2017 ഒക്‌ടോബർ 11, ബുധനാഴ്‌ച

209. ജാതി-മത ശക്തികൾക്കെതിരായ പോരാട്ടം.

                                                    209. ജാതി-മത ശക്തികൾക്കെതിരായ പോരാട്ടം.
              ഇന്ത്യയിൽ സോഷ്യലിസ്റ്റ് രാഷ്ട്രം എന്ന ലക്ഷ്യം അംഗീകരിക്കാതിരിക്കാൻ പറയുന്ന ഒരു കാരണം ഇൻഡ്യയിൽ നിലനിൽക്കുന്ന ജാതി സമ്പ്രദായവും മറ്റുമാണ്. യഥാർഥ കാരണം അതല്ല. ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന ജനകീയ ജനാധിപത്യം എന്ന പേരിൽ മുതലാളിത്തം പ്രോത്സാഹിപ്പിക്കുകയും ഇടയ്ക്കിടെ നാം അതിനെതിരാണ്  എന്ന് വരുത്താൻ ചില അഭിപ്രായ പ്റകടങ്ങളും നടത്തുക  അല്ലെങ്കിൽ സായുധ വിപ്ലവം എന്ന തെറ്റിധാരണയാണ്. ജനാധിപത്യം നിലവിൽ വരുന്നതിന് മുൻപുള്ള രാജ വാഴ്ചയിൽ മാത്രമെ സായുധ വിപ്ലവത്തിന്റെ പ്രശ്നം ഉദിക്കുന്നുള്ളു. അവിടെ ഭരണ കൂടത്തിനെ മാറ്റാൻ സായുധ വിപ്ലവം അല്ലാതെ മാർഗം ഇല്ല്ല. എന്നാൽ ജനാധിപത്യത്തിലാകട്ടെ ജനങ്ങൾക്ക് ഓരോ നിശ്ചിത ഇടവേളയിൽ ഭരണ കൂടത്തെ തെരഞ്ഞെടുപ്പിലൂടെ മാറ്റാം. ഇത് മനസിലാക്കാതെ സോവിയറ്റ് യൂണിയനിൽ നടന്നതെല്ലാം ഇവിടേയും ആവർത്തിക്കേണ്ടി വരുമോ എന്ന ഭീതിയിൽ കണ്ടെത്തിയ മാർഗമാണ് മുതലാളിത്തം പ്രോത്സാഹിപ്പിക്കാനും അതിനെ "ജനകീയ ജനാധിപത്യ വിപ്ളവം" ആയി നാമകരണം ചെയ്യാനുമുള്ള  തരികിട  "പരിപാടി".  

.............."സാമ്പത്തിക അടിത്തറയാണ് രാഷ്ട്രീയ ഉപരിഘടനയെ നിർണയിക്കുക" എന്ന മാർക്സിന്റെ അതി പ്രധാനമായ കണ്ടെത്തലിനെ അവഗണിച്ചുകൊണ്ട് മുതലാളിത്തം വളർന്നാൽ അത് തൊഴിലാളി വർഗ്ഗത്തിന്റെ നിർണായക നേതൃത്വത്തിൽ ജനകീയ ജനാധിപത്യ ഭരണ കൂടം ഉണ്ടാകും എന്ന് ധരിച്ചു. ഈ ധാരണയിൽ അര നൂറ്റാണ്ടിലേറെ പിന്നിട്ടിട്ടും എന്താണ് അനുഭവം എന്നുകൂടി പരിശോധിക്കാൻ ഒരുക്കമല്ല. മാർക്സിസത്തിന്റെ ഏറ്റവും പ്രധാന ഭാഗമായ  വർഗ സമരം അപ്രസക്തമായ കാര്യം ആരും കണക്കിലെടുത്തില്ല.  "വർഗ വൈരുധ്യങ്ങളാൽ കീറി മുറിഞ്ഞ ഒരു സമൂഹത്തിൽ  വർഗങ്ങൾക്കുപരി ആയതോ വർഗാടിസ്ഥാനത്തിൽ ഉള്ളതല്ലാത്തതോ ആയ ഒരു ഭരണ കൂടം അസാധ്യമാണ്" എന്ന ലെനിന്റെ വാക്കുകൾ ("എന്ത് ചെയ്യണം?" എന്ന കൃതി) എല്ലാവരും വിസ്മരിച്ചു.  പണ്ട് ഉണ്ടായിരുന്നവർ ആരും ഇന്നില്ല. അവരാരും തിരിച്ചു വരികയുമില്ല. പുനഃ പരിശോധിക്കണം എന്ന് പറയുന്നവർക്ക്‌ പരമാവധി ശിക്ഷയും കൊടുത്തു.   മുതലാളിത്തം; ഭാവിയിൽ അവർക്ക് ദോഷം ഉണ്ടാക്കുന്നവരെ ഭരണത്തിലേക്ക് ഒരിക്കലും എത്തിക്കില്ല എന്നത് സാമാന്യ ബുദ്ധിയുള്ള ആർക്കും മനസിലാക്കാവുന്നതാണ്. നമ്മുടെ മുന്നിലുള്ള അനുഭവവും അതാണ്. 

...............ഇനിയും ജാതി-മത ശക്തികളുടെ കാര്യം തന്നെ എടുക്കാം. ഇന്ത്യയിൽ പിന്നോക്കമായി നിൽക്കുന്നവിഭാഗങ്ങൾക്ക് ഭരണ ഘടനാ പരമായി തന്നെ 50 ശതമാനം സംവരണം ഉണ്ട്. ചരിത്രപരമായി തന്നെ അടിമകളാക്കിയും മറ്റും അടിച്ചമർത്തപ്പെട്ട വിഭാഗങ്ങൾക്ക് നൽകി വരുന്ന ആനുകൂല്യങ്ങൾക്ക് അർഹരാകണമെങ്കിൽ അവർ അതിനുള്ള തെളിവുകൾ ബന്ധപ്പെട്ട അധികാരികളിൽ നിന്നും ഹാജരാക്കണം. അങ്ങനെ തെളിവുകൾ ഹാജരാക്കരുത്; അങ്ങനെയുള്ള ആനുകൂല്ല്യങ്ങൾ സ്വീകരിക്കരുത് എന്ന് ആരോടെങ്കിലും പറയാനാവുമോ? ശേഷിക്കുന്ന അമ്പതു ശതമാനക്കാർ മുന്നോക്ക വിഭാഗത്തിൽ പെടുന്നവരാണ്. ബ്രാഹ്മണർ ഉൾപ്പെടെയുള്ളവരോട് ന്യായമായും പറയാം. നിങ്ങൾ അതൊക്കെ ഉപേക്ഷിക്കണം; അത് ശരിയല്ല എന്നൊക്കെ. എന്താകും സ്ഥിതി എന്ന് നമുക്ക് ഊഹിക്കാവുന്നതാണ്. 

.............എന്നാൽ യാഥാർഥ്യം എന്താണ്? സോഷ്യലിസ്റ്റ് ആശയങ്ങൾ ഭൗതിക ശക്തിയായി നിലവിലുണ്ടായിരുന്നപ്പോൾ സ. ഇ.എം.എസിനെ പോലെ ഒന്നാംതരം ആഢ്യ ബ്രാഹ്മണർ ഉൾപ്പെടെയുള്ളവർ സമസ്ത മേഖലകളിൽ നിന്നും പ്രസ്ഥാനത്തോടൊപ്പം വരാൻ എല്ലാവരും തയ്യാറായി. സോഷ്യലിസ്റ്റ് ആശയങ്ങൾ സാമൂഹ്യ നീതിയാണ് എന്ന യാഥാർഥ്യം അംഗീകരിച്ചുകൊണ്ടാണ് അവർ മുന്നോട്ടു വന്നത്. എന്നാൽ സോഷ്യലിസ്റ്റ് ആശയങ്ങൾ ഉപേക്ഷിക്കുകയും എന്താണ് മുതലാളിത്തം എന്ന് മനസിലാക്കാതെ അത് പ്രോത്സാഹിപ്പിക്കാൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം തയ്യാറായപ്പോൾ പണ്ട് ഉണ്ടായിരുന്നവർ അകന്നു പോകാനും ഒരു മേഖലയിൽ നിന്നും ആരും അടുക്കാതെയും ആയി. വന്നവരാകട്ടെ രാഷ്ട്രീയം നില നിൽപ്പിന്റെ ഭാഗമായി മാത്റം  കാണുന്നവരും ആയി. "പരിപാടി" അംഗീകരിച്ചില്ലെങ്കിൽ വഴിയാധാരം ആകുമെന്നുളളപ്പോൾ "എല്ലാവരും" അംഗീകരിക്കുന്നവർ ആകും. പണ്ട് പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന എ.പി. അബ്ദുള്ളകുട്ടി എന്നയാൾ മറുകണ്ടം ചാടിയപ്പോൾ പറഞ്ഞ ന്യായം കോൺഗ്രസ് നടപ്പാക്കുന്നതും "ജനകീയ ജനാധിപത്യം" ആണെന്നായിരുന്നു. "മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" എന്നത് നമ്മുടെ നയമല്ല എന്ന് വരുത്താൻ ഇടയ്ക്കിടെ ശ്രമിക്കുന്നത് പ്രസ്ഥാനത്തിന്റെ വിശ്വാസിതയാണ് തകർക്കുന്നത് ആരും കണക്കിലെടുക്കാറില്ല. സ. ഇ.എം.എസിന്റെ "തൊഴിലാളി വർഗ രാഷ്ട്രീയത്തിന്റെ ശാസ്ത്രവും കലയും" എന്ന കൃതിയുടെ പേജ് 20 ൽ ഈ കാര്യം വളരെ ഭംഗിയായി പറയുന്നുണ്ട്.  ജാതി മത ശക്തികൾക്കെതിരായ പോരാട്ടം ശക്തമാകണമെങ്കിൽ സോഷ്യലിസ്റ്റ് ഭാരതം എന്ന ലക്‌ഷ്യം നമ്മുടെ മുൻപിൽ പ്രവർത്തന പരിപാടിയായി തന്നെ ഉണ്ടായിരിക്കണമെന്ന് നമ്മുടെ ചരിത്രം നമ്മെ പഠിപ്പിക്കുന്നു. അപ്പോൾ മാത്രമേ ശാസ്ത്രീയ വീക്ഷണങ്ങൾ സമൂഹത്തിൽ ഭൗതിക ശക്തിയായി നിലനിൽക്കുകയുള്ളൂ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ