2016 ജൂൺ 28, ചൊവ്വാഴ്ച

160. വിശ്വാസങ്ങളും അന്ധ വിശ്വാസങ്ങളും

                                     160. വിശ്വാസങ്ങളും അന്ധ വിശ്വാസങ്ങളും.                                                    "പ്രതികരണം".....ശ്രീ. സി.രാമചന്ദ്രൻ "യുക്തിരേഖ" യുടെ 2016 ജൂൺ മാസ ലക്കത്തിൽ എഴുതിയ "പ്രതികരണ"ത്തിൽ പറയുന്നത്  വായനക്കാരിൽ ആശയകുഴപ്പം ഉണ്ടാക്കാൻ മാത്രമേ ഇടയാക്കുകയുള്ളു.  "തലച്ചോറിനകത്തു" പലവിധ വിശ്വാസങ്ങളും ഉണ്ടാകും.  അതിൽ ചിലത്  ശരിയാകാം; ചിലത്  തെറ്റാകാം; തെറ്റായ വിശ്വാസങ്ങൾ എല്ലാം അന്ധ വിശ്വാസങ്ങളായി  കൊള്ളണമെന്നില്ല".  ശ്രീ.രാമചന്ദ്രന്റെ ശാസ്ത്ര ബോധം തികച്ചും ശൈശവ സ്ഥിതിയിലായത്  കൊണ്ടാണ് അദ്ദേഹം ഇങ്ങനെയൊക്കെ എഴുതിയത്.  ഏത് കാര്യവും ശാസ്ത്രീയമായി തെളിയിക്കാനാവാത്തത്  ആണ്  അന്ധ വിശ്വാസം ആയി കണക്കാക്കുക. ശാസ്ത്രീയ ധാരണ ഇല്ലാതെ അന്ധമായി വിശ്വസിക്കുന്നതിനെ ആണ്  അന്ധവിശ്വാസം എന്ന്  പറയുക.  ആവർത്തിച്ചു തെളിയിക്കാൻ കഴിയുന്നതിനെ മാത്രമേ ശാസ്ത്രം ആയി കരുതാനാവുകയുള്ളു.  നാട്ടുകാർ പറയുന്നതെല്ലാം "തലച്ചോറിൽ" നിറച്ചിട്ട്  ഏതാണ്  ശരി; ഏതാണ് തെറ്റ് എന്ന്  അറിയാൻ ബുദ്ധിമുട്ടാതെ ശാസ്ത്രീയമായി ശരിയായ കാര്യം മാത്രം തലച്ചോറിൽ നിറച്ചാൽ കാര്യം ശരിയാകും. ഉദാഹരണമായി  "ബ്രഹ്‌മാവിന്റെ  മുഖത്തുനിന്നാണ്  ബ്രാഹ്മണൻ ഉണ്ടായത്"  എന്ന വിശ്വാസം തന്നെയെടുക്കുക. ആരുടെയെങ്കിലും മുഖത്തുനിന്നോ തുടയിൽ നിന്നോ ജീവനുള്ള എന്തിനെയെങ്കിലും ഉണ്ടാക്കിയെടുക്കാൻ പറ്റുമോ? ഇതിന്  സാമാന്യ ബുദ്ധി മാത്രം മതി. ആരെങ്കിലും എവിടെയെങ്കിലും എന്തെങ്കിലും എഴുതി വച്ചിട്ടുണ്ടെങ്കിൽ അത് എഴുതിയവരുടെ ഭാവനയോ വിവരക്കേടോ ആളുകളെ വിഡ്ഢികളാക്കാൻ ഉള്ള ശ്രമമോ ആയി മാത്രം കരുതിയാൽ കാര്യം ശരിയാകും. അല്ലെങ്കിൽ ഇരുട്ടത്തു കറുത്ത പൂച്ചയെ തപ്പുന്നത് പോലെ മാത്രമേ ആവുകയുള്ളൂ.  അതുപോലെ ഒരാൾ മരിച്ചുകഴിഞ്ഞാൽ "ആത്മാവ്" സ്വർഗത്തിൽ അല്ലെങ്കിൽ നരകത്തിൽ പോകും; കാക്കയുടെ രൂപത്തിൽ വാഴക്കയിൽ വന്നിരിക്കും എന്നെല്ലാം മറ്റുള്ളവർ പറഞ്ഞാലും അതിൽ ശാസ്ത്രീയമായി വല്ലതും ഉണ്ടോ എന്ന്  പരിശോധിച്ചു സ്വയം തീരുമാനിക്കുക.  ഭഗവത് ഗീത അധ്യായം രണ്ടിൽ  ശ്രി.കൃഷ്ണൻ അർജുനനോട് പറയുന്നത്  ആത്മാവാണ് യഥാർഥത്തിൽ ഉള്ളത് എന്നും അതിന്  മരണം ഇല്ല എന്നുമാണ്. അതായത്  അർജുനൻ ഭീഷ്മർ ഉൾപ്പെടെയുള്ളവരെ വധിക്കുന്നതിൽ ഒട്ടും മടിക്കേണ്ടതില്ല; അവർ യഥാർഥത്തിൽ ജനിക്കുന്നുമില്ല മരിക്കുന്നുമില്ല എന്നാണ്. ഇതെല്ലാം വേദ വ്യാസൻ എന്ന മഹാ പ്രതിഭയുടെ ഭാവന മാത്രമാണ്; അവയ്ക്കൊന്നും യാഥാർഥ്യമായി ബന്ധമൊന്നും ഇല്ല എന്നു കരുതണമെങ്കിൽ തികച്ചും ശാസ്ത്രീയ വീക്ഷണം എല്ലാ അർഥത്തിലും ഉൾകൊള്ളാൻ കഴിയുന്നവരാകണം.  അല്ലാത്തവർ എന്തെങ്കിലും ഒക്കെ തലച്ചോറിൽ നിറച്ചു ആകെ അങ്കലാപ്പിൽ ആകുന്നവരായിരിക്കും.......................................പി.എസ്. ഹരിഹാരക്കുറുപ്, മാവേലിക്കര.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ