തമ്മിഴ്നാട്) അതിനെ നേരിടാനാണ് A K 47 കയ്യിൽ എടുക്കുന്നത്. ..അഞ്ചിൽ നാല് ഭൂരിപക്ഷത്തോടെ ജനങ്ങൾ അംഗീകരിച്ച സോഷ്യലിസം ഉൾകൊള്ളുന്ന ഇന്ത്യൻ ഭരണ ഘടനയും അവർക്ക് സ്വീകാര്യമല്ല. കാരണം ജനാധിപത്യം അവർക്ക് സ്വീകാര്യമല്ല.
//
."മിച്ച മൂല്യ സിദ്ധാന്തം" അനുസരിച്ച് ഒരു തൊഴിലാളിയിൽ നിന്നും എട്ടുമണിക്കൂറിൽ ഒരു മണിക്കൂർ എന്ന് കണക്കാക്കിയാൽ ഇന്ത്യയിൽ അമ്പത് കോടി തൊഴിലാളികൾ ഒരു ദിവസം ജോലി ചെയ്‌താൽ അമ്പത് കോടി മണിക്കൂറുകൾ പ്രതിഫലം ഇല്ലാത്ത അദ്ധ്വാന ശക്തി ആയി മൂല ധന ഉടമയ്ക്ക്; മുതലാളിത്തത്തിന് ഒരു ദിവസം ലഭിയ്ക്കും. ചൂഷക വർഗങ്ങളുടെ സാമ്പത്തിക അടിത്തറ യഥാർത്ഥത്തിൽ ഇങ്ങനെ ചൂഷണം ചെയ്തു ഉണ്ടാക്കുന്നതാണ്. അതാണ് ചൂഷണത്തിന്റെ സാമ്പത്തിക അടിത്തറ തകർത്ത് സോഷ്യലിസത്തിന്റെ അടിത്തറ സൃഷ്ടിക്കുന്നത്. സോഷ്യലിസം അംഗീകരിക്കുമ്പോൾ മാത്റമാണ് അങ്ങനെ ഒരു ലക്‌ഷ്യം ഉണ്ടാവുക. ഇൻഡ്യ ഒട്ടാകെ ഒരു ദിവസം തൊഴിലാളികൾ പണി മുടക്കിയാൽ ;പിറ്റേ ദിവസത്തെ പത്രങ്ങളിൽ "പതിനായിരം കോടിയുടെ ദേശീയ നഷ്ടം " എന്ന് കാണാറുള്ളത് ഇത് കണക്കിലെടുത്താണ്. എന്നാൽ ജോലി ചെയ്യുന്ന ദിവസങ്ങളിലെ വരുമാനം "ലാഭം" ആയി ആരും പറയാറില്ല.
//
മുതലാളിത്ത വ്യവസ്തയിലെ ചൂഷക വർഗ്ഗങ്ങളുടെ സാമ്പത്തിക ആധിപത്യം സോഷ്യലിസ്റ്റ് വ്യവസ്ഥയോടൊപ്പം മാത്രമേ ഇല്ലാതാക്കാൻ ആവുകയുള്ളൂ. സോഷ്യലിസമാകട്ടെ ദീർഘകാലം കൊണ്ട് മാത്രം സാധ്യമാവുന്ന സാമൂഹ്യമാറ്റമാണ്. രാഷ്ട്രീയ അധികാരം ജനങ്ങൾക്കാകയാൽ ജനങ്ങളുടെ ഭൂരിപക്ഷത്തോടെയും സഹകരണത്തോടെയും മാത്രമെ അത് പ്രാവർത്തിക മാവുകയുള്ളു. ജനാധിപത്യത്തിലെ അഭിപ്റായ സ്വാതന്ത്ര്യം അഥവാ മാധ്യമ സ്വാതന്ത്ര്യം മാർക്സിസത്തിന്റെയും സോഷ്യലിസത്തിന്റെയും സാമൂഹ്യ നീതി ജനങ്ങളിൽ എത്തിക്കാൻ അവസരമൊരുക്കുന്നു. രാജവാഴ്ചയിൽ ഇത് അനുവദിക്കപ്പെട്ടിരുന്നില്ല. ചൂഷക വർഗ്ഗങ്ങളുടെ സാമ്പത്തിക ആധിപത്യം നടപ്പിലാക്കുന്നത് അവരുടെ എല്ലാ താത്പ്പര്യങ്ങളും സംരക്ഷിച്ചുകൊണ്ട് ജനങ്ങളെ വിഡ്ഢികളാക്കുകയും രാഷ്ട്രീയം അഴിമതിയുടെ വ്യവസായമാക്കുകയും ചെയ്യുന്ന ബൂർഷ്വാ രാഷ്ട്രീയപാർട്ടികൾ വഴിയാണ്. അവർ ഹിന്ദുത്വ വാദികളായും രാമരാജ്യക്കാരായും നടത്തുന്ന രാഷ്ട്രീയ തട്ടിപ്പ് തുറന്നുകാണിച്ചുകൊണ്ട് മാത്രമേ ഇന്ത്യൻ തൊഴിലാളിവർഗത്തിന് അതിന്റെ കടമ നിർവഹിക്കാൻ ആവുകയുള്ളൂ. "എന്ത് ചെയ്യണം" എന്ന കൃതിയിൽ ലെനിൻ സൂചിപ്പിക്കുന്നത് മുതലാളിത്ത വ്യവസ്ഥയിൽ തൊഴിലാളിവർഗം നടത്തുന്ന സമരങ്ങളിലൂടെ സോഷ്യലിസത്തിന്റെ സന്ദേശം ജനങ്ങളിലെത്തി ക്കുകയും ബൂർഷ്വാ ചെറ്റത്തരങ്ങൾ തുറന്നു കാണിക്കുകയും വേണം എന്നുമാണ്.
//
1917 ൽ റഷ്യയിൽ നടന്ന ഒക്ടോബർ വിപ്ലവത്തിനെതിരെ നാലുവർഷത്തോളം ആയുധമെടുത്ത് പ്രതിവിപ്ലവം നടത്തിയ അറുപിന്തിരിപ്പൻ ശക്തികൾ ഇന്ത്യയിലും ശക്തരാണ്. അവരുടെ ആയുധം ഇന്ത്യയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്, ഹിന്ദുത്വ വാദികൾ (ബിജെപി) തുടങ്ങിയ ബൂർഷ്വാ രാഷ്ട്രീയ പാർട്ടികളാണ്. 1947 ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഇന്ത്യയിൽ ഉണ്ടായിരുന്നത് അഞ്ഞൂറോളം നാട്ടുരാജാക്കന്മാരാണ്. അവരുടെ സമ്പത്തും അധികാരങ്ങളും സംരക്ഷിക്കപെടുന്നത് ബൂർഷ്വാ പാർട്ടികൾ വഴിയാണ്. അവരെയൊക്കെ സംരക്ഷിക്കുന്ന വ്യവസ്ഥക്കാണ് ബൂർഷ്വാ ജനാധിപത്യം അല്ലെങ്കിൽ മുതലാളിത്തം എന്ന് പറയുക. അവർ ഇന്ത്യയിൽ സോഷ്യലിസ്റ്റ് ആശയ ഗതിയും തൊഴിലാളി വർഗ രാഷ്ട്രീയവും ഇല്ലാതാക്കാൻ എല്ലാ ശ്രമങ്ങളും നടത്തും. എന്നാൽ ഇൻഡ്യയിൽ നിലവിലുള്ള ജനാധിപത്യവും സോഷ്യലിസവും അംഗീകരിച്ചിട്ടുള്ള ഇന്ത്യൻ ഭരണഘടന ഇന്ത്യൻ തൊഴിലാളി വർഷങ്ങൾക്ക് അനുകൂല ഘടകങ്ങളാണ്. ബൂർഷ്വാ ജനാധിപത്യത്തിലെ പണത്തിന്റെയും ജാതി മേധാവിത്തത്തിന്റെയും തിന്മകളിൽ നിന്നും "ജനാധിപത്യം" യഥാർത്ഥ ജനാധിപത്യം ആയി മാറണം. എല്ലാവരും മനുഷ്യരായി കണക്കാക്കപ്പെടുന്നതാകണം ജനാധിപത്യം. അതിനാണ് മാർക്സിസത്തിന്റെ കാഴ്ചപ്പാടിൽ "ജനകീയ ജനാധിപത്യം" എന്ന് കണക്കാക്കുക. "ജനാധിപത്യം" ബൂർഷ്വാ രാഷ്ട്രീയ പാർട്ടികൾ അംഗീകരിക്കുന്നിടത്തോളം തൊഴിലാളിവർഗത്തിനും അതേ പാത സ്വീകരിക്കാം. എന്നാൽ ജനാധിപത്യ വിരുദ്ധ മാർഗ്ഗങ്ങൾ അവർ സ്വീകരിക്കുമ്പോൾ അവരുടെ മാർഗ്ഗങ്ങൾ തന്നെ തിരിച്ചും ഉപയോഗിക്കേണ്ടി വരും.
//
ഒരു ജീവിക്കും മറ്റൊരു ജീവിയുടെ ഭക്ഷണം എന്തെന്ന് തീരുമാനിക്കാൻ അവകാശം ഇല്ല. ഭക്ഷണകാര്യത്തിലെയും ദൈവങ്ങളുടെ കാര്യത്തിലെയും സംഘപരിവാർ ഗുണ്ടായിസം ഇല്ലാതാക്കാൻ ചെങ്കൊടിക്ക് കഴിയും.
//
മർദ്ദകരെ, ചൂഷകരെ............
//
പണ്ട് ചൂഷകരെ, വർഗ ശത്രുക്കളെ വിളിച്ചിരുന്നത് "മർദ്ദകരെ, ചൂഷകരെ" എന്നൊക്കെ ആയിരുന്നു. കാരണം ചൂഷകർക്ക് മർദനം ഒരു സാധാരണ സ്വഭാവം ആയിരുന്നു. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി 1950 കാലത്ത് മാർക്സിസം പൂർണമായും ഉപേക്ഷിച്ചത് വർഗ ശത്രുക്കളേയില്ല എന്ന തീരുമാനത്തിലാണ്. പക്ഷെ അതുകൊണ്ട് വർഗ ശത്രുക്കൾ ഇല്ലാതാകുന്നില്ല, അവരുടെ സ്വഭാവത്തിൽ മാറ്റം വരുന്നില്ല. അവസരം കിട്ടിയാൽ അവർ അവരുടെ സ്വഭാവം പുറത്തെടുക്കും. ഇന്ത്യ ഒട്ടാകെ പാവപെട്ട ദളിതരെ മാത്രമല്ല അവസരം കിട്ടിയാൽ അവർ ആരെയും ആക്രമിക്കും. ചെയ്യാവുന്നതിന്റെ പരമാവധി ചെയ്യും. അതിന്റെ ഭാഗമാണ് ബംഗാളിൽ തെരഞ്ഞെടുപ്പിൽ നോമിനേഷൻ കൊടുക്കാതിരിക്കാൻ നോക്കിയതും ത്രിപുരയിൽ പ്രവർത്തകരുടെ വീട് കത്തിച്ചതും കേരള മുഖ്യമന്ത്രിയെ വിമാനത്തിൽ പോലും കയറി ആക്രമിക്കാൻ ശ്രമിച്ചതും. അതിൽ ആർഎസ്എസും കോൺഗ്രസും എല്ലാം ഒന്നാണ്.
//
അടിച്ചാൽ തിരിച്ചും അടിച്ചിരിക്കും, ഉറപ്പ്.
/
ചൂഷക വർഗ വാഴ്ചയുടെ തുടർച്ചയാണ് "അടിച്ച്" അമർത്തുക എന്നത്. അതാണ് "അടിച്ചമർത്തുക" എന്ന പ്രയോഗം വന്നത്. കാര്യങ്ങളിൽ മാറ്റം വരണമെങ്കിൽ മാർക്സിസം അംഗീകരിക്കണം. ഇൻഡ്യൻ ഭരണ ഘടന വകുപ്പ് 14 അനുസരിച്ച് എല്ലാ പൗരന്മാരും തുല്യരാണ്. ഉയർന്ന ജാതിക്കാർ എന്നോ താഴ്ന്ന ജാതിക്കാർ എന്നോ ശാസ്ത്രീയമായി വേർതിരിവ് മനുഷ്യരിൽ ഇല്ല. എന്നാൽ ഇന്ത്യയാകെ "ഉയർന്ന" ജാതിക്കർ എന്നും മറ്റുള്ളവർ "താഴ്ന്ന" ജാതിക്കാർ എന്നും ചിലർ സ്വയം തീരുമാനിക്കുകയും "താഴ്ന്ന" ജാതിക്കാർ എന്ന് അവർ തീരുമാനിക്കുന്നവരെ എന്തും ചെയ്യാം എന്ന് കരുതുകയും അവരെ "അടിച്ച്" അമർത്തുകയും സാധാരണയാണ്. ഇങ്ങനെ ചെയ്യുന്നത് ഇൻഡ്യൻ ഭരണ ഘടന വകുപ്പ് 14 അനുസരിച്ചുള്ള കുറ്റകൃത്യമാണ്. (ഭരണ ഘടന വകുപ്പ് 14 പ്രകാരം എല്ലാവരും തുല്ല്യരാണ്). അത് തടയുന്നതിന് ബന്ധപ്പെട്ട അധികാരികൾ തയ്യാർ ആകുന്നില്ലെങ്കിൽ തൊഴിലാളിവർഗ പ്രസ്ഥാനങ്ങൾ ആ ഉത്തര വാദിത്തം ഏറ്റെടുക്കുകയും "അടിച്ചാൽ തിരിച്ചും അടിച്ചിരിക്കും എന്ന നിലപാട് സ്വീകരിക്കുകയും വേണം. കാരണം അത് ഇന്ത്യൻ ഭരണ ഘടനയുടെ സംരക്ഷണ ത്തിന്റെ ഭാഗം കൂടിയാണ്.
//
ഒരിക്കൽ സോഷ്യൽ മീഡിയയിൽ കാണാൻ കഴിഞ്ഞ കാര്യമാണ് - ഏതാനം ആളുകൾ ഗംഗ നദിയിൽ ഇറങ്ങി കുളിച്ചതിന് മറ്റൊരാൾ വന്ന് കുളിച്ചവരെ വലിയ വടി ഉപയോഗിച്ച് തല്ലുന്നതും അടി കൊള്ളുന്നവർ നിശബ്ദം എല്ലാ അടികളും സഹിച്ച് നിൽക്കുന്നതും. ഇങ്ങനെയുള്ള അവസരങ്ങളിൽ പുരോഗമന പ്രസ്ഥാനങ്ങൾ അവരുടെ രക്ഷ ഉറപ്പ് വരുത്തിയിരിക്കണം.നിലനിൽക്കുന്നതിനെ അംഗീകരിക്കുകയല്ല; മാറ്റി തീർക്കുകയാണ് മാർക്സിസം തൊഴിലാളി വർഗ്ഗത്തിൽ അർപ്പിക്കുന്ന കടമ.
//
നൂറ് വർഷത്തിനുമേൽ പ്രവർത്തന ചരിത്രമുള്ള ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്ത്യൻ തൊഴിലാളി വർഗ്ഗ ത്തോടും മുഴുവൻ ജനങ്ങളോടുമുള്ള അതിന്റെ ഉത്തരവാദിത്തം നിർവഹിക്കാൻ മുന്നോട്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.
//
ഹരിഹരക്കുറുപ്പ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ