2021 ഓഗസ്റ്റ് 11, ബുധനാഴ്‌ച

414.സ്വാതന്ത്ര്യ സമരത്തിലെ കമ്മ്യൂണിസ്റ്റു പ്റസ്ഥാനത്തിന്റെ പങ്ക്.

 414. സ്വാതന്ത്ര്യ സമരത്തിലെ കമ്മ്യൂണിസ്റ്റു പ്റസ്ഥാനത്തിന്റെ പങ്ക്.

.           .1947 ആഗസ്റ്റ്  പതിനഞ്ചിന്  ഇന്ത്യക്ക്  സ്വാതന്ത്ര്യം ലഭിക്കുന്നതിന്  ലോക സാഹചര്യങ്ങളിൽ വന്ന മാറ്റങ്ങളും നിർണായകമായിരുന്നു.  ഇന്ത്യൻ ജനതയുടെ അഭിമാനമായി എല്ലാവരും കരുതുന്ന ഭഗത് സിംഗ്, ചന്ദ്ര ശേഖർ ആസാദ്, സുഖ്‌ദേവ്      തുടങ്ങിയവർ സോഷ്യലിസത്തിനായി വേണ്ടി കൂടിയാണ് പരിശ്രമിച്ചിരുന്നത്.  അവർ രൂപീകരിച്ച സംഘടനയുടെ പേര്  "ഹിന്ദുസ്ഥാൻ  സോഷ്യലിസ്റ്റു റിപ്പബ്ളിക്കൻ അസോയ്‌സിയേഷൻ" എന്നായിരുന്നു. സഖാക്കൾ ഇ എം എസ്,  എ കെ ജി  ഹർകിഷൻ സിങ്  സുർജിത് തുടങ്ങിയ  കമ്മ്യൂണിസ്റ്റു  പ്രസ്ഥാനത്തിലെ എല്ലാ  ആദ്യകാല നേതാക്കളും  സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിൽ പങ്കെടുത്തിട്ടുള്ളത്  ഇന്ത്യൻ നാഷണൽ കോണ്ഗ്രസിന്റെ ഭാഗമായിട്ടായിരുന്നു.  കമ്മ്യൂണിസ്റ്റു പാർട്ടി നിരോധിക്കപ്പെട്ടിരുന്ന സാഹചര്യങ്ങളിൽ അതല്ലാതെ മറ്റുമാർഗങ്ങൾ ഉണ്ടായിരുന്നില്ല. 1942 ലെ ക്വിറ്റ്  - ഇൻഡ്യ സമരത്തിന്  ശേഷം  ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റേതായി കാര്യമായ പ്രക്ഷോഭങ്ങൾ ഒന്നും ഉണ്ടായില്ല എന്നതാണ് വാസ്തവം. ക്വിറ്റ് ഇന്ത്യ സമരം 1942 ആഗസ്റ്റ് മാസത്തിന്  ശേഷം തുടർന്നില്ല.  1945 ആഗസ്റ്റ് മാസത്തിൽ രണ്ടാം ലോക മഹാ യുദ്ധം അവസാനിച്ചെങ്കിലും ബ്രിട്ടൻ ഇന്ത്യക്ക്  സ്വാതന്ത്ര്യം തരുന്ന നിലപാടല്ല സ്വീകരിച്ചത്.  തുടർന്നാണ്  1946 ലെ പുന്നപ്റ --വയലാർ സംഭവവും ബോംബെയിലെ നാവിക കലാപവും  ഹൈദ്രാ ബാദ്  നയിസാമിനെതിരായ സമരവും ഉൾപ്പെടെയുള്ള  ഇന്ത്യയിലെ മിക്കവാറും ഭാഗങ്ങളിൽ നടന്ന ബ്രിടീഷ്  വിരുദ്ധ പോരാട്ടങ്ങൾ കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന്  നിർണായക പങ്ക്  വഹിക്കാൻ കഴിഞ്ഞവയാണ്.  അധിക കാലം ഇന്ത്യയിൽ പിടിച്ചുനിൽക്കാൻ ആവില്ല എന്ന്  ബ്രിട്ടന് ബോധ്യപ്പെട്ടതും ഇൻഡ്യയെ സ്വാതന്ത്ര്യത്തിലേക്ക്  നയിച്ച സാഹചര്യങ്ങളാണ്. 

 .        .രണ്ടാം ലോക മഹായുദ്ധത്തിൽ ജർമനിയെ പരാജയപ്പെടുത്തുന്നതിൽ നിർണായക പങ്കു വഹിച്ച സോവിയറ്റ് യൂണിയന്റെ ഗംഭീര വിജയം എടുത്തു പറയത്തക്കതാണ്. ഒന്നരക്കോടി ജനങ്ങൾ നഷ്ടപ്പെട്ടുകൊണ്ടാണ് സോവിയറ്റുയൂണിയന്  വിജയം നേടാനായത്.  സോഷ്യലിസത്തിന്റെയും ജോസഫ്‌ സ്റ്റാലിന്റെയും  മാർക്സിസത്തിന്റെയും വിജയമായിരുന്നു സോവിയറ്റുയൂണിയനെ വിജയത്തിലേക്ക് നയിച്ചത്.  അക്കാലത്തെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന്  വളരെയേറെ വിമർശനം നേരിടേണ്ടി വന്നു എങ്കിൽപ്പോലും അതായിരുന്നു ശരി എന്ന് തന്നെയാണ് ലോക സാഹചര്യങ്ങൾ തെളിയിച്ചത്.  ജർമനിയുടെ  നിർണായക ഭാഗവും ഹങ്കറി, പോളണ്ട്, ചെക്കോസ്ലോവാക്യ തുടങ്ങിയ ഭാഗങ്ങളിലും സോഷ്യലിസത്തിന്റെ ഗുണം എത്തിക്കാൻ സോവിയറ്റുയൂനിയന്  കഴിഞ്ഞു. മാത്റമല്ല ജർമനിയുടെ മാരകമായ ബോമ്പാക്റമണം യുദ്ധത്തിൽ ബ്രിട്ടന്  വരുത്തിയ നാശനഷ്ടങ്ങൾ അതിഭയങ്കരം ആയിരുന്നു. യുദ്ധത്തിന് ശേഷം ബ്രിട്ടനിൽ ലേബർ കക്ഷി അധികാരത്തിൽ വന്നതും  ലോക സാഹചര്യങ്ങളിൽ സോഷ്യലിസത്തിന് ഉണ്ടായ വിജയവും  ഇന്ത്യക്ക്  സ്വാതന്ത്ര്യം ലഭിക്കുന്നതിന് അനുകൂലമായ സാഹചര്യം ഉണ്ടാക്കി. 

.          . മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന ഇന്ത്യൻ ജനതയുടെ ആകെയുള്ള പോരാട്ടങ്ങളുടെ പങ്കിനെ ഒരിക്കലും കുറച്ചു കാണുന്നില്ല എങ്കിൽപ്പോലും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ മാർക്സിസത്തിന്റെയും സോഷ്യലിസത്തിന്റെയും കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെയും ലോകമാകെയുള്ള വിജയം സഹായിച്ച ഘടകങ്ങളാണ്.  ലോകത്തിൽ ഏറ്റവുമധികം ജനസംഖ്യയുള്ള ചൈനയിലെ  സോഷ്യലിസത്തിന്റെ വിജയത്തിൽ സോവിയറ്റ് യൂണിയനിലെ  സോഷ്യ‌ലിസത്തിന്റെ വിജയമാണ് സ‌ഹായിച്ചത്. ഇൻഡ്യയിലും മാർക്സിസവും സോഷ്യലിസവും അതിന്റെ കരുത്ത്  തെളിയിക്കുക തന്നെ ചെയ്യും.  

. .സ്വാതന്ത്ര്യ സമരം "ഹിന്ദുക്കളുടെ ജോലിയല്ല" എന്ന് പ്രഖ്യാപിക്കുകയും അതിന് നേതൃത്വം കൊടുത്ത ഗാന്ധിജിയെ പോലും വധിക്കുകയും ചെയ്ത "ബ്രാഹ്മണ" ആധിപത്യം ഇന്ത്യയുടെ ഭരണം നടത്തുന്നു എന്നത് ഇന്ത്യയുടെ സ്വാതന്ത്ര്യം പൂര്ണമായല്ല ലഭിച്ചത് എന്ന കമ്മ്യൂണിസ്റ്റു പ്റസ്ഥാനത്തിന്റെ നിലപാട് ഇപ്പോഴും ശരിയായി തന്നെ നിലനിൽക്കുന്നു എന്നാണ് തെളിയിക്കുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം കൊടുത്ത ഗാന്ധിജിയുടെ ലക്ഷ്യവും രാമ രാജ്യം തന്നെ ആയിരുന്നു എന്നതും "രാമ രാജ്യം" ബ്രാഹ്മണാധിപത്യത്തിൽ അധിഷ്ഠിതമായ ചാതുർവർണ്യ വ്യവസ്ഥ തന്നെ ആണെന്നതും ആ ഗാന്ധിജിയെ പോലും "രാമരാജ്യ" ത്തിനായി നിലകൊള്ളുന്ന ഹിന്ദു വർഗീയ വാദികൾ വധിച്ചു എന്നതും വസ്തുതകളാണ്. അടിസ്ഥാനപരമായി സാമ്പത്തിക നയത്തിൽ ഹിന്ദു വർഗീയ വാദികളും ഇൻഡ്യൻ നാഷണൽ കോൺഗ്രസും ഒന്നുതന്നെയാണെന്നാണ് ഇവ വ്യക്തമാക്കുന്നത്.

. .സ്വാതന്ത്ര്യസമരത്തിൽ കൂടി ഇൻഡ്യൻ ജനതക്ക് രാഷ്ട്രീയ സ്വാതന്ത്ര്യം നേടിയെങ്കിലും ഒരോ പൗരന്റെയും സാമ്പത്തിക സ്വാതന്ത്ര്യം നേടിയിട്ടില്ല എന്നതും വസ്തുത തന്നെയാണ്. ഇൻഡ്യൻ സമ്പത്തിന്റെ എഴുപത്തിയഞ്ചു ശതമാനവും കേവലം പത്തു ശതമാനം ആളുകളുടെ കൈവശം ആണെന്നത് തൊണ്ണൂറു ശതമാനവും ദാരിദ്ര്യത്തിൽ കഴിയുന്നു എന്നതിന്റെ മറുവശം ആണ്. ഇൻഡ്യൻ ജനാധിപത്യം സമ്പത്തിന്റെ ആധിപത്യം എന്നതിൽ നിന്നും മാറി യഥാർത്ഥ ജനങ്ങളുടെ ജനാധിപത്യം എന്ന ലക്ഷ്യത്തിലേക്കാണ് മുന്നേറണ്ടത്. ഇന്ത്യൻ ഭരണ ഘടന രൂപകൽപ്പന ചെയ്യുന്നതിൽ നിർണായക പങ്കുവഹിച്ച ഡോ. ബി ആർ അംബേദ്ക്കർ ഇന്ത്യൻ തൊഴിലാളി വർഗ്ഗത്തിന്റെ യഥാർത്ഥ പ്രതിനിധി തന്നെ ആയിരുന്നു എന്നതും ഭരണ ഘടന "വകുപ്പ് 14" അനുസരിച്ച് എല്ലാ ഇന്ത്യൻ പൗരന്മാരും തുല്ല്യരാണ് എന്നതും ഇന്ത്യയിൽ നിലനിൽക്കുന്ന ബ്രാഹ്മണാധിപത്യത്തിനെതിരായ പോരാട്ടത്തിന്റെ ശക്തമായ ആയുധമായി തന്നെ ഉപയോഗിക്കാൻ കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന് കഴിയണം. കൂടാതെ ഭരണ ഘടന "വകുപ്പ് 51 എ (എച്)" പ്രകാരം ശാസ്ത്രീയ മനോഭാവം പുലർത്തേണ്ടത് ഒരോ പൗരന്റെയും മൗലിക കടമ ആണെന്നതും ബുദ്ധമതം സ്ഥാപിച്ച ശ്രീ.ബുദ്ധൻ കഠിനമായി അവസാനിപ്പിക്കാൻ ശ്രമിച്ച ബ്രാഹ്മണാധിപത്യത്തിനെതിരായ പോരാട്ടത്തിന്റെ തുടർച്ചയായി കരുതാവുന്നതാണ്.

. /// .


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ