573. "ഇടത്" ഉണ്ടെങ്കിലേ ഇന്ത്യ ഉള്ളു.
സോഷ്യലിസം എന്ന ലക്‌ഷ്യം ഉണ്ടെങ്കിലെ "ഇടത്" ന് പ്രസക്തി ഉണ്ടാവുകയുള്ളു; "ഇടത്" നിലനിൽക്കുകയുള്ളു;
//
"അധികാരം" ആർഭാട ജീവിതത്തിനും ധനം സമ്പാദിക്കുന്നതിനും മാത്രം ആയി കരുതുന്നവരാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്; ബിജെപി എന്ന ഹിന്ദുത്വവാദികൾ ഉൾപ്പെടുന്ന ബൂർഷ്വാ രാഷ്ട്രീയക്കാർ. ജനങ്ങൾ എങ്ങനെ ജീവിക്കുന്നു എന്നത് ഒരിക്കലും അവർ കാര്യമായി എടുക്കില്ല. തെരെഞ്ഞെടുപ്പുകളിൽ ജനങ്ങളെ എങ്ങനെയും വിഡ്ഢികളാക്കി വോട്ട് സമ്പാദിച്ചാൽ അടുത്ത തെരെഞ്ഞെടുപ്പ് വരെ എന്തും ചെയ്യാം എന്നതാണ് ബൂർഷ്വാ രാഷ്ട്രീയക്കാരുടെ നിലപാട്. പക്ഷെ അതും അധിക കാലം നടപ്പാകില്ല എന്നതാണ് ഉത്തരേൻഡ്യൻ സംസ്ഥാനങ്ങളിൽ മിക്കവാറും ഇന്ത്യൻ നാഷണൽ കോൺഗ്രസിന് പരാജയം സംഭവിച്ചു കൊണ്ടിരിക്കുന്നത് വ്യക്തമാക്കുന്നത്. അതേ പാത തന്നെ പിന്തുടരുന്നവരാണ് ഹിന്ദുത്വ വാദികളും. ഇന്ത്യൻ ഭരണഘടന അംഗീകരിച്ചിട്ടുള്ള സോഷ്യലിസ്റ്റ് ഇന്ത്യക്ക് ജനങ്ങളുടെ അംഗീകാരം നേടിയെടുക്കുക എന്ന നിലപാടാണ് ഇടതുപക്ഷ രാഷ്ട്രീയ പാർട്ടികൾ സ്വീകരിക്കേണ്ടത്. എല്ലാ രാജ്യങ്ങളിലും നടപ്പിലാക്കേണ്ട സോഷ്യലിസത്തിന് കാറൽ മാർക്സോ എന്ഗൽസൊ മാതൃക ഒന്നും നിർവചിച്ചിട്ടില്ല. ജോലി ചെയ്യുന്നവരുടെ ദാരിദ്ര്യം ഇല്ലാതാക്കുക എന്നതായിരുന്നു മാർക്സിന്റെ ജീവിത ലക്‌ഷ്യം. ഇന്ത്യൻ ഭരണ ഘടനയും നടപ്പിലാക്കേണ്ട സോഷ്യലിസത്തിന്റെ മാതൃക നിർവചിക്കുന്നില്ല.
//
സോഷ്യലിസം ഇല്ലെങ്കിൽ മാർക്സിസം ഇല്ല; ഇടത് പക്ഷവും ഉണ്ടാവില്ല. സോഷ്യലിസം എന്ന ലക്‌ഷ്യം ഇല്ലെങ്കിൽ മാർക്സിസത്തിന്റെ ആവശ്യവും ഇല്ല; മാർക്സിസം എന്ന തത്വ ശാസ്ത്രം പ്രവർത്തിയിൽ ഉണ്ടാവില്ല എന്നത് മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന ലക്‌ഷ്യം ഏറ്റെടുത്തിട്ടുള്ള ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് നേതൃത്വത്തിന് 1950 കാലത്തിന് ശേഷം നീണ്ട 74 വർഷങ്ങളിലെ അനുഭവങ്ങൾക്ക് ശേഷവും ബോധ്യപ്പെട്ടിട്ടുള്ള യാതൊരു സൂചനകളും ഇല്ല. പ്രവർത്തനം ആരംഭിച്ചിട്ട് നൂറു വർഷങ്ങൾക്ക് ശേഷവും നൂറ്റി നാൽപ്പത് കോടി ജനങ്ങളുള്ള രാജ്യത്ത്; 28 സംസ്ഥാനങ്ങൾ ഉള്ള രാജ്യത്ത് 2024 ലെ പാർലമെന്റ് തെരെഞ്ഞെടുപ്പിൽ കേരളത്തിൽ മാത്രമാണ് കാര്യമായ മത്സരം ഉണ്ടായിട്ടുള്ളു. ബാക്കി 27 സംസ്ഥാനങ്ങളിലും മുതലാളിത്തം പ്രോത്സാഹിപ്പിക്കാൻ ഇന്ത്യൻ ചൂഷക വർഗ്ഗങ്ങളെ ശക്തിപ്പെടുത്തുക എന്ന നിലപാടാണ് സ്വീകരിച്ചത്. അതാകട്ടെ മാർക്സിസം എന്ന തത്വ ശാസ്ത്രത്തിന് ഒരു തരത്തിലും പൊരുത്തപ്പെടാൻ ആവാത്തതും. ജനങ്ങളെ ഭിന്നിപ്പിച്ച് മുതലെടുക്കുക എന്ന ചൂഷക വർഗ തന്ത്രമാണ് വർഗീയമായ വേർതിരിവ് സൃഷ്ടിക്കുന്നവരുടെ ലക്ഷ്യം. ഇത് ഹിന്ദുത്വ വാദികൾക്കും കോൺഗ്രസിനും ഒരുപോലെ താത്പ്പര്യം ഉള്ള കാര്യമാണ്. ആരും "മനുഷ്യർ" ആകരുത് എന്നതാണ് അടിസ്ഥാന ലക്ഷ്യം. ഇന്ത്യയിൽ ഒരുകാരണ വശാലും ചെങ്കൊടിയുടെ രാഷ്ട്രീയം നിലനിൽക്കാൻ പാടില്ല എന്ന ഉറച്ച നിലപാടുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ശക്തിപ്പെടുത്തുക; ഇന്ത്യയുടെ ഭരണം ഏൽപ്പിക്കുക എന്ന ഉദ്ദേശത്തോടെ പ്രവർത്തിക്കുക എന്നത് മാർക്സിസ്റ്റ് വിരുദ്ധ നിലപാട് മാത്രമാണ്, മാർക്സിസം അംഗീകരിക്കുന്നില്ല എന്ന് പ്രഖ്യാപിക്കൽ മാത്രമാണ്.
//
ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ 2019ലെ യും 2024 ലെയും പൊതുതെരെഞ്ഞെ ടുപ്പുകളിൽ ഇന്ത്യയിലെ ഹിന്ദുത്വ വാദികളുടെ ഭീകര ഭരണം ഇല്ലാതാക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ആശ്രയിക്കുക എന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാൽ കോണ്ഗ്രസ് ആകട്ടെ രാമരാജ്യവും ഹിന്ദുത്വവാദികളുടെ എല്ലാ സാമ്പത്തിക നടപടികളോടും അഴിമതികളോടും സോഷ്യലിസ്റ്റ് വിരുദ്ധ നിലപാടുകളോടും പൂർണമായും യോജിക്കുന്നവരുമാണ്. മാത്രമല്ല ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി പൂർണമായും ഇല്ലാതാകണം എന്ന നിലപാടിലുമാണ്. ബിജെപിക്ക് എതിരായ വോട്ടുകൾ ഭിന്നിക്കാതിരിക്കാനായി കമ്മ്യൂണിസ്റ്റ് പാർട്ടികൾ പരമാവധി മത്സര രംഗത്ത് നിന്നുപോലും ഒഴിവായി നിന്നിട്ടും കോൺഗ്രസ് സ്വീകരിച്ച നിലപാട് ഇടതുപക്ഷ സ്ഥാനാർത്ഥികൾ എവിടെ മത്സരിച്ചാലും അവരെ പരാജയപ്പെടുത്തുക എന്നത് ആയിരുന്നു. ഭാവിയിലും കോണ്ഗ്രസ്സിന്റെ നിലപാടുകളിൽ മാറ്റം ഉണ്ടാവില്ല. ഡോ. ബി ആർ അംബേദ്‌ക്കറുടെ നേതൃത്വത്തിൽ രൂപം കൊണ്ടിട്ടുള്ള ഇന്ത്യൻ ഭരണ ഘടന അതിന്റെ പൂർണ അർത്ഥത്തിൽ നടപ്പിലാക്കാനും ഹിന്ദുത്വ ഭീകര ഭരണം ഇല്ലാതാക്കാനും കഴിയുക മാർക്സിസം അംഗീകരി ക്കുന്നവർക്ക് മാത്രമാണ്.
//
ഇന്ത്യൻ ജനത പാർലമെന്റിൽ അഞ്ചിൽ നാല് ഭൂരിപക്ഷത്തോടെ അംഗീകരിക്കുകയും ഇന്ത്യൻ ഭരണ ഘടനയുടെ തന്നെ ഭാഗമാവുകയും ചെയ്തിട്ടുള്ളതാണ് ഇന്ത്യ ഒരു "സോഷ്യലിസ്റ്റ് രാഷ്ട്റം" ആയിരിക്കും എന്നത്. ഇന്ത്യൻ ജനത വോട്ട് ചെയ്തത് ഇന്ത്യൻ നാഷണൽ കോൺഗ്രസിനാണ് എന്നത് കൊണ്ടും കോൺഗ്രസ് അത് നടപ്പാക്കിയില്ല എന്നത് കൊണ്ടും ജനതയുടെ താത്പ്പര്യങ്ങൾ ഇല്ലാതാവുന്നില്ല. അന്നത്തെ ജനങ്ങൾ ഇപ്പോഴും ഇന്ത്യയിൽ ഉണ്ട്. സോഷ്യലിസ്റ്റ് ഇന്ത്യ എന്ന രാഷ്ട്രീയ ലക്‌ഷ്യം പ്രാവർത്തികമാക്കാനുള്ള ജനസമ്മതിയാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങൾ നേടിയെടുക്കേണ്ടത്.
//
"ഇടത് ഇല്ലെങ്കിൽ ഇന്ത്യ ഇല്ല" എന്ന് പറയുമ്പോൾ എല്ലാവർക്കും അത് ബോധ്യമാവില്ല. കാരണം അവർക്ക് ഇന്ത്യ എന്നാൽ കേവലം ഇന്ത്യയുടെ ഭൂപടം മാത്രമാണ്. എന്നാൽ സ്വാത്രന്ത്ര്യത്തിന് ശേഷം നിലവിൽ വന്ന ഇന്ത്യ എന്നത് "നാനാത്വത്തിൽ ഏകത്വം" എന്ന കാഴ്ചപ്പാടിലുള്ള എല്ലാ മത വിഭാഗങ്ങളിലും ഉൾപ്പെടുന്ന "മതേതര ഇന്ത്യ" എന്ന ഇന്ത്യൻ ഭരണ ഘടന വിഭാഗവന ചെയ്യുന്നതും ഭരണ ഘടനയിൽ വിഭാവന ചെയ്യുന്ന പരമാധികാര; സോഷ്യലിസ്റ്റ്; മതേതര; ജനാധിപത്യ റിപ്പബ്ലിക്" എന്ന ഇപ്പോൾ നിലനിൽക്കുന്ന "ഇന്ത്യ" നിലനിൽക്കുമോ എന്നതാണ് വിഷയം. അവിടെയാണ് ഭാരതീയ ജനത പാർട്ടി എന്ന ബിജെപി വിഭാവന ചെയ്യുന്ന "രാമ രാജ്യം" തന്നെ ലക്ഷ്യമാക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നിലപാടിലെ അപകടം നിലനിൽക്കുന്നത്. ഹിന്ദു വർഗീയ വാദികളുടെ ഭീകര വർഗീയതയുടെ ഏതെങ്കിലും നിലപാടിനെ എതിർക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് തയ്യാറല്ല എന്നതാണ് ഏത് വിഷയത്തിലും ഏതൊരാൾക്കും കാണാൻ കഴിയുക. യഥാർത്ഥത്തിൽ "പരമാധികാര; സോഷ്യലിസ്റ്റ്; മതേതര; ജനാധിപത്യ റിപ്പബ്ലിക്" എന്ന ഇപ്പോൾ നിലനിൽക്കുന്ന ഇന്ത്യൻ ഭരണ ഘടന ഒരു ഭാരമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാണുന്നു എന്നതാണ് വാസ്തവം. 65 വർഷങ്ങളോളം ഇന്ത്യ ഭരിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസിന് 2014 മുതൽ തങ്ങളുടെ അധികാരം നഷ്ടപ്പെടാൻ കാരണം "ഹിന്ദുത്വ മുഖം" നഷ്‌ടപ്പെട്ടതാണ്, മാത്രമല്ല കർക്കശമായ "ഹിന്ദുത്വ" മുഖം തിരികെ ലഭിക്കണമെന്നും ആണ് കോൺഗ്രസ് നിലപാട്. ഇതാകട്ടെ മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ കണ്ടുപിടുത്തവുമാണ്. നെഹ്രുവിന്റെ കാലം മുതൽ ഉണ്ടായിരുന്ന മിശ്ര സമ്പദ് വ്യവസ്ഥയിലും സോഷ്യലിസ്റ്റ് സങ്കൽപ്പത്തിലും അധിഷ്ഠിതമായ സാമ്പത്തിക നയവും "സെക്കുലർ" മുഖവും ഉപേക്ഷിച്ചതാണ് കോൺഗ്രസിന് അധികാരം നഷ്ടപ്പെടാൻ കാരണം എന്നത് കോൺഗ്രസ് അംഗീകരിക്കുന്നില്ല. ഇന്നത്തെ കോൺഗ്രസ് നേതൃത്വം സമ്മിശ്ര സമ്പദ്‌വ്യവസ്ഥയും മതേതരത്വം ഉൾപ്പെടെയുള്ള അഴിമതി വിരുദ്ധ നയവുമുള്ള കോൺഗ്രസിൻ്റെ മുൻകാല ചരിത്രം മുഴുവൻ ഉപേക്ഷിച്ചു എന്നതാണ് യഥാർത്ഥ വസ്തുത. ഇടതു പക്ഷ വിരുദ്ധതക്കാണ് കോണ്ഗ്രസ് മറ്റെന്തിനേക്കാളും എപ്പോഴും പരമ പ്രാധാന്യം നൽകുക. അതിനർത്ഥം കോൺഗ്രസ് ബിജെപിയുടെ മറ്റൊരു മുഖം മാത്രമാണെന്നാണ്. അവിടെയാണ് എല്ലാവരും മനുഷ്യരാണ്; എല്ലാവരിലും ഉണ്ടായിരിക്കേണ്ട ഗുണം "മനുഷ്യത്വം" ആണെന്നത് അംഗീകരിക്കുന്ന "ഇടത് ഇല്ലെങ്കിൽ ഇന്ത്യ ഇല്ല" എന്ന അഭിപ്രായത്തിൽ മനുഷ്യത്വം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവർ എത്തിച്ചേരുന്നത്. എപ്പോൾ ഏത് കോൺഗ്രസ് നേതാവും ബിജെപി പാളയത്തിലേക്ക് പോകാം എന്നതിലും അങ്ങനെ പോകുന്നതിൽ എന്തെങ്കിലും അപകടം മറ്റാരും കാണുന്നില്ല എന്നതിലുമാണ് ഇപ്പോഴത്തെ ഇന്ത്യ തന്നെ തുടരണം എന്ന് ആഗ്രഹിക്കുന്നവർക്ക് ദുഃഖം ഉണ്ടാവുക. ഹിന്ദു വർഗീയ വാദികളുടെ എല്ലാവിധ സാമൂഹ്യവിരുദ്ധ നിലപാടുകളോടും ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ ഏതൊരാളും പൂർണമായും യോചിക്കുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്
//
1950 കാലം മുതൽ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്ത്യയിൽ സോഷ്യലിസം സ്ഥാപിക്കുക എന്ന ലക്‌ഷ്യം (പാർട്ടി പരിപാടി) അംഗീകരിച്ചിട്ടില്ല. ഒരു പക്ഷെ വർഗ വൈരുധ്യങ്ങളെക്കുറിച്ചുള്ള ധാരണ പിശക് മൂലം സംഭവിച്ചതാകണം. ഇന്ത്യൻ മുതലാളിത്തം വളരണം എന്ന നിലപാടാണ് അന്നത്തെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയും 1964 ലെ പിളർപ്പിന് ശേഷം സിപിഐ; സിപിഐ(എം) എന്ന രണ്ട് പാർട്ടികളും സ്വീകരിച്ചിട്ടുള്ളത്. അപ്പോൾ പ്രത്യയ ശാസ്ത്റ പ്രകാരം സംഭവിക്കുന്നത് നിലനിൽക്കുന്നത് ചൂഷക വർഗ്ഗ വാഴ്ചയാണ് എന്നത് അംഗീകരിക്കുന്നില്ല എന്നതാണ്. അപ്പോൾ വർഗ ശത്രുക്കൾ ഇല്ല എന്നതാണ് സംഭവിക്കുക. അങ്ങനെ അംഗീകരിക്കുന്നുണ്ടെങ്കിൽചൂഷക വർഗ്ഗങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന പ്രശ്നം ഉദിക്കുന്നില്ല. അപ്പോൾ ചൂഷണ രഹിത സാമൂഹ്യ വ്യവസ്ഥ എന്ന പ്രശ്നമേയില്ല. കാരണം തൊഴിലാളിവർഗം ചൂഷണത്തിന് വിധേയരാവുകയാണ് എന്നത് അംഗീകരിക്കുന്നില്ല. "മൂലധനം" എന്ന ബൃഹത്തായ കൃതി രചിച്ചത് തന്നെ ഒരോ തൊഴിലാളിയും; തൊഴിലാളി വർഗം ഒട്ടാകെ എപ്രകാരം ചൂഷണത്തിന് വിധേയരാകുന്നു എന്ന് സ്ഥാപിക്കാനാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസുമായി സഖ്യത്തിൽ ഏർപ്പെടണം എങ്കിൽ അവർ വർഗ ശത്രുക്കളുടെ രാഷ്ട്രീയ പ്രസ്ഥാനം ആണ് എന്ന് അംഗീകരിക്കരുത്. എന്നാൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥിതിയോ? 1957 ൽ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നപ്പോൾ അതിനെതിരെ വിമോചന സമരം നടത്തുകയും ആ സർക്കാരിനെ കേന്ദ്ര ഗവണ്മെന്റിനെ ഉപയോഗിച്ച് പിരിച്ചുവിടുകയും ചെയ്തു എന്നതല്ല അടിസ്ഥാന വിഷയം; ഇന്ത്യയിൽ ചെങ്കൊടിയുടെ രാഷ്ട്രീയം ഒരു കാരണ വശാലും നിലനിൽക്കരുത് എന്നതും അല്ല കാരണം, ഇന്ത്യൻ തൊഴിലാളിവർഗം ഒരുകാരണ വശാലും അവർ അനുഭവിക്കുന്ന കൊടും പട്ടിണിയിൽ നിന്നും നിത്യ ദാരിദ്ര്യത്തിൽ നിന്നും കരകയറരുത് എന്നതും ബ്രാഹ്മണാധിപത്യത്തിന്റെയും ചാതുർ വർണ്യത്തിന്റെയും നീരാളി പിടുത്തത്തിൽ തന്നെ എന്നെന്നും തുടരുകയും വേണം എന്നതും കോൺഗ്രസിന്റെ നിലപാടാണ്. 65 ലധികം വർഷങ്ങൾ കൊണ്ട് ഇന്ത്യയിൽ കോണ്ഗ്രസ് അത് തെളിയിച്ചിട്ടു ള്ളതുമാണ്. ഇന്ത്യയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസും ഹിന്ദുത്വ വാദികളുടെ "ഭാരതീയ ജനതാ പാർട്ടി" യും സ്വീകരിച്ചിട്ടുള്ളത് അമേരിക്ക ഉൾപ്പെടെയുള്ള ലോക സാംബ്രാജ്യത്വ ശക്തികൾ സ്വീകരിച്ചിട്ടുള്ള ലോകത്തൊരിടത്തും സോഷ്യലിസ്റ്റ് സാമൂഹ്യ വ്യവസ്ഥ ഉണ്ടാകാൻ പാടില്ല എന്ന നിലപാടിന്റെ ഭാഗം മാത്രമാണ്. ഏറ്റവും ഒടുവിൽ കോൺഗ്രസിന്റെ ഭരണം ഇല്ലാതാവുമ്പോഴും എങ്ങനെയും ഹിന്ദു വർഗീയത വളരണം എന്നും കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം തീർത്തും ഇല്ലാതാകണം എന്നതും കോൺഗ്രസിന്റെ നിലപാട് തന്നെയാണ്. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്ത്യയിൽ ഉപേക്ഷിച്ചത് മാർക്സിന്റെ കണ്ടെത്തലുകളായ "മാനവ രാശിയുടെ എഴുതപെട്ട ചരിത്രങ്ങളാകെ വർഗ സമരങ്ങളുടെ ചരിത്രമാണ് എന്ന നിഗമനങ്ങളാണ്.
//
"മാർക്സിസം" എന്ന തത്വശാസ്ത്രത്തിന്റെ പ്രത്യേകത അത് മനസിലാക്കുന്നവരും അംഗീകരിക്കുന്നവരും അവരുടെ ജീവിതത്തിലും അവർ കൈകാര്യം ചെയ്യുന്ന വിഷയങ്ങളിലും സത്യസന്ധത പുലർത്തുന്നവരും പരിപൂർണ ആത്മാർഥത കാണിക്കുന്നവരും ആയിരിക്കുമെന്നതാണ്. മുതലാളിത്തത്തിന്റെ എല്ലാ സ്വാർത്ഥതയും വൃത്തികേടുകളും മനസ്സിൽ സൂക്ഷിക്കുന്നവർക്ക് അതൊന്നും മനസിലാവില്ല. കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് ആചാര്യനും ആയിരുന്ന സ. .ഇ എം എസ് ഒരു ജന്മിയും ബ്രാഹ്മണനും ആയിരുന്നു. അതൊന്നും അദ്ദേഹത്തിന്റെ കമ്മ്യൂണിസ്റ്റ് എന്ന രീതിയിലുള്ള പ്രവർത്തനത്തെ ബാധിച്ചില്ല. ഇന്ത്യയിൽ ആരെയും അദ്ദേഹത്തെ പ്രത്യേകം പരിചയപ്പെടു ത്തേണ്ടതില്ല. അത് പോലെ തന്നെയാണ് ഇന്ത്യ ഒട്ടാകെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിലും പിന്നീട് സിപിഐ; സിപിഐ(എം) ആയി മാറിയിട്ടും വ്യക്തി ജീവിതത്തിൽ ആരും കളങ്കം ഉള്ളവരല്ല. ആത്മാർത്ഥതയുടെ കാര്യത്തിലും ആരും ഏൽപ്പിക്കുന്ന ചുമതല കഴിവിന്റെ പരമാവധി വിജയിപ്പിക്കുന്നവരാണ്. അത് അവർ വിശ്വസിക്കുന്ന മാർക്സിസം എന്ന തത്വ ശാസ്ത്രത്തിന്റെ പ്രത്യേകതയാണ്. ഒരിക്കൽ സ. പിണറായി വിജയൻ ഒരു പത്ര സമ്മേളനത്തിൽ പത്ര പ്രതിനിധികളോട് പറയുകയുണ്ടായി: "നിങ്ങൾക്ക് ഞങ്ങളുടെ പാർടിയെക്കുറിച്ച് ഒരു ചുക്കും അറിയില്ല" എന്ന്. ആ സഖാവ് ഒരു വസ്തുത പറഞ്ഞത് മാത്രമാണ്. പക്ഷെ പത്ര പ്രതിനിധികൾക്ക് ഒന്നും മനസിലായില്ല. "മാർക്സിസം" എന്ന തത്വശാസ്ത്രം മനസിലാക്കുന്നവരിൽ ഉണ്ടാകുന്ന മാറ്റം അത് മനസിലാകാത്തവർക്ക് മനസിലാക്കാൻ ആവില്ല. അത് മാർക്സിസത്തിന്റെ പ്രാത്യേകതയാണ്. പണിയെടുക്കുകയും ജീവിതകാലം മുഴുവൻ കഷ്ടപ്പാടുകളും ദാരിദ്ര്യവും അനുഭവിക്കേണ്ടി വരികയും ചെയ്യുന്ന തൊഴിലാളികളുടെ ജീവിതം സത്യസന്ധമാണ്. അവരുടെ ജീവിതത്തോട് അനുകമ്പ ഉണ്ടായതാണ് കാറൽ മാർക്സ് എന്ന മഹാന് "മാർക്സിസം" എന്ന തത്വ ശാസ്ത്രത്തിന് രൂപം കൊടുക്കാൻ ഇടയായത്. അത് കൊണ്ട് തന്നെ ആ തത്വശാസ്ത്രത്തിൽ വിശ്വസിക്കുന്നവർ സത്യസന്ധരും കാറൽ മാർക്സിന്റെ ലക്ഷ്യത്തോട് നീതി പുലർത്തുന്നവരും ആയിരിക്കും.
//
ഒരു യഥാർത്ഥ മാർക്‌സിസ്റ്റായിരിക്കുക, അത് നിങ്ങളെ നിഷ്കളങ്കനും സ്ഥിരതയുള്ളവനും, ബുദ്ധിമാനും, മിടുക്കനും, എല്ലാവരോടും ദയയുള്ളവനുമായി, കൃത്യമായ വസ്തുതകൾ കണ്ടെത്തുന്നതിന്, എപ്പോഴും യഥാർത്ഥമായ രീതിയിൽ ആകാൻ സഹായിക്കും. കാൾ മാർക്‌സ് എന്ന പേരിന് പിന്നിൽ, എല്ലാ നല്ല വ്യക്തികളും അവരുടെ നന്മകളും എപ്പോഴും നിലനിൽക്കും, കാരണം നന്മക്കു വേണ്ടി നിലകൊണ്ട ഒരു മനുഷ്യസ്‌നേഹി ആയിരുന്നു അദ്ദേഹം.
//
ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകളിൽ ഇടതുപക്ഷ ഭരണം ഉണ്ടാകണം എന്ന രാഷ്ട്രീയ തീരുമാനം എടുക്കുന്നില്ലെങ്കിൽ ഭാവിയിൽ 2029; 2034 തുടങ്ങിയ വർഷങ്ങളിലും ഇക്കഴിഞ്ഞ 2024 ലെ തെരെഞ്ഞെടുപ്പ് ഫലം തന്നെ ആയിരിക്കും ഉണ്ടാവുക. കാരണം പാർലമെന്റ് തെരെഞ്ഞെടുപ്പിൽ ഇന്ത്യ ആര് ഭരിക്കണം എന്നതാണ് ജനങ്ങളുടെ വിഷയം. ഹിന്ദുത്വ വാദികൾ (ബിജെപി) ഭരിക്കാതിരിക്കാൻ ജനങ്ങളുടെ മുൻപിലുള്ള മാർഗം കോൺഗ്രസിന് വോട്ടുചെയ്യുക എന്നത് മാത്രമാണ്. എന്നാൽ 65 വർഷങ്ങളോളം ഇന്ത്യ ഒട്ടാകെ ഭരണം നടത്തിയ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ഇന്ത്യയുടെ ഭരണം ഏൽപ്പിക്കാൻ ഇന്ത്യൻ ജനത ഒരുക്കമല്ല എന്നതാണ് 2019 ലേയും 2024 ലേ യും തെരെഞ്ഞെടുപ്പ് ഫലങ്ങൾ കാണിക്കുന്നത്. സാമ്പത്തിക നയങ്ങളിലും ഹിന്ദു വർഗീയത; അഴിമതി തുടങ്ങിയ കാര്യങ്ങളിലും ഹിന്ദു വർഗീയ വാദികളുടെ അതേ നിലപാടുകൾ തന്നെയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിനുമുള്ളത്. അങ്ങനെ സംഭവിക്കാ തിരിക്കണമെങ്കിൽ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഇടത് മുന്നണിയുടെ സ്ഥാനാർത്ഥികൾ മത്സരിക്കുന്ന സാഹചര്യം ഉണ്ടാകണം. നൂറ് വർഷങ്ങളായി പ്രവർത്തിക്കുന്ന കമ്മ്യൂണിസ്റ് പ്രസ്ഥാനത്തിന് അതിനുള്ള സംഘടനാ ശേഷി ഉണ്ട്. ആത്മവിശ്വാസം കുറവ്; മാർക്സിസം എന്ന തത്വ ശാസ്ത്രത്തെ കുറിച്ചുള്ള അറിവില്ലായ്മ കാരണമാണ്. 1950 മുതൽ വളരെ നീണ്ട കാലത്തേക്ക് മുതലാളിത്തം മാത്രം കൈകാര്യം ചെയ്തത് കൊണ്ടുണ്ടായ ആശയ കുഴപ്പം മാത്രമാണ്. നിർഭാഗ്യവശാൽ മാറ്റത്തിനുള്ള യാതൊരു സാദ്ധ്യതകളും കാണുന്നില്ല. 2022 ഏപ്രിൽ മാസത്തിൽ നടന്ന 23 മത് പാർട്ടി കോൺഗ്രസിൽ തീരുമാനിച്ചത് പോലെ 2025 ലെ പാർട്ടി കോൺഗ്രസിലും "പാർട്ടി ശക്തിപ്പെടുത്താനുള്ള തീരുമാനം" മാത്രമെ ഉണ്ടാവുകയുള്ളു. അതിനർത്ഥം ഇന്ത്യൻ മുതലാളിത്തം ശക്തിപ്പെടുത്തുക എന്നത് മാത്രം ആയിരിക്കും.
//
2019 ലും 2024 ലും ഇന്ത്യൻ പാർലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളിൽ കേരളത്തിൽ ഉണ്ടായ ദയനീയ പരാജയങ്ങളിലും അടിസ്ഥാന വർഗ്ഗങ്ങൾ ആകന്നു പോകുന്നതിലും മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന കാഴ്ചപ്പാടിൽ 1950 കാലം മുതൽ തുടരുന്ന പാർട്ടി പരിപാടിക്ക് യാതൊരു പങ്കും കാണുന്നില്ല എന്നത് മാർക്സിസം എന്ന തത്വ ശാസ്ത്ര വുമായുള്ള ധാരണക്കുറവ് മാത്രമാണ് കാരണം. മുതലാളിത്ത സമൂഹത്തിന്റെ സ്വതന്ത്രമായ വളർച്ചക്ക് ഇന്ത്യയിലെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും ബാങ്കുകളും സ്വകാര്യവത്ക്കരിക്കുകയും അവിടെയുള്ള നിയമനങ്ങൾ പൂർണമായും ഇല്ലാതാക്കുകയും ചെയ്തിട്ടും അങ്ങനെയുള്ള യാതൊരു വസ്തുതകളും തെരെഞെടുപ്പ് അവസരങ്ങളിൽ ജനങ്ങളിൽ എത്തിക്കുകയില്ല എന്ന നിലപാട് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും ഹിന്ദുത്വ വാദികളുടെയും സാമ്പത്തിക നിലപാടുകൾക്ക് പൂർണ പിൻതുണ കൊടുക്കുന്നതായിട്ടാണ് സംഭവിച്ചത്. അങ്ങനെയുള്ള കാര്യങ്ങൾ എത്രയോ പ്രാവശ്യങ്ങളിൽ പാർട്ടിയുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല. മുന്നോക്ക - പിന്നോക്ക വിഭാഗങ്ങളുടെ തൊഴിൽ അവസരങ്ങൾ പൂർണമായും ഇല്ലാതാകുന്നത് അറിഞ്ഞ ഭാവമേ കാണിച്ചില്ല. മുന്നോക്ക വിഭാഗങ്ങൾ താരതമ്മ്യേന സാമ്പത്തിക ശേഷി ഉള്ളവരാണ്. എന്നാൽ ആകെ തൊഴിൽ അവസരങ്ങളിൽ അമ്പത് ശതമാനവും ലഭിക്കുന്ന പട്ടിക ജാതി-വർഗവും മറ്റുപിന്നോക്ക വിഭാഗങ്ങളും ആയിരക്കണക്കിന് വർഷങ്ങളായുള്ള പിന്നോക്ക അവസ്ഥകാരണം അകപ്പെടുന്ന നിത്യ ദാരിദ്ര്യത്തിന്റെ അഗാധ ഗർത്തങ്ങൾ പോലും പാർട്ടി നേതൃത്വത്തിന്റെ ശ്രദ്ധയിൽ വന്നില്ല. "ഹിന്ദു" ആയാൽ തങ്ങളുടെ പിന്നോക്ക അവസ്ഥ പരിഹരിച്ച് കിട്ടിയേക്കും എന്ന വ്യാമോഹത്തിൽ അവരും ഹിന്ദുപാളയത്തിൽ അഭയം നേടുന്നു. സോഷ്യലിസ്റ്റ് ആശയങ്ങളോടൊപ്പം യഥാർത്ഥ തൊഴിലാളിവർഗ രാഷ്ട്രീയം അടിസ്ഥാന വർഗ്ഗങ്ങളിൽ എത്തിച്ചുകൊണ്ടല്ലാതെ ഹിന്ദു വർഗീയ വാദികളുടെ നീരാളിപ്പിടുത്തത്തിൽ നിന്നും ഇന്ത്യൻ തൊഴിലാളി വർഗ്ഗത്തേയും സാധാരണ ജനങ്ങളേയും രക്ഷിക്കാനാവില്ല.
//
2024 ൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ കേരളത്തിലെ ഇടതുപക്ഷ മുന്നണിക്ക് ഉണ്ടായ തിരിച്ചടി 2019 ൽ ഉണ്ടായതിന്റെ തുടർച്ചയാണ്. ഇന്ത്യൻ ജനാധിപത്യം പോലും ഇല്ലാതാകുന്ന സാഹചര്യത്തിൽ ഇന്ത്യ ഒട്ടാകെ നടന്ന തെരഞ്ഞെടുപ്പിന്റെ ഭാഗമാണ് കേരളത്തിൽ നടന്നതും. 2019 ൽ നടന്ന തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവായ എ കെ ആന്റണി പറഞ്ഞത് കേരളത്തിൽ 20 മണ്ഡലത്തിലും ഇടതുപക്ഷ സ്ഥാനാർഥികൾ വിജയിച്ചാലും 543 അംഗങ്ങൾ ഉള്ള ഇൻഡ്യൻ പാർലമെന്റിൽ അവർക്ക് ഒന്നും ചെയ്യാൻ ആവില്ല എന്നാണ്. കാരണം ഇന്ത്യ ഒട്ടാകെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നു പോലും ഇല്ല. സോഷ്യലിസ്റ്റ് വ്യവസ്ഥക്ക് മാത്രമേ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രസക്തമാവുകയുള്ളു. സോഷ്യലിസ്റ്റ് വ്യവസ്ഥ എന്ന ലക്‌ഷ്യം ഉണ്ടങ്കിൽ മാത്രമേ മാർക്സിസം എന്ന തത്വ ശാസ്ത്രം പ്രവർത്തിയിൽ പോലും ഉണ്ടാവുകയുള്ളു. മേൽപ്പറഞ്ഞ സാഹചര്യത്തിലാണ് 2024 ലെ തെരെഞ്ഞെടുപ്പ് നടന്നത്. ഫലം 2019 ന്റെ ആവർത്തനം മാത്രം. കാരണം A K ആന്റണി എന്ന കോൺഗ്രസ് നേതാവ് പറഞ്ഞവ അത്രയും നിലനിൽക്കുകയാണ്. കേരളത്തിലെ ജനങ്ങൾക്ക് ഇന്ത്യൻ പാർലമെന്റിൽ "ഇടതു പക്ഷ അംഗങ്ങളുടെ സംഖ്യ" വർധിക്കുന്നതിനേക്കാൾ നിലവിലെ സാഹചര്യങ്ങളിൽ കോൺഗ്രസിന്റെ അംഗ സംഖ്യയാണ് വർദ്ധിക്കേണ്ടത് എന്ന് അവർ കരുതി. ബംഗാളിൽ സംഭവിച്ചതും അത് തന്നെ. സാഹചര്യങ്ങളിൽ മാറ്റം വരണമെങ്കിൽ ഇന്ത്യ ഭരിക്കാൻ കഴിവുള്ള പാർട്ടിയായി ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ മാറണം; വളരണം. സോഷ്യലിസ്റ്റ് ഇന്ത്യ എന്ന ലക്‌ഷ്യം അംഗീകരിച്ചാൽ അത് സാധ്യമാകുന്നതാണ്. അതിനുള്ള സംഘടനാശേഷി ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് ഉണ്ട്. ആവശ്യമായ ആശയ വ്യക്തത ഇല്ലെന്നത് മാത്രമാണ് പ്രശ്നം. എന്നാൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സോഷ്യലിസ്റ്റ്--കമ്മ്യൂണിസ്റ്റ് വിരുദ്ധത ഇടതുപക്ഷത്തെ ഏതുവിധത്തിലും ഇല്ലാതാക്കി ഹിന്ദു വർഗീയ വാദികളെ വളർത്തുക എന്നതായതുകൊണ്ട് തൃശൂർ മണ്ഡലത്തിൽ കോൺഗ്രസിന്റെ സിറ്റിംഗ് അംഗമായ കെ മുരളീധരന് എതിരായി പ്രവർത്തിച്ചും ഒരു ബിജെപി അംഗത്തെ വിജയിപ്പിച്ചു. കോൺഗ്രസിന് സ്വാധീനമുള്ള എല്ലാ സംസ്ഥാനങ്ങളിലും കോൺഗ്രസ് പ്രവർത്തിച്ചത് ഇടതുപക്ഷ അംഗ സംഖ്യ ഇല്ലാതാക്കാനാണ്.
//
മുതലാളിത്തത്തിന്റെ സ്വതന്ത്രമായ വളർച്ച എന്ന നിലപാടിൽ ഇന്ത്യ ഒട്ടാകെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഉറച്ചു നിൽക്കുന്നതുകൊണ്ട് സ്വാതന്ത്ര്യത്തിന് ശേഷം ദീർഘ കാലം കൊണ്ട് രാജ്യം ആർജിച്ച ദേശീയ സമ്പത്താകെ കൂറ്റൻ മുതലാളിമാർക്ക് അടിയറ വയ്ക്കുന്നതിനും പൂർണ പിന്തുണ കൊടുക്കുക യായിരുന്നു കേരളം ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പുകളിൽ സംഭവിച്ചത്. ആരെയും അമ്പരപ്പിക്കുന്ന നിലപാടാണ് പാർട്ടി നേതൃത്വം പൊതുമേഖല സമ്പത്താകെ കോർപ്പറേറ്റുകൾക്ക് കൈമാറുന്ന വിഷയത്തിൽ സ്വീകരിച്ചത്. അവയാകെ തൊഴിലാളി വർഗ്ഗത്തിന്റെ വിയർപ്പുതുള്ളികളാൽ പണിതുയർത്തിയതാണെന്നും രാജ്യത്തിന്റെ സമ്പത്ത് എന്നാൽ ജനങ്ങളുടെയാകെ സമ്പത്താണ് എന്നതൊന്നും പാർട്ടി നേതൃത്വത്തിന് മനസിലായതേയില്ല. പരിപൂർണമായ നിയമന നിരോധം മൂലം തൊഴിൽ അവസരങ്ങൾ പൂർണമായും ഇല്ലാതാകുന്നതും അങ്ങനെ പിന്നോക്ക വിഭാഗങ്ങളുടെ സംവരണാനുകൂല്യങ്ങൾ ഇല്ലാതാകുന്നതൊന്നും തെരെഞ്ഞെടുപ്പിൽ വിഷയമായതേയില്ല. കേരളത്തിൽ ഏറ്റവും പ്രാധാന്യം നൽകിയത് ഭരണ ഘടന അട്ടിമറിച്ചും പൗരത്വത്തിന്റെ അടിസ്ഥാനം മതം ആക്കിയത് മാത്രം. തീർച്ചയായും അത് വളരെ ഏറെ പ്രാധാന്യം അർഹിക്കുന്നതാണ്. എന്നാൽ തെരെഞ്ഞെടുപ്പുകളാണ് സാധാരണ ജനങ്ങളെ രാഷ്ട്രീയത്തിൽ ബോധവാന്മാരാക്കുന്നതിന് ലഭിക്കുന്ന അവസരങ്ങൾ എന്നത് പരിഗണിച്ചില്ല. ശാസ്ത്രം വളരെ വേഗം മാറിക്കൊണ്ടിരിക്കുന്നതിനാൽ മുതലാളിത്തത്തിന് "പരമാവധി വളർച്ച" എന്ന ഘട്ടം ഒരിക്കലും ഉണ്ടാവില്ല എന്നത് പോലും ആരും കണക്കിലെടുക്കുന്നില്ല. തികച്ചും പിന്നണി രാജ്യങ്ങൾ ആയിരുന്നു പഴയ റഷ്യയും ചൈനയും എന്നതൊന്നും ആ രാജ്യങ്ങൾക്ക് സോഷ്യലിസത്തിന്റെ പാതയിൽ മുന്നേറുന്നതിന് തടസം ആയില്ല.
//
മാർക്സിസം മനുഷ്യത്വത്തിന്റെ തത്വശാസ്ത്രമാണ്. എല്ലാവരും മനുഷ്യരാണ് എന്ന ബോധത്തോടെ പരസ്പര സഹകരണത്തോടെ കഴിയണം എന്നതാണ് മാർക്സിസത്തിന്റെ നിലപാട്. അത് എല്ലാ മത വിശ്വാസികളുടെ നിലനിൽപ്പിനും ആവശ്യമാണ്. മനുഷ്യർ എല്ലാവർക്കും ശാസ്ത്ര ബോധവും ആവശ്യമാണ്. മതഗ്രന്ഥങ്ങളിൽ അവ നിലവിൽ വന്ന കാലത്തുള്ള ശാസ്ത്ര അറിവുകളെ കാണുകയുള്ളു. ഹിന്ദു വർഗീയതയുടെ ഭീകരത ഇൻഡ്യയിൽ മറ്റുമതങ്ങളിൽ വിശ്വസിക്കുന്നവർ അനുഭവിക്കുകയാണ്. മറ്റ് മതങ്ങളിൽ പെടുന്നവരും ഒട്ടും മോശക്കാരല്ല എന്നാണ് ഒരോ മതങ്ങളിൽ പെടുന്നവർ കൂടുതൽ ഉള്ള രാജ്യങ്ങളിലെ അനുഭവം. ഇസ്രായേലിൽ നടക്കുന്ന ഭീകരതയും എല്ലാവരും മനുഷ്യരാണ് എന്ന ബോധത്തിന്റെ ഇല്ലായ്മയാണ് തെളിയിക്കുന്നത്. അഫ്‌ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് മനുഷ്യാവകാശങ്ങൾ നിഷേധിക്കുകയാണ്. ഉന്നത വിദ്യാഭ്യാസം സ്ത്രീകൾക്ക് പാടില്ല എന്നതാണ് അവിടത്തെ നിലപാട്. അതിന് കാരണം അവിടത്തെ മതത്തിന്റെ ശാസ്ത്ര വിരുദ്ധതയാണ്. ജീവജാലങ്ങളുടെ നിലനിൽപ്പിന് സ്ത്രീയും പുരുഷനും ആവശ്യമാണ് എന്ന പ്രകൃതി നിയമം അല്ലെങ്കിൽ ദൈവ നിശ്ചയം അവർ നിഷേധിക്കുകയാണ്. കാലഘട്ടങ്ങളിൽ വരുന്ന മാറ്റങ്ങൾ എല്ലാ മതങ്ങളിലും വിശ്വസിക്കുന്നവർ ഉൾക്കൊള്ളാൻ തയ്യാറാവണം. അല്ലെങ്കിൽ പരസ്പരമുള്ള കൊലപാതകങ്ങൾ തുടർന്നു കൊണ്ടേയിരിക്കും.
//
"മാർക്സിസം" എന്ന തത്വശാസ്ത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വശമാണ് "മനുഷ്യത്വം" എന്നത്. ആ തത്വ ശാസ്ത്രത്തിൽ വിശ്വസിക്കുന്നവർ ജീവിതത്തിൽ സത്യസന്ദർ ആയിരിക്കും എന്നതും "മാർക്സിസം" എന്ന തത്വ ശാസ്ത്രത്തിന്റെ പ്രത്യേകതയാണ്. അടിസ്ഥാന തത്വ ശാസ്ത്രത്തിൽ വരാത്ത ഭാഗമായതുകൊണ്ട് അധികമാരും ചർച്ച ചെയ്യാത്ത ഭാഗമാണ് മനുഷ്യത്വം എന്നത്. സോഷ്യലിസം നടപ്പിലാക്കുമ്പോൾ സംഭവിക്കുന്ന കാര്യമായതുകൊണ്ട് പ്രത്യേകം ചർച്ച ചെയ്യേണ്ട കാര്യമില്ലല്ലോ എന്നായിരിക്കും സഖാക്കൾ കരുതുന്നത്. ഒരു കാരണ വശാലും മാർക്സിസം എന്ന തത്വ ശാസ്ത്രം നിലനിൽക്കരുത് എന്ന് വർഗശത്രുക്കൾ തീരുമാനിക്കുമ്പോൾ അവയെ അതിജീവിക്കുന്നതിന് മനുഷ്യത്വത്തിന്റെ വശവും എല്ലാവരുടെയും ശ്രദ്ധയിൽ പെടുത്തുക തന്നെ വേണം. മാർക്സിസത്തിന്റെ അടിസ്ഥാനം "മനുഷ്യത്വം" ആണ്. ജീവിത കാലം മുഴുവൻ സ്വന്തം രക്തം വിയർപ്പാക്കിമാറ്റി സമൂഹത്തെ നിലനിർത്തുന്നവരാണ് തൊഴിലാളികൾ അല്ലെങ്കിൽ വിവിധ മേഖലകളിൽ പണിയെടുക്കുന്നവർ. അവർക്ക് ഭൂമിയിലെ ജീവിതം നരകമായി മാറ്റുകയാണ് രാജ്യത്തിന്റെയാകെ സമ്പത്തും അനധികൃതമായി കൈവശം വയ്ക്കുന്നവർ. അത് സ്വകാര്യ സ്വത്ത് സമ്പ്രദായം നിലവിൽ വന്ന കാലം മുതൽ തുടരുകയാണ്. ആദ്യകാലത്ത് അവരുടെ പേര് അടിമ ഉടമകൾ എന്നായിരുന്നു എങ്കിൽ ആധുനിക കാലത്ത് അവരുടെയാകെ പേരാണ് "മുതലാളിമാർ". അന്നത്തെ അടിമകൾ ഇന്നും ഏറെക്കുറെ അടിമകൾ തന്നെ. ലെനിൻ അവർക്ക് നല്കിയ പേരാണ് "കൂലി അടിമകൾ". പഴയ കാലത്ത് ഉടമകൾക്ക് അടിമകളുടെ സംരക്ഷണ ഉത്തരവാദിത്തം ഉണ്ടായിരുന്നു. അവരുടെ കിടപ്പാടം; ഭക്ഷണം; മരിച്ചുപോകാതെയുള്ള കരുതൽ; കൂടാതെ ആരോഗ്യം ഇല്ലാത്ത അടിമകൾ ശല്യമാവുക തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. മുതലാളിത്തം നിലവിൽ വന്നപ്പോൾ തുച്ഛമായ കൂലി കൊടുത്താൽ മതി. പേരിൽ അവൻ "സ്വതന്ത്രൻ" ആണെങ്കിലും ഒരുദിവസം ജോലി ഇല്ലെങ്കിൽ കൂലിയും ഇല്ല; അവൻ പട്ടിണിയാകും. ആർക്ക് വേണ്ടി ജോലി ചെയ്യണം അല്ലെങ്കിൽ ആര് അവനെ ചൂഷണം ചെയ്യണം എന്ന് തീരുമാനിക്കാനുള്ള "സ്വാതന്ത്ര്യം" മാത്രമാണ് അവനുള്ളത്. കാലം മാറുകയും "മാർക്സിസം" നിലവിൽ വരികയും ചെയ്തപ്പോൾ കാര്യങ്ങളിൽ അല്പസ്വല്പം മാറ്റങ്ങൾ ഉണ്ടായി എങ്കിലും ചൂഷക വർഗ്ഗങ്ങൾ തികച്ചും ജാഗ്രതയിലാണ്. അവർക്ക് തൊഴിലാളിയെ പഴയ അടിമ കാലത്തേക്ക് തന്നെ തിരികെ കൊണ്ട് പോകണം. അതിനാണ് ജോലി സമയം പരമാവധി വർധിപ്പിക്കാനും തൊഴിൽ നിയമങ്ങൾ പൂർണമായും ഇല്ലാതാക്കാനും ഹിന്ദുത്വവാദികൾ ശ്രമിക്കുന്നതും ഇന്ത്യൻ നാഷണൽ കോൺഗ്രസ് അവർക്ക് പരിപൂർണ സഹായം നൽകുന്നതും.
//
ലോകം "കോവിഡ് 19" എന്ന മഹാമാരിയിൽ ഭയപ്പെട്ട് നിന്ന നാളുകളിൽ ഇന്ത്യയിൽ കേരളത്തിൽ മാത്രം പ്രാണവായു ലഭിക്കാതെ ഒരാൾ പോലും മരണപ്പെട്ടില്ല എന്നതും 2018ൽ കേരളത്തിൽ ഉണ്ടായ മഹാ പ്രളയത്തിൽ ആലപ്പുഴ ജില്ലയിലെ കുട്ടനാട് പ്രദേശത്ത് ലക്ഷക്കണക്കിന് ആളുകളുടെ വീടുകൾ ചെളിയും മണ്ണും അടിഞ്ഞ് കിണറുകളും സെപ്റ്റിക് ടാങ്കുകളും എല്ലാം ഒരുപോലെ ആയപ്പോൾ യാതൊന്നും പ്രതീക്ഷിക്കാതെ അവയാകെ നന്നാക്കാനായി എത്തിച്ചേർന്ന അന്പതിനായിരത്തിലധികം ആളുകൾ (മാർക്സിസം അംഗീകരിക്കുന്ന പ്രസ്ഥാനത്തിലെ ഓരോരുത്തരും) ചെയ്ത സേവനം; തികച്ചും നിർധനരായ ജനങ്ങളുടെ അഭയ കേന്ദ്രങ്ങളായ മെഡിക്കൽ കോളേജുകളിൽ എത്തുന്ന രോഗികൾക്കും കൂടെയുള്ളവർക്കും ഭക്ഷണം എത്തിക്കുന്ന ചെറുപ്പക്കാരും എല്ലാം മാർക്സിസം എന്ന തത്വ ശാസ്ത്രത്തിന്റെ മനുഷ്യത്വം എന്ന ഗുണത്തിന്റെ പ്രത്യേകതയാണ്. സ്വാർത്ഥത മാത്റം ലക്ഷ്യമാക്കുന്ന മറ്റ് സംഘടനകളിൽ നിന്നും ഒരിക്കലും അങ്ങനെയുള്ള ഗുണങ്ങൾ ആരും പ്രതീക്ഷിക്കേണ്ടതില്ല.
//
"ഇടതു പക്ഷ സർക്കാർ" കേരളത്തിൽ ഭരിക്കാൻ അവസരം ലഭിക്കുമ്പോഴൊക്കെ പാവപെട്ട ജനവിഭാഗങ്ങൾക്ക് പരമാവധി ഗുണകരമായ കാര്യങ്ങൾ ചെയ്യാനാണ് ശ്രമിച്ചിട്ടുള്ളത്. വീട് ഇല്ലാത്ത മുഴുവൻ ജനങ്ങൾക്കും വീട് നൽകുന്നതും സാമ്പത്തിക ശേഷി ഇല്ലാത്തവർക്ക് വാർദ്ധക്യ പെൻഷൻ നൽകുന്നതും പരമാവധി ജനങ്ങൾക്കും സൗജന്യ ചികിത്സ നൽകാൻ ശ്രമിക്കുന്നതും പരമാവധി ജനങ്ങളിലേക്കും വിദ്യാഭ്യാസം എത്തിക്കാൻ ശ്രമിക്കുന്നതും എല്ലാം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിൽ ഉള്ളവർ മാർക്സിസം അംഗീകരിക്കുന്നത് കൊണ്ടും മാർക്സിസത്തിന്റെ അടിസ്ഥാനം മനുഷ്യത്വം ആയതുകൊണ്ടും ആണ്. മാർക്സിസം അംഗീകരിക്കാത്ത "രാഷ്ട്രീയ കക്ഷികൾ" "രാഷ്ട്രീയം" കേവലം മുതൽ മുടക്കില്ലാത്ത "ലാഭകരമായ വ്യവസായം" ആയി കാണുന്നവരാണ്. വിജയിക്കുന്ന അസംബ്ലി/പാർലമെന്റ് മണ്ഡലം പാരമ്പര്യ സ്വത്ത് ആയി കാണുന്നതും അതിന്റെ ഭാഗമാണ്. അതുകൊണ്ട് തന്നെ അഴിമതി--കോഴ--കുംഭ കോണങ്ങൾ അവരുടെ സാധാരണ പ്രവർത്തനങ്ങളുമാണ്. നിർഭാഗ്യവശാൽ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് നേതൃത്വങ്ങൾ സോഷ്യലിസ്റ്റ് ഇന്ത്യ എന്ന ലക്ഷ്യവും ഇന്ത്യയുടെ ഭരണം എന്ന ലക്ഷ്യവും അംഗീകരിച്ചിട്ടില്ലാ ത്തതിനാൽ മാർക്സിസത്തിന്റെ അടിസ്ഥാന തത്വങ്ങൾ ഒന്നും പ്രവർത്തനത്തിൽ ഉണ്ടാകുന്നില്ല. ചൂഷക വർഗ്ഗങ്ങൾ വർഗ ശത്രുക്കൾ പോലും ആകുന്നില്ല. അതുകൊണ്ട് വർഗ സമരത്തിന്റെ പ്രശ്നവും ഇല്ല.
//
ഇന്ത്യയുടെ ഭരണ ഘടന അനുസരിച്ച് പരമാധികാരം പാർലമെന്റിനും കേന്ദ്ര ഗവൺമെന്റിനുമാണ്. സംസ്ഥാനങ്ങൾ ആവശ്യമാണോ എന്നതുൾപ്പെടെ എല്ലാ കാര്യങ്ങളുടേയും പരമാധികാരം കേന്ദ്ര ഗവൺമെന്റിനാണ്. കേന്ദ്ര ഭരണ കൂടം നിയന്ത്രിച്ചിട്ടുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസും അവർക്ക് ശേഷം ഭരണം ഏറ്റെടുത്ത ഭാരതീയ ജനതാ പാർട്ടിയും തികച്ചും മാർക്സിസ്റ്റ് വിരുദ്ധരായത് കൊണ്ട് ഇടതുപക്ഷ ഭരണം ഉണ്ടായിരുന്ന ബംഗാളിലും ത്രിപുരയിലും കേരളത്തിലും ഇടതുപക്ഷ ഭരണം ഉണ്ടായിരുന്നപ്പോഴൊക്കെ തികച്ചും നിസ്സഹകരണ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഭരണഘടന അനുസരിച്ച് പരമാധികാരം ഇന്ത്യൻ പാർലമെന്റിനും കേന്ദ്ര ഭരണ കൂടത്തിനും ആകയാൽ ഇന്ത്യ ഒട്ടാകെ അല്ലാതെ പ്രാദേശിക തലത്തിൽ എത്ര കാലം ഭരണം നടത്തിയാലും അടിസ്ഥാന മാറ്റങ്ങൾ ഒന്നും വരുത്തുവാൻ ആവില്ല. സോഷ്യലിസം ഒരുപരമാധികാര രാഷ്ട്രത്തിൽ മാത്രമേ സാധ്യമാവുകയുള്ളു എന്നതിനാൽ ഇന്ത്യ ഒട്ടാകെ; കേന്ദ്ര ഭരണ കൂടത്തിന് മാത്രമേ ഇന്ത്യയെ സോഷ്യലിസ്റ്റ് രാഷ്ട്രം എന്ന ലക്ഷ്യത്തിലേക്ക് നയിക്കാൻ ആവുകയുള്ളൂ. അതിനാകട്ടെ ഇന്ത്യൻ പാർലമെന്റിൽ ഭൂരിപക്ഷം ലഭിക്കുക എന്നതായിരിക്കണം അടിസ്ഥാന ലക്ഷ്യമായി കമ്മ്യൂണിസ്റ്റ് പാർട്ടി അംഗീകരിക്കേണ്ടത്. ഇന്ത്യയിൽ ഭൂപരിഷ്‌കരണം യഥാർത്ഥത്തിൽ നടപ്പിലാക്കാൻ ആവുക പാർലമെന്റിൽ നിയമം പാസാക്കികൊണ്ടാണ്. ആദായ നികുതി പോലെ തന്നെ പരമാവധി ഭൂമി കൈവശം വയ്ക്കാനും ഭരണ ഘടന പരമായ വ്യവസ്ഥകൾ ഉണ്ടാകണം. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ അങ്ങനെയുള്ള ലക്‌ഷ്യം അംഗീകരിച്ചാൽ നൂറ്റിനാല്പത് കോടി ഇന്ത്യൻ ജനതയിൽ നൂറ്റി മുപ്പത് കോടി ജനങ്ങളെങ്കിലും അതിനോട് സഹകരിക്കാൻ ഉണ്ടാകും.
//
നരേന്ദ്ര മോഡിയുടെ ലക്‌ഷ്യം ദരിദ്ര രാഷ്ട്രവും ദരിദ്രരായ ജനതയും. അതിനായി ഭരണ ഘടനയും ജനാധിപത്യവും അട്ടിമറിക്കുന്നു. രാഷ്ട്രത്തിന്റെ സമ്പത്തായ പൊതുമേഖലാ വ്യവസായങ്ങളും ബാങ്കുകളും പ്രകൃതി വിഭവങ്ങളും വൻകിട മുതലാളിമാർക്കായി വില്പ്പന നടത്തുന്നു. കാരണം അവയൊക്കെ രാജ്യത്തിന്റെ സമ്പത്താണെങ്കിൽ അവയിൽ നിന്നും "ഇലക്ട്രൽ ബോണ്ട്" എന്ന നിലയിൽ അഴിമതി നടത്താനാവില്ല. യുവജനങ്ങളുടെ സ്ഥിരം തൊഴിൽ പരമാവധി ഇല്ലാതാക്കി ജനങ്ങളിൽ ബഹുഭൂരിപക്ഷവും പട്ടിണിയിലും ദാരിദ്ര്യത്തിലും ആകും. അതാണ് ഹിന്ദുത്വവാദികളുടെ പരമാവധി ലക്‌ഷ്യം. രാജ്യം സമ്പന്നമാകണമെങ്കിൽ ജനങ്ങൾ സമ്പന്നരാകണം. ജനങ്ങൾ എന്നാൽ നരേന്ദ്ര മോദിക്ക് വളരെകുറച്ച് വൻകിട മുതലാളിമാർ മാത്രമാണ്. തൊണ്ണൂറ്റി ഒൻപത് ശതമാനം ജനങ്ങളും നരേന്ദ്രമോഡിക്ക് "ജനങ്ങൾ" അല്ല. വെറും "ഇരകൾ" മാത്രം.
//
ഭരണം നടത്തുന്നവർ സത്യസന്ധരും സാമൂഹ്യ പ്രതിബദ്ധത ഉള്ളവരും ആയിരിക്കണം. എന്നാൽ അത് അങ്ങനെ പാടില്ല എന്നാണ് മുതലാളിത്തം അംഗീകരിക്കുന്നവരുടെ നിലപാട്. രാഷ്ട്രം സമ്പന്നമാണെങ്കിൽ അതിന്റെ പ്രയോചനം രാജ്യത്തെ ജനങ്ങൾക്ക് എല്ലാവർക്കും ഉണ്ടായിരിക്കും. ഹിന്ദുത്വ പാർട്ടിയും (ബിജെപി) നരേന്ദ്ര മോഡിയും ഇതിന് എല്ലാത്തിനും എതിരാണ്. നരേന്ദ്ര മോഡി സത്യസന്ധൻ അല്ല. നുണ പറയുക എന്നത് അദ്ദേഹത്തിന്റെ സഹജ സ്വഭാവം ആണ്. അതിനാണ് രാജ്യം സോഷ്യലിസ്റ്റ് വ്യവസ്ഥയിൽ ആകണം എന്ന് അഭിപ്രായപ്പെടുന്നത്. സോഷ്യലിസ്റ്റ് വ്യവസ്ഥയിൽ രാഷ്ട്രം ആയിരിക്കും രാജ്യത്തിന്റെ ആകെയും സാമ്പത്തിക ഘടന നിർണയിക്കുന്നത്. ജനാധിപത്യ വ്യവസ്ഥയിൽ ജനങ്ങൾക്ക് അങ്ങനെയുള്ളവരെ തെരഞ്ഞെടുപ്പുകൾ വഴി തെരഞ്ഞെടുക്കാം.
//
രാഷ്ട്രീയ പ്രവർത്തനം എന്നാൽ എങ്ങനെയും ജനങ്ങളെ വിഡ്ഢികളാക്കി അധികാരത്തിൽ വരികയും കുംഭ-- കോണങ്ങളും അഴിമതിയും സ്ത്രീപീഡനങ്ങളും നടത്തലാണ് എന്നാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്, ഭാരതീയ ജനതാ പാർട്ടി തുടങ്ങിയ ബൂർഷ്വാ പാർട്ടി കളുടെ ധാരണ. എന്നാൽ അത് അങ്ങനെയല്ല എന്ന് സ്ഥാപിക്കുകയാണ് മാർക്സിസം അംഗീകരിക്കുന്ന തൊഴിലാളിവർഗ രാഷ്ട്രീയത്തിന്റെ ചുമതല. ജനങ്ങൾ തെരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ പാർട്ടികളെ പരീക്ഷിക്കുക കൂടിയാണ്. കോൺഗ്രസിന്റെ അതേ പാത പിന്തുടരുന്നവരാണ് ഹിന്ദു വർഗീയവാദികളും. അവരുടെയും കാലം അവസാനിച്ചുകഴിഞ്ഞു. കോൺഗ്രസിനെ ഉപയോഗിച്ച് ഇന്ത്യയെ രക്ഷിക്കാം എന്ന ധാരണ ഇടത്പക്ഷ പ്രസ്ഥാനങ്ങളും ഉപേക്ഷിക്കുക തന്നെ വേണം. ഇന്ത്യൻ ജനങ്ങളെ വർഗീയമായി വേർതിരിച്ച് ഉപയോഗിക്കാം എന്ന ചൂഷക വർഗ രാഷ്ട്രീയത്തിനും അധികകാലം പിടിച്ചു നിൽക്കാനാവില്ല.
//
ഇന്ത്യൻ ഭരണ ഘടന വിഭാവന ചെയ്യുന്ന സോഷ്യലിസ്റ്റ് ഇന്ത്യ എന്ന ലക്ഷ്യത്തിലേക്ക് ജനങ്ങളെ നയിക്കുകയാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ഏറ്റെടുക്കേണ്ട രാഷ്ട്രീയ ചുമതല. രാജ്യത്തിന്റെ അഭിവൃദ്ധി എന്നാൽ യഥാർത്ഥത്തിൽ പണിയെടുക്കുന്ന ജനങ്ങളുടെയാകെ അഭിവൃദ്ധി ആണെന്നും രാഷ്ട്രീയം എന്നാൽ സത്യസന്ധമായി രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി പ്രവർത്തിക്കുകയാണെന്നും തെളിയിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോൾ കേരളത്തിലെ ഇടതുപക്ഷ സർക്കാർ. എന്നാൽ ഫെഡറൽ സംവിധാനത്തിൽ രാജ്യത്തിന്റെ പരമാധികാരം പാർലമെന്റിനും കേന്ദ്ര ഭരണത്തിനും ആയിരിക്കെ ഏതെങ്കിലും ഒരു സംസ്ഥാനത് മാത്രമായി എത്ര കാലം ഭരിച്ചാലും കാര്യമായ മാറ്റങ്ങൾ വരുത്താനാവില്ല. കേന്ദ്രവും സംസ്ഥാനവും ഒരേസമയം ഭരിക്കാൻ അവസരം ഉണ്ടായിരുന്നിട്ടും രാജ്യത്ത് സർവ നാശം മാത്രം വിതച്ച കോൺഗ്രസ്--ബിജെപി തുടങ്ങിയ ബൂർഷ്വാ രാഷ്ട്രീയം ആയിരിക്കില്ല ഇടതുപക്ഷമാണ് ഇന്ത്യ ഭരിക്കുന്നതെങ്കിൽ സംഭവിക്കുക. പാർലമെന്റിൽ ഭൂരിപക്ഷം ഉണ്ടെങ്കിൽ രാജ്യത്തെ ആകെ ഭൂമിയും വിഭവ സമ്പത്തും മുഴുവൻ ജനങ്ങൾക്കും ആയി വിനിയോഗിക്കാൻ കഴിയും. അപ്പോൾ താമസിക്കാൻ വീട് ഇല്ലാതെ റോഡ് സൈഡിൽ രാത്രി കിടന്നുറങ്ങി ചരക്ക് ലോറി കയറി--ഇറങ്ങി മരണത്തിന് കീഴടങ്ങേണ്ടി വരുന്ന ജനങ്ങൾ ഒരിക്കലും ഉണ്ടാവില്ല. വീട് ഇല്ലാത്ത എല്ലാവർക്കും സ്ഥലവും വീടും സൗജന്യ ചികിത്സയും സൗജന്യ വിദ്യാഭ്യാസവും എല്ലാം നൽകാൻ കഴിയും. അതിനാണ് ഇന്ത്യയിൽ ഇടതുപക്ഷ ഭരണം ഉണ്ടാകേണ്ടത്. അതിനായിരിക്കണം ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ജനങ്ങളോട് വോട്ട് അഭ്യർത്ഥിക്കേണ്ടത്.
//07 05 2024//
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ