2017 സെപ്റ്റംബർ 26, ചൊവ്വാഴ്ച

208. എന്താണ് കൂലി അടിമത്തം?...

                                 208.  എന്താണ് കൂലി അടിമത്തം?............"ഭരണ കൂടവും വിപ്ലവവും"  എന്ന കൃതിയിൽ ലെനിൻ പറയുന്നത്  "ഏറ്റവും നല്ല ബൂർഷ്വാ പാർലമെന്ററി ജനാധിപത്യവും" തൊഴിലാളി വർഗത്തെ സംബന്ധിച്ചിടത്തോളം "കൂലി അടിമത്തം മാത്രമാണ്" എന്നാണ്.  ഇവിടെ ലെനിൻ "ബൂർഷ്വാ പാർലമെന്ററി ജനാധിപത്യം"  എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് മുതലാളിത്ത വ്യവസ്ഥയെയാണ്. അതിനെയാണ്  "കൂലി അടിമത്തം"  എന്ന് ലെനിൻ വിശേഷിപ്പിക്കുന്നത്.   എന്താണ്  കൂലി അടിമത്തം?  പഴയ അടിമത്ത വ്യവസ്ഥയിൽ അടിമയ്ക്ക്  സ്വാതന്ത്ര്യം ഇല്ല. എന്നാൽ ഉടമയ്ക്ക്  അടിമയുടെ സംരക്ഷണ ഉത്തരവാദിത്വം ഉണ്ട്.  "അടിമ" നികുതി  കൊടുക്കേണ്ട  "മുതൽ" ആണ്.  അത്  ചത്തുപോകാതെ നോക്കണം.  അതിന്  ഭക്ഷണം കൊടുക്കണം. അല്ലെങ്കിൽ  അതിനു ജോലി ചെയ്യാനാവില്ല.   തൊഴുത്തു്  പോലെയുള്ളതാണെങ്കിലും കിടപ്പാടം ഉണ്ടായിരിക്കണം. എന്നാൽ മുതലാളിത്തത്തിൽ തൊഴിലുടമയ്ക്  ഇങ്ങനെയുള്ള ഉത്തരവാദിത്വങ്ങളൊന്നും  ഇല്ല.  തൊഴിലാളി  "സ്വതന്ത്രൻ" ആണ്.  എന്നാൽ അവന്റെയും കുടുമ്പത്തിന്റെയും ജീവൻ നിലനിർത്തണമെങ്കിൽ ആരുടെയെങ്കിലും കീഴിൽ അവൻ പണി എടുത്തിരിക്കണം.  അല്ലെങ്കിൽ അവൻ പട്ടിണി കിടന്നു ചത്തുപോകും. കാരണം അവന് കാര്യമായ സ്വത്തൊന്നും ഇല്ല. ആരുടെ കീഴിൽ പണി എടുക്കണം എന്ന്  തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം മാത്രമാണ് അവനുള്ളത്‌.  മറ്റൊരു തരത്തിൽ പറഞ്ഞാൽ ആര് അവനെ ചൂഷണം ചെയ്യണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം മാത്രമാണ് അവനുള്ളത്‌.  അതുകൊണ്ടാണ് ലെനിൻ പറഞ്ഞത്  മുതലാളിത്ത വ്യവസ്ഥയിൽ തൊഴിലാളി "കൂലി അടിമ" മാത്രമാണ് എന്ന്.  അതാണ്  ചൂഷണ വിമുക്തമായ ഒരു സാമൂഹ്യ വ്യവസ്ഥ എന്ന ലക്ഷ്യം തൊഴിലാളി വർഗത്തിന് മുമ്പിൽ മാർക്സിസം വയ്ക്കുന്നത്.  മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന "കാഴ്ചപ്പാടിൽ" നാം നിൽക്കുമ്പോൾ നാം ബൂർഷ്വാ ചൂഷണത്തെയാണ് പ്രോത്സാഹിപ്പിക്കുന്നത്. നാം  തൊഴിലാളിവർഗത്തിന് വാഗ്ദാനം ചെയ്യുന്നത്  "ജനകീയ ജനാധിപത്യം" എന്ന പേരിൽ ആണെങ്കിലും  ലെനിന്റെ ഭാഷയിൽ "കൂലി അടിമത്തം" മാത്രമാണ്.  അതിന്  തൊഴിലാളി വർഗത്തെ കിട്ടുകയില്ല എന്ന്  അവർ  നമ്മെ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്.  മാർക്സ്  ചൂണ്ടിക്കാണിക്കുന്നത്  "കൂലി" ആയി തൊഴിലാളിക്ക് ലഭിക്കുന്നത് യഥാർഥത്തിൽ അവന്റെ അദ്ധ്വാന ശക്തിയുടെ മൂല്യത്തിന്റെ  ഒരു ഭാഗം മാത്രമാണ് എന്നാണ്.  ബാക്കി ചൂഷകവർഗം തട്ടിയെടുക്കുന്നു.  മുതലാളിത്തത്തിൽ തൊഴിലാളിയുടെ അദ്ധ്വാന ഫലത്തിന് അവന്‌  അർഹതയില്ല.  അത് ബൂർഷ്വാസിയ്ക്കുള്ളതാണ്.  സോഷ്യലിസത്തിൽ  അത്  ഭരണ കൂടത്തിനും പരോക്ഷമായി തൊഴിലാളിയ്ക്കും ലഭിക്കും.   അവിടെ പാർപ്പിടം;  ചികിത്സ; കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയവയ്ക്കുള്ള ഉത്തരവാദിത്വം ഭരണ കൂടത്തിനുണ്ട്.  മുതാലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന നിലപാടിൽ നാം നിൽക്കുന്നിടത്തോളം ഈ കാര്യങ്ങളൊന്നും നമുക്ക് തൊഴിലാളിവർത്തോട് പറയാനാവില്ല.  പാർട്ടി ക്ലാസിൽ "മുതലാളിത്തം പ്രോത്സാഹിപ്പിക്കുകയാണ് നമ്മുടെ കാഴ്ചപ്പാട്"  എന്ന് പറയുമ്പോൾ  തൊഴിലാളിയുടെ നിലപാട് എന്താണ് എന്ന് നാം നോക്കാറില്ല.  "പാർട്ടി ബോധം" ഉള്ള തൊഴിലാളി അച്ചടക്കത്തോടെ കേട്ടുകൊണ്ടിരിക്കും.  എന്നാൽ ഭാവിയിൽ അവനിൽ നിന്നും  മാനസികമായ പിന്തുണ പാർട്ടിയ്ക്ക് ലഭിക്കില്ല.  അതൊന്നും നേരെ  മുഖത്തു്  നോക്കി പറഞ്ഞില്ലെങ്കിൽ ക്ലാസ് എടുക്കുന്നവർക്ക്  മനസിലാക്കുക  വളരെ ബുദ്ധിമുട്ടാണ്.  പാർട്ടി അച്ചടക്കത്തിന്റെ ചട്ടക്കൂട്  ഇല്ലെങ്കിൽ വോട്ട് കിട്ടുക പോലും സംശയകരമാണ്.  അതാണ് പാർട്ടി പരിപാടി ഭേദഗതി ചെയ്യണം എന്നും സോഷ്യലിസ്റ്റു ഭാരതം എന്ന ലക്ഷ്യം തൊഴിലാളി വർഗത്തിന് മുൻപിൽ വയ്ക്കണം എന്നും പറയുന്നത്.  ഇപ്പോൾ നമുക്കൊരു ലക്ഷ്യം ഇല്ല.  മുതലാളിത്തം നമുക്ക് ഒരിക്കലും ലക്ഷ്യം ആവില്ല;  ആവാൻ പാടില്ല.  അപ്പോൾ ജനകീയ  ജനാധിപത്യം എന്നാൽ എന്താണ് എന്ന്  തൊഴിലാളിവർഗത്തോട് പറയാം; മൂലധനത്തിന്റെയും ജാതി മത ശക്തികളുടെയും അഴിമതി-കോഴ-കുംഭ കോണക്കാരുടെ പിടിയിൽ നിന്നും ഇന്ത്യൻ ജനാധിപത്യത്തെ മോചിപ്പിക്കുകയാണ്  നമ്മുടെ ലക്ഷ്യം എന്ന്.  സോഷ്യലിസ്റ്റ്  ഭാരതം എന്ന ലക്‌ഷ്യം അംഗീകരിക്കുക മാത്രമാണ് നമ്മുടെ മുൻപിലുള്ള മാർഗം.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ