196. മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന കാഴ്ചപ്പാടിൽ തുടരുന്നിടത്തോളം.............. ഇൻഡ്യൻ മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന "കാഴ്ചപ്പാടിൽ" തുടരുന്നിടത്തോളം "അടവ് നയം" ഇന്ത്യൻ ബൂർഷാസിക്കെതിരെയോ അവരുടെ രാഷ്ട്രീയ പാർട്ടികൾക്ക് എതിരെയോ ആവുകയില്ല. കാരണം "മുതലാളിത്ത സമൂഹത്തിന്റെ സ്വതന്ത്രമായ വളർച്ച" യാണ് നമ്മുടെ മനസ്സിൽ. ജനങ്ങളിൽ നിന്ന് പ്രസ്ഥാനത്തെ അകറ്റാൻ; ജനങ്ങളെ ശത്രുക്കൾ ആക്കാൻ മാത്രമേ ഈ നിലപാട് സഹായിക്കുകയുളളു എന്ന് പശ്ചിമ ബംഗാളിലെ അനുഭവത്തിൽ നിന്നുപോലും പഠിക്കുകയില്ല. പരിപാടിയിൽ ഭേദഗതി വരണം എന്നാവശ്യപ്പെടുന്നത് ഇപ്പോഴത്തെ കാഴ്ചപ്പാട് മാറ്റിയെടുക്കണം എന്നതിനാണ്. വളരെ കഷ്ടപ്പെട്ട് സംഘടിപ്പിക്കുന്ന പരിപാടികൾ പോലും ഒരു വോട്ട് പോലും നേടാൻ സഹായിക്കുന്നില്ല എന്നത് എങ്ങനെയാണ് പ്രധാന പെട്ട സഖാക്കളെ ബോധ്യപ്പെടുത്തുക? കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിനെതിരെ നടത്തിയ സമരങ്ങൾ; ഉമ്മൻ ചാണ്ടി എന്ന വ്യക്തിയിൽ മാത്രം ഒതുക്കി നിർത്തുകയാണ് ഉണ്ടായത്. യഥാർഥത്തിൽ കോൺഗ്രസ് എന്ന ബൂർഷ്വാ പാർട്ടി "രാഷ്ട്രീയം" എന്നാൽ പണം ഉണ്ടാക്കുക; എല്ലാവിധ വൃത്തികേടുകളും നടത്തുകയാണ് എന്ന് ധരിച്ചിരിക്കുന്നവരുടെ ഒരു കൂട്ടം മാത്രമാണ് എന്ന് തുറന്നു കാട്ടാൻ തയ്യാറായില്ല. അവർ ഇടപെടുന്ന സകല മേഖലകളും അഴിമതിയുടെ ദുർഗന്ധ പൂരിതമാക്കുന്നതിൽ ഒരു തെറ്റും അവർ കാണുന്നില്ല. അതിന്റെ ഫലമായി തിരുവനന്തപുരത്തു "ജയിലിൽ കിടക്കേണ്ടയാൾ" അനായാസം ജയിച്ചു വരാൻ ഇടയാക്കി. കേരളത്തിലെ മിക്കവാറും എല്ലാ മണ്ഡലങ്ങളും ഇതാണ് സംഭവിച്ചത്. കെ. എം. മാണിയ്ക്ക് എതിരെ നടത്തിയ സമരം "ബൂർഷ്വാ ചെറ്റത്തരം" ആയി ചൂണ്ടിക്കാണിക്കാൻ തയാറായില്ല. മാണി എന്നെങ്കിലും നമ്മുടെ കൂടെ വന്നെങ്കിൽ എന്ന് ആശിച്ചു് ആയിരിക്കണം അപ്രകാരം ഒരു നിലപാട് എടുത്തത്. വളരെ സീനിയർ ആയ നേതാക്കൾ പോലും വളരെ ആയാസകരമായ നടത്തുന്ന പ്രസംഗങ്ങൾ "ആകാശത്തേയ്ക്ക് വയ്ക്കുന്ന വെടികൾ" പോലെ ആയി മാറുന്നു എന്നതാണ് നിർഭാഗ്യകരമായ വസ്തുത. ബി.ജെ.പി. സർക്കാരിനെതിരെ നടത്തുന്ന പ്രസംഗങ്ങളിൽ അവർ കോർപ്പറേറ്റുകൾക്ക് നൽകുന്ന സഹായത്തെക്കുറിച്ചു് ഒരക്ഷരം പോലും സംസാരിക്കാതിരിക്കാൻ പ്ര്രത്യേകം ശ്രദ്ധിക്കുന്നു. കാരണം എന്നെങ്കിലും അവർക്കൊക്കെ മനസ് മാറിയിട്ട് വേണമല്ലോ നമ്മൾ വിഭാവനം ചെയ്യുന്ന നല്ല സാമൂഹ്യ വ്യവസ്ഥ ഉണ്ടാകാൻ. ആരിലൊ എങ്ങനെയോ ഉണ്ടായ ഒരു ഭ്രാന്തൻ ആശയം എങ്ങനെ ഒരു പ്രസ്ഥാനത്തെ തകർത്തു കളയുന്നു എന്ന് ആരെയും ബോധ്യപ്പെടുത്തുവാൻ ആവില്ല. ബി.ജെ.പി. സർക്കാരിനെതിരെ നടത്തുന്ന സമരങ്ങൾ കേവലം "വർഗീയത" ക്കെതിരെ മാത്രം ആയാൽ മതിയാവുകയില്ല. ഇൻഡ്യൻ ഭരണ ഘടനയിലെ മതേതരത്തെ; നാനാത്വത്തിൽ ഏകത്വം എന്ന ഭാരത സംസ്കാരത്തെ; പൊതു മേഖലകൾ തകർക്കുന്നതിലൂടെ നമ്മുടെ സമ്പത് ഘടനയെ എങ്ങനെ അവർ തകർക്കുന്നു എന്ന് ചൂണ്ടി കാണിക്കണം. മനുഷ്യൻ എന്ന വാക്കിന്റെ അർഥം അറിയാത്ത പ്രാകൃത കാഴ്ചപ്പാടിനെ തുറന്നു കാണിക്കണം. പെട്രോളിയം മേഖല അടക്കം ഇൻഡ്യയുടെ സാമ്പത്തിക നയങ്ങളുടെ നിയന്ത്രണം നടത്തുന്ന "അംബാനി" മാരെ തുറന്ന് കാണിക്കുന്നവയാകണം. ക്രൂഡ് ഓയിൽ വില ബാരലിന് 150 ഡോളർ വരെ ആയപ്പോൾ ഈടാക്കിയ വിലയിലും കൂടുതൽ 50 ഡോളർ ആയിരിക്കുമ്പോഴും ഈടാക്കി; അതിലൂടെ നികുതികളായി കോടികൾ ഈടാക്കി കോർപ്പറേറ്റുകൾക്ക് ചെയ്യുന്ന പാദ സേവ ഒരു "ഹിന്ദു" വിനേയും സഹായിക്കാനല്ല; യഥാർഥത്തിൽ പാവപെട്ട ഹിന്ദുക്കളെയും നരേന്ദ മോഡി വഞ്ചിക്കുകയാണ് എന്ന വസ്തുത വളരെ സീനിയർ ആയ നേതാക്കളുടെ പ്രസംഗങ്ങളിൽ ഉണ്ടായാൽ മാത്രമേ അവ മറ്റു നേതാക്കൾ ആവർത്തിക്കാൻ ഇടയാക്കുകയുള്ളു. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലയും നികുതിയും ഒരു കാരണവും ഇല്ലാതെ ഉയർത്തുന്നത് കറൻസിയുടെ മൂല്യ ശോഷണത്തിന് മാത്രമാണ് ഇഡാ വരുത്തുന്നത്. അഴിമതിയിലും ബൂർഷ്വാ പാർട്ടികൾ ഒരേ സ്വഭാവ ക്കാരാണ് എന്നതാണ് ജനങ്ങൾക്ക് മനസിലാക്കാൻ കഴിയുന്നത്. അംബാനിയുൾപ്പെടെയുള്ളവർക്ക് ലോകത്തിലെ തന്നെ വലിയ ധനികർ ആകാൻ മാത്രമാണ് കോൺഗ്രസ്/ബി.ജെ.പി. രാഷ്ട്രീയക്കാർ സഹായിക്കുന്നത്. പൊതു മേഖലകളുടെ സ്വകാര്യ വത്ക്കരണം തടയുന്നതിലും "മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" എന്ന നിലപാട് വിഘാതമായി നിൽക്കുകയാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ