2017 ഏപ്രിൽ 17, തിങ്കളാഴ്‌ച

173 (2). എന്താണ് വർഗ സമര സിദ്ധാന്തത്തിന്റെ പ്രസക്തി..?

        173 (2).   എന്താണ്  വർഗ സമര സിദ്ധാന്തത്തിന്റെ പ്രസക്തി..?         .........മാർക്സിസം അംഗീകരിക്കുന്ന തൊഴിലാളി വർഗ്ഗത്തിന്റെ ഏറ്റവും വലിയ സമരായുധം ആണ്  "വർഗ സമര സിദ്ധാന്തം".  
"എന്ത് ചെയ്യണം?" എന്ന കൃതിയിൽ ലെനിൻ പറയുന്നത്  "മുതലാളിത്ത സാമ്പത്തിക വ്യവസ്ഥയിൽ" പ്രവർത്തിക്കുന്ന  തൊഴിലാളി വർഗം  തുടർച്ചയായി നടത്തുന്ന  സമരങ്ങളിലൂടെ  തൊഴിലാളി വർഗ്ഗത്തിൽ  "വർഗ ബോധം" വളർത്തിയെടുക്കണം.  മാത്രമല്ല അത്തരം സമരങ്ങളിലൂടെ  മുതലാളിത്ത വ്യവസ്ഥയുടെ ചൂഷണ സ്വഭാവം തുറന്നു കാട്ടുന്നതിനും എല്ലാ ബൂർഷ്വാ ചെറ്റത്തരങ്ങളും  തുറന്നു  കാണിക്കുന്നതിനും കഴിയണം.  വർഗ ബോധം,   വർഗ സമരമായും;  വർഗ സമരം, വർഗ വിപ്ലവമായും  അതിലൂടെ  സോഷ്യലിസ്റ്റ്  സാമൂഹ്യ വ്യവസ്ഥയിലേയ്ക്കും  എത്തിച്ചേരണം.   ഇൻഡ്യയിൽ  സോഷ്യലിസം  എന്ന ലക്‌ഷ്യം മാറ്റി വയ്ക്കുകയും  മുതലാളിത്തം പ്രോത്സാഹിപ്പിക്കാനും തീരുമാനിച്ചപ്പോൾ  കാര്യങ്ങൾ  അപ്പാടെ തകിടം മറിഞ്ഞു.
.........ഇൻഡ്യൻ സാഹചര്യങ്ങളിൽ എങ്ങനെ സോഷ്യലിസത്തിലേയ്ക്ക് പോകാം എന്നല്ല ആലോചിച്ചതും തീരുമാനിച്ചതും.  തൊഴിലാളി വർഗം,  ഭരണ കൂടം പിടിച്ചെടുക്കണം എന്നതിന്  പകരം  തൊഴിലാളി വർഗ ഭരണ കൂടം എന്നതുപോലും പരിഗണിച്ചില്ല. ഭരണം നടത്തുന്ന ബൂർഷ്വാ രാഷ്ട്രീയ പാർട്ടിയുടെ  വെറും പങ്കാളിയാവുക  എന്ന  അവസ്ഥ ആയത്  യഥാർഥത്തിൽ  ഒരു  വെറും  പെറ്റി  ബൂർഷ്വാ രാഷ്ട്രീയ പാർട്ടിയുടെ  അവസ്ഥയിലാക്കി.  (ദേശീയ ജനാധിപത്യ  മുന്നണി). ഏറ്റവും ശക്തമായ ബൂർഷ്വാ രാഷ്ട്രീയ പാർട്ടിയുടെ പങ്കാളിയാകാനാണ് തീരുമാനിച്ചത്.
........."ജനകീയ ജനാധിപത്യ മുന്നണി",  തൊഴിലാളി വർഗ്ഗത്തിന്റെ നിർണായക നേതൃത്വത്തിലായിരിക്കും എന്ന് തീരുമാനിച്ചു എങ്കിലും  സോഷ്യലിസം  എന്ന ലക്‌ഷ്യം ഇല്ലാതിരുന്നതും  മുതലാളിത്തം പ്രോത്സാഹിപ്പിക്കുക  എന്ന  "കാഴ്ചപ്പാട്"  സ്വീകരിച്ചതും   ബൂർഷ്വാസിയുടെ  സാമ്പത്തികാധിപത്യം  ഇല്ലാതാക്കുന്നതിന് പകരം  അത് ശക്തമാക്കുക എന്നതായിരുന്നു. "വൻകിട  ബൂർഷ്വാ ഭൂ പ്രഭു  വർഗത്തെ തൂത്തെറിഞ്ഞിട്ടു വേണം  ജനകീയ ജനാധിപത്യം സ്ഥാപിക്കാൻ.   സാമ്പത്തിക നയത്തിൽ  അവരെ  പ്രോത്സാഹിപ്പിക്കുകയും വേണം.  ഇത് രണ്ടും ഒരേ സമയം  അപ്രായോഗികം ആണ് എന്നാണ്  2002  മുതൽ  ഞാൻ ശ്രദ്ധയിൽ പെടുത്താൻ ശ്രമിക്കുന്നത്.   "ഭരണ കൂടം"  അതിന്റെ  പ്രാരംഭ ഘട്ടം മുതൽ സമ്പന്ന വർഗങ്ങളുടേതായിരുന്നു;  ബൂർഷ്വാസിയുടെ മർദ്ദനോപകാരണം  ആണ് ഭരണ കൂടം; തുടങ്ങിയ അടിസ്ഥാന പരമായ ധാരണകളെല്ലാം  ഇൻഡ്യയിൽ  അപ്രസക്തമായി.  ഏതൊരു വർഗ്ഗത്തിന്  എതിരേയാണോ  പോരാട്ടത്തിന്റെ  കുന്ത മുന തിരിയേണ്ടത്;  ആ വർഗം സഖ്യ കക്ഷി ആയി.  അപ്പോൾ  സ്വാഭാവികമായും ഏത്  വർഗത്തിന് വേണ്ടിയാണോ നിലകൊള്ളേണ്ടത്,  അവർ എതിർ പക്ഷത്തായി.  ബൂർഷ്വാസിയുടെ  താത്പര്യങ്ങളും  തൊഴിലാളി വർഗ താത്പര്യങ്ങളും  ഒരേ സമയം സംരക്ഷിക്കുക ആരാലും അസ്സാദ്ധ്യമാണ്.  കാരണം തൊഴിലാളി വർഗത്തെ പരമാവധി ചൂഷണം ചെയ്യുകയാണ്  ബൂർഷ്വാസിയുടെ  ലക്‌ഷ്യം.  ബൂർഷ്വാസിയുടെ  ചൂഷണത്തിൽ നിന്നും രക്ഷ പെടുകയാണ്  തൊഴിലാളി വർഗ്ഗത്തിന്റെ ലക്‌ഷ്യം.  ഇത്  രണ്ടും  ഒരേ സമയം  സാധ്യമാക്കാൻ ശ്രമിച്ചതിന്റെ ഫലമാണ്  ഇന്നത്തെ അവസ്ഥ. .........മാർക്‌സും ലെനിനും  എപ്പോഴും  ഊന്നി പറഞ്ഞിട്ടുള്ള  "സാമ്പത്തിക അടിത്തറയാണ്  രാഷ്ട്രീയ ഉപരിഘടനയെ നിർണയിക്കുക"  എന്ന മൗലിക അടിസ്ഥാനം മനസിലാകാതിരിക്കുകയോ  അവഗണിക്കുകയോ  ചെയ്തു.  "മൂലധനം"  എന്ന  മഹത്തായ കൃതിയിലൂടെ  ആവിഷ്‌ക്കരിച്ച  മാർക്സിന്റെ "മിച്ചമൂല്യ  സിദ്ധാന്തം"  ഉൾപ്പെടെ എല്ലാ ആശയങ്ങളെയും  അവഗണിക്കുക മാത്രമാണ് പോംവഴി  എന്ന് വന്നു.  കാരണം അവയെല്ലാം  മുതലാളിത്തത്തിന്  എതിരാണ്.   സാമ്പത്തിക ചൂഷണവും  ആത്മീയ ചൂഷണവും  മുതലാളിത്ത ചൂഷണത്തിന്റെ രണ്ടു വശങ്ങളാണ്.  എല്ലാ  കഷ്ടപ്പാടുകൾക്കും ദാരിദ്ര്യത്തിനും കാരണം  ദൈവമാണ്;  അവ പരിഹരിക്കാൻ ദൈവത്തോട്  പ്രാർഥിക്കുക മാത്രമാണ്  പോംവഴി  എന്ന ബൂർഷ്വാ പ്രചാരണത്തെ നേരിടുന്നതിനുള്ളതാണ്  "ഭൗതിക വാദം".  മുതലാളിത്ത ചൂഷണം പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചപ്പോൾ  "ഭൗതിക വാദ"  മേഖലയും  നമുക്ക് അന്യമായി.
..........മുതലാളിത്തത്തിന്  എതിരെയുള്ള എല്ല്ലാ വാദ മുഖങ്ങളും നമുക്ക് ഉപേക്ഷിക്കേണ്ടി വന്നു.  മാർക്സിസത്തിന്റെ  എല്ലാ അടിസ്ഥാന തത്വങ്ങളും നമുക്ക് ഉപേക്ഷിക്കേണ്ടി വന്നു. ഇതിന്റെയെല്ലാം ഫലമായി ഏതു വർഗമാണോ നമ്മോടൊപ്പം നിൽക്കേണ്ടത്;  ആ വർഗം; തൊഴിലാളി വർഗം  നമ്മോട് അടുക്കാതെയായി.  നൂറ്റി ഇരുപത്തിയഞ്ചു കോടിയോളം വരുന്ന ജനസംഘ്യയിൽ  കേവലം  ഒരു ശതമാനത്തിന്റെ പോലും ഉറച്ച പിന്തുണ ഉണ്ടെന്ന്  പറയാനാവാത്ത  സ്ഥിതിയിൽ  പ്രസ്ഥാനം എത്തി ചേർന്നു.  അണി നിരക്കുന്നവരിൽ ഏറിയ പങ്കും കേവലം മിതമായ രാഷ്ട്രീയ ഭാവി എന്നതിലേയ്ക്ക്  ഒതുങ്ങി.  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ