2017 ജൂൺ 19, തിങ്കളാഴ്‌ച

200. പണത്തിന്റെ ജൈവ ഘടന.

            
200. പണത്തിന്റെ ജൈവ ഘടന. 
/
 എന്താണ് പണത്തിന്റെ ജൈവ ഘടന? പണത്തിനു ജീവൻ ഉണ്ടോ? ഇല്ല. പിന്നെ എങ്ങനെയാണ് പണം വളരുന്നത്? പണം വളരുകയും മരിക്കുകയും ചെയ്യും.
/
കാറൽ മാർക്സ് അദ്ദേഹത്തിന്റെ ബൃഹത്തായ കൃതി ആരംഭിക്കുന്നത് തന്നെ മുതലാളിത്ത സാമ്പത്തിക വ്യവസ്ഥയിൽ സമ്പത്ത് എന്നാൽ ചരക്കിന്റെ "കൂറ്റൻ കൂമ്പാരം" ആയിട്ടാണ് അനുഭവപ്പെടുക എന്ന വാചകത്തോടെയാണ്. "ചരക്ക്" രൂപം കൊള്ളുന്നതിന്റെ വിവിധ ഘട്ടങ്ങൾ പരിശോധിച്ചതിന് ശേഷം ആണ് പണത്തിന്റെ ജൈവ ഘടനയിലേക്ക് അദ്ദേഹം തിരിയുന്നത്.
//
പണം വളരുകയും മരിക്കുകയും ചെയ്യും. മനുഷ്യമനസിന് പിടി കിട്ടാതിരുന്ന കറൻസിയുടെ മൂല്ല്യം; പണം വഹിക്കുന്ന വിവിധ ധർമങ്ങൾ; സാധാരണ പണവും "മൂലധനവും" തമ്മിലുള്ള വ്യത്യാസം; മൂല ധനം വളരുംതോറും അതിന്റെ സ്വഭാവത്തിൽ വരുന്ന മാറ്റം തുടങ്ങിയവയെല്ലാം കാറൽ മാർക്സ് എന്ന മഹാന്റെ പഠനത്തിന് വിധേയമായി. അതാണ് അദ്ദേഹം തന്റെ മഹത്തായ കൃതിയ്ക്ക് "മൂലധനം" എന്ന പേര് കൊടുത്തത്‌. കറൻസി രൂപത്തിലുള്ള പണം പല തരത്തിൽ വളരും. ബാങ്കിൽ നിക്ഷേപിച്ചാൽ പലിശ ആയി വളരും. പക്ഷെ അവിടെ രൂപയുടെ മൂല്യ ശോഷണം എന്ന പ്രശ്നം ഉള്ളതിനാൽ യഥാർഥത്തിൽ ഉള്ള വളർച്ച ഉണ്ടാവില്ല. എന്നാൽ നിങ്ങൾ ഏതാനും തെങ്ങിന്റെ തൈകൾ നടുകയും അതിന് ആവശ്യമായ പരിചരണങ്ങൾ നൽകി; അവ വളർന്ന് അതിൽ നിന്നും നിങ്ങൾക്ക് വളരെയധികം തേങ്ങ ലഭിച്ചു എന്ന് കരുതുക. അവിടെ നിങ്ങളുടെ പണത്തിന്റെ യഥാർഥ വളർച്ചയാണ്. അവിടെ തെങ്ങിൻതയ്‌ കളോടൊപ്പം നിങ്ങളുടെ അദ്ധ്വാനം വർഷങ്ങളോളം പ്രയോഗിച്ചതിന്റെ ഫലമായി പണം യഥാർഥത്തിൽ വളർന്നു. ഒരു പശു കിടാവിനെ വളർത്തി പശുവാക്കി മാറ്റുമ്പോൾ പണം യഥാർഥത്തിൽ വളരും. കാരണം അവിടെ അദ്ധ്വാനം ഉൾപ്പെടുന്നുണ്ട്.
//
ഒരു തൊഴിലാളി ഒരു ദിവസം ജോലി ചെയ്‌താൽ അയാൾക്ക് "കൂലി" ലഭിക്കും. അങ്ങനെ അയാൾക്ക് ലഭിക്കുന്ന പ്രതിഫലത്തിൽ ആർക്കും ഒരു വിധ തർക്കവും ഉണ്ടാവില്ല. അവിടെ പുതിയതായി "പണം" ഉണ്ടാവുകയാണ്, പണം ജനിക്കുകയാണ്. തൊഴിലാളിയുടെ അധ്വാന ശക്തിയുടെ വിലയാണ് "പണം" ആയി ജനിച്ചത്, അല്ലെങ്കിൽ ജനിക്കുന്നത്. ആര് ജോലി ചെയ്താലും അധ്വാനശക്തി ഉപയോഗിക്കുമ്പോൾ മാത്രം ആണ് യഥാർത്ഥത്തിൽ പണം ഉണ്ടാകുന്നത്. തൊഴിലാളി സൃഷ്ടിക്കുന്ന പണം അല്ലെങ്കിൽ "ധനം," അപഹരി ക്കുകയാണ്, അല്ലെങ്കിൽ "അടിച്ചുമാറ്റുക" യാണ് മറ്റുള്ളവർ ചെയ്യുക. തൊഴിലാളിക്ക് എന്നും ദാരിദ്ര്യവും. ഒരു കാരണവശാലും തൊഴിലാളി മാന്യമായി ജീവിക്കാൻ പാടില്ല എന്നതിൽ ലോകത്താക മാനമുള്ള ചൂഷക വർഗ്ഗങ്ങളും ഒന്നാണ്. ഇന്ത്യയിൽ അതിൽ കോൺഗ്രസും ബിജെപിയും ഒരേ മനസ്സാണ്. അതാണ്‌ മുതലാളിത്ത വ്യവസ്ഥയുടെ അടിത്തറയും.
//
മനുഷ്യാധ്വാനം ചേരുമ്പോൾ മാത്രമേ യഥാർഥത്തിലുള്ള പണത്തിന്റെ വളർച്ച ഉണ്ടാകുന്നുള്ളൂ. എന്നാൽ കറൻസി രൂപത്തിലുള്ള "പണം" യഥാർഥ പണം ആണോ? സർക്കാർ തങ്ങളുടെ കൈവശം ഉള്ള നോട്ടടിക്കൽ യന്ത്രം വഴി യഥേഷ്ടം കറൻസി അച്ചടിച്ചാൽ അത് രാജ്യത്തിന്റെ സമ്പത്തു് ആകുമോ? ആവില്ല. അങ്ങനെ അച്ചടിക്കുന്ന കറൻസി ഉപയോഗിച്ചു് ജനങ്ങൾക്ക് ആവശ്യമായ ഉത്പ്പന്നങ്ങൾ വാങ്ങാൻ കഴിയുമെങ്കിൽ മാത്രമേ കറൻസിയ്ക്ക് മൂല്യം ഉണ്ടാവുകയുള്ളു. അല്ലെങ്കിൽ അവ വെറും കടലാസ് മാത്രമാണ്. ഇവിടെയാണ് കാറൽ മാർക്സ് അദ്ദേഹത്തിന്റെ "മൂല ധനം" എന്ന കൃതിയുടെ ആദ്യ വാചകം "മുതലാളിത്ത സാമ്പത്തിക വ്യവസ്ഥയിൽ സമ്പത്തു് എന്നാൽ ചരക്കിന്റെ കൂറ്റൻ കൂമ്പാരമായിട്ടാണ് അനുഭവപെടുക" എന്ന പ്രഖ്യാപനത്തോടെ തുടങ്ങുന്നതിന് കാരണം. .
//
പ്രകൃതി വിഭവങ്ങളോടൊപ്പം മനുഷ്യാധ്വാനം ചേരുമ്പോഴാണ് "ചരക്കുകൾ" (ഉപഭോഗ വസ്തുക്കൾ) രൂപം കൊള്ളുന്നത്. "പണം" ഉണ്ടാകുന്നതിനു മുമ്പ് ആളുകൾ ക്റയ-വിക്റയങ്ങൾ നടത്തിയിരുന്നത് ഓരോ വസ്തുക്കളും പരസ്പരം കൈ മാറി കൊണ്ടായിരുന്നു. എന്നാൽ അങ്ങനെ കൈ മാറ്റം ചെയ്യുമ്പോൾ സ്വീകരിക്കുന്ന മാനദണ്ഡം എന്താണ്? അവിടെ സ്വീകരിക്കുന്ന മാന ദണ്ഡം ഓരോ വസ്തുവും ഉണ്ടാക്കുന്നതിന് ആവശ്യമായി വരുന്ന അദ്ധ്വാന ശക്തിയാണ്. വളരെ കൃത്യമായി നിർണയിക്കാനാവില്ല എങ്കിൽ പോലും അടിസ്ഥാന ഘടകം ആയി കണക്കാക്കുക അവ ഉത്പാദിപ്പിക്കാനാവശ്യമായ മനുഷ്യാധ്വാനം തന്നെയാണ്. നമ്മുടെ നാട്ടിൽ മിക്കവാറും കേൾക്കുന്ന കാര്യമാണ് രൂപയുടെ മൂല്യ ശോഷണം.
//
എന്തുകൊണ്ടാണ് രൂപയുടെ മൂല്യം നഷ്ടപ്പെടുന്നത്? സർക്കാർ അച്ചടിച്ചിറക്കുന്ന കറൻസിയുടെ ആനുപാതികമായി രാജ്യത്തെ ചരക്ക് ഉത്പാദനവും വർധിക്കുന്നു എങ്കിൽ മാത്രമേ കറൻസിയുടെ മൂല്യം നില നിൽക്കുകയുള്ളൂ. കറൻസിയുടെ യഥാർഥ മൂല്യം സ്ഥിതി ചെയ്യുന്നത് അത് കൊടുത്താൽ പകരം ലഭിക്കുന്ന സാധനത്തിന്റെ അളവാണ്. അവിടെയാണ് മാർക്സിന്റെ "മുതലാളിത്ത സാമ്പത്തിക വ്യവസ്ഥയിൽ സമ്പത്തു് എന്നാൽ ചരക്കിന്റെ കൂറ്റൻ കൂമ്പാരമായിട്ടാണ് അനുഭവപെടുക" എന്ന വിലയിരുത്തൽ പ്രസക്തമായി വരുന്നത്. അവിടെയാകട്ടെ നിങ്ങൾക്ക് ലഭിക്കുന്ന സാധനങ്ങൾ (ചരക്ക് ) നിർമിക്കുന്നതിന് ആവശ്യമായ അദ്ധ്വാന ശക്തിയാണ് മൂല്യത്തിന്റെ മാന ദണ്ഡം. ഒരു വ്യവസായം തുടങ്ങുന്ന മുതലാളി അവിടെ മുടക്കുന്ന മൂലധനത്തെ മാർക്സ് രണ്ടായി വിഭജിച്ചു. സ്ഥിര മൂല ധനവും അസ്ഥിര മൂല ധനവും. കെട്ടിടത്തിനും ഫാക്റ്ററിയ്ക്കും മറ്റുമായി മുടക്കുന്ന മൂല ധനം സ്ഥിരമൂല ധനമാണ്. അത് വളരുന്നില്ല. എന്നാൽ അസംസ്കൃത വസ്തുക്കൾക്കും തൊഴിലാളികൾക്ക് കൂലി ആയി കൊടുക്കുന്ന മൂല ധനത്തിലും മാത്രമേ വളർച്ച ഉണ്ടാകുന്നുള്ളൂ. ചരക്ക് ഉത്പാദിപ്പിച്ചു വിൽപ്പന നടത്തുമ്പോൾ മാത്രമെ മൂലധനത്തിൽ വർദ്ധനവ് ഉണ്ടാകുന്നുള്ളൂ. അതായത് തൊഴിലാളിയുടെ അദ്ധ്വാന ശക്തിയെ ചൂഷണം ചെയ്യമ്പോൾ മാത്രമേ മൂല ധനം വളരുന്നുള്ളു.
//
അത്യാഹിതങ്ങൾ ഉണ്ടാകുമ്പോൾ പണത്തിന് മരണവും സംഭവിക്കാം.
. .മൂലധനം വളരുംതോറും അതിന്റെ ഉടമയിൽ മാറ്റം സംഭവിച്ചുകൊണ്ടിരിക്കും. ആദ്യമാദ്യം മൂലധന ഉടമയിൽ കാണാൻ കഴിയുന്ന ദീനാനുകമ്പയും തൊഴിലാളികളോടുള്ള സൗഹാർദവും ക്രമേണ ഇല്ലാതാകും. പണത്തോടുള്ള ആർത്തി കൂടി കൂടി വരും. അതിനു വേണ്ടി എന്തും ചെയ്യാൻ അദ്ദേഹം തയ്യാറാകും. യഥാർഥത്തിൽ അത് "മൂല ധനം" (പണം) അദ്ദേഹത്തിൽ വരുത്തുന്ന മാറ്റം ആണ്. സമൂഹത്തിലും അദ്ദേഹം "പ്രമാണി" ആയി മാറുന്നത് നമുക്ക് കാണാം.
//
കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ തന്നെ മാർക്സ് വ്യക്തമാക്കുന്നതാണ് ബൂർഷ്വാസി എല്ലാത്തിനും മുകളിൽ പണത്തെ പ്രതിഷ്ഠിച്ചു. "ലാഭം" - പരമാവധി ലാഭം മാത്റം. അത് എല്ലാ മാനുഷിക മൂല്യങ്ങളെയും ചവിട്ടിയരച്ചു. എവിടെയും "സ്വാർത്ഥത" മാത്റം. അവർ പ്രഖ്യാപിച്ചു: "പണത്തിന് മേൽ പരുന്തും പറക്കില്ല". മൂലധനം വളരുന്തോറും അതിന്റെ ആധിപത്യവും വർധിച്ചുകൊണ്ടിരിക്കും. ഭരണ കൂടങ്ങളെപോലും നിയന്ത്രിക്കാനുള്ള ശക്തി അതിനു കൈവരും. വൻകിട കോർപ്പറേറ്റുകൾ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാറില്ല. അതിനു പകരം അവർ പറയുന്ന എന്തും നടപ്പിലാക്കും എന്ന് ഉറപ്പുള്ള രാഷ്ട്രീയ പാർട്ടികൾക്ക് അവർ ആവശ്യപ്പെടുന്ന കോടികൾ നൽകി സഹായിക്കും. അതിനു പകരം ബൂർഷ്വാ രാഷ്ട്രീയ പാർട്ടികൾ കോർപ്പറേറ്റുകളുടെ താത്പ്പര്യങ്ങളാണ് അവരുടെ നയങ്ങളായി നടപ്പാക്കുക. കോൺഗ്രസും ബിജെപിയും എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യവത്ക്കരിക്കുന്നതും അതിന്റെ ഭാഗമാണ്. അതിനാണ് മുതലാളിമാരുടെ അല്ലെങ്കിൽ മുതലിന്റെ അല്ലെങ്കിൽ പണത്തിന്റെ ആധിപത്യം എന്ന് പറയുക.
//19 06 2017//
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ